കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ കസ്റ്റഡിയിൽ ആദ്യഘട്ടം ചോദ്യംചെയ്യൽ പൂർത്തിയാക്കിയതോടെ പ്രതി അമീറുൾ ഇസ്ലാം പഠിച്ച കള്ളനാണെന്ന് അന്വേഷണ സംഘം തിരിച്ചറിയുന്നു. സാധാരണ കൊലപാതകമായി ഇതിനെ കാണാനാവില്ലെന്ന വാദവും സജീവമാകുന്നു. ഗൂഢാലോചന നടന്നതിനെ വ്യക്തമായ തെളിയവായി മാറുകയാണ് വിവേക് എക്സ്‌പ്രസ് ട്രയിൻ. മൊഴി മാറ്റി പറഞ്ഞ് വലയ്ക്കുന്നതും സാധാരണ കുറ്റവാളിയുടെ ലക്ഷണമല്ല. ഇതിനെല്ലാം വ്യക്തമായ നിർദ്ദേശങ്ങൾ അമീറുള്ളിന് ലഭിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ മൊഴിയിൽ പറയുന്നതൊന്നും പൊലീസ് വിശ്വസിക്കുന്നില്ല. ബാഹ്യ ഇടപെടലുകളുടെ സാധ്യതയും പൊലീസ് പരിശോധിക്കുകയാണ്. അതിനിടെ കൊല നടത്തിയ ആയുധം പോലും കണ്ടെത്താനാവാത്തത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്.

കസ്റ്റഡിയിലെ ചോദ്യം ചെയ്യലിൽ അമീറുൾ പല മൊഴികളും മാറ്റി. കൊലപാതകത്തിൽ ഇയാളുടെ സുഹൃത്ത് അനറുൾ ഇസ്ലാമിന്റെ പങ്ക് സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. സംഭവദിവസം രാവിലെ ജിഷ ശകാരിച്ചതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു ചോദ്യംചെയ്യലിൽ പ്രതിയുടെ വെളിപ്പെടുത്തൽ. അന്നു മദ്യപിച്ചതും അനറിന്റെ പ്രേരണയും പെട്ടെന്നുണ്ടായ പ്രകോപനത്തിനു കാരണമായെന്നും അതാണു കൊലയിലേക്കു നയിച്ചതെന്നുമുള്ള അമീറിന്റെ മൊഴി പൊലീസ് പൂർണമായി വിശ്വസിക്കുന്നില്ല. കൊലപാതകം നടത്തിയ രീതിയും സ്ഥലംവിട്ടു പോയതും തെളിവുകളുടെ അടിസ്ഥാനത്തിൽ കോർത്തിണക്കാൻ പൊലീസിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ, കൊലപാതകപ്രേരണ ഇനിയും വ്യക്തമാകുന്നില്ല.

കൊലപാതകത്തിനു നേരത്തേ പദ്ധതിയിട്ടതിനു തെളിവായി 'വിവേക് എക്സ്‌പ്രസ് ട്രെയിൻ'. ആഴ്ചയിൽ ഒരിക്കൽ മാത്രമുള്ളതാണ് ഈ ട്രെയിൻ. കന്യാകുമാരിയിൽ യാത്ര ആരംഭിക്കുന്ന വിവേക് എക്സ്‌പ്രസ് എല്ലാ വെള്ളിയാഴ്ചയുമാണ് ആലുവ വഴി കടന്നുപോകുന്നത്. കൊലപാതകം നടന്നതിന്റെ പിറ്റേന്നു പുലർച്ചെ 5.45ന് ആലുവയിൽനിന്ന് അമീർ ഈ ട്രെയിനിൽ കയറി. ഇത് വ്യക്തമായ പദ്ധതിയുടെ ഫലമാണെന്നാണ് പൊലീസ് നിഗമനം. കടന്നുകളയാനുള്ള വ്യക്തമായ പദ്ധതി തയാറാക്കിയ ശേഷമാണ് അമീർ വട്ടോളിപ്പടിയിലെ വീട്ടിൽ ജിഷയെ കൊലപ്പെടുത്തിയത് എന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കുന്നു. എവിടെയാണു ട്രെയിൻ ഇറങ്ങിയതെന്ന ചോദ്യത്തിന് അമീർ വ്യക്തമായ മറുപടി നൽകുന്നതുമില്ല. അതിനാൽ എല്ലാ സാധ്യതയും വീണ്ടും പരിശോധിക്കാനാണ് പൊലീസ് നീക്കം.

അതിനിടെ ജിഷ കൊലക്കേസിൽ പ്രത്യേക അന്വേഷണസംഘം 30 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും സൂചനയുണ്ട്. ഡി.എൻ.എ. തിരിച്ചറിഞ്ഞതിനൊപ്പം ജിഷയുടെ ശരീരത്തിൽ കണ്ടെത്തിയ കടിയേറ്റ പാടുകളും പ്രതി അമീർ ഉൾ ഇസ്ലാമിന്റേതാണ് എന്നു കണ്ടെത്തിയതും കണക്കിലെടുത്താണു കൂടുതൽ അന്വേഷണത്തിന് മുതിരാതെ അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെത്താനായില്ലെങ്കിലും ഡി.എൻ.എ. പ്രധാന തെളിവാണെന്ന് അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കൊലയ്ക്കുപയോഗിച്ചത് ലോഹ നിർമ്മിത ആയുധമാണെങ്കിൽ അതിൽ പറ്റിപ്പിടിച്ച രക്തക്കറ കഴുകിക്കളഞ്ഞാൽ തെളിവ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഈ കേസിൽ കൊല ചെയ്ായനുപയോഗിച്ച ആയുധം പ്രധാന തെളിവാകാൻ സാധ്യതയില്ല.

പ്രതിയെ ദൃക്‌സാക്ഷിയായ അയൽവാസി തിരിച്ചറിഞ്ഞതോടെ സംഭവസമയത്ത് ഇയാളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. രാവിലെ പതിനൊന്നരയ്ക്ക് ഇയാളെ സംഭവസ്ഥലത്തുകണ്ട അയൽവാസിയുടെ മൊഴിയും നിർണായകമാണ്. ഈ മൊഴികളുടെയും ഡി.എൻ.എ. അടക്കമുള്ള തെളിവുകളുടെയും അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഇന്നലെ പുലർച്ചെ മുതൽ ഇയാളെ ചോദ്യം ചെയ്‌തെങ്കിലും തൊണ്ടികൾ ഒളിപ്പിച്ചത് എവിടെയെന്നോ കൊല നടത്തിയതിന്റെ കാരണമോ വെളിപ്പെടുത്താൻ തയാറായിട്ടില്ലെന്നാണ് വിവരം. കൊലപാതകത്തിനുപയോഗിച്ച ആയുധവും സംഭവസമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒളിപ്പിച്ചതു സംബന്ധിച്ചും ഇയാൾ പരസ്പര വിരുദ്ധമായാണ് മൊഴി നൽകിയത്. ഇന്നും ഇയാളെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തശേഷം നാളെ തെളിവെടുപ്പിന് ജിഷയുടെ വീട്ടിലെത്തിക്കാനും നീക്കമുണ്ട്. തെളിവെടുപ്പിന്റെ സമയത്തും ഇയാളെ മുഖം മറച്ചായിരിക്കും കൊണ്ടു വരിക. അതേസമയം സുരക്ഷാ കാരണങ്ങളാൽ ഇയാളെ അസമിലേക്ക് കൊണ്ടു പോകാൻ സാധ്യത ഇല്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ജിഷ വധക്കേസിൽ പ്രോസിക്യൂഷൻ നടപടികൾ ശക്തിപ്പെടുത്താൻ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനും നീക്കമുണ്ട്. വിചാരണയ്ക്കു മുമ്പും വിചാരണാ ഘട്ടത്തിലും കേസുമായി ബന്ധപ്പെട്ട നടപടികൾ പഴുതടച്ചതാക്കാൻ ലക്ഷ്യമിട്ടാണിത്. ആദ്യപടിയായി ക്രിമിനൽ കേസുകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച അഭിഭാഷകരുമായി അന്വേഷണ സംഘാംഗം ചർച്ച നടത്തി. നേരത്തെ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കൊലപാതക കേസുകളിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി പ്രവർത്തിച്ച് പരിചയമുള്ള അഭിഭാഷകരുൾപ്പെടെയുള്ളവരുമായാണ് ചർച്ച നടത്തിയത്. കുറ്റകൃത്യം ചെയ്തത് ഒരാൾ മാത്രമാണെന്നും മറ്റാർക്കും പങ്കില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ ഗൂഢാലോചനയുടെ സാധ്യതകൾ അവശേഷിക്കുകയും ചെയ്യുന്നുവെന്നതാണ് പൊലീസിനെ കുഴക്കുന്നത്. സാക്ഷിമൊഴികളും ഇതിന് കാരണമായി മാറുന്നുണ്ട്.

അമീറുൾ തന്നെയാണ് കൊലയാളി. എന്നാൽ ആരെങ്കിലും അമീറുള്ളിനെ കൊണ്ട് ചെയ്യിച്ചതാണോ എന്ന് പോലും പൊലീസിന് ഉറപ്പിക്കാനാവുന്നില്ല. കൊല്ലപ്പെടുന്നതിനു മുൻപു ജിഷ വീട്ടിൽ നിന്നു പുറത്തുപോയതായി സാക്ഷിമൊഴികളും തെളിവുകളും ലഭിച്ചിട്ടുണ്ട്. ജിഷ എവിടേക്ക്, എന്തിനു പോയെന്നു കണ്ടെത്താൻ ശ്രമം നടക്കുന്നു. കൊലപാതക വിവരം മാദ്ധ്യമങ്ങളിലൂടെ പുറത്തുവരാൻ തുടങ്ങിയിട്ട് 50 ദിവസം പിന്നിട്ടിട്ടും, അന്നു ജിഷ സന്ദർശിച്ച ആരും ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് പൊലീസിന് വലയ്ക്കുന്നത്. സത്യം മറച്ചുവയ്ക്കാൻ ബോധപൂർവ്വം ആരോ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് കരുതുന്നു. ജിഷ എവിടെയാണ് പോയതെന്നത് വിട്ടുകളഞ്ഞു കുറ്റപത്രം സമർപ്പിക്കുന്നതു കേസിനെ പ്രതികൂലമായി ബാധിക്കും.

വീടുപണി പൂർത്തിയാക്കാനുള്ള ആവശ്യങ്ങൾക്കും ജോലി തേടിയുമാണു ജിഷ അധികവും പുറത്തുപോയിരുന്നത്. ഏപ്രിൽ 28നു പിഎസ്‌സി വെബ്‌സൈറ്റ് വഴി ജോലിക്ക് അപേക്ഷ സമർപ്പിച്ചവരുടെ വിവരങ്ങൾ കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നു. അതിനിടെ പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് കെ.വി.പാപ്പു കല്കടറുമായി കൂടിക്കാഴ്ച നടത്തി. ജിഷയുടെ പേരിൽ ലഭിക്കുന്ന ധനസഹായത്തിന്റെ വിഹിതം തനിക്കും ലഭ്യമാക്കണമെന്നാണ് ആവശ്യം. ജിഷയുടെ അമ്മയെ കൂടുതൽ ചോദ്യം ചെയ്യണമെന്നും പാപ്പു ആവശ്യപ്പെട്ടു. പാപ്പുവിന്റെ ഈ നിലപാടും പൊലീസിനെ വലയ്ക്കുന്നുണ്ട്. അതേസമയം, ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് പറയുന്ന കഥ വിശ്വസിക്കാനാകില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ജിഷയുടെ പിതാവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ പ്രതി അമീറിന്റെ പ്രകൃതിവിരുദ്ധ സ്വഭാവ വൈകല്യങ്ങൾ കണക്കിലെടുത്ത് ഇയാൾക്ക് എന്തെങ്കിലും രോഗങ്ങളുണ്ടോ എന്നറിയാൻ വിശദമായ വൈദ്യപരിശോധന നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.