- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൂരമായ കൊല കണ്ടെത്തിയിട്ടും പൊലീസ് റിപ്പോർട്ട് നൽകിയത് മരിച്ച നിലയിൽ കണ്ടെത്തിയെന്ന് മാത്രം; ധൃതിപിടിച്ച് ദഹിപ്പിച്ചത് അമ്മ പറഞ്ഞത് കേൾക്കാതെ; പുരുഷ ബീജമോ ഉമിനീരോ കണ്ടെത്താൻ ശ്രമിച്ചില്ല; പോസ്റ്റ്മോർട്ടം വൈകിപ്പിച്ചു; ജിഷയുടെ കൊലപാതകിയെ രക്ഷിച്ചത് പൊലീസോ?
കൊച്ചി: പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ട കേസിൽ പൊലീസിന്റെ അന്വേഷണം വിഡ്ഢിത്തങ്ങൾ നിറഞ്ഞതും നിയമവിരുദ്ധവുമാണെന്നും തെളിവുകൾ വീണ്ടെടുക്കാനാകാത്ത വിധം നശിപ്പിക്കപ്പെട്ടെന്നും വിലയിരുത്തൽ. ഇതു സംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയ്ക്ക് നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് നൽകി. ജിഷയുടെ ശരീരത്തിൽ നിന്ന് പുരുഷബീജവും ഉമിനീരും സ്രവങ്ങളും ശേഖരിക്കുന്നതിൽ പൊലീസ് വീഴ്ചവരുത്തി. ഇതോടെ കേസ് അട്ടിമറിക്കാൻ പൊലീസിലെ ഉന്നതർ ശ്രമിച്ചെന്ന സംശയവും ബലപ്പെട്ടു. മൃതദേഹം അടക്കം ചെയ്താൽ മതിയെന്ന അമ്മ രാജേശ്വരിയുടെ അപേക്ഷ കേൾക്കാതെ തിരക്കിട്ട് ദഹിപ്പിക്കാൻ അനുമതി നൽകിയതിലും പൊലീസിലെ ഉന്നതർക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ട്. 28ന് വൈകിട്ടാണ് ജിഷ കൊല്ലപ്പെട്ടത്. പിറ്റേന്ന് വൈകിട്ട് മൂന്നേകാലിനാണ് എഫ്.ഐ.ആർ തയ്യാറാക്കിയത്. 30ന് രാവിലെ 11നാണ് എഫ്.ഐ.ആർ കോടതിയിൽ നൽകിയത്. ഇവിടേയും കാലതാമസം ഉണ്ടായി. കേരള കെമിക്കോ ലീഗൽഎക്‌സാമിനേഷൻ റൂൾസ് പ്രകാരമുള്ള അന്വേഷണം പൊലീസ് നടത്തിയില്ല. പീഡനത്തിനിരയാകുന്ന സ്ത്രീകൾ മരിച്ചാലും
കൊച്ചി: പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ട കേസിൽ പൊലീസിന്റെ അന്വേഷണം വിഡ്ഢിത്തങ്ങൾ നിറഞ്ഞതും നിയമവിരുദ്ധവുമാണെന്നും തെളിവുകൾ വീണ്ടെടുക്കാനാകാത്ത വിധം നശിപ്പിക്കപ്പെട്ടെന്നും വിലയിരുത്തൽ. ഇതു സംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയ്ക്ക് നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് നൽകി. ജിഷയുടെ ശരീരത്തിൽ നിന്ന് പുരുഷബീജവും ഉമിനീരും സ്രവങ്ങളും ശേഖരിക്കുന്നതിൽ പൊലീസ് വീഴ്ചവരുത്തി. ഇതോടെ കേസ് അട്ടിമറിക്കാൻ പൊലീസിലെ ഉന്നതർ ശ്രമിച്ചെന്ന സംശയവും ബലപ്പെട്ടു. മൃതദേഹം അടക്കം ചെയ്താൽ മതിയെന്ന അമ്മ രാജേശ്വരിയുടെ അപേക്ഷ കേൾക്കാതെ തിരക്കിട്ട് ദഹിപ്പിക്കാൻ അനുമതി നൽകിയതിലും പൊലീസിലെ ഉന്നതർക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ട്.
28ന് വൈകിട്ടാണ് ജിഷ കൊല്ലപ്പെട്ടത്. പിറ്റേന്ന് വൈകിട്ട് മൂന്നേകാലിനാണ് എഫ്.ഐ.ആർ തയ്യാറാക്കിയത്. 30ന് രാവിലെ 11നാണ് എഫ്.ഐ.ആർ കോടതിയിൽ നൽകിയത്. ഇവിടേയും കാലതാമസം ഉണ്ടായി. കേരള കെമിക്കോ ലീഗൽഎക്‌സാമിനേഷൻ റൂൾസ് പ്രകാരമുള്ള അന്വേഷണം പൊലീസ് നടത്തിയില്ല. പീഡനത്തിനിരയാകുന്ന സ്ത്രീകൾ മരിച്ചാലും ഇല്ലെങ്കിലും ആദ്യം ശ്രമിക്കേണ്ടത് പുരുഷബീജം വീണ്ടെടുക്കാനായിരിക്കണമെന്നാണ് ചട്ടം. പന്ത്രണ്ട് മണിക്കൂർ മാത്രമേ ബീജം ജീവനുള്ളതായിരിക്കൂ. ജിഷയുടെ ശരീരത്തിൽനിന്ന് പുരുഷബീജത്തിന്റെ ഒരുകോശമെങ്കിലും വീണ്ടെടുത്തെങ്കിൽ അത് ഡി.എൻ.എ പരിശോധനയിൽ 99.99 ശതമാനം കൃത്യതയുള്ള തെളിവാകുമായിരുന്നു. ഇത് പൂർണ്ണമായും നഷ്ടപ്പെടുത്തുന്ന രീതിയിലായിരുന്നു ലോക്കൽ പൊലീസിന്റെ ഇടപെടൽ. പോസ്റ്റ് മോർട്ടം വൈകിപ്പിച്ചതും ഇതിന് വേണ്ടിയാണെന്ന സംശയം ബലപ്പെട്ടു കഴിഞ്ഞു.
ജിഷയുടെ കഴുത്തിന്റെ രണ്ടുവശത്തും ചെവിയിലും കടിയേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഈ പാടുകളിൽ നിന്ന് പ്രതിയുടെ ഉമിനീരിന്റെ ഒരുകോശം വീണ്ടെടുത്താൽ അതും ശക്തമായ തെളിവാകുമായിരുന്നു. ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചത് പതിന്നാലു മണിക്കൂറിന് ശേഷമാണ്. അതുവരെ സ്രവങ്ങൾ ശേഖരിക്കാൻ ഫോറൻസിക് സയന്റിഫിക് അസിസ്റ്റന്റിനെ പോലും പൊലീസ് എത്തിച്ചില്ല. പന്ത്രണ്ട് മണിക്കൂർ കഴിയുമ്പോൾ ബീജത്തിന്റെ ഘടന മാറി ഡി.എൻ.എ നഷ്ടമാവും. പതിന്നാല് മണിക്കൂർ കഴിഞ്ഞ് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ അതിശക്തമായ ഈ തെളിവ് വീണ്ടെടുക്കാനാവില്ല. ഇതെല്ലാം ബോധപൂർവ്വം നടത്തിയ വീഴ്ചകളാണെന്നാണ് വിലയിരുത്തലെത്തുന്നത്.
എറണാകുളം റൂറൽ സ്‌പെഷ്യൽബ്രാഞ്ച് സംഭവദിവസം രാത്രി തന്നെ പൊലീസ് ആസ്ഥാനത്ത് വിവരമറിയിച്ചിരുന്നെങ്കിലും അവിടെ റിപ്പോർട്ട് പൂഴ്‌ത്തി. ഒരു ദിവസത്തിന് ശേഷമാണ് ആഭ്യന്തരസെക്രട്ടറിയെ അറിയിച്ചത്. 'പെരുമ്പാവൂരിലെ വീട്ടിൽ ഒരു പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി' എന്നാണ് ഇന്റലിജൻസ് ആഭ്യന്തരസെക്രട്ടറിയെ അറിയിച്ചത്. ദിവസവും അയയ്ക്കാറുള്ള സാധാരണ റിപ്പോർട്ടിലെ ഒരു വിവരം മാത്രമായിരുന്നു അത്. പെൺകുട്ടി ദളിത് ആണെന്നും കൊല്ലപ്പെട്ടതാണെന്നും പീഡനത്തിനിരയായെന്നുമുള്ള വിവരങ്ങൾ ആഭ്യന്തരസെക്രട്ടറിയിൽ നിന്ന് മറച്ചുവച്ചു. ഇത്തരം സംഭവങ്ങളിൽ പ്രത്യേക റിപ്പോർട്ട് നൽകുകയാണ് പതിവ്.
പ്രതിയെ കണ്ടെത്തുക പോലും ചെയ്യും മുൻപ് പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയാനുള്ള കേന്ദ്രനിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കൊലപാതകിയും പട്ടികവിഭാഗക്കാരനാണെങ്കിൽ ഈവകുപ്പ് നിലനിൽക്കില്ല. കേസും ദുർബലമാകും. പ്രതി പട്ടികവിഭാഗക്കാരനല്ലെങ്കിലും, ജിഷ പട്ടികജാതിക്കാരിയാണെന്ന് മനസിലാക്കി ആ ഉദ്ദേശ്യത്തോടെ ആക്രമിച്ചതാണെങ്കിലേ കേന്ദ്രനിയമം ചുമത്താനാവൂ. അതിക്രൂരമായ കുറ്റകൃത്യം ഇങ്ങനെ ഗൗരവമില്ലാതെ കൈകാര്യം ചെയ്തത് ശരിയായില്ലെന്നാണ് നിയമ സെക്രട്ടറിയുടെ കണ്ടെത്തൽ. പീഡനക്കേസുകളിൽ വിരലടയാളം ലഭിക്കാൻ സാദ്ധ്യത വിരളമായതിനാൽ കടിയേറ്റ പാടുകളും സ്രവപരിശോധനയും നിർണായക തെളിവാകുമായിരുന്നു. നിശ്ചിതസമയത്തിനുള്ളിൽ സ്രവങ്ങൾ ശേഖരിക്കാതിരുന്നതിന് എന്താണ് കാരണമെന്ന് നിയമസെക്രട്ടറിയുടെ റിപ്പോർട്ടിൽ ചോദിക്കുന്നു.
തിരിച്ചറിയാത്ത മൃതദേഹങ്ങൾ പോലും ഒരുമാസം പൊലീസ് സൂക്ഷിക്കാറുണ്ട്. മുഖം വികൃതമായെങ്കിൽ കൈപ്പത്തിയും വിരലുകളും മുറിച്ച് സൂക്ഷിക്കും. ജിഷയുടെ മൃതദേഹം തിടുക്കത്തിൽ ദഹിപ്പിച്ചതോടെ നിർണായകമാവുമായിരുന്ന തെളിവുകൾ കൈവിടുകയും തുടരന്വേഷണത്തിനുള്ള സാദ്ധ്യത ഇല്ലാതാക്കുകയും ചെയ്തു. ഇതിനും കൃത്യമായ ഉത്തരം നൽകാൻ പൊലീസിന് കഴിയില്ല. ജിഷയുടെ കൊലപാതകിയിലേക്ക് എത്താനുള്ള എല്ലാ തെളിവുകളും നശിപ്പിക്കപ്പെട്ടുവെന്ന സൂചനയാണ് നിയമ സെക്രട്ടറിയുടെ റിപ്പോർട്ടിലുള്ളത്. ഇനി പ്രതിയെ തിരിച്ചറിഞ്ഞാൽ പോലും വിചാരണയിലൂടെ ശിക്ഷ ഉറപ്പാക്കാൻ കഴിയുമോ എന്ന സംശയമാണ് റിപ്പോർട്ട് പങ്കുവയ്ക്കുന്നത്.