കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടിയിൽ കൊല്ലപ്പെട്ട ജിഷയുടെ വീടിനു സമീപത്തുനിന്നു ലഭിച്ച കത്തിയും പ്രതിയുടെ ഡി.എൻ.എയും തിരിച്ചറിഞ്ഞതോടെ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം. എങ്ങനേയും കുറ്റപത്രം നൽകി കേസ് അവസാനിപ്പിക്കാനാണ് നീക്കം. രാഷ്ട്രീയ ഗൂഡോലോചനയൊന്നും കേസിലില്ലെന്ന് പൊലീസ് വിശദീകരിക്കുന്നു. പ്രതിയുടെ മൊഴിയെ മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. അമീറുൾ ഇസ്ലാം ഒറ്റയ്ക്ക് ജിഷയെ കൊന്നുവെന്ന് തന്നെയാണ് പൊലീസ് നിഗമനം. അതുകൊണ്ട് തന്നെ തുടരന്വേഷണത്തിനായി സമയം പാഴാക്കുകയുമില്ല.

ഡിഎൻഎ പരിശോധനാ ഫലം ഉള്ളതുകൊണ്ട് തന്നെ പ്രതി ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്. കൊല നടന്ന സ്ഥലത്ത് പ്രതിയുടെ സാന്നിധ്യം ഉറപ്പിക്കാനായിട്ടുണ്ട്. പ്രതി അമീർ ഉൾ ഇസ്ലാമിന്റെ സുഹൃത്തുക്കൾക്കായി അസമിൽ പരിശോധന നടത്തിയിരുന്ന സംഘത്തെ തിരിച്ചു വിളിച്ചു. കൊലപാതക കേസുകളിൽ കൊലപ്പെടുത്താനുപയോഗിച്ച ആയുധം പ്രതിയുടെ സാന്നിധ്യത്തിൽ കണ്ടെത്തുന്നത് പ്രധാനമാണ്. എന്നാൽ, ജിഷ കേസിൽ പ്രതിയെ കണ്ടെത്തുന്നതിനു മുമ്പേ ആയുധം ലഭിച്ചിരുന്നു. ഈ ആയുധത്തെ കുറിച്ചും സംശയങ്ങൾ ഏറെയാണ്. പൊലീസ് തന്നെ ഉണ്ടാക്കിയതാണോ കത്തിയെന്നതാണ് സംശയം. എന്നാൽ പൊലീസ് ഇതും നിഷേധിക്കുന്നു.

അമീറുള്ളിനെ ചോദ്യം ചെയ്തതിനിടെ കൊലപാതകത്തിനുപയോഗിച്ച കത്തി ഉപേക്ഷിച്ച സ്ഥലത്തേപറ്റി വ്യക്തമായ വിവരം നൽകിയിരുന്നു. തുടർന്ന് കസ്റ്റഡിയിൽ എടുത്തശേഷം സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ കത്തി വലിച്ചെറിഞ്ഞ സ്ഥലം ചൂണ്ടിക്കാട്ടിയതോടെ കേസിന് അനു കൂലമായ ശക്തമായ തെളിവായി ഇതു മാറി. ആദ്യസംഘം കണ്ടെത്തിയ കത്തിയിൽ ചോരപാടുകൾ കണ്ടെത്തിയത് രണ്ടാമത്തേ സംഘമാണ്. എന്നാൽ, കത്തിയിൽനിന്നു പ്രതിയുടെ വിരൽപാടുകൾ ലഭിച്ചിട്ടില്ല. മരപ്പിടിയുള്ള കത്തിയിൽ വിരൽപാടുകൾ പതിയില്ലെന്ന് ഫോറൻസിക് വിദഗ്ധരും സാക്ഷ്യപ്പെടുത്തി. ഇതാണ് കത്തിയെ തെളിവിനായി മുന്നോട്ട് വയ്ക്കുന്നവരുടെ ഏക പ്രതീക്ഷാ ഘടകം. മൂത്തൂറ്റ് പോൾ കേസിലെ എസ് കത്തിക്ക് സമാനാണ് ഇതെന്ന വാദവും സജീവമാണ്.

കൊലപാതകത്തിൽ അനാറിനുള്ള പങ്കും കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളുമാണ് ഇപ്പോഴും പൊലീസിനു മുന്നിൽ പിടികിട്ടാതെ നിൽക്കുന്ന ചോദ്യങ്ങൾ.രണ്ടോ മൂന്നോ ദിവസം അമീറിനെ കസ്റ്റഡിയിൽ കിട്ടിയാലും ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാകുമെന്ന് പൊലീസ് കരുതുന്നില്ല. അനാറിനെ പിടികൂടിയ ശേഷമാണ് അമീറിനെ ചോദ്യം ചെയ്യുന്നതെങ്കിൽ ഒരുപക്ഷേ, കൃത്യമായ വിവരങ്ങൾ കിട്ടുമെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ അതിനായി കാത്തു നിൽക്കുന്നത് സമയം കളയലാകുമെന്ന് പൊലീസ് കരുതുന്നു. അതിനാൽ ഡിഎൻഎ പരിശോധനാ ഫലത്തെ കണക്കിലെടുത്ത് കുറ്റപത്രം നൽകാനാണ് തീരുമാനം.

അമീറിന്റെ സുഹൃത്ത് അനാറുളിനെ തേടിയുള്ള അന്വേഷണവും അവസാനിപ്പിച്ചു. അതേസമയം ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട രേഖകളിൽനിന്ന് അനാറിന്റെ ഫോട്ടോ പൊലീസിന് ലഭിച്ചു. ഇതിനിടെ മൃഗത്തെ പീഡിപ്പിച്ച കേസിൽ അമീറിനെ പൊലീസ് കസ്റ്റഡിയിൽ കിട്ടാൻ കോടതിയിൽ അപേക്ഷ നൽകിയേക്കും. ആടിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കേസ് ബലപ്പെടാൻ ചോദ്യം ചെയ്യൽ അനിവാര്യമാണ്. ഈ സാങ്കേതികതയ്ക്ക് വേണ്ടി മാത്രമാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.

കൊലനടന്ന ദിവസം സുഹൃത്തുക്കളായ അനാറുൾ ഇസ്ലാം, ഹർദത്ത് ബറുവ എന്നിവരോടൊപ്പം താൻ മദ്യപിച്ചിരുന്നുവെന്ന് അമീർ മൊഴി നൽകിയിരുന്നു. എന്നാൽ, ഇവരിലാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടെന്നതിന്റെ തെളിവൊന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകിയിരുന്നു. ഇതിനായി പെരുമ്പാവൂർ സ്‌റ്റേഷനിലെത്തി അനാർ ഫോട്ടോ നൽകുകയും ചെയ്തു. എന്നാൽ, തിരിച്ചറിയിൽ രേഖ വാങ്ങിയില്ല.

ഈ ഫോട്ടോ സ്‌റ്റേഷനിൽനിന്ന് കണ്ടെടുത്തു. ഫോട്ടോ അനാറിന്റേത് തന്നെയെന്ന് അമീർ തിരിച്ചറിഞ്ഞു. മൂന്നാഴ്ചയായി അനാറിനെ കണ്ടെത്താൻ പൊലീസ് സംഘം അസമിലെത്തിയെങ്കിലും ഫലമുണ്ടായില്ല. കൊല നടന്നശേഷമുള്ള ദിവസങ്ങളിൽ അനാർ വീട്ടിലെത്തിയിരുന്നുവെന്നാണ് വീട്ടുകാർ മൊഴി നൽകിയത്. തിരിച്ചറിയൽ രേഖയ്‌ക്കൊപ്പം നൽകിയ മൊബൈൽ ഫോൺ നമ്പർ കൊലനടന്ന ദിവസം ഉപയോഗിച്ചിരിക്കുന്നത് ഹൈദരാബാദിലാണ്. ചിലപ്പോൾ ഈ നമ്പർ അനാർ ആർക്കെങ്കിലും കൈമാറിയിരിക്കാം എന്ന് പൊലീസ് സംശയിക്കുന്നു.

സംഭവദിവസം അമീറിനെ വീടിന്റെ പരിസരത്ത് കണ്ടതായി ആടിന്റെ ഉടമയായ പൊലീസുകാരൻ മൊഴി നൽകിയിട്ടുണ്ട്. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങളും പൊലീസിന്റെ പക്കലുണ്ട്. അതുകൊണ്ട് തന്നെ ആടിനെ പീഡിപ്പിച്ച കേസും ബലപ്പെടുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.