കൊച്ചി: രാവിലെ എഴുന്നേറ്റത് മുതൽ ഇന്ന് രാജേശ്വരി തിരക്കിലായിരുന്നു. എല്ലാത്തിലും പതിവിലും ഒരു ഊർജ്ജസ്വലത. മകൾ ജിഷയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയവന് കോടതി ശിക്ഷവിധിക്കുന്നത് കാണാനും കേൾക്കാനുമുള്ള ഇവരുടെ തയ്യാറെടുപ്പുകൾ കണ്ട് നിന്നവർക്ക ഓട്ടപ്രദക്ഷണം പ്രദക്ഷിണം പോലെയാണ് തോന്നിയത്. രാവിലെ 8 മണി പിന്നിട്ട് നിമിഷങ്ങൾക്കുള്ളിൽ പുറത്തിറങ്ങിയ ഇവർ നേരെ കാത്ത് കിടന്നിരുന്ന വെള്ളകാറിനടുത്തേക്ക് കുതിച്ചു. കൈയിൽ ഹാൻബാഗും കരുതിയിരുന്നു. പൂക്കളുള്ള വെള്ളസാരിയും വെള്ള ബ്ലൗസുമായിരുന്നുവേഷം.

അകമ്പടിയായി ഇന്ന് പതിവിന് വിപരീതമായി 3 വനിത കോൺസ്റ്റബിൾ മാരും ഒപ്പമുണ്ടായിരുന്നു. അകനാടിലെ വീട്ടിൽ നിന്നും നേരെ പെരുമ്പാവൂരിലേക്കായിരുന്നു യാത്ര. ഇവിടെ മർത്തോമ കോളേജിന് സമീപത്തുള്ള ആൽപ്പാറകാവ് ദേവീക്ഷേത്രത്തിന് മുൻവശത്താണ് കാർ പിന്നീട് നിർത്തിയത്. കാറിൽ നിന്നിറങ്ങിയ രാജേശ്വരി തിടുക്കത്തിൽ ശ്രീകോവിന് മുന്നിലേക്ക്. ഏതാനും നിമിഷം കണ്ണടച്ച് കൈകൂപ്പി പ്രാർത്ഥന. പോയയവേഗത്തിൽ മടങ്ങിയെത്തി കാറിൽക്കയറി.

പ്രഭാതഭക്ഷണം പോലും കഴിക്കാതെയാണ് പൊലീസ് സംഘത്തിനൊപ്പം രാജേശ്വരി വീട്ടിൽ നിന്നിറങ്ങിയത്. 10 മണിയോടെയെങ്കിലും എറണാകുളത്ത് കോടതിയിൽ എത്തണമെന്നതായിരുന്നു അവരുടെ ലക്ഷ്യം. കൊച്ചിയിൽ എത്തിയ ശേഷം മാധ്യമങ്ങളെ കണ്ട രാജേശ്വരി തന്റെ മകളുടെ ഘാതകന് വധഷശിക്ഷ നൽകണമെന്നും പറയുകയുണ്ടാിയ. ശിക്ഷ കുറഞ്ഞാൽ മേൽക്കോടതിയെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കി. അമീറുൾ ഇസ്ലാമിനേപ്പോലെ ഒരാളും ഒരുപെൺകുട്ടിയെയും കൊല്ലാതിരിക്കട്ടെ, തന്റെ മകളെ കൊന്നയാളെ തൂക്കിക്കൊല്ലണമെന്നും അവർ പറഞ്ഞു.

കൊലപാതകിക്ക് വധശിക്ഷയിൽ കുറഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കും താൻ തയ്യാറല്ലെന്നും അവർ വ്യക്തമാക്കി. പരിശോധനകളിൽ പ്രതി അമീറുൾ തന്നെയെന്ന് തെളിഞ്ഞതാണെന്നും അതിനാൽ വധശിക്ഷതന്നെ വേണമെന്നും രാജേശ്വരി പറഞ്ഞു. അമീറുളിന് വധശിക്ഷതന്നെ ലഭിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും രാജേശ്വരി പറഞ്ഞു.

കുറ്റക്കാരനാണെന്ന വിധി കേട്ട ശേഷവും മാധ്യമങ്ങളെ കണ്ട രാജേശ്വരി പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിപ്രായപ്പെട്ടു. ലോകത്തിൽ ചെയ്യാൻ പറ്റാത്ത ഏറ്റവും വലിയ പാപമാണ് തന്റെ മകളോട് പ്രതി ചെയ്തത്. തന്റെ സ്വപ്നങ്ങളാണ് തകർക്കപ്പെട്ടത്. ഭിക്ഷ എടുത്ത് മകളെ പഠിപ്പിച്ചത് വക്കീൽ ആക്കാൻ വേണ്ടിയായിരുന്നുവെന്നും രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞു.

2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്. കൊല നടന്ന് 49ാം ദിവസമായ ജൂൺ 16നാണ് പ്രതി അമീറുൽ ഇസ് ലാമിനെ കാഞ്ചീപുരത്തു നിന്ന് അറസ്റ്റ് ചെയ്തത്. കൊലപാതകം, അതിക്രമിച്ച് കടക്കൽ, വീട്ടിനുള്ളിൽ അന്യായമായി തടഞ്ഞുവെക്കൽ, കൊലക്കു ശേഷം തെളിവ് നശിപ്പിക്കൽ, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളുമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.