കൊച്ചി: ജിഷ കൊലക്കേസിൽ ദൃശ്യം മോഡൽ തെളിവൊരുക്കൽ നടന്നെന്നും ജിഷയുടെ മാതാവ് രാജേശ്വരിക്ക് കൊലയെക്കുറിച്ച് മനസറിവുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ അഡ്വ.ആളൂർ. കേസിൽ ഇന്നലെ എറണാകുളം സെഷൻസ് കോടതിയിൽ നടന്ന വാദത്തിനിടെയാണ് ആളൂർ ഇക്കാര്യം പരാമർശിച്ചത്. ജിഷ മരണപ്പെട്ടത് രാജേശ്വരി നേരത്തെ അറിഞ്ഞെന്നും ഇതിന് ശേമാണ് ഇവർ വീടുവിട്ടതെന്നും തിരിച്ചെത്തിയ ശേഷം തുറന്നുകിടന്നിരുന്ന വീടിന്റെ പിൻവാതിലിനടുത്തേക്ക് ഇവർ പോകാതിരുന്നത് മനഃപ്പൂർവ്വമാണെന്നുമാണ് ആളൂരിന്റെ വാദം.

ജിഷയുടെ ജഡം കണ്ടെത്തിയ ദിവസം രാത്രി എട്ട് മണിയോടെ വീട്ടിലെത്തിയ രാജേശ്വരി മുൻവാതിലിൽ മുട്ടിവിളിച്ച ശേഷം വാതിൽ തുറക്കുന്നില്ലന്ന് പറഞ്ഞ് അലമുറയിട്ട് ആളെക്കൂട്ടുകയായിരുന്നെന്നും പിൻവാതിലിന്റെ ഭാഗത്തേക്ക് ഇവർ പോയിട്ടില്ലന്നും ഇതിന് ദൃസാക്ഷികളുണ്ടെന്നും ആളൂർ വാദത്തിനിടെ വ്യക്തമാക്കി. ജിഷകൊല്ലപ്പെട്ട വിവരം പുറത്ത് വന്ന ദിവസം താൻ പോയ സ്ഥലങ്ങളെക്കുറിച്ചും കണ്ട ആളുകളെക്കുറിച്ചും രാജേശ്വരി പൊലീസിനോട് അക്കമിട്ട് നിരത്തിയത് തനിക്ക് കൃത്യത്തിൽ പങ്കില്ല എന്ന് വരുത്തി തീർക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നെന്നും ആളൂർ വാദിച്ചു.

പ്രൊസിക്യൂഷൻ ഹാജരാക്കിയിട്ടുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയും പോലെ വൈകിട്ട്് 3 നും ഏഴിനും ഇടയിലായിരുന്നില്ല ജിഷകൊല്ലപ്പെട്ടതെന്നും മരിച്ച് 18 മുതൽ 24 മണിക്കൂറിന് ശേഷമാണ് മൃതദ്ദേഹം പോസ്റ്റുമോർട്ടം ടേബിളിലെത്തിയതെന്ന് ബാഹ്യലക്ഷണങ്ങളിൽ നിന്നും വ്യക്തമാണെന്നുമാണ് ആളൂരിന്റെ വാദത്തിനിടെയുള്ള മറ്റൊരു പരാമർശം. കൊലയ്ക്കുള്ള കാരണം സംബന്ധിച്ച് പ്രൊസിക്യൂഷന്റെ നിഗമനങ്ങളിൽ വ്യക്തതയില്ല, പ്രതി അമിറുളിനെപ്പോലെ ദുർബ്ബലനായ ഒരാൾ ഒറ്റക്ക് കൊലനടത്താൻ കഴിയില്ല, കേസിൽ നടത്തിയ തിരിച്ചറിയൽ പരേഡ് നിലനിൽക്കുന്നതല്ല തുടങ്ങിയ വാദങ്ങളും ആളൂർ ഉന്നയിച്ചു.

ആളൂരിന്റെ ഇന്നലത്തെ വാദഗതികൾ ചിലത് കേസിൽ നേരത്തെ വ്യാപകമായ ഊഹാഭോഗങ്ങളുടെ ചുവടുപിടിച്ചായിരുന്നെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ജിഷ കൊല്ലപ്പെട്ട ദിവസം രാത്രി എട്ടുമണിയോടെ വീട്ടിലെത്തിയ രാജേശ്വരി വീടിന്റെ മുൻവാതിലിൽ മുട്ടി വിളിച്ചെങ്കിലും പിൻവാതിലിന്റെ ഭാഗത്തേക്ക് പോകാനോ പരിശോധിക്കാനോ തയ്യാറായില്ലെന്നാണ് സംഭവത്തിന് ശേഷം പരക്കെ പ്രചരിച്ച വിവരം. ഇത് സംബന്ധിച്ച് രാജേശ്വരി പറഞ്ഞത് എന്താണോ അതാണ് സത്യമെന്നും ഇത് തെളിവുകൾ സഹിതം സ്ഥിരീകരിച്ചിട്ടുണ്ടെന്നുമാണ് ഇക്കാര്യത്തിൽ നേരത്തെ കേസ് അന്വേഷണത്തിൽ പങ്കാളിയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ പ്രതികരണം.

കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ സാഹചര്യ തെളിവുകളും ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളും പ്രതി അമീറുൽ ഇസ്ലാം കുറ്റം ചെയ്തതായി തെളിയിക്കാൻ പര്യാപ്തമല്ലെന്നു പ്രതിഭാഗം വാദിച്ചു.
പ്രതി ധരിച്ചിരുന്ന രക്തക്കറ പുരണ്ട മഞ്ഞ നിറത്തിലുള്ള ഷർട്ട് എളുപ്പം ശ്രദ്ധിക്കപ്പെടുന്നതിനാൽ ഈ ഷർട്ട് ധരിച്ചാണ് അമീർ കടന്നുകളഞ്ഞതെന്നു വിശ്വസിക്കാനാവില്ലെന്നും വാദിച്ചു. പൊലീസ് ഹാജരാക്കിയ മൂർച്ചയേറിയ ആയുധങ്ങളിൽ ഏതാണു കൃത്യത്തിന് ഉപയോഗിച്ചതെന്നു വ്യക്തമല്ല. മരണ സമയമോ മരണം നടന്ന ദിവസമോ പൊലീസിനു വ്യക്തമായി തെളിയിക്കാനായില്ല. കേസിൽ വൈദ്യ പരിശോധനാ റിപ്പോർട്ടുകളെ സംബന്ധിക്കുന്ന വാദമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കുന്നത്. കുറുപ്പംപടി എസ്‌ഐ സുനിൽ തോമസ്, ആലുവ സിഐ വിശാൽ ജോൺസൺ, ക്രൈംബ്രാഞ്ച് എസ്‌പി ഉണ്ണിരാജ എന്നിവരെ പ്രതിഭാഗം സാക്ഷികളാക്കി വിസ്തരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ടു വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടും കോടതി ആവശ്യപ്പെട്ടിരുന്നു.

താനല്ല അനാറുൾ ഇസ്ലാമാണ് ജിഷയെ കൊലപ്പെടുത്തിയതെന്നാണ് അമീറിന്റെ പുതിയ വാദം. എന്നാൽ പൊലീസ് നിഷേധിക്കുന്നു. കുറേ മുമ്പ് പെരുമ്പാവൂരിൽ കെട്ടിടത്തിനു മുകളിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാത ജഡം അനാറിന്റേതായിരുന്നെന്നും പൊലീസിന്റെ ചോദ്യംചെയ്യലിനിടെ കൊല്ലപ്പെട്ടതാണെന്നും അമീറിന്റെ അഭിഭാഷകൻ ബി.എ. ആളൂർ പറയുന്നു. അനാർ ഉൾ ഒരു സാങ്കൽപ്പിക കഥാപാത്രമാണെന്ന പ്രചാരണവുമുണ്ട്. എന്നാൽ അന്ന് ഇതരസംസ്ഥാനങ്ങളിലടക്കം തെരഞ്ഞിട്ടും കാണാതിരുന്ന അനാർ ഉൾ ആറു വർഷമായി മേസ്തിരിപ്പണിക്കാരനായി പെരുമ്പാവൂരിലുണ്ടെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ഇയാൾ അമീറിന്റെ സുഹൃത്തല്ലെന്നും ജിഷാ കൊലക്കേസുമായി ഒരു ബന്ധവുമില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരേ ഒരു കേസുമുണ്ട്. ഈ പേരിൽ മറ്റൊരാൾ പെരുമ്പാവൂരിലില്ലെന്നും പൊലീസ് പറയുന്നു.

2016 ഏപ്രിൽ 28-നാണ് ജിഷ കൊല്ലപ്പെട്ടത്. ഇരിങ്ങോൾ കനാൽ പുറമ്പോക്കിലെ വീടിനുള്ളിൽ വച്ച് ജിഷയെ അസം സ്വദേശി അമീർ ഉൾ ഇസ്ലാം ക്രൂരമായി കൊലപ്പെടുത്തിയെന്നാണു കേസ്. അടച്ചിട്ട കോടതി മുറിയിൽ 74 ദിവസം കൊണ്ടാണു വിസ്താരം പൂർത്തിയാക്കിയത്. അന്വേഷണ സംഘാംഗങ്ങൾ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ, ഫോറൻസിക് വിദഗ്ദ്ധർ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവരടക്കം 100 സാക്ഷികളെ വിസ്തരിച്ചു.