കൊച്ചി: പുലർച്ചെ ആരുടേയും മനസ്സിൽ കള്ളമുണ്ടാകില്ലെന്നാണ് വിശ്വാസം. ഈ തത്വത്തിൽ അടിസ്ഥാനമാക്കിയാണ് ജിഷാ വധക്കേസിലെ കൊലയാളിയിൽ നിന്ന് നിർണ്ണായക വിവരങ്ങൾ പൊലീസ് കണ്ടെത്തിയത്. പ്രതിയായ അമൂറുൾ ഇസ്ലാമിന് ജിഷയുമായി അടുപ്പമുണ്ടായിരുന്നില്ലെന്നതിന്റെ തെളിവുകളും പൊലീസിന് കിട്ടി. ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിനെ കൊണ്ട് പൊലീസ് നിർണായക വിവരങ്ങൾ പറയിപ്പിച്ചത് പുലർച്ചെയായിരുന്നു. ചോദ്യം ചെയ്യലിനിടയിൽ ജിഷയുടെ പേര് പറയാതിരുന്ന അമീറുൾ പലപ്പോഴും 'ആ പെണ്ണ്' എന്നാണ് ജിഷയെ പരാമർശിച്ചത്.

ഇതിൽ നിന്ന് തന്നെ ജിഷയുമായി യാതൊരു ബന്ധവും അമീറുള്ളിനുണ്ടായിരുന്നില്ലെന്നും വ്യക്തമാണ്. അതിനൊപ്പം ജിഷയുടെ ഫോണിലേക്ക് അമീറുൾ വിളിച്ചതുമില്ല. അതുകൊണ്ട് കൂടിയാണ് കുളിക്കടവുമായി ബന്ധപ്പെടുത്തി അമീറുൾ പറഞ്ഞത് പൊലീസ് വിശ്വസിക്കാത്തതും. ജിഷയുമായി മുൻ പരിചയമില്ലാത്തുപോലെയാണ് അമീറുൾ ചോദ്യം ചെയ്യലിൽ സംസാരിച്ചത്. ജിഷ എന്ന പേര് പറയാതെ ആ പെണ്ണ് എന്ന പരാമർശമാണ് പലപ്പോഴും അമീറുൾ നടത്തിയത്.

ചിലപ്പോൾ പേര് അറിയാത്തതുമാവാം കാരണം. ജിഷയുടെ ഫോൺ കോളുകൾ പരിശോധിച്ചതിൽ നിന്ന് അമീറുളുമായി സംസാരിച്ചത് പൊലീസ് കണ്ടെത്തിയിരുന്നില്ല. അത് ശരിവെയ്ക്കുന്ന തരത്തിലാണ് അമീറുൾ സംസാരിച്ചതു. ബന്ധുക്കളെപ്പറ്റി ചോദിച്ചപ്പോൾ അവരെ കാണാൻ താത്പര്യമുണ്ടെന്നാണ് അമീറുൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ കേരളത്തിലുണ്ടെന്ന് കരുതുന്ന സഹോദരനെപ്പറ്റി അമീറുൾ പൊലീസിനോട് ഒന്നും പറഞ്ഞിട്ടില്ല.

നന്നായി ഉറങ്ങുന്ന അമീറുളിനെ പുലർച്ചെ വിളിച്ചുണർത്തിയാണ് പൊലീസ് നിർണായക വിവരങ്ങൾ ശേഖരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ വിളിച്ചുണർത്തി ചോദ്യം ചെയ്തപ്പോൾ അമീറുൾ വളരെ പെട്ടെന്ന് കാര്യങ്ങൾ വെളിപ്പെടുത്തിയെന്നാണ് അറിയുന്നത്. ദ്വിഭാഷിയുടെ സഹായത്തോടെ ചില കാര്യങ്ങൾ ചോദിച്ചറിഞ്ഞ അന്വേഷണ സംഘം നേരിട്ടും അമീറുളിനെ ചോദ്യം ചെയ്തിരുന്നു.

കൊലയ്ക്ക് ഉപയോഗിച്ച ആയുധത്തെപ്പറ്റി അമീറുൾ പറഞ്ഞ കാര്യങ്ങളിലും പൊലീസ് വൈരുധ്യം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ കണ്ടെത്തിയ കത്തി ഉപയോഗിച്ചല്ല കൊല നടത്തിയതെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. അമീറുളിന്റെ വസ്ത്രങ്ങൾ കടത്തിയതിനു പിന്നിലും ആരൊക്കെയോ ഉണ്ടെന്ന സംശയവും പൊലീസിനുണ്ട്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോൾ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കുളിക്കടവിലെ സംഭവത്തിൽ അമീറുൾ പറയുന്നതിനെ വിശ്വാസത്തിലെടുക്കില്ല. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ജിഷയുടെ അമ്മ രാജേശ്വരി പറയുന്നത്. അമീറുൾ പറയുന്നതുപോലെ ഇനി സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ അടിച്ച സ്ത്രീയേക്കാൾ അത് കണ്ട് ചിരിച്ച ഒരാളോട് പക തോന്നേണ്ടതുണ്ടോ എന്നതും പൊലീസിനെ കുഴക്കുന്നു. ഇക്കാര്യത്തിലും അമീറുളിന്റെ മറുപടികളിൽ വ്യക്തതയില്ല.