പെരുമ്പാവൂർ: ജിഷാവധത്തെ തുടർന്ന് അരങ്ങേറിയ പൊലീസ് ഭീകരതയുടെ ഞെട്ടലിൽ നിന്നും പെരുമ്പാവൂർ പുത്തൻകുടി വീട്ടിൽ മത്തായിക്കും മറിയാമ്മക്കും ഇതുവരെ മോചനമായില്ല. ഈ വയോധിക ദമ്പതികളുടെ മകൻ സാബു കഴിഞ്ഞ ജൂലൈ 29നാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ജിഷ കൊലക്കേസ് അന്വേഷണത്തിൽ പൊലീസിന്റെ അതിരുവിട്ടുള്ള ഇടപെടൽ വയോധികദമ്പതികളുടെ ആകെ പ്രതീക്ഷയായ യുവാവിന്റെ ജീവൻ അപഹരിച്ചിന്നെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം. മുൻഭാഗത്തെ പല്ലുകൾക്ക് വിടവുകൾ ഉള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞതോടെയാണ് സാബുവിലേക്ക് അന്വേഷണം നീണ്ടത്.

ജിഷ കേസ്സാണ് തന്റെ മകന്റെ മരണത്തിന് കാരണമെന്നും പൊലീസ് പീഡനത്തെത്തുടർന്നുണ്ടായ മാനസീക-ശാരീരിക ബുദ്ധിമുട്ടുകളാണ് മകന്റെ ആത്മഹത്യക്ക് കാരണമെന്നും മത്തായി-മറിയാമ്മ ദമ്പതികൾ അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ജൂലൈ 29 -നാണ് ഇവരുടെ മകൻ സാബു വീട്ടിലെ കിടപ്പുമുറിയിൽ ഒരുമുഴം കയറിൽ ജീവിതം അവസാനിപ്പിച്ചത്. കൊല്ലപ്പെട്ട ജിഷയുടെ മാതാവ് നൽകിയ മൊഴിയിൽ സംശയിച്ച പൊലീസ്, മകൻ സാബുവിനെ ക്രൂര മർദ്ദനങ്ങൾക്ക് ഇരയാക്കിയെന്നാണ് ഈ വയോധിക ദമ്പതികളുടെ വെളിപ്പെടുത്തൽ. മകൻ ഓരോദിവസവും പൊലീസ് സ്റ്റഷനിൽ പോയിവരുന്നതും കാത്ത് കണ്ണീരോടെ തങ്ങൾ കാത്തിരുന്ന ദിവസങ്ങളെക്കുറിച്ച് വിവരിക്കുമ്പോൾ 70 കഴിഞ്ഞ മത്തായിയും മറിയാമ്മയുടടെയും വാക്കുകളിടറി.

'രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വിളിപ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്ന സ്ഥലെത്താല്ലാം അവൻ പോയി. ഒരുമാസത്തോളമായി അവന് നേരാംവണ്ണം പണിക്കുപോകാനുമായില്ല. കല്യാണം കഴിക്കാതെ കുടുംബത്തിന് വേണ്ടി പണിയെടുത്തിരുന്ന അവനെ ഇപ്പോൾ കണ്ടാൽ രോഗീയാണെന്നേ തോന്നു.'സാബു ആത്മഹത്യ ചെയ്യുന്നതിന് ഏതാനും മാസം മുമ്പ് മകന്റെ അവസ്ഥയെക്കുറിച്ച് മത്തായി വിശദീകരിച്ചത് ഇങ്ങിനെയാണ്. ഡ്രൈവറായ സാബു വീട്ടിൽ വാഹനങ്ങൾ പെയിന്റ് ചെയ്യുന്ന ജോലിയും നടത്തി വന്നിരുന്നു.സംഭവ ദിവസം 35 കാരനായ സാബു വീട്ടിലുണ്ടായിരുന്നു.

ജിഷ വധക്കേസിലെ മഹസർ സാക്ഷിയായിരുന്നു സാബു. ജിഷയുടെ അയൽവാസിയായ സാബുവിനെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. പ്രതിയുടേതെന്നു സംശയിക്കുന്ന ചെരുപ്പു കണ്ടെടുത്തതിന്റെ മഹസർ സാക്ഷിയാണു സാബു. ഇതോടെ സാബുവിന്റെ കഷ്ടകാലമായിരുന്നു. പൊലീസ് അതിക്രൂരമായി മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കാൻ ശ്രമിച്ചെങ്കിലും താൻ തെറ്റുകാരനല്ലെന്ന് ബോധ്യമുള്ളതിനാൽ കുറ്റം സമ്മതിച്ചിരുന്നില്ല സാബു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെങ്കിലും ഇയാളെ വിസ്തരിച്ചിരുന്നില്ല. ജിഷ കൊല്ലപ്പെട്ട വീടിരിക്കുന്ന കനാൽ ബണ്ടിന്റെ എതിർവശത്താണു സാബുവിന്റെ വീട്. ജിഷയുടെ കൊലപാതകം വിവാദമായതോടെ സംശയത്തിന്റെ പേരിൽ പൊലീസ് സാബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാലു ദിവസം ചോദ്യം ചെയ്ത ശേഷം നിരപരാധിയാണെന്നു തെളിഞ്ഞതോടെ വിട്ടയച്ചു. പക്ഷേ, പൊലീസ് അതിക്രൂരമായി മർദ്ദിച്ചിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ സാബു ഇടയ്ക്കു പെയ്ന്റിങ് ജോലിക്കും പോയിരുന്നു. രാത്രി ഓട്ടോയോടിക്കാൻ പോയി പകൽ കിടന്നുറങ്ങുന്നതാണു പതിവ്. ഉച്ചയായിട്ടും ഉണരാതിരുന്നതോടെ മാതാപിതാക്കൾ നോക്കിയപ്പോൾ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി വാതിൽ പൊളിച്ചാണു മൃതദേഹം പുറത്തെടുത്തത്. കാരണം ഇനിയും വ്യക്തമല്ല.

ജിഷ കേസുമായി ബന്ധപ്പെട്ട് അതിക്രൂരമായ മർദ്ദനമാണ് സാബു അന്ന് അനുഭവിച്ചത്. 'ഈ ശരീരം കൊണ്ടിനി ജോലിയെടുത്തു ജീവിക്കാനാകുമെന്നു തോന്നുന്നില്ല. അത്രയ്ക്കായിരുന്നു ശാരീരിക പീഡനം' നാലു ദിവസമാണ് പൊലീസ് സാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തത്. ഇയാളെ കൂടാതെ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിരുന്നു. പെരുമ്പാവൂരും പരിസരത്തുമുള്ള വിവിധ സ്റ്റേഷനുകളിലായിരുന്നു ചോദ്യം ചെയ്യൽ. പൊലീസ് ക്രൂരമായി മർദിച്ചതായി സാബു സുഹൃത്തുക്കളോടും മാധ്യമങ്ങളോടും പിന്നീടു വെളിപ്പെടുത്തിയിരുന്നു. ശ്വാസംമുട്ടലും ശരീര വേദനയും അനുഭവപ്പെടുന്നതായി മിക്കപ്പോഴും പറയാറുണ്ടെന്നു സുഹൃത്തുക്കൾ പറഞ്ഞു. പലപ്പോഴും പൊട്ടിക്കരച്ചിലിലാണ് ഇതവസാനിക്കാറ്. ഈ വേദനയും സഹിച്ച് അധികനാൾ ജീവിക്കാനാകില്ലെന്നും പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ ഓർക്കുന്നു. ദിവസങ്ങളോളം പ്രതിയെന്ന നിലയിലായിരുന്നു സാബുവിനെ പൊലീസ് അവതരിപ്പിച്ചിരുന്നത്. ഒടുവിൽ പ്രതിയുടെ ചെരുപ്പു കണ്ടെടുത്തതിലെ മഹസർ സാക്ഷിയാക്കുകയായിരുന്നു പൊലീസ്.

ജിഷ വധക്കേസിൽ പൊലീസിന് ഒരു ഡമ്മിയെയാണ് വേണ്ടിയിരുന്നതെങ്കിൽ താൻ എന്നേ പ്രതിയാക്കപ്പെടുമായിരുന്നെന്ന് സാബു പറഞ്ഞിരുന്നു. ജിഷ കൊല്ലപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞ് ഒരു ദിവസം രാവിലെ അറസ്റ്റ് ചെയ്ത് തന്നെ ഉടൻ തന്നെ തല മൂടി എവിടെയോ എത്തിച്ചുവെന്നും അവിടെ വച്ച് ക്രൂരമായി മർദിച്ചുവെന്നും സാബു വെളിപ്പെടുത്തിയിരുന്നു. മർദനം സഹിക്ക വയ്യാതെ ഒടുവിൽ കുറ്റം ഏൽക്കുന്ന സ്ഥിതി വരെയെത്തിയെന്നും സാബു പറഞ്ഞിരുന്നു. ഇതിനിടെയിൽ സാബുവിന് പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള ബന്ധമുണ്ടെന്ന വാർത്തകളുമെത്തി. ഇയാൾക്ക് വേണ്ടിയാണ് ജിഷയെ കൊന്നതെന്നായിരുന്നു വാദങ്ങൾ. പൊലീസിനോട് കുറ്റം സമ്മതിച്ചെന്നും വാർത്തകളെത്തി. ഡിഎൻഎ സാമ്പിളുകൾ മാച്ച് ചെയ്യാത്തതു മാത്രമാണ് സഹായകകരമായത്. അതിനിടെ പ്രതിയെ സാബു സഹായിച്ചെന്ന വാദവും ഉയർന്നു. ഇതോടെ ഈ യുവാവും കുടുംബവും മാനിസക സമ്മർദ്ദത്തിലായി. ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയുമായി. പുതിയ അന്വേഷണ സംഘം എത്തിയതോടെ എല്ലാം മാറിമറിഞ്ഞു. യഥാർത്ഥ പ്രതിയിലേക്ക് കാര്യങ്ങളെത്തിയപ്പോൾ കിട്ടിയത് താൽക്കാലിക ആശ്വാസം. ഏറെക്കാലം സാബുവിന്റെ ഫോൺ പൊലീസിന്റെ കൈയിൽ തന്നെ.

മുൻഭാഗത്തെ പല്ലുകൾക്ക് വിടവുകൾ ഉള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞതോടെയാണ് സാബുവിലേക്ക് അന്വേഷണം എത്തിയത്. സാബുവിന്റെ പല്ലുകളിലെ വിടവ് പലരുടെയും സംശയം ബലപ്പെടുത്തി. വീട്ടിൽ വാഹനങ്ങൾ പെയിന്റ് ചെയ്യുന്ന ജോലിയും സാബു നടത്തി വന്നിരുന്നു. ജിഷ കൊല്ലപ്പെട്ട ഏപ്രിൽ 28 ന് 35കാരനായ സാബു വീട്ടിലുണ്ടായിരുന്നു. ഇതിനിടയിൽ ജിഷയുടെ അമ്മ സാബു അറിയാതെ മകൾ കൊല്ലപ്പെടില്ലന്നും പൊലീസിന് മൊഴി നൽകിയിരുന്നു. ഇതുകൂടിയായപ്പോൾ സാബു പൊലീസിന്റെ നോട്ടപ്പുള്ളിയായി. മനഃപ്പൂർവ്വം സാബു ഇതു സംമ്പന്ധിച്ച വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നുള്ള ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ തെറ്റായ നിഗമനമാണ് ഈ യുവാവിന് വിനയായത്. ആദ്യഘട്ടത്തിൽ നല്ലരീതിയിൽ പെരുമാറിയിരുന്ന പൊലീസ് പിന്നീട് കളം മാറ്റി. സാബുവിനെയും ഈ പ്രശ്നത്തിന്റെ പേരിൽ പിടികൂടിയ നാട്ടിലെ ഏതാനും യുവാക്കളെയും രാവിലെ പെരുമ്പാവൂർ ഡിവൈ എസ് പി ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ഉയർന്ന ഉദ്യോഗസ്ഥർ ഷഡ്ഡി മാത്രം ഉടുപ്പിച്ചു നിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇക്കാര്യം സാബു പിന്നീട് മറുനാടനോട് സ്ഥിരീകരിക്കുകയും ചെ്തിരുന്നു.

പുറത്തറിഞ്ഞതിനേക്കാൾ ഭയാനകമായിരുന്നു താനടക്കമുള്ളവർ പൊലീസ് കസ്റ്റഡിയിൽ നേരിട്ടതെന്ന സാബുവിന്റെ വെളിപ്പെടുത്തൽ പുറത്ത് വിട്ടത് മറുനാടൻ ആയിരുന്നു.'എന്നെ ഇനി ഒന്നിനും കൊള്ളില്ല,അത്രക്ക് മോശമാണ് എന്റെ ആരോഗ്യ സ്ഥിതി.'നേരിൽക്കണ്ട് വിവരങ്ങൾ ആരാഞ്ഞപ്പോൾ സാബിന്റെ ആദ്യപ്രതികരണം ഇതായിരുന്നു. മകൻ പൊലീസ് കസ്റ്റഡിയിലായിരുന്ന ദിവസങ്ങളിലും ഇപ്പോഴും താൻ ആനുഭവിക്കുന്ന മനോവേദന ഇനി ഒരമ്മയും അനുഭവിക്കാൻ ഇടവരുത്തല്ലെ എന്നാണ് സാബുവിന്റെ മാതാവ് മറിയാമ്മയുടെ ഇപ്പോഴത്തെ പ്രാർത്ഥന. സാബുവും മർദ്ധനമേറ്റ മറ്റുയുവാക്കളും സുഹൃത്തുക്കളുമായി വിവരങ്ങൾ പങ്കുവച്ചെങ്കിലും വീടുകളിൽ ഇക്കാര്യം അറിയിച്ചിരുന്നില്ല. രഹസ്യമായി ചികിത്സ നടത്തിയാണ് ഇവർ വീട്ടുകാർക്ക് മുന്നിൽ പിടിച്ചിനിന്നത്. നാണക്കേട് കൊണ്ട് പൊലീസിന്റെ തല്ലുകിട്ടിയവരിൽ പലരും വിവരം പുറത്തുവിട്ടിട്ടില്ല.