കോതമംഗലം: ജിഷയുടെ കൊലപാതകം സംബന്ധിച്ച പൊലീസ് അന്വേഷണം നിർണായകഘട്ടത്തിൽ. പ്രതിയെ ഉടൻ കണ്ടെത്താൻ കഴിയുന്ന സ്ഥിതിയിലേക്ക് പൊലീസ് അന്വേഷണം പുരോഗമിച്ചതായിട്ടാണ് ലഭ്യമായ വിവരം.

ജിഷയുടെ വസ്ത്രത്തിൽനിന്നും കണ്ടെത്തിയ കൊലയാളിയുടെ ഉമിനീരിന്റ അംശം തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ ഡി എൻ എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റ റിപ്പോർട്ട് കൈയിൽ കിട്ടിയതോടെയാണ് പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷകസംഘത്തിന്റെ നീക്കം ഫലപ്രാപ്തിയിലേക്ക് നീങ്ങിയിരിക്കുന്നതെന്നാണ് സൂചന.

കസ്റ്റഡിയിലുള്ളതും പുറത്ത് നിരീക്ഷണത്തിലുള്ളവരുമായ പത്തോളം പേരെ ഡി എൻ എ പരിശോധനക്ക് വിധേയമാക്കാനാണ് അന്വേഷകസംഘത്തിന്റെ തീരുമാനം. ഇവരിൽ ഒട്ടുമിക്കവരുടെയും ഉമിനീർ സാമ്പിളുകൾ ശേഖരിച്ച് ടെസ്റ്റിന് അയച്ചുവെന്നും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇതിന്റ റിപ്പോർട്ടുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നുമാണ് അറിയുന്നത്. ഡി എൻ എ ഫലം യോജിക്കുന്ന പക്ഷം പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാനാണ് അന്വേഷകസംഘത്തിന്റെ തീരുമാനം. കൊലപാതകം സംബന്ധിച്ച് ഇതുവരെ കാടിളക്കി നടന്ന അന്വേഷണത്തിൽ കിണഞ്ഞു പരിശ്രമിച്ചിട്ടും യാതൊരു തെളിവുകളും ലഭിക്കാതിരുന്ന അന്വേഷക സംഘത്തിന് ഡി എൻ എ ഫലം വീണുകിട്ടിയ കച്ചിത്തുരുമ്പായി മാറിയെന്നാണ് പരക്കെയുള്ള വിലയിരുത്തൽ.

അന്യസംസ്ഥാന തൊഴിലാളികളടക്കം ആറു പേർ കസ്റ്റഡിയിലുണ്ടെന്നും ഇവരിൽ നാലു പേരുടെ മുൻനിരയിലെ പല്ലുകൾക്ക് വിടവുണ്ടെന്നുമാണ് ലഭ്യമായ സൂചനകളിൽ നിന്നും വ്യക്തമായിട്ടുള്ളത് . പല്ലിനു വിടവുള്ള ആളാണ് കൊലപാതകിയെന്ന് ജിഷയുടെ ശരീരത്തിലെ കടിയേറ്റ പാടുകളിൽ നിന്നും അന്വേഷണസംഘത്തിന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏറെ തപ്പി നടന്നാണ് പല്ലിന് വിടവുള്ളവരെ അന്വേഷക സംഘം തേടിപ്പിടിച്ചത്. ദിവസങ്ങളോളം കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തിട്ടും ഇവരിലാരും കുറ്റം സമ്മതിക്കാൻ തയ്യാറാവാതിരുന്നതോടെ അന്വേഷകസംഘം തികച്ചും നിരാശയിലായി.

ഡി ജി പി സെൻകുമാർ അടക്കമുള്ള സംസ്ഥാനത്തെ ഉന്നത പൊലീസ് അധികൃതരെല്ലാം പെരുമ്പാവൂരിൽ തങ്ങിയാണ് ആദ്യഘട്ടത്തിൽ കേസ് അന്വേഷണം നടത്തിയിരുന്നത്. ഏറ്റവും വിപുലവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി രണ്ടാഴ്ചയോളം അന്വേഷണം നടന്നിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാതിരുന്ന അന്വേഷകസംഘത്തിന്റെ വീഴ്ച എൽ ഡി എഫ് തിരഞ്ഞെടുപ്പ് രംഗത്ത് ശക്തമായ പ്രചാരണ ആയുധമാക്കുകയും ചെയ്തിരുന്നു.തിരഞ്ഞെടുപ്പിന് മുമ്പു പ്രതിയെ അറസ്റ്റ് ചെയ്ത് സർക്കാരിന്റ മുഖം രക്ഷിക്കാൻ അന്വേഷകസംഘം നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

പ്രതിയെക്കുറിച്ചുള്ള പൂർണവിവരങ്ങൾ ലഭിച്ചതായുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇന്നലത്തെ വെളിപ്പടുത്തൽ നേരത്തെ പുറത്തുവന്ന ഇത്തരം റിപ്പോർട്ടുകളെ ശരിവയ്ക്കുന്നതാണെന്നാണ് ചൂണ്ടിക്കാണിപ്പെടുന്നത്.