കോതമംഗലം: ജിഷ സംഭവത്തിൽ പെരുമ്പാവൂരിൽ രാപകൽ സമരം നടത്തിവരുന്ന ഇടതുമുന്നണി പ്രവർത്തകർക്ക് മാന്യമായി സമരം അവസാനിപ്പിക്കുന്നതിനുള്ള വഴിതെളിയുന്നു.

നാളെ അധികാരത്തിലെത്തുന്ന ഇടതുമുന്നണി സർക്കാർ പെരുമ്പാവൂർ ജിഷ കൊലക്കേസ് അന്വേഷണത്തിൽ ശക്തമായ ഇടപെടൽ നടത്തുമെന്നും കേസ് അന്വേഷണ ചുമതല വനിതാ ഐ പി എസ് ഓഫീസർക്ക് കൈമാറുമെന്നുമാണ് ലഭ്യമായ വിവരം.സത്യപ്രതിജ്ഞക്ക് ശേഷം നടക്കുന്ന ആദ്യമന്ത്രിസഭായോഗത്തിൽ ആദ്യതീരുമാനങ്ങളിലൊന്നാവുമിത്. കേസിന്റെ അന്വേഷണ ചുമതല വനിതാ ഐ പി എസ് ഓഫീസർക്ക് കൈമാറണമെന്നാണ് സമരസമിതിയുടെ മുഖ്യആവശ്യം. ഐ പി എസ് ഓഫീസർമാരായ ആർ ശ്രീലേഖ, ബി സന്ധ്യ എന്നിവരിൽ ഒരാൾക്കായിരിക്കാം അന്വേഷണച്ചുമതല കൈമാറുക എന്നാണ് സൂചന.

ജിഷയെ കൊലപ്പെടുത്തിയതു സംബന്ധിച്ച് മുഖ്യധാരാ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുകയും തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയരുകയും ചെയ്ത സാഹചര്യത്തിൽ മെയ് നാലുമുതലാണ് പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സി പി എമ്മിന്റെ നേതൃത്വത്തിൽ രാപകൽ സമരം ആരംഭിച്ചത്. ആദ്യദിവസങ്ങളിൽ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ സമരം പിന്നീടുള്ള ദിവസങ്ങളിൽ പേരിനു മാത്രമായി പര്യവസാനിക്കുകയായിരുന്നെന്ന ആരോപണം ശക്തമാണ്. സി പി എമ്മിന്റെ പ്രമുഖ നേതാക്കളാണ് ഓരോ ദിവസവും സമരപരിപാടിയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം എം എ ബേബി സമരത്തെ അഭിവാദ്യം ചെയ്യാനെത്തിയിരുന്നു.

തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നന്നായി വിനിയോഗിച്ച പ്രചാരണ വിഷയങ്ങളിൽ ഒന്നാണ് ജിഷസംഭവം. ഉമ്മൻ ചാണ്ടി ഗവൺമെന്റ് തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്നായിരുന്നു ആദ്യഘട്ടത്തിൽ സമരസമിതിയുടെ പ്രതീക്ഷ. എന്നാൽ പ്രചാരണ രംഗത്ത് തിരിച്ചടിയാവുമെന്ന വിലയിരുത്തലുകളെത്തുടർന്ന് യു ഡി എഫ് നേതൃത്വം കേസന്വേഷണം ഡി ജി പി സെൻകുമാറിന്റെ ഇഷ്ടത്തിന് വിടുകയായിരുന്നു. ക്രൈംഡിറ്റാച്ചമെന്റ് ഡിവൈ എസ് പി ജിജിമോന്റെ നേതൃത്വത്തിലാണ് ഇപ്പോൾ കേസിൽ തെളിവെടുപ്പ് നടന്നുവരുന്നത്.

രാജ്യവ്യാപകമായി ചർച്ചചെയ്യപ്പെട്ട ഈ ദാരുണ സംഭവത്തിൽ ഇതുവരെ നടന്ന പൊലീസ് അന്വേഷണം കാര്യമായ ഗുണം ചെയ്തിട്ടില്ലെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽനിന്നും വ്യക്തമായിട്ടുള്ളത്. സംഭവദിവസം ജിഷ ധരിച്ചിരുന്ന ചുരിദാറിൽ കണ്ടെത്തിയ ഒരുതുള്ളി ഉമിനീരിൽ നിന്നും വീണ്ടെടുത്ത ഡി എൻ എ സാമ്പിൾ ഫലം മാത്രമാണു സംഭവം നടന്ന് ഒരു മാസത്തോടടുക്കുമ്പോൾ അന്വേഷകസംഘത്തിന്റെ കൈവശമുള്ള പ്രധാന മുതൽക്കൂട്ട്. പ്രതിയെന്നു സംശയിച്ചിരുന്ന പത്തിലേറെ പേരെ അന്വേഷകസംഘം ഡി എൻ എ ടെസ്റ്റിന് വിധേയമാക്കിയിരുന്നെങ്കിലും റിസൽട്ട് നെഗറ്റീവായിരുന്നു.

അയൽവാസികളിലാരെങ്കിലുമായിരിക്കാം മകളെ കൊലപ്പെടുത്തിയതെന്ന ജിഷയുടെ മാതാവ് രാജേശ്വരിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് ഇവരുടെ വീടിന് പരിസരത്തെ നിരവധിപേരെ പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. സംഭവ ദിവസം സ്ഥലത്തുണ്ടായിരുന്ന ഇവരിൽ ചിലരെ ഡി എൻ എ ടെസ്റ്റിന് വിധേയരാക്കുകയും ചെയതിട്ടുണ്ട്.

ജിഷയുടെ മൊബൈലുകളിൽ വിളിച്ചവരെ ചുറ്റിപ്പറ്റി ആദ്യ ദിവസങ്ങളിൽ നടന്നുവന്നിരുന്ന അന്വേഷണം ഇപ്പോൾ ഊർജ്ജിതമായിട്ടുണ്ട്. കൊലപാതകിയിലേക്കെത്തുന്ന സൂചനകൾ ഫോൺ സംഭാഷണങ്ങളിൽ നിന്നും ലഭിക്കാനിടയുണ്ടെന്നുള്ള കണക്കുകൂട്ടലുകളെ തുടർന്നാണ് ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുള്ളത്. ജിഷയുടെ ഫോണിലേക്ക് വർഷം ശരാശരി 400 കോളുകൾ എത്തിയിട്ടുണ്ടെന്നാണ് അന്വേഷക സംഘത്തിന്റെ കണക്കുകൂട്ടൽ.

മൊബൈൽ കമ്പനിയുമായി ബന്ധപ്പെട്ട് ഈ കോളുകളുടെ ഓഡിയോ ശേഖരം സംഘടിപ്പിച്ച് വിശദമായി പരിശോധിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അന്വേഷകസംഘം. ഇതിന് കാര്യമായ കാലതാമസമുണ്ടാവുമെന്നും അതിനാൽ ഈ വഴിക്കുള്ള അന്വേഷണഫലം എന്തുതന്നെയായലും വൈകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു