കൊച്ചി: ജിഷ വധക്കേസിൽ അതിനിർണായകമായ വിവരങ്ങൾ പൊലീസിനു കൈമാറിയെന്നു മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ മറുനാടൻ മലയാളിയോടു പറഞ്ഞു. രാവിലെ പത്തുമുതൽ രാത്രി എട്ടുവരെ തുടർച്ചയായി ആലുവ പൊലീസ് ക്യാമ്പിൽ നടന്ന മൊഴിയെടുക്കലിലാണു ജോമോൻ വിവരങ്ങൾ കൈമാറിയത്.

ജിഷയുടെ പിതൃത്വം സംബന്ധിച്ചു ജോമോൻ ഉയർത്തിയ ആശങ്കകളെ സ്ഥിരീകരിക്കുന്ന രേഖകളും എഡിജിപിക്കു കൈമാറിയതായാണു സൂചന. പിതൃത്വത്തെ സംബന്ധിച്ച തന്റെ ആരോപണം നിഷേധിക്കാനാകാത്ത വിധം നിർണായകമായ വിവരങ്ങൾ പൊലീസിനു കൈമാറിയെന്നു മൊഴിയെടുപ്പിനുശേഷം പുറത്തിറങ്ങിയ ജോമോൻ മറുനാടൻ മലയാളിയോടു പറഞ്ഞു.

എന്നാൽ, എന്താണ് ആ രേഖകൾ എന്ന ചോദ്യത്തിനു തൽക്കാലം ഉത്തരം പറയാൻ സാധിക്കില്ല എന്നാണു ജോമോന്റെ നിലപാട്. അത്തരം സൂചനകൾ ലഭിച്ചാൽ ആരോപണവിധേയനായ പി പി തങ്കച്ചൻ സാക്ഷികളെ സ്വാധീനിക്കുമെന്ന ഭയമാണു കാരണമെന്നാണു റിപ്പോർട്ട്. ജിഷയുടെ മാതാവ് രാജേശ്വരി പി പി തങ്കച്ചന്റെ വീട്ടിൽ ജോലിക്കു നിന്നിട്ടുണ്ടെന്നതിന്റെ തെളിവുകളും കൈമാറിയതായി സൂചനയുണ്ട്. ഇതെക്കുറിച്ചു ചോദിച്ചപ്പോൾ അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ കൂടൂതൽ വിവരങ്ങൾ പറയില്ലെന്നു ജോമോൻ അറിയിച്ചു.

അതേസമയം, ആരോപണം ഉന്നയിച്ച ജോമോനെതിരെ ജിഷയുടെ പിതാവിന്റെ പരാതിയുടെ പേരിൽ കേസ് എടുത്തെന്നും അറസ്റ്റ് ചെയ്‌തെന്നുമൊക്കെയുള്ള ആരോപണം തെറ്റാണെന്നു വ്യക്തമായതായി ജോമോൻ അറിയിച്ചു. ഒരു കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുകയെന്ന പൗരധർമം നിറവേറ്റിയ തനിക്കെതിരെ ആർക്കും പട്ടികജാതി പീഡന നിയമം പ്രയോഗിക്കാൻ കഴിയില്ലെന്നു ജോമോൻ പറഞ്ഞു. മാത്രമല്ല, ജിഷയുടെ പിതാവു തന്നെ പരാതി നൽകിയിട്ടില്ല എന്നു വ്യക്തമാക്കിയതോടെ ആ ഭീഷണി അവസാനിച്ചിരിക്കുകയാണ്.

ആരോപണവിധേയനായ പി പി തങ്കച്ചൻ ജോമോനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ആ വഴിക്കു നീങ്ങാത്തതും ദുരുഹമായിത്തീർന്നിരിക്കുകയാണ്. ഇതുവരെ ജോമോനെതിരായി ഒരിടത്തും പരാതികൾ നൽകിയതായി റിപ്പോർട്ടുകളില്ല. ജോമോൻ ഉന്നയിച്ച ആരോപണം ശരിയാണെന്നു തെളിഞ്ഞാൽ എന്തുകൊണ്ടു തങ്കച്ചൻ നുണ പറഞ്ഞു എന്നതിനും ഉത്തരം കൊടുക്കേണ്ടി വരുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ജിഷയുടെ മാതാവിനെതിരെ ജോമോൻ ഉന്നയിച്ച ആരോപണം ജിഷയുടെ പിതാവ് അടക്കം ഒന്നിലധികം പേർ സ്ഥിരീകരിച്ചതോടെ പി പി തങ്കച്ചന്റെ മൊഴിയെടുക്കാൻ പൊലീസ് നിർബന്ധിതരാകുമെന്ന സൂചനയും ഇപ്പോൾ പുറത്തുവരുന്നുണ്ട്.

പുതിയ അന്വേഷണസംഘത്തിന്റെ പ്രവർത്തനത്തിൽ പൂർണ തൃപ്തനാണു താനെന്നു ജോമോൻ മറുനാടനോടു പറഞ്ഞു. ഈ കേസ് അന്വേഷണത്തിൽ ഏറ്റവും നിർണായകമായ തെളിവുകളാണ് ജോമോൻ നൽകിയതെന്ന് എഡിജിപി പറഞ്ഞതായും ജോമോൻ പറയുന്നു. അങ്ങനെയെങ്കിൽ അടുത്ത ഘട്ടമായി യുഡിഎഫ് കൺവീനർ പി പി തങ്കച്ചനെ പൊലീസ് ചോദ്യം ചെയ്‌തേക്കും. ഒട്ടേറെ ചോദ്യങ്ങൾക്കു വ്യക്തമായി ഉത്തരം പറയാതെ ജിഷയുടെ മാതാവും സഹോദരിയും ഒഴിഞ്ഞുമാറുന്നതും പൊലീസിനു പുതിയ പിടിവള്ളിയാകും. ജിഷയുടെ തലയണയ്ക്കു പിന്നിൽ വെട്ടുകത്തി സൂക്ഷിച്ചിരുന്നത് ആരെ ഭയന്നെന്ന ചോദ്യത്തിനും ജിഷ ആരെ കുടുക്കാനാണു പെൻഡ്രൈവുമായി സഞ്ചരിച്ചിരുന്നത് എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താനാണു പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത്. ഇതു പറയാൻ അമ്മ രാജേശ്വരിക്കു ബാധ്യതയുണ്ടെന്നാണു പൊലീസിന്റെ പക്ഷം. എന്നാൽ ഇപ്പോൾ അത്തരം ചോദ്യങ്ങളിൽ നിന്നു രാജേശ്വരി ഒഴിഞ്ഞുമാറുകയാണു ചെയ്യുന്നത്.

കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ജിഷ കൊലക്കേസ് അന്വേഷണം ഊർജിതമാക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. ജോമോൻ പുത്തൻപുരയ്ക്കലിൽ നിന്നു മൊഴിയെടുക്കുന്ന കാര്യവും അദ്ദേഹം മാദ്ധ്യമങ്ങളോടു സൂചിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി പരാതി കൈമാറിയശേഷം തുടർനടപടികളെടുക്കാൻ ആവശ്യപ്പെട്ടതോടെയാണു ഡിജിപി തന്നെ നേരിട്ട് അന്വേഷണത്തിൽ ഇടപെടുന്നത്. പരാതിയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ ഇന്നു പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിലെത്താൻ ജോമോൻ പുത്തൻപുരയ്ക്കലിനു നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിരുന്നു വിവരങ്ങൾ ശേഖരിച്ചത്. ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആരോപണങ്ങൾ ഗൗരവമായിക്കണ്ടാണു കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനു നേരിട്ടു വിളിപ്പിച്ചത്.

പുതിയ നീക്കം ആരോപണവിധേയനായ തങ്കച്ചന്റെ നില കൂടുതൽ പരുങ്ങലിലാക്കുമെന്നു തന്നെയാണു സൂചന. സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവാണു ജിഷയുടെ പിതാവെന്നാണു ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിച്ചിരുന്നതു വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ജിഷ തങ്കച്ചന്റെ മകളാണെന്നും സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും കാട്ടിയാണു മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. ജിഷയുടെ അമ്മ ഈ നേതാവിന്റെ വീട്ടിൽ ജോലിക്കു നിന്നിരുന്നുവെന്നും ആരോപണമുണ്ടായി. പി പി തങ്കച്ചനാണ് ഈ നേതാവെന്ന വാർത്തകൾ പുറത്തുവന്നതോടെയാണു ജിഷയുടെ പിതാവിന്റെ പേരിൽ ജോമോനെതിരായ പരാതി കൊടുത്തത്. വാർത്തകൾ വിവാദമായതിനു പിന്നാലെ അതു നിഷേധിച്ചുകൊണ്ടു പി പി തങ്കച്ചൻ രംഗത്തുവരികയും ചെയ്തിരുന്നു. തങ്കച്ചന്റെ നിഷേധം സാങ്കേതികമായി മാത്രം ശരിയാണെന്നും ജിഷയുടെ അമ്മയ്ക്കു പകരം വല്യമ്മയാണു തങ്കച്ചന്റെ വീട്ടിൽ ജോലി ചെയ്തിരുന്നതെന്ന വാർത്തകളും പിന്നീടു പുറത്തുവന്നു. 30 വർഷം മുമ്പു ജിഷയുടെ അമ്മ രാജേശ്വരിയുടെ മാതാവ് പ്രഭാവതി തങ്കച്ചന്റെ വീട്ടു ജോലിക്കാരിയായിരുന്നുവെന്ന വാർത്തകളാണു പുറത്തു വന്നത്. ബന്ധുക്കളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയെ അറിയില്ലെന്ന യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചന്റെ വാദം പച്ചക്കള്ളമെന്ന വെളിപ്പെടുത്തലാണ് ഇതിലൂടെ ജിഷയുടെ ബന്ധുക്കൾ നടത്തിയത്. ഈ സമയത്ത് രാജേശ്വരിയെ തങ്കച്ചന് അറിയാമായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. ഇതിനിടെയാണു ജോമോൻ പുത്തൻപുരയ്ക്കലിനെതിരേ ജിഷയുടെ പിതാവ് ബാബുവിന്റെ പേരിലും പരാതി നൽകിയത്. ഈ പരാതിയിലും തിരിമറി നടന്നിട്ടുണ്ടെന്ന സൂചനകൾ പുറത്തുവന്നു. കോൺഗ്രസ് വാർഡ് മെമ്പറും പൊലീസുകാരനും പണം നൽകി വെള്ളപേപ്പറിൽ ഒപ്പിടുവിച്ചെന്നാണു കൊല്ലപ്പെട്ട ജിഷയുടെ അച്ഛൻ ബാബു വെളിപ്പെടുത്തിയത്. പരാതി നൽകിയെന്ന വാർത്ത നിഷേധിച്ചതിനെത്തുടർന്നു ജിഷയുടെ അച്ഛനെ ഒരു സംഘം ആളുകൾ ഭീഷണിപ്പെടുത്തിയിരുന്നു.