കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത് കുപ്രസിദ്ധ ഗുണ്ട വീരപ്പൻ സന്തോഷിനെ. ജിഷയുടെ വീട് സ്ഥിതി ചെയ്യുന്നതിന് നാല് കിലോമീറ്റർ അകലെയാണ് സന്തോഷിന്റെ വീട്. കൊലപാതകം നടന്ന ദിവസം പൊലീസ് തയാറാക്കിയ രേഖാ ചിത്രവുമായി സാമ്യമുള്ളയാളെ ഇയാൾക്കൊപ്പം കുറുപ്പംപടിയിൽ കണ്ടെന്ന വിവരത്തെത്തുടർന്നാണ് ഇയാളെ പിടികൂടിയത്. രാത്രി ഓട്ടോറിക്ഷയിലാണ് ഇരുവരും യാത്രചെയ്തതെന്ന് ദൃക്‌സാക്ഷികൾ വിവരം നൽകിയിരുന്നു. വീരപ്പൻ സന്തോഷിന് കോൺഗ്രസ് നേതാവ് പിപി തങ്കച്ചനുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിൽ കൂടിയാണ് വീരപ്പൻ സന്തോഷിനെ വിശദമായി അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

രഹസ്യമായി പൊതുജനങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണസംഘം വിവിധ ഇടങ്ങളിലായി ഇൻഫർമേഷൻ ബോക്‌സുകൾ സ്ഥാപിച്ചിട്ടുണ്ട്. ജിഷയുടെ വീട് സ്ഥിതി ചെയ്യുന്ന കുറുപ്പംപടിയിലും പെരുമ്പാവൂർ ടൗണിലുമായി എട്ട് ഇടങ്ങളിലാണ് ബോക്‌സുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ നിന്നാണ് വീരപ്പൻ സന്തോഷുമായുള്ള ബന്ധപ്പെട്ട വിവരം പൊലീസിന് ലഭിച്ചതെന്ന് സൂചനയുണ്ട്. ഈ ബോക്‌സുകളിൽ ഇനിയും വിവരങ്ങളെതത്തുമെന്നാണ് പ്രതീക്ഷ. ഇതെല്ലാം കൃത്യമായി തന്നെ പൊലീസ് പരിശോധിക്കും. വീരപ്പൻ സന്തോഷ് ആരോപണം നിഷേധിച്ചിട്ടുണ്ടെങ്കിലും അന്വേഷണ സംഘം അത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

ജിഷ കൊല്ലപ്പെട്ട ദിവസം താൻ പറവൂർ കോടതിയിലായിരുന്നുവെന്ന് സന്തോഷ് മൊഴി നൽകിയെങ്കിലും അന്വേഷണ സംഘം ഇതിൽ തൃപ്തരല്ല. ജിഷയുടെ കൊലപാതകിയുമായി വീരപ്പൻ സന്തോഷിന് ബന്ധമുണ്ടാകാമെന്നാണ് നിഗമനം. കോൺഗ്രസുകാരുമായി ഏറെ അടുപ്പം പുലർത്തുന്ന പ്രാദേശിക ഗുണ്ടയാണ് വീരപ്പൻ സന്തോഷ്. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം നാല് മണിക്കൂറോളം സന്തോഷിനെ ചോദ്യം ചെയ്തു. നിർണ്ണായക വിവരങ്ങളൊന്നും സന്തോഷിൽ നിന്നും ലഭിച്ചിട്ടില്ല. എന്നാൽ ബോധപൂർവ്വം പൊലീസിനെ വഴി തെറ്റിക്കുന്ന തരത്തിലാണ് വീരപ്പൻ സന്തോഷിന്റെ മൊഴിയെന്ന് തന്നെയാണ് പൊലീസ് നിഗമനം. ഈ സാഹചര്യത്തിൽ പറവൂർ കോടതി രേഖകളും പൊലീസ് അന്വേഷിക്കും.

ജിഷയുടെ കൊലപാതകത്തിൽ വാടകക്കൊലയാളിയുടെ സാന്നിധ്യം പൊലീസ് നേരത്തെ മുതൽ സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ് വീരപ്പൻ സന്തോഷിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ചന്ദനമരം കൊള്ളയടിച്ച് കടത്തുന്നതിനിടയിൽ വണ്ടി തടഞ്ഞ ഡിവൈഎസ്‌പിയുടെ നേരെ തോക്കുചൂണ്ടി കടന്നു കളഞ്ഞ കേസിലും പ്രതിയാണ് വീരപ്പൻ സന്തോഷ്. കോൺഗ്രസുമായി ബന്ധപ്പെട്ട കേസുകളിലും ഇയാൾ പ്രതിയാണ്. കൊലപാതകകേസുമായി ബന്ധപ്പെട്ടു ക്രിമിനൽ പശ്ചാത്തലമുള്ള നിരവധിപേരെ ചോദ്യം ചെയ്‌തെന്നും ഇതിന്റെ ഭാഗമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

എന്നാൽ, താൻ സ്ത്രീകളെ ഇതുവരെ ആക്രമിച്ചിട്ടില്ലെന്നാണ് ഇയാളുടെ വിശദീകരണം. ചോദ്യം ചെയ്യലിനുശേഷം ഇയാൾ മാദ്ധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടോ എന്നതു സംബന്ധിച്ച വിവരങ്ങളും ഇയാളിൽനിന്ന് അന്വേഷണസംഘം ചോദിച്ചറിഞ്ഞു. എറണാകുളംകോതമംഗലം റൂട്ടിൽ നിരവധി ബസുകൾക്ക് പെർമിറ്റുള്ള പ്രമുഖ ട്രാവൽസ് ഗ്രൂപ്പിന്റെ കണ്ടക്ടറെയും ചോദ്യം ചെയ്തു. ജിഷ കൊല്ലപ്പെടുന്നതിനു മണിക്കൂറുകൾക്കു മുമ്പ് സഞ്ചരിച്ച ബസിലെ കണ്ടക്ടറെയാണ് ചോദ്യം ചെയ്തത്. ജിഷയ്‌ക്കൊപ്പം മറ്റാരെങ്കിലും ബസിൽ ഉണ്ടായിരുന്നോ എന്നതും ഏതു സ്‌റ്റോപ്പിലാണ് ഇറങ്ങിയതെന്നുമാണ് അന്വേഷിക്കുന്നത്. സംഭവം നടന്നതിന്റെ തലേദിവസം ജിഷയുടെ വീടിനു മുന്നിലുള്ള റോഡിലൂടെ സഞ്ചരിച്ച രാഷ്ട്രീയബന്ധമുള്ള ഒരാളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേണത്തിലാണ് ഇയാൾ ജിഷയുടെ വീടിനടത്തുള്ള റോഡിലൂടെ സഞ്ചരിച്ച വിവരം ലഭിച്ചത്. ജിഷ കൊല്ലപ്പെട്ട ദിവസം സമീപത്തെ ടവറുകളിൽനിന്ന് 27 ലക്ഷം ഫോൺകോളുകൾ പോയതിന്റെ രേഖകളാണ് പൊലീസിന് ലഭിച്ചത്. ഈ ഫോൺരേഖകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ജിഷയുടെ ഫോണിൽ കണ്ടെത്തിയ മൂന്നു യുവാക്കളുടെ ചിത്രങ്ങൾ പൊലീസ് തിരിച്ചറിഞ്ഞു. മുടക്കുഴയിൽ ജോലിക്കെത്തിയ കെട്ടിട നിർമ്മാണ തൊഴിലാളികളാണ് ഇവരെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കൂലി സംബന്ധമായ തർക്കത്തിൽ ഇവരുമായി വാക്കേറ്റം ഉണ്ടായതിനെ തുടർന്ന് ജിഷ തന്നെയാണ് ഇവരുടെ ചിത്രങ്ങൾ പകർത്തിയത്.

കൊലയാളിയുടേതെന്നു സംശയിക്കുന്ന രേഖാചിത്രങ്ങളിലെ രൂപങ്ങളുമായി ഫോണിലെ ചിത്രങ്ങൾ യോജിക്കുന്നില്ലെന്നും അന്വേഷണസംഘം പറയുന്നു. സംഭവത്തിൽ വീരപ്പൻ സന്തോഷിന് ബന്ധമുണ്ടോ എന്ന് ഉറപ്പിക്കാനാണ് പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത്. അതിന് ശേഷം മറ്റ് വസ്തുകളിലേക്ക് അന്വേഷണ സംഘം കടക്കും. ജിഷയെ പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഗുഡാലോചനയുടെ ഫലമായിരുന്നു കൊല. അന്വേഷണ സംഘത്തെ തെറ്റിധരിപ്പിക്കാനാണ് പീഡനം ഇതിലേക്ക് കൊണ്ടു വന്നതെന്ന നിഗമനത്തിലാണ് പൊലീസ്. അതുകൊണ്ടാണ് വാടക ഗുണ്ടയുടെ സാധ്യതകളെ ഗൗരവത്തോടെ കാണുന്നതും.