കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം എങ്ങുമെത്തുന്നില്ല. ശരീരസ്രവം, വിരലടയാളം, ദന്ത പരിശോധനകളുടെ ഫലങ്ങളാണ് പൊലീസിനെ കുഴക്കുന്നത്. പൊലീസിന്റെ ശാസ്ത്രീയ പരിശോധനകളും സംശയിക്കുന്ന പ്രതികളിൽ കുറ്റം ചാർത്താൻ പോന്നതല്ല. പെരുമ്പാവൂരിൽ നിന്നു മെയ്‌ ഏഴിനു പിടികൂടിയ ബംഗാൾ സ്വദേശിയാണ് കൊലയാളിയെന്ന നിഗമനത്തിലാണു പൊലീസ്. ഇയാളുടെ അറസ്റ്റ് തെരഞ്ഞെടുപ്പിന്റെ തലേന്നു പ്രഖ്യാപിക്കാൻ ആഭ്യന്തരമന്ത്രി തലത്തിൽ ധാരണയാകുകയും ചെയ്തു. എന്നാൽ, ഇന്നലെ ലഭിച്ച ഡി.എൻ.എ. ഫലം ഇയാളുടേയാണെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ആയുധങ്ങളും കണ്ടെത്താനായില്ല. കസ്റ്റഡിയിലുള്ള ബംഗാളിക്ക് ജിഷയോട് മുൻ വൈരാഗ്യമുണ്ടായിരുന്നെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതി കസ്റ്റഡിയിലുണ്ടെന്നും തെളിവുകളുടെ അഭാവത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത് വൈകുന്നതെന്നാണ് സൂചന.

അതിനിടെ ജിഷയുടെ കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് നടത്തിയ ഡിഎൻഎ പരിശോധനയിൽ കൊലയാളിയുടെ ഡിഎൻഎ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ കസ്റ്റഡിയിലുള്ള ആരുമായും ഫലം യോജിക്കുന്നില്ലെന്നാണ് വിവരം. ജിഷയുടെ ചുരിദാറിൽനിന്ന് ലഭിച്ച ഉമിനീരാണ് പരിശോധിച്ചിരുന്നത്. ഫൊറൻസിക് ലാബിലും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് പരിശോധന നടത്തിയത്. കസ്റ്റഡിയിലുള്ള എല്ലാവരുടെയും ഉമിനീര് പരിശോധനയ്ക്ക് അയച്ചിരുന്നു. കൊല്ലപ്പെട്ട സമയത്ത് ജിഷ ധരിച്ചിരുന്ന ചുരുദാറിൽ നിന്നാണ് പ്രതിയുടേതെന്നു കരുതുന്ന ഒരു തുള്ളി ഉമിനീർ (തുപ്പൽ) ലഭിച്ചത്. ഇതിൽ ജിഷയുടെ രക്തം കലർന്നിരുന്നതിനാലാണ് ഡി.എൻ.എ. പരിശോധന പരാജയപ്പെട്ടതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. ജിഷയുടെ വസ്ത്രത്തിൽ നിന്നു ലഭിച്ച സ്രവം നഷ്ടപ്പെടാതിരിക്കാൻ വെയിലേൽക്കാതെ ഇരുട്ടിലാണു സൂക്ഷിച്ചിരുന്നത്.

കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷമാവാം കൊലയാളി പീഡനത്തിനു ശ്രമിച്ചതെന്നായിരുന്നു പോസ്റ്റ്‌മോർട്ടത്തിലെ ആദ്യ നിഗമനം. കഴുത്തിലും ഇടതുതോളിനു പിൻഭാഗത്തും കാണപ്പെട്ട മുറിവുകൾ ആരുടേയും കടിയേറ്റല്ലെന്ന വിലയിരുത്തലും വേണ്ടി വരുന്നു. മുറിവുകളുടെ വലിപ്പമാണ് വിദഗ്ധരെ ഈ നിഗമനത്തിലെത്തിച്ചത്. കടിയേറ്റുണ്ടായതെന്നു കരുതുന്ന മുറിവുകൾക്ക് 5.1, 5.2 സെ.മീ. നീളവും ഒരു സെ.മീ. വീതിയുമാണുള്ളത്. അഞ്ചു സെ.മീ. നീളത്തിൽ മുറിവേൽക്കണമെങ്കിൽ വായ പൂർണമായും തുറന്ന് കടിക്കണമെന്നും അപ്പോൾ മുറിവിന് അത്രയും തന്നെ വീതിയുമുണ്ടാകുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. ജിഷയുടെ ശരീരത്തിൽ കണ്ടത് പല്ല് പോലെ മുനയുള്ള വസ്തു കൊണ്ട് ഉണ്ടായ മുറിവാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ഈ മുറിവുകൾ പ്രതിയുമായുണ്ടായ മൽപ്പിടിത്തത്തിനിടെ വീട് നിർമ്മിച്ച സിമന്റെ ഇഷ്ടികയുടെ മുനയുള്ള ഭാഗത്തുകൊണ്ടതാവാം എന്നാണ് വിദഗ്ധരുടെ നിഗമനം. സമാന അളവിലുള്ള മുറിവുകളാണ് ജിഷയുടെ ശരീരത്തിൽ കണ്ടെത്തിയതെന്നതും കടിയേറ്റ മുറിവല്ലെന്ന സംശയത്തിന് ആക്കം കൂട്ടുന്നു. ഇതോടെ പല്ലിന്റെ അളവെടുത്ത് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമവും പാളുകയാണ്. അതിനിടെ പോസ്റ്റ്‌മോർട്ടം പകർത്തിയത് മൊബൈൽ ക്യാമറയിലാണെന്നു പൊലീസ് സർജൻ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം പ്രഫഷണൽ ക്യാമറയിൽ പകർത്താതെ മൊബൈലിൽ ചിത്രീകരിച്ചത് ഗുരുതര വീഴ്ചയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

കഴിഞ്ഞ മാസമാണ് പെരുമ്പാവൂരിലെ വീട്ടിൽവച്ച് ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകം നടന്നു 16 ദിവസമായെങ്കിലും ഇതുവരെയും പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല. ജിഷയും പ്രതിയും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതും കേസിൽ നിർണായക തെളിവാകുമെന്നാണ് വിലയിരുത്തൽ.

ജിഷയുടെ സഹോദരിയും അമ്മയും പൊലീസ് കസ്റ്റഡിയിലെന്ന് ബന്ധു

അതിനിടെ ജിഷയുടെ സഹോദരി ദീപയും അമ്മ രാജേശ്വരിയും പൊലീസ് കസ്റ്റഡിയിലാണെന്നും അവരോടു സംസാരിക്കാനോ കൂട്ടിരിക്കാനോ അടുത്ത ബന്ധുക്കളെപ്പോലും അനുവദിക്കുന്നില്ലെന്നും ആക്ഷേപം ശക്തമാകുന്നു. പൊലീസും ആരോഗ്യവകുപ്പും ഒത്തുകളിക്കുകയാണെന്നും ജിഷയുടെ അമ്മായി ലൈല ആരോപിച്ചു.

പൊലീസ് എന്തൊക്കെയോ മറച്ചുവയ്ക്കുന്നുണ്ട്. ദീപയ്ക്ക് അന്യസംസ്ഥാന തൊഴിലാളിയുമായോ മറ്റാരെങ്കിലുമായോ ബന്ധമുള്ളതായി സംശയിക്കുന്നില്ല. ദീപയ്‌ക്കെതിരേ പൊലീസ് കഥകൾ കെട്ടിച്ചമയ്ക്കുകയാണ്. മാദ്ധ്യമങ്ങളോടു സംസാരിക്കാനോ ഫോണിൽ ആരെങ്കിലുമായും ബന്ധപ്പെടാനോ അനുവദിക്കുന്നില്ല. ദീപയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും അവർ പറഞ്ഞു. പൊലീസിന്റെ അനാസ്ഥ മൂലമാണ് പ്രതിയെ പിടിക്കാനാകാത്തത്. ജിഷ കൊല്ലപ്പെട്ട് നാലു ദിവസത്തിനു ശേഷമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തങ്ങൾക്കു ഭീഷണിയുണ്ടെന്ന് ജിഷയും അമ്മയും രണ്ടു തവണ പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ല. വളരെ മോശമായ രീതിയിലാണ് പൊലീസ് തന്നോടു പെരുമാറിയതെന്നും ലൈല ആരോപിച്ചു.

ജിഷ കൊല്ലപ്പെട്ട ദിവസം മുതൽ അമ്മ രാജേശ്വരി ആശുപത്രിയിൽ ചികിൽസയിലാണ്. പനി മൂലം ദീപയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജേശ്വരിയെ പരിചരിക്കാൻ ലൈലയ്ക്കു കലക്ടർ അനുവാദം നൽകിയിരുന്നെങ്കിലും അവരെ പൊലീസ് ആശുപത്രിയിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.