കൊച്ചി: ജിഷ കൊലക്കേസിലെ അന്വേഷണത്തിന് വനിതാ എഡിജിപി മേൽനോട്ടം വഹിക്കാൻ എത്തുമെന്നാണ് സൂചന. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരായ ആർ ശ്രീലേഖയേയോ ബി സന്ധ്യയേയോ കേസ് അന്വേഷണം ഏൽപ്പിക്കും. പിണറായി വിജയൻ മന്ത്രിസഭയുടെ ആദ്യ തീരുമാനം ഇതാകുമെന്നാണ് വിലയിരുത്തൽ. അതിനിടെ ജിഷയുടെ മരണത്തിന് തൊട്ടുപിന്നാലെ ജീവനൊടുക്കിയ ബംഗാൾ സ്വദേശിയിലേക്ക് അന്വേഷണം എത്തുകയാണ്. മൃതദേഹത്തിൽ നിന്ന് അന്നു ശേഖരിച്ച ഡി.എൻ.എ. പരിശോധിക്കും.

ജിഷ കൊല്ലപ്പെട്ടതിന്റെ മൂന്നാം നാളാണ് കുറുപ്പംപടിയിൽ നിന്നു രണ്ടു കിലോമീറ്റർ അകലെ ഓടക്കാലിയിലെ അടച്ചിട്ട മുറിയിൽ 35 വയസ് തോന്നിക്കുന്ന ബംഗാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നതായി വിവരമുണ്ട്. കുറുപ്പംപടി പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും കേസിന് അനുകൂലമായ തെളിവുകൾ ലഭിച്ചിരുന്നില്ല. പോസ്റ്റ്‌മോർട്ടം വേളയിൽ മൃതദേഹത്തിൽ നിന്നു ശേഖരിച്ച സ്രവങ്ങളാണ് ഡി.എൻ.എ. പരിശോധനയ്ക്ക് അയച്ചത്. ഈ പരിശോധനാ ഫലം നിർണ്ണായകമാകും. ജിഷ കൊല്ലപ്പെട്ട ഏപ്രിൽ 28നു ശേഷമാണ് അന്യസംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തത്. അന്നു കൊലയാളിയുടെ ഡിഎൻഎ സാംപിൾ ലഭിച്ചിരുന്നില്ല.

പൊലീസ് ഇതുവരെ നടത്തിയ അന്വേഷണങ്ങൾ കൊലയാളിയിലേക്ക് എത്താതിരുന്നതോടെയാണ് ആത്മഹത്യ ചെയ്ത തൊഴിലാളിയിലേക്ക് അന്വേഷണം നീങ്ങുന്നത്. പൊലീസിനെ വഴിതെറ്റിക്കാൻ കൊലയാളി വ്യാജ തെളിവുകൾ ഒരുക്കിയതായി സംശയിക്കുന്നു. വീടിനു സമീപം കണ്ടെത്തിയ ഇതര സംസ്ഥാനക്കാരന്റേതെന്നു സംശയിക്കുന്ന ചെരുപ്പുകൾ കൊലയാളി പിന്നീടു കൊണ്ടുവന്നിട്ടതാവാൻ സാധ്യതയുണ്ട്. ഈ ചെരുപ്പുകൾ ആത്മഹത്യ ചെയ്തയാളുടേതാണോയെന്നും അന്വേഷിക്കുന്നുണ്ട്. കൊലനടത്തി ഒന്നോ രണ്ടു ദിവസങ്ങൾക്കു ശേഷം ജിഷയുടെ വീടിരിക്കുന്ന കുറുപ്പംപടി വട്ടോളിപ്പടി ഭാഗം പ്രതി സന്ദർശിച്ചതിനു തെളിവാണിത്. ആ ദിവസങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഈ വീടും പരിസരവും സന്ദർശിച്ചത് അവർക്കൊപ്പം സ്ഥലത്തെത്താൻ പ്രതിക്കു സഹായകരമായിട്ടുണ്ടെന്ന് അനുമാനിക്കുന്നു.

അതിനിടെ കസ്റ്റഡിയിലെടുത്ത ബംഗാൾ സ്വദേശിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്‌തെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ജിഷയുമായി സൗഹൃദമുണ്ടായിരുന്ന രാഷ്ട്രീയ നേതാവിന്റെ മകനെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഇയാളുമായി ജിഷയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമായ വിവരം ലഭിച്ച നിലയ്ക്കാണ് അന്വേഷണം. ജിഷയുടെ സഹപാഠികളായിരുന്ന മൂന്നു നിയമവിദ്യാർത്ഥികളെ ഡി.എൻ.എ. പരിശോധനയ്ക്കു വിധേയരാക്കാനും തീരുമാനിച്ചു. ഇവരുടെ പേര് ജിഷയുടെ ഡയറിയിൽ കണ്ടത്തെിയതിനത്തെുടർന്നാണിത്. അങ്ങനെ സർക്കാർ മാറുന്നതോടെ അന്വേഷണത്തിനും പുതിയ മുഖം വരുന്നു. കൂടുതൽ ഊർജ്ജിതമായി പരിശോധന നടക്കുന്നു. എറണാകുളം ജില്ലയിലുള്ള യു.ഡി.എഫിലെ ഒരു ഉന്നതനേതാവിന്റെ സ്വാധീനത്തെതുടർന്നാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്ന് ആരോപണമുണ്ട്.

ജിഷയുടെ ജനനേന്ദ്രിയത്തിലെ സ്രവം പരിശോധിച്ചതിന്റെ ഫലം പൊലീസിനു കൈമാറിയെന്ന് തിരുവനന്തപുരം റീജണൽ കെമിക്കൽ ലാബ് ജോയിന്റ് കെമിക്കൽ എക്‌സാമിനർ പറഞ്ഞു. എന്നാൽ, ഫലം കിട്ടിയിട്ടില്ലെന്നും അതു കോടതി മുഖേനയേ ലഭിക്കൂവെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഡി.എൻ.എ. പരിശോധനയ്ക്ക് ഫ്‌ളോട്ടിങ് കാർഡ് രക്തപരിശോധനാ രീതിയും പരിഗണിക്കുന്നുണ്ട്. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയും മറ്റും രാജ്യാന്തര തലത്തിൽ സ്വീകരിക്കുന്നത് ഈ രീതിയാണ്. വൻ പണച്ചെലവുണ്ട് ഇതിന്.
സ്ട്രിപ്പ് മുഖേന പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതു പോലെ ഒരു തുള്ളി രക്തമാണ് ഫ്‌ളോട്ടിങ് കാർഡിലും എടുക്കുക.

നാലുമണിക്കൂറിനുള്ളിൽ ഡി.എൻ.എ. കണ്ടത്തൊമെന്നതാണ് ഈ രീതി പരീക്ഷിക്കാൻ അന്വേഷണസംഘത്തെ പ്രേരിപ്പിക്കുന്നത്. ഫ്‌ളോട്ടിങ് കാർഡ് ഉപയോഗിക്കാൻ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയാണു നിർദ്ദേശിച്ചത്. അന്വേഷണസംഘത്തിന് 12 കാർഡ് കൈമാറിയിട്ടുണ്ട്. അതിനിടെ ജിഷയെ കൊലപ്പെടുത്തിയവരെ 25 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാൻ സാധിക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരള പുലയർ മഹാസഭ സംസ്ഥാന കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നു കെ.പി.എം.എസ് ഭാരവാഹികൾ ആവശ്യപെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് കാക്കനാട് കലക്ടറേറ്റിനുമുന്നിൽ 27 മുതൽ അനിശ്ചിതകാല റിലേ സത്യഗ്രഹം നടത്തും.

ജിഷയുടെ പോസ്റ്റ്‌മോർട്ടത്തിൽ സംഭവിച്ച വീഴ്ചകളും മൃതദേഹം ദഹിപ്പിച്ചു കളഞ്ഞതുമാണ് അന്വേഷണം നേരിട്ട ഏറ്റവും വലിയ തിരിച്ചടി. മൃതദേഹത്തിന്റെ ഇടത്തേ തോളിൽ കണ്ടെത്തിയ കടിയുടെ പാടു പിന്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലയാളിയുടെ ഉമിനീരിന്റെ അംശം കണ്ടെത്താൻ കഴിഞ്ഞതു മാത്രമാണു കേസിൽ ഇതുവരെ പൊലീസിനുണ്ടാക്കാൻ കഴിഞ്ഞ ഏകനേട്ടം. എന്നാൽ, കടിച്ചയാളുടെ പല്ലുകളുടെ ഘടന സംബന്ധിച്ച നിഗമനങ്ങളിൽ പൊലീസിനു ഭിന്ന അഭിപ്രായമുണ്ട്. കൊലയാളിയുടെ പല്ലുകൾക്കിടയിൽ വിടവുണ്ടെന്ന നിഗമനത്തെത്തുടർന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് ഡിഎൻഎ പരിശോധന നടത്തിയ മുഴുവൻ പേരും നിരപരാധികളാണെന്നു തെളിഞ്ഞിരുന്നു. ഇതിൽ ബംഗാൾ സ്വദേശിയായ ഒരാളെ കേസിലെ പ്രതിയാക്കാനുള്ള നടപടികൾ ഏതാണ്ടു പൂർത്തിയായതാണ്. ഇതിനിടെ ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചതോടെ ഇയാളുടെ നിരപരാധിത്വം തെളിഞ്ഞു.

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കഴിയുന്ന ജിഷയുടെ മാതാവ് രാജേശ്വരിയെ രണ്ടു ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യും. പുതിയ വീടിന്റെ പണി പൂർത്തിയാകും വരെ ഇവരെ വാടകവീട്ടിൽ താമസിപ്പിക്കാനാണു സർക്കാർ തീരുമാനം.