കൊച്ചി: കൃത്യസമയത്ത് ഓഫീസിലെത്തുക, ഒപ്പിടുക ,തോന്നിയ പോലെ നടക്കുക. ജിഷകേസ്സ് അന്വേഷണത്തിൽ വീഴ്ചവരുത്തിയെന്ന് ആരോപണത്തെത്തുടർന്ന് സ്ഥലം മാറ്റപ്പെട്ട മൂന്ന് ഡി വൈ എസ് പി മാരുടെയും ഇപ്പോഴത്തെ ദിനചര്യ ഏതാണ്ടിങ്ങിനെയെന്നാണ് ലഭ്യമായ വിവരം.

പെരുമ്പാവൂർ ഡി വൈ എസ് പി യായിരുന്ന അനിൽകുമാർ,ക്രൈ ബ്രാഞ്ച് ഡി വൈ എസ് പി ഹരികൃഷ്ണൻ ,ക്രൈം ഡിറ്റാച്‌മെന്റ് ഡി വൈ എസ് പി ജിജിമോൻ എന്നിവരാണിപ്പോൾ തലസ്ഥാനത്തെ പൊലീസ് ആസ്ഥാനത്ത് കാര്യമായ പണിയൊന്നുമില്ലാതെ ചുറ്റിത്തിരിഞ്ഞ് ദിവസങ്ങൾ തള്ളി നീക്കുന്നത്.

തെളിവ് നശിപ്പിക്കൽ സംഭവത്തിൽ ഏറ്റവുംകൂടുതൽ പഴികേട്ട മുൻ കുറുപ്പംപടി സി ഐ രാജേഷിനെ ആദ്യം പാലക്കാട് സെപ്ഷ്യൽ ബ്രാഞ്ചിലേക്ക് മാറ്റി നിയമിച്ചതെങ്കിലും താമസിയാതെ ആലപ്പുഴയിൽ സ്റ്റേഷൻ ചുമതല നൽകി . എസ് ഐ സോണി മത്തായിയെ ആലൂവ ട്രാഫിക്കിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്.

ഡി ജി പി യായി ലോക് നാഥ് ബഹ്‌റ ചാർജ്ജെടുക്കുകയും ജിഷകേസ്സ് അന്വേഷണം ഏ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറുകയും ചെയ്തതോടെയാണ് മൂന്ന് ഡി വൈ എസ് പി മാർക്കും സ്വതന്ത്ര ചുമതല നഷ്ടമായത്. സ്ഥാന ചലനമുണ്ടായ ഡി ജി പി സെൻകുമാർ ഗവൺമെൻ് നടപടിക്കെതിരെ അഡ്‌മിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ കേസ് ഫയൽ ചെയ്ത് അനുകൂല വിധി നേടിയെടുക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ്.ഇവർക്കൊപ്പം സ്ഥാനം തെറിച്ച ആലുവ റൂറൽ എസ് പി യതീഷ് ചന്ദ്രയെ ടെമ്പിൾ ടെസ്റ്റ് സ്വകാഡിലേക്കാണ് സ്ഥലം മാറ്റിയിട്ടുള്ളത്.

മന്ത്രി തോമസ്സ് ഐസക്കുമായി ദീർഘകാലമായി നിലനിൽക്കുന്ന അടുത്ത ബന്ധത്തിലാവാം രാജേഷിന് അദ്ദേഹത്തിന്റെ മണ്ഡലത്തിൽ നിയമനം ലഭിക്കാൻ കാരണമെന്നാണ് ചൂണ്ടികാണിക്കുന്നത്. മുമ്പ് മാരാരിക്കുളത്ത് ജോലി ചെയ്തിരുന്നപ്പോഴാണ് രാജേഷ് തോമസ് ഐസക്കുമായി പരിചയത്തിലായത്. സ്ഥലം മാറ്റപ്പെട്ടവരിൽ മാന്യമായ നിയമനം ലഭിച്ചത് രാജേഷിന് മാത്രമാണെന്നതും ശ്രദ്ധേയമാണ്.

ജിഷകേസ്സിൽ കുറ്റക്കാരായ കുറുപ്പംപടി എസ് ഐ ,സി ഐ തുടങ്ങിയവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി ആദ്യം രംഗത്തിറങ്ങിയത് സി പി എം ആയിരുന്നു.ഇടതുപക്ഷം ഭരണത്തിലെത്തി ഏറെ താമസിയാതെ ആദ്യം കേസ്സ് അന്വേഷിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റി പുതിയ അന്വേഷകസംഘത്തെ ഇറക്കി മുഖം രക്ഷിക്കുകയുമായിരുന്നു.

എന്നാൽ നേരത്തെ കേസ്സ് അന്വേഷിച്ച ഡി വൈ എസ് പി ജിജിമോന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയ തെളിവുകൾ പ്രകാരമാണ് പ്രതിയായ അമിറുളിനെ കണ്ടെത്തിയതെന്നും പ്രമാദമായ ഈ കേസ്സ് തെളിയിച്ചതിൽ ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷകസംഘത്തിന് കാര്യമായി റോളില്ലന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം.ഈ സാഹചര്യത്തിൽ ഡി വൈ എസ് പി മാർക്ക് മാത്രം സ്വതന്ത്ര ചുമതല നൽകാത്തത് രാഷ്ട്രീയ പകപോക്കലാണെന്നാണ് പൊലീസിലെ തന്നെ ഒരു വിഭാഗത്തിന്റെ ആരോപണം. ഭരണക്കാരുടെ ഇഷ്ടക്കാരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർ ഡി വൈ എസ് പി മാർക്ക് ഉടൻ നിയമനം നൽകുന്ന കാര്യത്തിൽ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണെന്നും സേനക്കുള്ളിൽ ഇവരെ കഴിവില്ലാത്തവരായി ചിത്രീകരിക്കുന്നതിനാണ് ഇക്കൂട്ടരുടെ നീക്കമെന്നും ഇക്കൂട്ടരുടെ വിലയിരുത്തൽ.

നിലവിലെ സ്ഥാനത്തുനിന്നും മാറ്റപ്പെടുകയും പകരംപോസിറ്റിങ് വൈകുകയും ചെയ്യുന്ന സാഹചര്യത്തിൽ പൊലീസ് ആസ്ഥനത്തെത്തി ഒപ്പ് വച്ച് ജോലിചെയ്യുന്നത് സാധാരണ നടപടിമാത്രമാണെന്നും ഇക്കാര്യത്തിൽ അസ്വഭാവികത ഒന്നുമില്ലന്നുമാണ് പൊലീസ് കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിശദീകരണം.