കൊച്ചി: ജിഷയെ ക്രുരമായി കൊന്ന അമീറുൾ ഇസ്ലാമിന്റെ മുഖം തൽക്കാലം പൊലീസ് പുറത്തുകാട്ടില്ല. തിരിച്ചറിയിൽ പരേഡിന് ശേഷം ഹെൽമറ്റ് ഇല്ലാതെ അമീറുൾ ഇസ്ലാമിനെ പൊതുജനങ്ങൾക്ക് മുമ്പിൽ എത്തിക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കോടതിയുടെ അനുമതിയില്ലാതെ അമീറുൾ ഇസ്ലാമിന്റെ മുഖം പുറംലോകത്ത് കാണിക്കേണ്ടെന്നാണ് തീരുമാനം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഈ നിർദ്ദേശം നൽകിയിട്ടുള്ളത്. ജിഷാ കൊലപാതകവുമായി ബന്ധപ്പെട്ട് പത്രസമ്മേളനങ്ങളും പൊലീസ് ഔദ്യോഗികമായി നടത്തില്ല. കുളിക്കടവിലെ വാക്ക് തർക്കം ഉൾപ്പെടെ പല കഥകളും മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവയ്‌ക്കൊന്നും പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇല്ല. പുറത്തുവരുന്ന വാർത്തകളും വിശദാംശങ്ങളുമെല്ലാം അമീറുൾ ഇസ്ലാം നൽകിയ മൊഴിയാണെന്ന് അന്വേഷണ സംഘത്തിലെ പ്രമുഖരിലൊരാൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

പഴുതുകൾ അടച്ചാകും ജിഷാക്കേസിൽ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുക. പലപ്പോഴും പ്രതി പലതും മൊഴിയായി നൽകിയിട്ടുണ്ട്. എന്നാൽ അതൊന്നും പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. കുളിക്കടവിലെ തർക്കവും അതുപോലെ ഒന്നു മാത്രമാണ്. കുറ്റം ചെയ്തതിന് കാരണം കണ്ടെത്താൻ ശ്രമിക്കുക പ്രതികളുടെ പൊതു സ്വഭാവമാണ്. ഇതിന്റെ ഭാഗമായി കുളിക്കടവിനെ കുറിച്ചും പ്രതി മൊഴി നൽകിയിട്ടുണ്ട്. ഈ കഥ പൊലീസ് വിശ്വസിച്ചിട്ടില്ല. സാധ്യത കുറവുമാണ്. ഇതിന് സമാനമാണ് മറ്റുള്ളവയും. മൊഴിയിൽ പ്രതി പറയുന്നതെല്ലാം വിശ്വസിക്കുക അന്വേഷണ ഉദ്യോഗസ്ഥരുടെ പതിവല്ല. എല്ലാ തെളിവുകളും വിശകലനം ചെയ്ത് കുറ്റകൃത്യത്തിന് പിന്നിലെ യഥാർത്ഥ സത്യം പൊലീസ് കണ്ടെത്തും. അതിന് ശേഷം ജനസമക്ഷം അവതരിപ്പിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. ജിഷയുടെ അമ്മ രാജേശ്വരി ആവശ്യപ്പെട്ടിട്ടു പോലും പ്രതിയുടെ ചിത്രം എഡിജിപി സന്ധ്യ കൈമാറിയില്ലെന്നും സൂചനയുണ്ട്.

ഇരയെ വധിച്ചത് മദ്യലഹരിയിൽ ആയിരുന്നില്ലെന്നും പൂർണ്ണബോദ്ധ്യത്തോടെ തന്നെയാണെന്നുമാണ് പ്രതി അമിയൂർ ഇസഌമിന്റെ പുതിയ മൊഴി. നേരിയ തോതിൽ മാത്രമേ മദ്യം കഴിച്ചിരുന്നുള്ളെന്നും കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് വീട്ടിലെത്തിയതെന്നും പറഞ്ഞിട്ടുണ്ട്. കേസിൽ പ്രതി താമസിച്ചിരുന്നു മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും കിട്ടിയ കണ്ടെത്തിയ കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിക്ക് പുറമേ ജിഷയെ കൊലപ്പെടുത്താൻ കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ചതായും ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. നീണ്ട കൂർത്ത ആയുധം ഉപയോഗിച്ച് കഴുത്തിനും നെഞ്ചിനും കുത്തി. കണ്ടെടുത്തിട്ടുള്ള മറ്റ് ആയുധങ്ങൾ കൂടി അയച്ച് തെളിവ് ശേഖരിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. കളിയാക്കിയതുകൊണ്ടാണ് കൊല ചെയ്തതെന്ന പ്രതിയുടെ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. തന്നെ കാണുമ്പോഴെല്ലാം ജിഷ പരിഹസിച്ചിരുന്നെന്നും കൊല്ലപ്പെട്ട ദിവസം തന്നെ പരിഹസിക്കരുതെന്ന് പറയാനാണ് ചെന്നതെന്നുമായിരുന്നു ആദ്യം പറഞ്ഞിരുന്നത്.

എന്നാൽ ഇത്ര ക്രൂരമായി കൊല ചെയ്തത് എന്തിനാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല. പല തവണ കണ്ടപ്പോഴെല്ലാം ജിഷ പരിഹസിച്ചിരുന്നു. ഇക്കാര്യം പറഞ്ഞപ്പോൾ കൂട്ടുകാർ തന്റെ ആണത്തത്തെ ചോദ്യം ചെയ്തതായും അമിയൂർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം ഇതൊന്നും പൊലീസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. ജിഷയുമായി രമ്യതയിൽ സംസാരിക്കാൻ പോയതിന് എന്തിനാണ് കത്തി കയ്യിൽ കരുതിയതെന്ന ചോദ്യത്തിനും ഇയാൾക്ക് ഉത്തരമില്ല. ജിഷയുമായി പ്രതിക്കുള്ള പരിചയം സംബന്ധിച്ച കൃത്യമായ വിവരം കൂടി കിട്ടേണ്ടതുണ്ട്. കൊലപാതകത്തിനുള്ള യഥാർത്ഥ കാരണം പ്രതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് പൊലീസ് ഇപ്പോഴും കരുതുന്നത്. ഡിഎൻഎ സാമ്പിളുകൾ ശരിയായതിനാൽ പ്രതിയെ ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും ഉറപ്പിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. മൊഴിയെ വാർത്തയാക്കുന്ന മാദ്ധ്യമങ്ങൾ അതിനെ പൊലീസ് കണ്ടെത്തലായി വിശദീകരിക്കുന്നതാണ് അന്വേഷണത്തെ വിവാദങ്ങളിൽ എത്തിക്കുന്നത്. അന്തിമ റിപ്പോർട്ടിൽ കൊലയുമായുള്ള സംശയ ദൂരീകരണത്തിനുള്ള എല്ലാ ഘടകങ്ങളും ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

പ്രതിയുമായി പത്രസമ്മേളനം നടത്തുന്നത് കേസ് അന്വേഷണത്തിന് രീതിയല്ലെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിലപാട്. താൻ ഇതുവരെ പല പ്രധാന കേസുകളും അന്വേഷിച്ചിട്ടുണ്ട്. അന്താരഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ട കേസുകൾ പോലുമുണ്ട്. അതുകൊണ്ട് തന്നെ പ്രതിയുമായി ബന്ധപ്പെട്ട് പത്രസമ്മേളനം ഉണ്ടാകില്ല. എല്ലാം കോടതിയെ ബോധിപ്പിച്ചാൽ മതിയെന്നാണ് പൊലീസ് നിലപാട്. പ്രതിയുടെ മുഖം കാണണമെന്ന ആവശ്യം പൊതുസമൂഹത്തിൽ നിന്ന് ഉയരുന്നുണ്ട്. എന്നാൽ അക്കാര്യത്തിലും പൊലീസിന് അനുകൂല അഭിപ്രായമല്ലയുള്ളത്. പ്രതിയുടെ മുഖം പുറത്തുകാണിക്കുകയെന്നതിന് അപ്പുറം കേസ് തെളിയിക്കുകയാണ് പൊലീസിന്റെ കടമയെന്ന് അവർ പറയുന്നു. ഡിജിപിയുടെ കർശന നിർദ്ദേശമുള്ളതിനാൽ ഇനിയും പ്രതിയെ ഹെൽമെറ്റ് ധരിപ്പിച്ച് തെളിവെടുപ്പിനും മറ്റും കൊണ്ടു പോകാനാണ് തീരുമാനം. അക്രമം ഉണ്ടായാൽ പരുക്കേൽക്കാതിരിക്കാനാണു ഹെൽമറ്റ് ധരിപ്പിക്കുന്നതെന്നാണ്് ഔദ്യോഗിക വാദം.

ജിഷ വധക്കേസിലെ എല്ലാ വിവരങ്ങളും പൊതുജനങ്ങളെ അറിയിക്കാനാവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും അറിയിച്ചിട്ടുണ്ട്. പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ മാത്രമേ നൽകാനാവൂ. പ്രതിയെ പിടികൂടിെയങ്കിലും പ്രാഥമികാന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഈ ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടാനാവില്ലെന്നാണ് നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനോടും ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നളിനി നെറ്റോയോടും കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. അതിനപ്പുറം ആരോടും ഒന്നും പറയേണ്ടതില്ലെന്നാണ് ഡിജിപിയുടെ നിലപാട്. അതുകൊണ്ട് തന്നെ കുറ്റപത്രം നൽകും വരെ പ്രതിയുടെ മുഖം പുറത്തുകാട്ടാൻ സാധ്യതയില്ല. ഈ സാഹചര്യത്തിൽ നിയമപരമായ ആവശ്യങ്ങൾക്ക് ജഡ്ജിയുടെ ചേമ്പറിൽ പ്രതിയെ ഹാജരാക്കും.

കോടതിയിൽ ഹാജരാക്കുമ്പോഴും തിരികെകൊണ്ടുപോകുമ്പോഴും മുഖം മറയ്ക്കാൻ പൊലീസ് അനുമതി നേടിയിട്ടുണ്ട്. കോടതി നിർദ്ദേശിച്ചാൽ മാത്രം പ്രതിയുടെ മുഖം പുറത്തുകാണിച്ചാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. തിരിച്ചറിയിൽ പരേഡിന് കോടതി അനുമതി നൽകിയിട്ടുണ്ട്. അതിന് ശേഷം ഇക്കാര്യത്തിൽ കോടതിയിൽ നിലപാട് അറിയിക്കും. കേസിന്റെ വിശദാംശങ്ങളും കോടതിയുടെ പരിഗണനയ്ക്ക് നൽകും. പ്രതിയുടെ മുഖം കാണണമെന്ന പൊതു സമൂഹത്തിന്റെ ആവശ്യത്തിലും നിയമപരമായ തീരുമാനം ഉണ്ടാക്കാനാണ് നീക്കം. പ്രതി ഇപ്പോൾ റിമാൻഡിലാണ്. ജയിലിലെ സഹതടവുകാരും പ്രതിയെ കാണരുതെന്ന കർശന നിർദ്ദേശം ജയിൽ അധികൃതർക്ക് പൊലീസ് നൽകിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ജയിലിനുള്ളിലുണ്ട്. പ്രതിക്ക് ജയിലിൽ ആക്രമണം ഉണ്ടാകുമെന്ന ഭീതി കൂടി കണക്കിലെടുത്താണ് ഇത്.

ജിഷയുടെ വധത്തിന് കാരണമായി പ്രതി പറയുന്ന കുളിക്കടവ് സംഭവത്തെക്കുറിച്ച് കേട്ടുകേൾവിയില്ലെന്ന് സമീപവാസികൾ പറയുന്നു. അതുകൊണ്ട് തന്നെ പൊലീസും ഈ വാദം തള്ളിക്കളയുന്നു. കനാലിൽ അത്തരമൊരു സംഭവം നടന്നതായി തങ്ങൾക്ക് അറിയില്ലെന്നാണ് സമീപത്തെ താമസക്കാരും പറയുന്നത്. ജിഷയുടെ വീടിന് നൂറു മീറ്ററോളം അകലെയായി കനാലിൽ സ്ത്രീകൾ തുണികൾ അലക്കുകയും കുളിക്കുകയും ചെയ്യുന്ന ഭാഗമുണ്ട്. ജിഷയും അവിടെ പതിവുകാരിയാണെന്ന് പരിസരത്തെ സ്ത്രീകൾ പറഞ്ഞു. എന്നാൽ, അവിടെ വച്ച് ഏതെങ്കിലും അന്യസംസ്ഥാന തൊഴിലാളി സ്ത്രീകളോട് മോശമായി പെരുമാറിയതോ ജിഷ പ്രതികരിച്ചതായോ അറിയില്ല. അത്തരമൊരു സംഭവം ആരെങ്കിലും പറഞ്ഞും കേട്ടിട്ടില്ലെന്നാണ് നാട്ടുകാരുടെ വാദം. ഇത് പൂർണ്ണമായും ശരിയാണെന്ന് പൊലീസും സമ്മതിക്കുന്നു.

കേസുമായി ബന്ധപ്പെട്ട വിവരമൊന്നും ഔദ്യോഗികമായി ആരോടും പറയരുതെന്ന് ഇതുമായി സഹകരിക്കുന്ന എല്ലാ പൊലീസുകാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പരിപൂർണ്ണ വിശ്വസ്തരുമായി മാത്രമേ അന്വേഷണ പുരോഗതി പങ്കുവയ്ക്കുന്നുമുള്ളു. എഡിജിപി ബി സന്ധ്യയുടെ കർശന മേൽനോട്ടത്തിലാണ് പ്രതിയുടെ മൊഴി വിശകലനം ചെയ്യുന്നത്. തിരിച്ചറിയൽ പരേഡ് ഏറെ നിർണ്ണായകമാണ്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയിൽ പരേഡ് നടക്കുക. പരേഡ് നടത്തുന്ന സ്ഥലവും തിയ്യതിയും സമയവും സിജെഎം തീരുമാനിക്കും. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതികാക്കനാട് സബ് ജയിലിലാണ് ഇപ്പോൾ. ഇവിടെ വച്ചായിരിക്കും തിരിച്ചറിയൽ പരേഡ് നടക്കുക. ജിഷയുടെ അമ്മ രാജേശ്വരി, സഹോദരി ദീപ,പ്രദേശവാസികൾ, പ്രതി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ, ചെരുപ്പ് കടക്കാരൻ കരാറുകാർ തുടങ്ങിയവർ പരേഡിൽ ഹാജരാകും.

തിരിച്ചറിയൽ പരേഡിന് ശേഷം മറ്റ് തെളിവെടുപ്പുകൾക്കായി ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദ ചോദ്യം ചെയ്യലിന് വിധേയമാക്കും. അപ്പോൾ മാത്രമേ കൊലപാതകത്തിന്റെ യഥാർത്ഥ കാരണം തെളിയൂവെന്നാണ് പൊലീസ് പറയുന്നത്.