കൊച്ചി: ആറുമാസമായി ജിഷയുമായി ബന്ധമുണ്ടായിരുന്ന ഘാതകനെപ്പറ്റി അമ്മ രാജേശ്വരിക്കും സഹോദരി ദീപയ്ക്കും അറിവുണ്ടായിരുന്നു എ്ന്ന് ഉറച്ചുവിശ്വസിച്ച് അന്വേഷണസംഘം. ഇപ്പോൾ പ്രതി അമീയൂർ ഇസ്ലാമാണെന്ന് തിരിച്ചറിയുന്ന ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയാൽ ഉടൻ ഇയാൾക്ക് ജിഷയുടെ അമ്മ രാജേശ്വരിയേയോ സഹോദരി ദീപയേയോ അറിയുമായിരുന്നോ എന്നും ഇവരുമായി ബന്ധമുണ്ടായിരുന്നോ എന്നും പൊലീസ് ഒരിക്കൽക്കൂടി പരിശോധിക്കും.

ഏപ്രിൽ 28ന് ജിഷ കൊല്ലപ്പെട്ട ശേഷം ആദ്യം കേസ് കൈകാര്യംചെയ്ത പെരുമ്പാവൂർ പൊലീസ് രണ്ടാഴ്ചയ്ക്കു ശേഷമാണ് ജിഷയുടെ വീട് സീൽ ചെയ്തത്. മൃതദേഹം ദഹിപ്പിക്കുകകൂടി ചെയ്ത സാഹചര്യത്തിൽ ജിഷയുടെ അമ്മ രാജേശ്വരിയുടേയും സഹോദരി ദീപയുടേയും മൊഴികളായിരുന്നു കേസ് അന്വേഷണത്തിൽ നിർണായകം. എന്നാൽ തുടക്കംമുതൽ പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയ ദീപയും രാജേശ്വരിയും കേസന്വേഷണം വഴിതെറ്റിക്കുകയായിരുന്നുവെന്ന് ആരോപണം ഉയർന്നു. ദീപയുടെ സുഹൃത്തായ ഒരു അന്യസംസ്ഥാന തൊഴിലാളിയാണ് ജിഷയുടെ ഘാതകനെന്ന സംശയം ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘവും പ്രകടിപ്പിച്ചിരുന്നു. ചിലരെ പരിചയമുണ്ടെന്ന് ദീപയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ വഴിക്ക് അന്വേഷണവും പുരോഗമിച്ചു. എന്നാൽ തനിക്ക് ഇത്തരത്തിൽ ഒരു സുഹൃത്തില്ലെന്ന് വാദവുമായി ദീപ പിന്നീട് രംഗത്തെത്തി.

എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ സന്ധ്യയെ കേസിന്റെ ചുമതലേൽപ്പിച്ചതോടെ വീണ്ടും ഇരുവരുടേയും മൊഴിയെടുത്തിരുന്നു. എന്നാൽ മുൻപ് നൽകിയ മൊഴിയിൽ നിന്ന് ഏറെ വൈരുദ്ധ്യം കണ്ടതോടെ ഇവരെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യംപോലും അന്വേഷണസംഘം ആലോചിച്ചിരുന്നതായാണ് സൂചനകൾ. മൊഴികളിലെ പൊരുത്തക്കേടുകളും വൈരുദ്ധ്യങ്ങളും കണക്കിലെടുത്ത് രാജേശ്വരിയെ നുണപരിശോധനക്ക് വിധേയയാക്കാൻ അന്വേഷക സംഘം സാധ്യതകളും ആരാഞ്ഞിരുന്നു. ദീപയേയും രാജേശ്വരിയേയും പൊലീസ് മുറയിൽ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.

ഇതിനായി രഹസ്യ കേന്ദ്രവും സജ്ജമാക്കിയെങ്കിലും ഇത് കൂടുതൽ വിവാദങ്ങളുണ്ടാക്കുമെന്ന് കണ്ട് അവസാനനിമിഷം ഉപേക്ഷിക്കുകയായിരുന്നു. കേസിൽ പ്രതി പിടിയിലായ വിവരം പുറത്തുവന്നശേഷം ദീപ വ്യക്തമാക്കിയത് ജിഷയ്ക്ക് ഇത്തരത്തിൽ ഒരു സുഹൃത്തുണ്ടായിരുന്നതായി തനിക്ക് അറിയില്ലെന്നും പുതിയ വീടിന്റെ നിർമ്മാണത്തിനിടയ്ക്ക് വന്ന ആരെങ്കിലുമാകാമെന്നും കൂടുതൽ വിവരങ്ങൾ അമ്മയ്ക്ക് അറിയാമായിരിക്കുമെന്നാണ്. ആറുമാസത്തിനുമേൽ ജിഷയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു സൂഹൃത്തിനെ ദീപയ്ക്ക് അറിയില്ലെന്ന വാദം പൊലീസും കണക്കിലെടുക്കുന്നില്ല.

കഴിഞ്ഞ ഒരാഴ്ചയിലേറെയായി നിരന്തരമെന്നവണ്ണം ചോദ്യം ചെയ്തിട്ടും കുടുംബവുമായി അടുത്ത് ഇടപഴകിയിരുന്നവരെക്കുറിച്ച് പൂർണ്ണമായ വിവരങ്ങൾ നൽകാൻ ഇവർ തയ്യാറായിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പലചോദ്യങ്ങൾക്കും കൃത്യതയില്ലാത്ത ഉത്തരങ്ങളാണ് രാജേശ്വരി നൽകുന്നതെന്നും ചില ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറുന്നതായും അന്വേഷകസംഘത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. വട്ടോളിപ്പടിയിൽ പുറംപോക്കിലെ ഒറ്റമുറിവീട്ടിൽ ഇവർ ഇത്രയുംനാൾ കഴിഞ്ഞിരുന്നത് പുറമേ നിന്നുള്ളവരുടെ സഹായംകൂടി സ്വീകരിച്ചായിരിക്കാമെന്നും ഇത്തരത്തിൽ സഹായിച്ചവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചാൽ കേസിന്റെ ചിത്രം കൂടുതൽ വ്യക്തമാകുമെന്നുമാണ് പൊലീസിന്റെ കണക്കുകൂട്ടൽ.

ഏകദേശം അഞ്ചു മണിക്കൂറോളം സമയമെടുത്താണ് ഇരുവരുടെയും മൊഴി സന്ധ്യയുടെ നേതൃത്വത്തിൽ രേഖപ്പെടുത്തിയത്. എന്നാൽ ഒന്നരവർഷം മുൻപ് വരെയുള്ള കാര്യങ്ങൾ മാത്രമാണ് ജിഷയുടെ അമ്മ പറഞ്ഞതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. ജിഷയുടെ അമ്മയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും പൊലീസിന് കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. ഒന്നരവർഷത്തിനിടെ പരിചയപ്പെട്ട ആരെങ്കിലുമാകാം കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നതും ഇതോടെയാണ്.

അങ്ങനെയാണ് അടുത്തകാലത്ത് ജിഷ, രാജേശ്വരി, ദീപ എന്നിവരുമായി ബന്ധപ്പെട്ടവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലായത്. വീടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളിലേക്കും അന്വേഷണം നീളുന്നത് അങ്ങനെയാണ്. ഇപ്പോൾ പിടിയിലായ പ്രതി അമിയൂർ ഇസ്ലാമിന് ആറുമാസമായി ജിഷയുമായി ബന്ധമുണ്ടെന്ന് വ്യക്തമാകുമ്പോൾ ഇക്കാര്യത്തിൽ രാജേശ്വരിക്ക് അറിവുണ്ടാവാൻ സാധ്യതയുണ്ടെന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ പ്രതിയുടെ സാന്നിധ്യത്തിൽ രാജേശ്വരിയുടെ മൊഴിയെടുത്തേക്കുമെന്നാണ് സൂചന.

തങ്കച്ചനുമായുണ്ടായി ബന്ധമുണ്ടായിരുന്നെന്ന ആരോപണത്തെക്കുറിച്ചും രാജേശ്വരി പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്. ജിഷയുടെ അച്ഛൻ പാപ്പുവിന്റെ മൊഴികളുമായി ഇവ പൊരുത്തപ്പെടാത്തതും പൊലീസ് സംഘത്തെ കുഴക്കുന്നുണ്ട്. കേസിൽ പ്രതി പിടിയിലായെങ്കിലും ജിഷയുടെ കുടുംബം നിരവധി വിവരങ്ങൾ ഒളിക്കാൻ ശ്രമിക്കുന്നതായും ഒട്ടേറെ രഹസ്യങ്ങൾ ഈ കുടുംബത്തെ ചുറ്റിപ്പറ്റി ഉള്ളതായും പൊലീസ് കരുതുന്നുണ്ട്. പ്രതിയെ കൂടുതൽ ചോദ്യംചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.