ആലപ്പുഴ: ആദ്യം എല്ലാവരും കുറ്റപ്പെടുത്തി. പ്രതി കുടുങ്ങിയപ്പോൾ അഭിനന്ദനവും. പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകളാണ് ജിഷയുടെ ഘാതകനെ പിടികൂടുന്നതിൽ നിർണായക പങ്ക് വഹിച്ചുവെന്നത് ഒടുവിൽ പൊലീസും സമ്മതിക്കുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയ കടിയുടെ പാട്, ഉമിനീര്, ആക്രമണരീതികൾ, മരണം സംഭവിക്കാനുള്ള സാധ്യത എന്നിവ അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകുകയായിരുന്നു. ആന്തരാവയവങ്ങളിലുണ്ടായ ക്ഷതവും മുറിവുകളും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഭീകരമായ കൊലപാതകത്തിന്റെ ഗൗരവം പൊലീസ് സർജൻ അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്തു. പക്ഷേ ഇതെല്ലാം ആദ്യഘട്ടത്തിൽ അവഗണിച്ചു.

പ്രതിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ പഴി പോസ്റ്റ്മോർട്ടത്തിനായി. എന്തുകൊണ്ട് ജിഷയുടെ കൊലപാതകത്തെ വെറുമൊരു മരണമാക്കിയെന്ന ചോദ്യത്തിന് നൽകിയ ഉത്തരം ആലപ്പുഴയിലെ പിഴവിനെ കുറിച്ചായിരുന്നു. പി.ജി. വിദ്യാർത്ഥിയാണ് പോസ്റ്റ്മോർട്ടം ചെയ്തതെന്നായിരുന്നു ആക്ഷേപം. ഇതേപ്പറ്റി അന്വേഷണവും നടത്തിയിരുന്നു. മെയ് 28നാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്. സംഭവത്തിന്റെ ഗൗരവം പൊലീസ് സർജനെ പൊലീസ് അറിയിച്ചിരുന്നില്ല. ഇതിനാൽ സാധാരണ കേസ് പോലെയാണിത് പരിഗണിച്ചത്. എന്നിട്ടും കിറുകൃത്യമായ പോസ്റ്റ്മോർട്ടം നടന്നു. പിഴവുകളൊന്നും വന്നില്ലെന്ന് അന്വേഷണത്തിൽ തെളിയുകയും ചെയ്തു. ഡെപ്യൂട്ടി പൊലീസ് സർജൻ ഡോ.ലിസാ ജോണിന് അപ്പോഴായിരുന്നു ശ്വാസം വീണത്. പോസ്റ്റ്മോർട്ടം വീഡിയോയിൽ ചിത്രീകരിക്കാതെ വിട്ടത് ഗുരുതരമായ പാളിച്ചയാണ്. അതിന് കാരണം പൊലീസിന്റെ അനാസ്ഥയും.

എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലെ അന്വേഷണ സംഘം പോസ്റ്റ് മോർട്ടം റിപ്പോർട്ട് വിശദമായി പരിശോദിച്ചു. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പൊലീസ് മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിദഗ്ധരുമായി സമ്പർക്കം പുലർത്തിയിരുന്നു. പ്രതിയെ കണ്ടെത്തിയപ്പോഴും ആളെ സ്ഥിരീകരിക്കുന്പോഴും അന്വേഷണ ഉദ്യോഗസ്ഥർ ഡെപ്യൂട്ടി പൊലീസ് സർജനുമായി ആശയവിനിയമയം നടത്തി. അങ്ങനെ കേസ് അന്വേഷണത്തിൽ ഡെപ്യൂട്ടി പൊലീസ് സർജൻ ഡോ.ലിസാ ജോണും സജീവ പങ്കാളിയായി. പ്രതിയെ സ്ഥിരീകരിക്കുന്ന ഡിഎൻഎ പരിശോധനാ ഫലം വന്നപ്പോൾ എസ് പി ഉണ്ണിരാജ ഡോ. ലിസാ ജോണിനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. പി.ജി. വിദ്യാർത്ഥി ഡോ.അംജദ് പോസ്റ്റ്മോർട്ടത്തിൽ സഹായിയായിരുന്നു.

ജിഷയുടെ ശരീരത്തിൽ മാരകമായ 38 മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. പക്ഷേ ആരും അത് ഗൗരവത്തോടെ എടുത്തില്ല. ഇതായിരുന്നു ജിഷയുടെ കൊലയിൽ ആദ്യ ഘട്ടത്തിൽ തെളിവെടുപ്പ് പോലും ശരിയായ രീതിയിൽ ആകാത്തത്. എന്നാൽ വിവാദങ്ങൾ ഉയർന്നതോടെ പോസ്റ്റ്മോർട്ടം നടപടികളിൽ ഗുരുതര വീഴ്ചയെന്ന വാദമെത്തി. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഫോറൻസിക് വിഭാഗത്തിനുണ്ടായ വീഴ്ച കണ്ടെത്തിയെന്നും വാർത്ത പ്രചരിച്ചു. ഇതോടെ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിട്ടു. മെഡിക്കൽ എഡ്യൂക്കേഷൻ ജോ. ഡയറക്ടർ ഡോ. ശ്രീകുമാരി, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ശശികല എന്നിവരടങ്ങുന്ന സംഘം വിശദമായി അന്വേഷണം നടത്തി. ഇതോടെ ലിസാ ജോൺ ആരോപണത്തിൽ നിന്നും പുറത്തുവന്നു.

ഈ കേസ് അന്വേഷണത്തിൽ ഏറെ നിർണ്ണായകമായത് പോസ്റ്റ്മോർട്ടം റിപ്പോർട്ടാണെന്ന് തന്നെയാണ് നിയമ വിദഗ്ധരും വിലയിരുത്തുന്നത്. പഴുതകളടച്ച് എല്ലാം രേഖപ്പെടുത്തി. വെറുമൊരു മരണമായി പൊലീസ് പോസ്റ്റ്മോർട്ടത്തിന് എത്തിച്ച ജിഷയുടെ മൃതദേഹം കരുതലോടെ തന്നെ ഡോക്ടർ പരിശോധിച്ചതായിരുന്നു ഇതിന് കാരണമെന്ന് പൊലീസും തിരിച്ചറിഞ്ഞിട്ടുണ്ട്. ലോക്കൽ പൊലീസിന്റെ അനാസ്ഥ മാത്രമാണ് ആദ്യ ഘട്ടത്തിലെ പ്രതിസന്ധിക്ക് കാരമമെന്ന് പൊലീസും വിലയിരുത്തുന്നു. ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ സർജനെ കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്ന തിരിച്ചറിവിലേക്ക് പൊലീസ് എത്തുകയായിരുന്നു. ജിഷ മരിച്ചത് ശ്വാസം മുട്ടിയാണെന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമമുണ്ടായിട്ടുണ്ട്. എന്നാൽ, പീഡനം നടന്നോ എന്നറിയാൻ ആന്തരികാവയവങ്ങൾ രാസപരിശോധന നടത്തിയാൽ മാത്രമേ സാധിക്കൂ. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ജിഷയുടെ ശരീരത്തിൽ 38 മുറിവുകൾ ഉള്ളതായി റിപ്പോർട്ട് പറയുന്നു. ഒരോ മുറിവിന്റെയും ആഴവും വിശദാംശങ്ങളും ഉൾപ്പെടുന്ന അഞ്ച് പേജുള്ള റിപ്പോർട്ടാണ് പൊലീസിന് കൈമാറിയത്.

ജിഷ വീടിനുള്ളിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുയെന്ന അനുമാനം റിപ്പോർട്ടിലുണ്ടായിരുന്നു. ഡൽഹിയിലെ നിർഭയ സംഭവുമായി താരതമ്യപ്പെടുത്താവുന്ന രീതിയിലാണ് കൊലപാതകമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചതിനാൽ കുടൽ മാല മുറിഞ്ഞ് കുടൽ പുറത്ത് വന്ന നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുപ്പതോളം മുറിവുകളാണ് ജിഷയുടെ ശരീരത്തിലുണ്ടായിരുന്നത്. നെഞ്ചത്ത് രണ്ട് ഭാഗത്ത് കത്തി ആഴത്തിൽ കുത്തിയിറക്കിയിട്ടുണ്ട്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതൊക്കെ പിടിയിലായ പ്രതിയും സ്ഥിരീകരിക്കുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശരിവയ്ക്കുന്ന ആയുധം തന്നെയാണ് പ്രതിയുടെ പെരുമ്പാവൂരിലെ താമസസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയത്.

എന്നിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അനാവശ്യ വിവാദ സൃഷ്ടിയാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്ന് പൊലീസും ഈ ഘട്ടത്തിൽ പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലായിരുന്നില്ല. മറിച്ച് വിശകലനത്തിലായിരുന്നു പിഴവ് സംഭവിച്ചതെന്നാണ് പൊലീസ് ഈ ഘട്ടത്തിൽ സമ്മതിക്കുമ്പോൾ ആശ്വാസമാകുന്നത് പോസ്റ്റ് മോർട്ടം നടത്തിയ പൊലീസ് സർജ്ജന് തന്നെയാണ്.