കൊച്ചി: കേരളത്തെ ഞെട്ടിച്ച കൊലപാതക കേസിലെ വിധി എന്താകും എന്ന ചോദ്യത്തിന്റെ ഉത്തരം നാളെയേ ലഭിക്കുകയുള്ളൂ. ജിഷ വധക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിനെതിരെ ശിക്ഷവിധിക്കുന്നത് നാളത്തേക്ക് മാറ്റിവെച്ചിരിക്കയാണ്. ഇന്നുണ്ടാകും വിധിയെന്ന് കരുതി രാവിലെ മുതൽ ആകാംക്ഷയോടെ വിധി കേൾക്കാൻ മാധ്യമങ്ങളും നാട്ടുകാരും പോവീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. ജിഷയുടെ അമ്മയും സഹോദരിയും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥ എഡിജിപി ബി സന്ധ്യയും ഇന്ന് കോടതിയിൽ എത്തിയിരുന്നു.

രാവിലെ അമ്പലത്തിൽ പോയുള്ള പ്രാർത്ഥനയ്ക്ക് ശേഷമായിരുന്നു, വനിത പൊലീസിന്റെ സുരക്ഷയോടെ പത്തേമുക്കാലിന് ജിഷയുടെ അമ്മ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെത്തിയത്. വൈകാതെ സഹോദരി ദീപയും എത്തി. ഒറ്റയ്ക്കായിരുന്നു ദീപ എത്തിയത്. പിന്നാലെ പ്രതിഭാഗം അഭിഭാഷകനും പബ്ലിക്ക് പ്രോസിക്യൂട്ടറും എത്തി. അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ഉണ്ടായിരുന്ന ബി സന്ധ്യയും മറ്റ്് ഉന്നത ഉദ്യോഗസ്ഥരും പിന്നാലെ കോടതി സമുച്ചയത്തിലെ മൂന്നാം നിലയിലേക്ക് എത്തി. കൃത്യം 11 മണിയോടെ തന്നെ കോടതി നടപടികൾ ആരംഭിച്ചു. ആളൂരിന്റെ വാദമായിരുന്നു ആദ്യം ആരംഭിച്ചത്. ആസാം സ്വദേശിയായ അമിറൂൾ ഇസ്ലാമിന് ആസാമി ഭാഷ മാത്രമേ അറിയുകയുള്ളു. തർജ്ജിമ ചെയ്യുന്ന ആൾ ഹിന്ദിയിലാണ് അമിറൂളിനെ ചോദ്യം ചെയ്തത്. അതിനാൽത്തന്നെ പലതും മനസ്സിലാകാതെയാണ് അമിറൂൾ സമ്മതിച്ചിട്ടുള്ളത്. ആളൂർ ചൂണ്ടിക്കാട്ടി.

പിന്നാലെ ആളൂർ കേസിന്റെ തുടക്കകാലത്ത് മുതലേ ഉയർത്തുന്ന വാദങ്ങൾ ആവർത്തിച്ചു. ഇതോടെ, പ്രതിയുടെ ശിക്ഷ ഇളവ് നൽകുന്നതിനെക്കുറിച്ച് മാത്രം വാദങ്ങൾ ഉയർത്താൻ കോടതി ആവശ്യപ്പെട്ടു. പിന്നാലെ ആളൂർ മുന്നോട്ട് വെച്ച പുനരന്വേഷണ അപേക്ഷ കോടതി തള്ളി. തുടർന്നായിരുന്നു ദ്വിഭാഷിയുടെ സഹായത്തോടെ പ്രതിയോട് കോടതി ചോദ്യങ്ങൾ ചോദിച്ചത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇനിയെന്തെങ്കിലും പറയാൻ ഉണ്ടോയെന്നായിരുന്നു ആദ്യത്തെ ചോദ്യം. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് അമിറൂൾ ഉത്തരം നൽകി. വയസ്സ് എത്രയായി എന്ന ചോദ്യത്തിന് 23 എന്നായിരുന്നു ഉത്തരം. അച്ഛനും അമ്മയും ഉണ്ടോയെന്ന ചോദ്യത്തോട് ഉണ്ടെന്നും പ്രതികരിച്ചു. ഭാര്യയും മക്കളും ഉണ്ടോയെന്ന ചോദ്യത്തോട് മകൾ ഉണ്ടെന്നായിരുന്നു ഉത്തരം. തുടർന്ന് അമിറൂളിൽ നിന്ന് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ ഉത്തരങ്ങൾ ദ്വിഭാഷി വായിച്ചുകേൾപ്പിച്ചു.

പിന്നാലെ പബ്ലിക്ക് പ്രോസിക്യൂട്ടറിന്റെ വാദം ആരംഭിച്ചു. ജനനേന്ദ്രീയത്തിലൂടെ കഠാര കുത്തിയിറക്കിയുണ്ടാക്കിയ മുപ്പത്തിയൊന്നാമത്തെ മുറിവ് പ്രതിയുടെ അതിക്രൂരമായ മാനസിക അവസ്ഥയാണ് വ്യക്തമാക്കുന്നത്. അതിനാൽ പ്രതിയോട് യാതൊരുവിധ സിമ്പതിയും കോടതി നൽകരുത്. നിർഭയ കേസിന് സമാനമാണ് ജിഷക്കേസും. ഇത്രക്രൂരമായ മനസ്സുള്ള പ്രതിയെ വധശിക്ഷ നൽകാതെ വിട്ടാൽ നാളെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടും. മാനസിക നിലയിൽ മാറ്റമുണ്ടായി പ്രതി നല്ലനടപ്പിനുള്ള സാധ്യത ഇല്ല, അതിനാൽ പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് നൽകുന്നതെന്നും പോസിക്യൂട്ടർ വാദിച്ചു. കേരളത്തിലെത്തുന്ന അന്ന്യ സംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള രേഖകൾ സംസ്ഥാന സർക്കാരിന്റെ കൈവശം ഇല്ല. അതിനാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുബോൾ പ്രതികളെ കണ്ടെത്താൻ പൊലീസിന് ദുഷ്‌കരമാണ്. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ഇത്തരം ഡാറ്റ ശേഖരിക്കുന്നത് ഭാവിയിൽ ഗുണകരമാവുമെന്ന് ഓർമിപ്പിച്ചുകൊണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടർ വാദം അവസാനിപ്പിച്ചു.

12.10 ഓടെ ഭഗവത്ഗീത വചനങ്ങളുമായാണ് ആളൂർ വീണ്ടും എത്തിയത്. അസതോമ സദ്ഗമയ, തമസോമ ജ്യോതിർ ഗമയ, മൃത്യോമ അമൃതം ഗമയ എന്ന ഗീതവനം ഉച്ചത്തിൽ ചൊല്ലിയായിരുന്നു ആളൂരിന്റെ സിനിമ സ്റ്റൈൽ വാദം. ഒരു സാക്ഷിപോലും ഇല്ലാത്തെ ജിഷ കേസിനെ നിർഭയ കേസുമായി താരതമ്യപ്പെടുത്തരുതെന്നും ആളൂർ പറഞ്ഞു. ഇര നിരായുധ ആണെന്ന് പറയുന്നതിൽ അർത്ഥം ഇല്ല. ഉറങ്ങുമ്പോൾ തലയണക്കടിയിൽ വെട്ടുകത്തിയും, കയ്യിൽ പെൻ ക്യാമറയുമായിയാണ് ഇവർ നടന്നിരുന്നത്. പ്രോസിക്യൂട്ടർ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പറയുന്നത് ശരിയല്ല, ജസ്റ്റിസ്സ് കൃഷ്ണയ്യറെപ്പോലെയുള്ള മഹാന്മാരെല്ലാം വധശിക്ഷയ്ക്ക് എതിരായിരുന്നു. ലോകം മുഴുവനായും ഇന്ന് വധശിക്ഷയെന്ന പ്രാകൃതരീതിയോട് എതിരാണ്.

പലപ്പോഴും വിഷയത്തിൽ നിന്ന് വ്യതിചലിച്ചുപോയതിനെത്തുടർന്ന് ആളൂരിന്റെ വാദത്തിൽ രണ്ടാമതും കോടതി ഇടപെട്ടു. ശിക്ഷ ഇളവ് നൽകുന്നതിനെക്കുറിച്ച് മാത്രം സംസാരിക്കാൻ കോടതി ആവശ്യപ്പെട്ടതോടെ ആളൂർ ക്ഷുഭിതനായി. കോടതി അനുവദിക്കുന്നില്ലെങ്കിൽ ഞാൻ ഒന്നും സംസാരിക്കുന്നില്ലെന്ന് പറഞ്ഞു. ഇതോടെ കോടതി വാദം തുടരാൻ അനുമതി നൽകി, തുടർന്ന് 1.32 ഓടെ ആളൂരിന്റെ വാദങ്ങൾ അവസാനിച്ചു. പി്ന്നാലെ പ്രോസിക്യൂട്ടറിന്റെ അന്തിമവാദം ആരംഭിച്ചു. ചിലകൂട്ടിച്ചേർക്കലുകൾ ആയിരുന്നു ഇത്. സമയം 1.35 ആയതോടെ, വിധി നാളെ പ്രസ്താവിക്കാം എന്ന വാക്കുകളോടെ കോടതി പിരിഞ്ഞു. ആദ്യവസാനം വരെ പ്രതിയുടെ മുഖത്ത് നിർവികാരമായിരുന്നു. അമ്മയും ശ്രദ്ധയോടെ വാദങ്ങൾ കേട്ടിരുന്നു. ദിപ പ്രാർത്ഥനയോടെ കണ്ണൂകളടച്ച് ഇരിക്കുകയായിരുന്നു ഭൂരിഭാഗം സമയവും. ബി സന്ധ്യയും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സസൂഷ്മം വാദങ്ങൾ കേട്ടിരുന്നു.

കേസ് വിധി പറയാൻ മാറ്റിവെച്ച ഉടനെ ബി സന്ധ്യ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ മുൻവശത്തെ കവാടത്തിലൂടെ കോടതി സമൂച്ചയത്തിൽ നിന്ന് പുറത്തേക്ക് സ്റ്റെയർ വഴി ഇറങ്ങി. ദൃശ്യമാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞെങ്കിലും നാളെ സംസാരിക്കാം എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. പിന്നാലെയാണ് കോടതി മുറ്റത്തേക്ക് എത്തിയ രാജേശ്വരി പ്രതിഭാഗം അഭിഭാഷകനെതിരെ രോഷാകുലനായി. മകൾക്ക് നീതി കിട്ടുന്നതിന് മുമ്പ് കൊന്നവന് നീതി വാങ്ങിക്കൊടുക്കാൻ നടക്കുന്നു. അവനെയും തൂക്കിക്കൊല്ലണം എന്നായിരുന്നു രാജേശ്വരിയുടെ വാക്കുകൾ. വളരെ പ്രയാസപ്പെട്ടാണ് വനിത പൊലീസുകാർ രാജേശ്വരിയെ അനുനയിപ്പിച്ച് കൊണ്ടുപോയത്. പിന്നാലെ ആളൂർ മാധ്യമങ്ങളോട് സംസാരിച്ചു. എന്നാൽ എല്ലാ മാധ്യമങ്ങളും ആളുരിന്റെ ബൈറ്റ് എടുക്കാൻ തയ്യാറായില്ല.

പിന്നാലെ പുറത്തിറങ്ങിയ പബ്ലിക്ക് പ്രോസിക്യൂട്ടറോട് മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചു. പ്രതിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കുമെന്നും, പൊലീസ് കൃത്യമായ തയ്യാറെടുപ്പോടെ പഴുതടച്ച നിലയിലാണ് കേസ് അന്വേഷിച്ചതെന്നും, ശാസ്ത്രീയ തെളിവുകളും മെഡിക്കൽ എവിടെൻസുമാണ് ഇവിടെ സാക്ഷികളെന്നും അദ്ദേഹം പറഞ്ഞു. ഈ സമയം കോടതിയുടെ പിൻവശത്തെ ഗേറ്റിലൂടെ അമിറൂൾ ഇസ്ലാമിനെ പൊലീസ് ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി.