കൊച്ചി: ജിഷയുടെ കൊലപാതകിയെ രക്ഷിക്കാൻ ഉന്നത ഇടപെടലുകൾ ശക്തമെന്ന് സൂചന. ജിഷയുടെ അച്ഛൻ പാപ്പുവിനെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ കൊലയാളികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ലോ കോളജ് വിദ്യാർത്ഥികൾ നടത്തുന്ന സമരം സമ്മർദ്ദത്തിലൂടെ പിൻവലിപ്പിക്കാനും ശ്രമം. വ്യാജ നമ്പർ ഘടിപ്പിച്ചും നമ്പർ പ്ലേറ്റ് ഇല്ലാതെയും ഉള്ള വാഹനങ്ങളിൽ സമരപന്തലിനു മുന്നിലെത്തിയ ക്വട്ടേഷൻ സംഘമാണ് സമരക്കാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ നീക്കം നടത്തിയത്. ജിഷയുടെ ഘാതകനെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം ഇന്നലെ വാട്‌സ്ആപ്പിൽ പ്രചരിച്ചു. ഇത് തയ്യാറാക്കിയത് പൊലീസ് ആണോ എന്ന സംശയവും ശക്തമാവുകയാണ്. ഇതും ദുരൂഹത കൂട്ടുന്നു.

പൊലീസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽനിന്നു ചോർന്നെത്തിയ കളർ രേഖാചിത്രമാണ് പ്രചരിച്ചത്. ഇയാളെ സംബന്ധിച്ച സംശയങ്ങൾ പങ്കുവെയ്ക്കാൻ നിരവധി ആളുകൾ രേഖചിത്രത്തോടൊപ്പം നൽകിയ നമ്പറുകളിൽ ബന്ധപ്പെട്ടെങ്കിലും ആരും പ്രതികരിച്ചില്ല. രേഖാചിത്രവുമായി സാമ്യമുള്ളവരെക്കുറിച്ചു വിവരം ലഭിക്കുന്നവർ എറണാകുളം റൂറൽ ഡി.പി.സി 9497996979, പെരുമ്പാവൂർ ഡിവൈ.എസ്‌പി 9497990078, കുറുപ്പംപടി സർക്കിൾ ഇൻസ്‌പെക്ടർ 9497987121 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നാണ് വാട്‌സ്ആപ്പ് സന്ദേശത്തിലുള്ളത്. എന്നാൽ, ഇത്തരമൊരു രേഖാചിത്രത്തെ പറ്റി അറിവില്ലെന്നാണ് അന്വേഷണ സംഘം പ്രതികരിച്ചത്. ഈ നിലപാട് ശരിയാണെങ്കിൽ ജിഷാ കേസ് അട്ടിമറിക്കാൻ കരുത്തരായ സംഘം തന്നെ സജീവമായുണ്ടെന്ന് വിലയിരുത്തേണ്ട സ്ഥിയാണുള്ളത്.

ലോ കോളേജ് വിദ്യാർത്ഥികളുടെ സമരം അട്ടിമറിക്കാൻ തുടക്കത്തിലേ ശ്രമം സജീവമായിരുന്നു. നേരത്തെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കോളജ് പ്രിൻസിപ്പൽ സമരപ്പന്തലിലേക്ക് നൽകിയ വൈദ്യുതിബന്ധം ഉന്നത ഇടപെടലിനെ തുടർന്ന് വിചേ്ഛദിച്ചിരുന്നു. ഇതും ഫലം കണ്ടില്ല. ഇതോടെയാണ് ഭീഷണിയെത്തുന്നത്. സമരം എത്രയും വേഗം നിർത്തണമെന്ന് സൗമ്യഭാഷിയിലാണ് ഭീഷണി. എന്നാൽ സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം. അതേസമയം, ജിഷ കൊലക്കേസ് അന്വേഷണസംഘം വിപുലീകരിച്ചു. എ.ഡി.ജി.പി: ബി. സന്ധ്യയുടെ വിശ്വസ്തരായ നാൽപ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പഴയ സംഘത്തിലുള്ള ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തി. പ

രേഖാ ചിത്രം പ്രചരിച്ചതിനെ കുറിച്ചും അന്വേഷിക്കും. കളർ രേഖാ ചിത്രങ്ങൾ അന്വേഷണത്തിനു ഉപയോഗിക്കാറില്ലെന്നതാണ് വസ്തുത. ജിഷയുടെ വീടിനു പുറത്തുകണ്ട ആളുടെ രേഖാചിത്രം നേരത്തേ തയാറാക്കിയെങ്കിലും അതുമായി സാമ്യമുള്ള ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജിഷ കൊല്ലപ്പെട്ട ദിവസം ഇരിങ്ങോൾക്കാവിൽ കണ്ടയാളുടെ രേഖ ചിത്രമാണ് ഇന്നലെ വാട്‌സ്ആപ്പിൽ പ്രചരിച്ചതെന്നാണ് വിവരം. ഇത് ആര് തയ്യാറാക്കിയതെന്ന് വ്യക്തതയില്ലാത്തതു കൊണ്ട് തന്നെ സംശയങ്ങൾ കൂടുകയാണ്. സോഷ്യൽ മീഡിയയിൽ ഈ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. അതിനിടെ പ്രതിയെ തേടി അന്വേഷണസംഘം അഞ്ച് ടീമായി തിരിഞ്ഞ് മൂന്ന് സംസ്ഥാനങ്ങളിലെത്തി. ജിഷ കൊല്ലപ്പെട്ട ഏപ്രിൽ 28 നു ശേഷം പെരുമ്പാവൂർ വിട്ടുപോയി മടങ്ങിയെത്തിയവരെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വിളിച്ചുവരുത്തുന്നുണ്ട്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തെറ്റായ മൊഴികൾ നൽകിയതായി ബോധ്യപ്പെട്ട മൂന്നുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ആദ്യ അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തിയ പലരുടേയും മൊഴികൾ രണ്ടാമതു രേഖപ്പെടുത്തിയപ്പോഴാണു ജിഷയുടെ അടുത്ത ബന്ധുവടക്കം മൂന്നുപേരുടെ മൊഴികളിൽ വൈരുധ്യം കണ്ടത്. ജിഷയുടെ മാതാവ് 24 മണിക്കൂർ പൊലീസ് സംരക്ഷണയിലാണ്. അതേസമയം ഉന്നത കോൺഗ്രസ് നേതാവിനെതിരേ ആരോപണം ഉന്നയിച്ച പൊതു പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ജിഷയുടെ അമ്മ കോൺഗ്രസ് നേതാവിന്റെ വീട്ടുജോലിക്കാരി ആയിരുന്നുവെന്ന് സ്ഥാപിക്കാൻ കഴിയുന്ന നിർണായക വിവരങ്ങൾ ജോമോൻ കൈമാറിയെന്നാണ് സൂചന.