കൊച്ചി: പെരുമ്പാവൂരിലെ ജിഷാ കൊലക്കേസിൽ പൊലീസിന് മുന്നിലുള്ളത് പ്രതിസന്ധികൾ മാത്രം. മഞ്ഞ് ഷർട്ടുകാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ എങ്ങുമെത്താത്തതാണ് ഇതിന് കാരണം. ജിഷയുടെ കൊലയാളിയെ കണ്ടെത്താനുള്ള എല്ലാ ശ്രമവും പാളുകയാണ്. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം ജിഷ കൊല ചെയ്യപ്പെട്ട് ഒന്നര മാസമായിട്ടും വീട്ടുകാരിൽ നിന്നു പൊലീസിന് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇതും പ്രതിസന്ധിയാണ്. ഈ സാഹചര്യത്തിൽ ജിഷയുടെ അമ്മ രാജേശ്വരിയെ പൊലീസ് മുറയിൽ ചോദ്യം ചെയ്യാനാണ് തീരുമാനം. ജിഷ ഉപയോഗിച്ചതായി സംശയിക്കുന്ന രണ്ടാമത്തെ ഫോൺ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

ജിഷയുടെ അമ്മ വ്യക്തമായ മറുപടി നൽകുന്നില്ലെന്ന് ആദ്യ അന്വേഷണസംഘവും പരാതിപ്പെട്ടിരുന്നു. മരണദിവസം ജിഷ വീട്ടിലുണ്ടായിരുന്ന ബ്രെഡും പഴവും മാത്രമേ കഴിച്ചിരുന്നുള്ളൂ എന്നാണ് അമ്മ നേരത്തെ മൊഴി നൽകിയത്. എന്നാൽ ജിഷയുടെ വയറ്റിൽ ഫ്രൈഡ് റൈസിന്റെ അവശിഷ്ടങ്ങൾ , പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. മദ്യത്തിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമ്മയെയും സഹോദരി ദീപയെയും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. അമ്മ ഇപ്പോൾ കഴിയുന്ന പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽവച്ച് ചോദ്യം ചെയ്യുന്നത് സുരക്ഷിതമല്ലെന്നുകണ്ട് രഹസ്യകേന്ദ്രത്തിലേക്ക് ഇവരെ മാറ്റാൻ പദ്ധതിയുണ്ട്. ഇതിനായി പെരുമ്പാവൂരിൽ ഒരു വീട് വാടകയ്‌ക്കെടുത്തതായി സൂചനയുണ്ട്.

അതിനിടെ വട്ടോളിപ്പടിയിലെ ജിഷയുടെ വീട് ഇടയ്ക്കു സന്ദർശിച്ചിരുന്ന അജ്ഞാത യുവതിയെ കണ്ടെത്താനും പൊലീസ് നീക്കം സജീവമാക്കി.ജിഷയുടെ ഇടതുതോളിൽ പിന്നിൽ ചുരിദാർ കൂട്ടി കടിച്ച ഭാഗത്തു കണ്ടെത്തിയ ഉമിനീരും നഖത്തിനടിയിൽ നിന്നു ലഭിച്ച തൊലിയിലെ കോശങ്ങളും വാതിൽ കൊളുത്തിൽ കണ്ടെത്തിയ രക്തവും പുരുഷന്റേതാണെന്നു ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. ശാസ്ത്രീയമായ ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണു കൊലപാതകം നടത്തിയതു പുരുഷനാണെന്ന് പൊലീസ് കരുതുന്നത്.

കൊലയിൽ സ്ത്രീയും പങ്കാളിയായോ എന്ന് പരിശോധന

എന്നാൽ, അതിലേക്കു നയിച്ച സംഭവത്തിൽ സ്ത്രീകൾക്കു പങ്കുണ്ടാവാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. കൊലപാതകം നടന്ന ഏപ്രിൽ 28ന് ഈ വീട്ടിൽ മറ്റൊരു സ്ത്രീയുടെ സാന്നിധ്യവും പൊലീസ് സംശയിച്ചുതുടങ്ങി. അന്നു ജിഷ പുറത്തുപോയി വന്ന ശേഷം വീട്ടിൽനിന്ന് ഉച്ചത്തിലുള്ള സംസാരവും തർക്കവും കേട്ടിരുന്നു. പിന്നീടു മഞ്ഞ ഷർട്ടും കറുത്ത പാന്റ്‌സും ധരിച്ച യുവാവ് വീടിനു പുറത്തു കനാലിലേക്ക് ഇറങ്ങുന്നതു കണ്ടതായി മൊഴിയുണ്ടെങ്കിലും അതിനു മുൻപുണ്ടായ തർക്കത്തിൽ പുരുഷശബ്ദം ആരും കേട്ടിട്ടില്ല. വീടിനുള്ളിൽ ജിഷ വഴക്കുകൂടിയത് അമ്മ രാജേശ്വരിയുമായാണെന്നു തെറ്റിദ്ധരിച്ചാണ് അയൽവാസികളാരും ഇടപെടാത്തതെന്നു മൊഴിയുണ്ട്. അന്നു ജിഷ വഴക്കുണ്ടാക്കിയതും 'ഇതാണു ഞാൻ ആരെയും വിശ്വസിക്കാത്തത്' എന്നു പറഞ്ഞതും വീട്ടിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയോടാണോയെന്ന് അന്വേഷണസംഘം സംശയിക്കുന്നു.

അപൂർവമായ പരുക്കോടെ ഏതെങ്കിലും സ്ത്രീകൾ ആ ദിവസങ്ങളിൽ സമീപത്തെ ആശുപത്രികളിലോ ക്ലിനിക്കുകളിലോ ചികിൽസ തേടിയിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ട്. ജിഷയുടെ വീട് സന്ദർശിച്ചിരുന്നതായി സമീപവാസികൾ പറയുന്ന യുവതിയെ സംബന്ധിച്ച് അമ്മ രാജേശ്വരിക്കു വ്യക്തമായ അറിവില്ല. ഇരുചക്രവാഹനത്തിലാണു യുവതി ജിഷയുടെ വീട്ടിലെത്തിയിരുന്നത്. ജിഷയുടെ പരിചയക്കാരിയായ നൃത്തഅദ്ധ്യാപികയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവദിവസം ഇവർ വട്ടോളിപ്പടിയിൽ എത്തിയിട്ടില്ലെന്നാണു നിഗമനം.

അതിനിടെ ജിഷയുടെ കൊലയാളി നടന്നുപോയ വഴിയിലെ ആളൊഴിഞ്ഞ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി. മഞ്ഞ ഷർട്ടണിഞ്ഞ ആളെ സംഭവശേഷം ഈ വീടിനടുത്തു കണ്ടവരുണ്ട്. കൊലപാതകത്തിനു ശേഷം കനാൽ വഴി റോഡിൽ കയറിയ ഇയാൾ രാത്രി വരെ ഈ വീട്ടിൽ ഒളിച്ചിരിക്കാമെന്ന സംശയത്തേ തുടർന്നായിരുന്നു പരിശോധന. ജിഷയുടെ വീട്ടിൽ നിന്ന് അമ്പതു മീറ്റർ അകലെയുള്ള കാടുപിടിച്ച പറമ്പിലാണ് ഈ വീട്. വർഷങ്ങളായി ആൾത്താമസമില്ലാത്ത ഈ വീടിന്റെ മേൽക്കൂരയുടെ ഓടുകൾ പൊട്ടിക്കിടക്കുന്നതു നാട്ടുകാരിൽ സംശയം വർധിപ്പിച്ചു.

സമീപത്തുള്ള മരത്തിനോടു ചേർന്ന് ഓടിനു പൊട്ടലുള്ളതും തൊട്ടടുത്തുള്ള രണ്ട് ഓടുകൾ ഇളക്കിമാറ്റിയ അവസ്ഥയിലുമാണെന്ന കാര്യം നാട്ടുകാരാണു പൊലീസിനെ അറിയിച്ചത്. വീടിന്റെ വാതിലുകൾ തുറന്ന നിലയിലായിരുന്നു. ആയുധമോ വസ്ത്രങ്ങളോ മറ്റെന്തെങ്കിലും തെളിവുകളോ ഇവിടെനിന്ന് അന്വേഷണസംഘത്തിനു ലഭിച്ചില്ല.

മുറിവ് കണ്ടെത്താൻ അന്യസംസ്ഥാന തൊഴിലാളികളിൽ പരിശോധന

ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പെരുമ്പാവൂരിലെ ട്രാഫിക് പൊലീസ് സ്‌റ്റേഷനിൽ തൊഴിലാളികളുടെ ദേഹപരിശോധന നടത്തി. ജിഷയുടെ വീടിനു സമീപത്തെ സ്‌കൂളിൽ നിർമ്മാണ ജോലി ചെയ്തിരുന്നവരെയാണ് പരിശോധിച്ചത്. ഇവരുടെ ദേഹത്ത് സംശയകരമായ എന്തെങ്കിലും മുറിവോ പാടോ ഉണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. ജിഷ കൊല്ലപ്പെട്ട വട്ടോളിപ്പടിയിലെ വീടിനു സമീപപ്രദേശങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളെയാണു കൂട്ടത്തോടെ വിളിച്ചുവരുത്തി ട്രാഫിക് സ്റ്റേഷനിൽ ദേഹപരിശോധന നടത്തിയത്. അന്വേഷണത്തിന്റെ ചുമതലയുള്ള എസ്‌പി പി.എൻ.ഉണ്ണിരാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജിഷയുമായുള്ള ബലപ്രയോഗത്തിനിടെ കൊലയാളിക്കു പരുക്കേറ്റതായി അന്വേഷണസംഘത്തിനു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

കൊലയാളിയുടെ ചർമകോശങ്ങൾ ജിഷയുടെ നഖങ്ങൾക്കിടയിൽ നിന്നു ലഭിച്ചിരുന്നു. കൂടാതെ, കൊലയാളിയുടെ രക്തം വാതിൽകൊളുത്തിൽ കണ്ടെത്തിയതിൽ നിന്നു ഡിഎൻഎ വേർതിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത്തരം പരുക്കിന്റെ അടയാളങ്ങൾ ശരീരത്തിലുള്ളവരെ കണ്ടെത്തുകയെന്നതാണു ദേഹപരിശോധനയുടെ ഉദ്ദേശ്യം. ജിഷയുടെ വീടിനു തൊട്ടടുത്തു തന്നെ ഇതരസംസ്ഥാനക്കാരുടെ താമസകേന്ദ്രമുള്ളതാണു വീണ്ടും ഈ സാധ്യത പരിശോധിക്കാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്.

പരിശോധനയ്ക്കായി വിളിച്ചുവരുത്തിയവരിൽ ഭൂരിപക്ഷവും കെട്ടിടനിർമ്മാണ തൊഴിലാളികളാണ്. എന്നാൽ, പരിശോധനയിൽ എന്തെങ്കിലും സൂചന ലഭിച്ചതായി വിവരമില്ല. ഇതോടെ ഇതും വെറുതെയായി.