കൊച്ചി: ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ലാമിനെ 30-ാം തീയതി വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. അമീറുളിനെ കാക്കനാടു ജയിലിലേക്കു കൊണ്ടുപോയി.

പൊലീസുകാരിൽ നിന്ന ഒരുതരത്തിലുമുള്ള പീഡനം ഉണ്ടായിട്ടില്ലെന്നു പ്രതി കോടതിയെ അറിയിച്ചു. പ്രതിക്കുവേണ്ടി അഭിഭാഷകനെ ഏർപ്പെടുത്താനും ഉത്തരവായിട്ടുണ്ട്. അഡ്വ. പി രാജനാകും പ്രതിക്കുവേണ്ടി കോടതിയിലെത്തുകയെന്നും സ്‌പെഷ്യൽ പ്രൊസിക്യൂട്ടർ അബ്ദുൾ ജലീൽ മാദ്ധ്യമങ്ങളെ അറിയിച്ചു. തിരിച്ചറിയൽ പരേഡ് ഉടൻ നടത്താൻ കോടതിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷം കസ്റ്റഡിയിൽ വിട്ടുതരാൻ അപേക്ഷ സമർപ്പിക്കും.

വൈകിട്ടു നാലേമുക്കാലോടെയാണു പ്രതിയെ കോടതിയിൽ എത്തിച്ചത്. കറുത്ത ഗ്ലാസുള്ള നീല ഹെൽമെറ്റ് ധരിപ്പിച്ചാണ് ഇയാളെ കോടതിയിൽ എത്തിച്ചത്. പൊലീസ് വാനിലാണ് പ്രതിയെ എത്തിച്ചത്. കനത്ത മഴ അവഗണിച്ചും കോടതിവളപ്പിൽ വൻ ജനാവലിയാണ് തടിച്ചുകൂടിയിരുന്നത്. അക്രമസാധ്യത കണക്കിലെടുത്തു പൊലീസ് കനത്ത സുരക്ഷയും കോടതിയിലും പരിസരത്തും ഏർപ്പെടുത്തിയിരുന്നു.

ഒരുതരത്തിലും പ്രതിയുടെ ചിത്രം പുറത്തുവരരുതെന്ന കർശന നിലപാടാണു പൊലീസ് സ്വീകരിച്ചിരിക്കുന്നത്. പ്രതിയെ തിരിച്ചറിയൽ പരേഡിനു വിധേയമാക്കുമ്പോൾ ഫലപ്രദമാകണമെങ്കിൽ ഇയാളുടെ ചിത്രങ്ങൾ പുറത്തുവരാതിരിക്കണം. അതിനാൽ തന്നെ ജഡ്ജിയുടെ ചേമ്പറിലേക്കു മാദ്ധ്യമപ്രവർത്തകർക്കും പ്രവേശനം അനുവദിച്ചിട്ടില്ല. കോടതി ഉത്തരവു വന്നതോടെ പ്രതിയെ കാക്കനാട്ടെ ജില്ലാ ജയിലിലേക്കു കൊണ്ടു പോയി. അതിനിടെ, ജനക്കൂട്ടത്തിൽ നിന്നും ചെറിയതോതിൽ കല്ലേറുണ്ടായെന്നും റിപ്പോർട്ടുണ്ട്.

വരുമ്പോൾ തന്നെ ക്യാമറകൾ ഒഴിവാക്കണമെന്നു പൊലീസ് കർശന നിർദ്ദേശം നൽകിയിരുന്നു. തിരിച്ചു കൊണ്ടുപോയപ്പോൾ ക്യാമറകളിൽ പതിയാതിരിക്കാൻ വാനിൽ കിടത്തിയാണു പ്രതിയെ കൊണ്ടുപോയത്.

ജിഷ വധക്കേസിലെ പ്രതിയെ പിടികൂടിയത് അന്വേഷണത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും തെളിവുകൾ ശാസ്ത്രീയമായി തെളിയിക്കേണ്ടത് വെല്ലുവിളിയാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. മുംബൈയിൽനിന്നും മടങ്ങിവരവെ വിമാനത്താവളത്തിൽവച്ച് മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഡിജിപി. പ്രതിയെ പിടികൂടിയത് ആദ്യപടി മാത്രമാണ്. ശക്തമായ തെളിവുകൾ കണ്ടെത്തുന്നതും പ്രോസിക്യൂഷൻ നടപടികളുമാണ് പ്രധാനം. സംഭവത്തിൽ കൂടുതൽ പേർക്കു ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ ഡിജിപി പൊലീസ് സംഘം വലിയൊരു ദൗത്യമാണ് നിർവഹിച്ചതെന്നും പറഞ്ഞു.

അതിനിടെ, അമീറുൽ ഇസ്ലാമിന്റെ വിരലടയാളം അസമിൽ എത്തിച്ചു. ഇയാൾ മുൻപു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനാണിത്. എന്നാൽ, അമീറുൽ മുൻപ് കുറ്റകൃത്യം നടത്തിയതായി അറിയില്ലെന്ന് നാഗാവ് എസ്‌പി വൈ ടി ജിട്‌സോ പറഞ്ഞു. അമീറുൽ താമസിക്കുന്ന മേഖലയിൽ ബംഗ്ലാദേശി കുടിയേറ്റക്കാരുണ്ട്. പക്ഷേ ഇവരുടെ താമസം അനധികൃതം എന്നു പറയാനാകില്ലെന്നും ജിട്‌സോ പറഞ്ഞു. അമീറുൾ കുടിയേറ്റക്കാരനല്ലെന്നും ഇയാളുടെ പിതാവിന് ഇന്ത്യൻ തിരിച്ചറിയൽ കാർഡ് ഉണ്ടെന്നുമാണു റിപ്പോർട്ടുകൾ.

പെരുമ്പാവൂരിൽ കോടതി പരിസരത്തിന്റെ 300 മീറ്റർ അകലെയായി വടം കെട്ടി തിരിച്ച് ആളുകളെ മാറ്റിയാണു നിർത്തിയിരുന്നത്. അഭിഭാഷകർക്കും മാദ്ധ്യമപ്രവർത്തകർക്കും, കേസുമായി ബന്ധപ്പെട്ട ആളുകൾക്കും മാത്രമേ കോടതി പരിസരത്തു പ്രവേശിക്കാൻ കഴിഞ്ഞുള്ളൂ.  കോടതിയിലേക്ക് എത്തുന്ന പാത ഏതാണ്ട് തിങ്ങി നറഞ്ഞ അവസ്ഥയിൽ ആയിരുന്നു. പ്രതിയോടുള്ള അമർഷവും തിങ്ങിനിറഞ്ഞ നാട്ടുകാരിൽ പ്രകടമായിരുന്നു. അതിനാൽ തന്നെ ഏതാണ്ട് 200 ഓളം പൊലീസുകാരെയാണു  കോടതിയുടെ പ്രധാന ഗേറ്റിൽ വിന്യസിച്ചിരുന്നത്.

വിശദമായ ചോദ്യംചെയ്യലിനും തെളിവുശേഖരിക്കലിനുമായി പിന്നീടു പ്രതിയെ ആവശ്യപ്പെടാനാണു പൊലീസിന്റെ തീരുമാനം. സുരക്ഷാപ്രശ്‌നങ്ങൾ കൂടി കണക്കിലെടുത്താണിത്. നേരത്തെ അനൗദ്യോഗികമായി ഡിഎൻഎ പരിശോധന നടത്തിയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. കോടതിയിൽ നിന്ന് നിയമപരമായ പരിശോധനക്ക് അനുമതിയും പൊലീസ് തേടുന്നുണ്ട്. ഉടൻതന്നെ തിരിച്ചറിയൽ പരേഡ് നടത്താനുള്ള അനുമതിയും പൊലീസ് തേടുന്നുണ്ട്. പൊലീസിന് നിർണായക മൊഴികൾ നൽകിയ സമീപവാസികൾ, ചെരുപ്പ് കടക്കാരൻ, പ്രതി അമിറുൾ ഇസ്ലാമിന്റെ സുഹൃത്തുക്കൾ, ജിഷയുടെ അമ്മ രാജേശ്വരി, സഹോദരി ദീപ എന്നിവർക്ക് പ്രതിയെ കാട്ടിക്കൊടുത്ത് തിരിച്ചറിയാമോ എന്ന് പൊലീസ് ചോദിക്കും. അവരുടെ മൊഴികളും രേഖപ്പെടുത്തും. ദ്വിഭാഷിയുടെ സഹായത്തോടെ പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

ഇന്നലെ അമീറുൾ ഇസ്ലാം താമസിച്ചിരുന്ന ജിഷയുടെ വീടിന് അരക്കിലോമീറ്റർ ദൂരെയുള്ള കെട്ടിടത്തിൽ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് രക്തകറയുള്ള കത്തി പൊലീസ് കണ്ടെടുത്തിരുന്നു. കത്തി ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവിടെ നടത്തിയ പരിശോധനയ്ക്ക് ശേഷം പ്രതിയുടെ ബന്ധുവായ യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി അമീറുൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കത്തി തേടി രാത്രി പൊലീസ് സംഘം ഇരിങ്ങോൾ വൈദ്യശാലപടിയിലെ ഇതരസംസ്ഥാനക്കാർ താമസിക്കുന്ന കെട്ടിടത്തിലെത്തിയത്.

ഇതിനോടു ചേർന്നുള്ള നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടത്തിന്റെ സൺഷെയ്ഡിൽ നിന്നാണ് കത്തി കണ്ടെത്തിയത്. കൊലനടത്തിയ സമയം അമീറുൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഇയാളുടെ താമസ സ്ഥലത്ത് കണ്ടെത്താനായിട്ടില്ല. വസ്ത്രങ്ങൾ അടങ്ങിയ ബാഗ് ബന്ധുവിനെ ഏൽപ്പിച്ചു എന്നാണ് ഇയാൾ പറഞ്ഞിരുന്നത്. ഇതിനെതുടർന്നാണ് ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തത്.