കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി ദീപയുടെ സുഹൃത്തിനെ പൊലീസ് പിടികൂടി. ബംഗളൂരുവിൽ നിന്ന് പിടിയിലായ ഇയാളെ ഉച്ചയോടെ പെരുമ്പാവൂരിൽ എത്തിക്കും. ഇയാളെ കസ്റ്റഡിയിൽ എടുത്തതോടെ കേസ് അന്വേഷണം ശരിയായ ദിശയിലെത്തുമെന്നാണ് സൂചന. ജിഷയുടെ മരണത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇതാണ് സംശയത്തിന് കാരണം. ദീപ നൽകിയ മൊഴിയിലും ഇയാൾക്കെതിരെ കുറ്റപ്പെടുത്തലുണ്ട്. എന്നാൽ ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെ അന്വേഷണം ഇയാളിലേക്ക് എത്തിക്കാനാകുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇയാൾ കുറ്റസമ്മതം നടത്തിയതായും സൂചനയുണ്ട്. എന്നാൽ സ്ഥിരീകരണമില്ല.

ഞായറാഴ്ച പുലർച്ചെ പിടികൂടിയ ആളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ജിഷയുടെ വീടിന് രണ്ട് കിലോമീറ്റർ പരിധിയിൽ താമസിച്ചുവന്ന ഇയാൾ ജിഷ കൊല്ലപ്പെട്ടതിനുശേഷമാണ് ബെംഗളൂരുവിലേക്ക് പോയതെന്ന് പൊലീസ് പറയുന്നു. നാട്ടിൽ നിന്ന് അടുത്തിടെ സംസ്ഥാനത്തിന് പുറത്തേക്ക് പോയവരെക്കുറിച്ചുള്ള അന്വേഷണം പൊലീസ് നടത്തിയിരുന്നു. ഇതിനിടെയാണ് ബംഗളൂരുവിലുള്ള വ്യക്തിയിലേക്ക് അന്വേഷണം നീണ്ടത്. ജിഷ വധക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളാണോ പിടിയിലായതെന്ന് വ്യക്തമല്ല. ദീപ, പിതാവിനൊപ്പം താമസിക്കാൻ എത്തുമ്പോൾ നിത്യസന്ദർശകനായിരുന്ന ഇയാൾ ജിഷയെയും പരിചയപ്പെട്ടിരുന്നു. ജിഷയും ദീപയും തമ്മിൽ ശത്രുതയിലായിരുന്നുവെന്ന സമീപവാസികളുടെ നിർണായക മൊഴി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിത്. ദീപയുടെ മൊബൈലിൽ സേവ് ചെയ്തിരുന്ന മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളെ പിടിക്കാൻ സഹായിച്ചത്.

നിലവിൽ സാഹചര്യത്തെളിവുകൾ മാത്രമാണ് ഇയാൾക്കെതിരെയുള്ളത്. എന്നാൽ ജിഷയുടെ മരണവുമായി ബന്ധപ്പെട്ട നിർണായയക വിവരങ്ങൾ ഇയാൾക്ക് അറിയാമെന്ന നിഗമനത്തിലാണ് പൊലീസ്. ഗൂഢാലോചനയുൾപ്പെടെയുള്ള കാര്യത്തിൽ വ്യക്തത വരുത്താനാണ് ഇത്. ജിഷ രണ്ടു മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നതായി പൊലീസ് മനസ്സിലാക്കിയിരുന്നു. നോക്കിയ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്ന ജിഷയുടെ വീട്ടിൽ നിന്നു ലഭിച്ച ലെനോവയുടെ ചാർജറാണ് പൊലീസിനെ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചത്. നോക്കിയയുടെ സാധാരണ മൊബൈൽ ഫോണാണ് ജിഷയുടെ വീട്ടിൽ നിന്നു പൊലീസിനു ലഭിച്ചത്. ഇതിൽ പന്ത്രണ്ടു നമ്പറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ട ദിവസം ഒരു ഇൻകമിങ് കോൾ മാത്രമാണ് ഈ ഫോണിലേക്കു വന്നത്.

ജിഷയും അമ്മയും സാധാരണ മൊബൈൽ ഫോണാണ് ഉപയോഗിച്ചരുന്നതെന്നു ബോധ്യപ്പെട്ടു. ഇതേത്തുടർന്നാണു രണ്ടാമത്തെ ഫോണിനു വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയത്. അന്വേഷണ പരിധയിൽ നിന്ന് ജിഷയുടെ സഹോദരീ ഭർത്താവ്, അയാളുടെ സുഹൃത്ത് എന്നിവർ ഒഴിവാക്കപ്പെട്ടതായാണു വിവരം. ഇതിനിടെ ചെറുകുന്നത്തെത്തിയ മാദ്ധ്യമ പ്രവർത്തകരോട് ജിഷയുടെ സഹോദരിയുടെ സുഹൃത്ത് മൃഗമാണെന്നു നാട്ടുകാർ പറഞ്ഞു. നേരത്തേ, രാത്രികാലങ്ങളിൽ പലപ്പോഴും ചെറുകുന്നത്തുവച്ച് ഇയാളെ കണ്ടിട്ടുണ്ട്. അന്വേഷണ സംഘം തയാറാക്കിയ രേഖാ ചിത്രവുമായി ഇയാൾക്കു സാമ്യമുണ്ടെന്നാണ് ഇവർ നൽകുന്ന വിവരം. ജിഷയുടെ പിതാവിന്റെ ചെറുകുന്നത്തെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു ഇയാൾ. കഞ്ചാവ് വിൽപനക്കാരനായ ഇയാളെ സംഭവത്തിനു ശേഷം കാണാതായിരുന്നു. പെൺവാണിഭ സംഘവുമായും ഇയാൾക്ക് ബന്ധമുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

നേരത്തേ ഇയാൾ ജിഷയെ ശല്യപ്പെടുത്തിയിരുന്നതായും വിവരമുണ്ട്. വൈരാഗ്യത്തേ തുടർന്നു മനഃപൂർവം ആസൂത്രണം ചെയ്ത കൊലപാതകമാണ് ഇതെന്നും കൃത്യം ചെയ്തത് ഒരാൾ മാത്രമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്നതു സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അഞ്ചു ഡിവൈ.എസ്‌പിമാരുടെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞാണു അന്വേഷണം. ഡി.ജി.പി നേരിട്ടാണ് കേസ് അന്വേഷിക്കുന്നതെന്നതെന്നും ഈ കേസിന്റെ പ്രത്യേകതയാണ്. സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ കെ.സി. റോസക്കുട്ടി ഇന്നലെ മൂന്നു മണിക്കൂറോളം ജിഷയുടെ സഹോദരി ദീപയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട ദിവസം ഉച്ചയ്ക്കുശേഷം ജിഷ പുറത്തുനിന്നു കൊണ്ടുവന്ന ഭക്ഷണം കഴിച്ചിരുന്നതായി സൂചനയുമുണ്ട്. ജിഷയുടെ ഉദരത്തിൽ ദഹിക്കാതെ ശേഷിച്ച ആഹാരപദാർഥങ്ങൾ പോസ്റ്റ്‌മോർട്ടത്തിൽ വേർതിരിച്ചെടുത്തിരുന്നു. ഇവയൊന്നും അന്നു വീട്ടിൽ പാചകം ചെയ്തതല്ല.

ജിഷ ഭക്ഷണം കഴിക്കാൻ പുറത്തുപോവുകയോ മറ്റാരോ ഭക്ഷണം എത്തിച്ചു കൊടുക്കുകയോ ചെയ്തതായി പൊലീസ് അനുമാനിക്കുന്നു. ഇതുസംബന്ധിച്ച് അമ്മ രാജേശ്വരിക്ക് അറിയില്ല. അന്വേഷണത്തിൽ വഴിത്തിരിവുണ്ടാക്കാനാവുന്ന ഫൊറൻസിക് സൂചനയായാണു പൊലീസ് ഇതിനെ വിലയിരുത്തുന്നത്. 29 വയസ്സു കഴിഞ്ഞ ജിഷയുടെ വിവാഹം സാമ്പത്തിക ബുദ്ധിമുട്ടു കാരണം നീണ്ടുപോവുന്നതിൽ അമ്മ രാജേശ്വരിക്കു വേവലാതിയുണ്ടായിരുന്നു. മുടക്കുഴ തൃക്കയിൽ വീടുപണി പൂർത്തിയാക്കിയശേഷം വിവാഹം നടത്താൻ രാജേശ്വരി ആഗ്രഹിച്ചിരുന്നു. ജിഷ കൊല്ലപ്പെട്ട ദിവസവും കുറുപ്പംപടി വായ്ക്കരയിലെ പരിചയക്കാരോടു രാജേശ്വരി വീടുപണിക്കു സാമ്പത്തിക സഹായം ചോദിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഏതാനും വർഷം ഭർത്താവ് പാപ്പുവിനൊപ്പം വായ്ക്കരയിലെ വീട്ടിലാണു രാജേശ്വരിയും മക്കളും കഴിഞ്ഞത്. അന്നത്തെ പരിചയക്കാരുടെ വീടുകളിലാണു രാജേശ്വരി സഹായം ചോദിച്ചുപോയത്.

അതിനിടെ ജിഷ വധക്കേസിൽ കേരളാ പൊലീസ് ഫൊറൻസിക് വിദഗ്ധനും മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ബി.ഉമാദത്തന്റെ ഉപദേശം തേടി. ഡിജിപി ടി.പി.സെൻകുമാർ, റൂറൽ എസ്‌പി ജി.എച്ച്.യതീഷ്ചന്ദ്ര, ആലുവ ക്രൈം ഡിറ്റാച്‌മെന്റ് ഡിവൈഎസ്‌പി എം.ജിജിമോൻ എന്നിവർ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ച രണ്ടു മണിക്കൂർ നീണ്ടു. ആക്രമണം പ്രതിരോധിക്കാനുള്ള ശ്രമത്തിൽ ജിഷ പ്രതിയെ മാന്തിയിരിക്കാൻ സാധ്യതയുള്ളതിനാൽ നഖത്തിൽ കണ്ടെത്തിയ ശരീരകലകളും രക്തവും വിശദമായി പരിശോധിക്കാൻ ഡോ. ഉമാദത്തൻ നിർദ്ദേശം നൽകി. ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ, പീഡനം നടന്നിട്ടുണ്ടെങ്കിൽ മൃതദേഹത്തിൽനിന്നു ശേഖരിച്ച കൊലയാളിയുടെ സ്രവങ്ങൾ നിർണായക തെളിവാണെന്നും ചൂണ്ടിക്കാട്ടി.