പെരുമ്പാവൂർ: ജിഷാ കൊലക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിനെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പുലർച്ചെ അതീവ രഹസ്യമായാണ് അമീറുള്ളിനെ പൊലീസ് ജിഷയുടെ വീട്ടിൽ കൊണ്ടു വന്നത്. കൊല നടന്ന സ്ഥലവും രീതിയും മറ്റും പ്രതി പൊലീസിനോട് വിശദീകരിച്ചു. അമീറുള്ളിന്റെ താമസ സ്ഥലത്ത് എത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തും. മുഖം മറച്ചാണ് അമീറുള്ളിനെ ഡിവൈഎസ്‌പി സുദർശന്റെ മേൽനോട്ടത്തിലുള്ള സംഘം ജിഷയുടെ വീട്ടിൽ കൊണ്ടു വന്നത്. കൊല നടന്ന വീടിനുള്ളിലും കനാലിലും പ്രതിയെ കൊണ്ടു വന്ന് കാര്യങ്ങൾ ചോദിച്ച് മൊഴിയെടുത്തു.

വീടിനു സമീപപ്രദേശങ്ങളിലും കൊലപാതകത്തിനുശേഷം പ്രതി രക്ഷപ്പെട്ട വഴികളിലും തെളിവെടുപ്പ് നടത്തി. അമീർ താമസിച്ചിരുന്ന ലോഡ്ജിൽ തെളിവെടുപ്പ് നടത്താനായില്ല. ജനങ്ങൾ തിങ്ങി കൂടിയതിനാൽ ലോഡ്ജിനുള്ളിൽ കയറിയില്ല. മുഖം മറച്ചാണ് അമീറിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. അമീറിന്റെ കസ്റ്റഡി കാലാവധി 30നാണ് തീരുക. ഇതിനുമുൻപ് തെളിവെടുപ്പ് പൂർത്തിയാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. കസ്റ്റഡി കാലാവധി നീട്ടാൻ കോടതിയെ സമീപിക്കാനും പൊലീസ് ഒരുങ്ങുന്നുണ്ട്. ജിഷയെ കൊലപ്പെടുത്തിയ രീതിയും പെരുമ്പാവൂർ വിട്ടുപോയതും അമീർ കൃത്യമായി പൊലീസിനോട് വിവരിക്കുന്നുണ്ട്. എന്നാൽ, കൊലപാതകത്തിനു കാരണമായി വിശ്വസനീയമായ കാരണങ്ങളല്ല പറയുന്നത്.

ആൾക്കൂട്ടത്തെ ഒഴിവാക്കാനാണ് അതിരാവിലെ പ്രതിയെ ജിഷയുടെ വീട്ടിൽ കൊണ്ട് വന്നത്. നടപടിക്രമങ്ങളെല്ലാം ഏഴ് മണിക്ക് മുമ്പ് പൂർത്തിയാകും വിധമായിരുന്നു ക്രമീകരണം. വലിയൊരു പൊലീസ് സംഘവും സുരക്ഷയൊരുക്കാനായി സ്ഥലത്ത് എത്തി. അമീറുൾ എത്തിയത് നാട്ടുകാർ ആരും ആദ്യം അറിഞ്ഞിരുന്നില്ല. തെളിവെടുപ്പ് തീരാറായപ്പോഴാണ് നാട്ടുകാർ കാര്യം അറിഞ്ഞത്. അപ്പോഴും വലിയൊരു ജനക്കൂട്ടം സ്ഥലത്ത് എത്തിയതുമില്ല. അതിനാൽ പ്രതിഷേധങ്ങളുണ്ടാകുന്നതിന് മുമ്പ് തന്നെ സംഭവ സ്ഥലത്ത് നിന്ന് പ്രതിയുമായി മടങ്ങാൻ പൊലീസിന് കഴിഞ്ഞു. പ്രതി താമസിച്ചിരുന്ന ലോഡ്ജിലും തെളിവെടുപ്പിനായി കൊണ്ട് പോകും. വീട്ടിലെ തെളിവെടുപ്പ് പൂർണ്ണമായി എന്നാണ് പൊലീസ് നൽകുന്ന സൂചന. ജിഷയെ കൊന്ന രീതിയും മറ്റും പൊലീസിനോട് പ്രതി വിശദീകരിച്ചിട്ടുണ്ട്.

രാവിലെ ആറ് മണിയോടെ ആലുവ പൊലീസ് ക്ലബിൽ നിന്നാണ് അമീറുളുമായി പൊലീസ് പെരുമ്പാവൂരിലേക്ക് പുറപ്പെട്ടത്. 6.25 ഓടെ കുറുപ്പുംപടിയിലെ ജിഷയുടെ വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. വീടിന്റെ ഉള്ളിലും സമീപപ്രദേശങ്ങളിലും പ്രതി രക്ഷപെട്ട വഴിയിലുമെല്ലാം തെളിവെടുപ്പ് നടത്തി. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഡി.വൈ.എസ്‌പിമാരായ സോജൻ, കെ. സുദർശൻ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. കേസിൽ നിർണായക തുമ്പായ ചെരുപ്പ് കിട്ടിയ സ്ഥലവും വീടിന് സമീപത്തെ കനാലിന്റെ കരയിലുമെത്തിച്ച് തെളിവെടുത്തു. കൃത്യത്തിൽ അമീറുളിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ല. നാട്ടുകാരുടെ പ്രതികരണം ഏത് രീതിയിലാകുമെന്ന ആശങ്കയുള്ളതിനാലാണ് തെളിവെടുപ്പ് അതിരാവിലെയാക്കാൻ പൊലീസ് തീരുമാനിച്ചത്. അമീറുൾ ഇസ്ലമിന്റെ പൊലീസ് കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് ചൊവ്വാഴ്ച തന്നെ തെളിവെടുപ്പ് നടത്താൻ നിശ്ചയിച്ചത്. കൊല നടത്താൻ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

പ്രതിക്ക് നേരെ ആക്രമണം ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ചാണ് അതിരാവിലെ തന്നെ പ്രതിയെ ജിഷയുടെ വീട്ടിലെത്തിച്ചത്. ഈ സമയത്ത് അയൽക്കാർ അടക്കമുള്ള ഏതാനും പേർ മാത്രമേ പരിസരത്തുണ്ടായിരുന്നുള്ളൂ. വീടിന് മുന്നിൽ കൊണ്ടുവന്ന് നിർത്തിയ ശേഷം പൊലീസ് സംഘം അമീറിൽ നിന്ന് ഇവിടെ എത്തിയ വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് സീൽ ചെയ്തിരുന്ന വീട് തുറന്ന് പ്രതിയെ വീടിനകത്തേക്ക് കൊണ്ടുപോയി. വീടിനുള്ളിൽ പത്തു മിനിറ്റോളം തെളിവെടുത്ത ശേഷം പിൻവാതിലിലൂടെ പുറത്തിറക്കി വീടിന് സമീപത്തെ കനാൽ പരിസരത്തേക്കും കൊണ്ടുപോയി. 20 മിനിറ്റോളം വീടിന് സമീപത്ത് തെളിവെടുത്ത ശേഷം അമീറിനെ വീണ്ടും പൊലീസ് ജീപ്പിൽ കയറ്റി.

വീട്ടിൽ നിന്ന് പെരുമ്പാവൂർ വൈദ്യശാലപ്പടിയിലെ താമസ സ്ഥലത്തേക്ക് വരുന്നതിനിടെ ഭക്ഷണം കഴിച്ച ഹോട്ടലും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. തുടർന്ന് ലോഡ്ജിന് മുന്നിൽ കൊണ്ടുവന്നു. ഇവിടെ ജനം തടിച്ചുകൂടിയതിനാൽ ഏറെ പണിപ്പെട്ടാണ് ഇയാളെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയത്. ജനക്കൂട്ടത്തിന്റെ തിരക്ക് കാരണം ലോഡ്ജിന് മുന്നിൽ ഒരു മിനിറ്റോളം നിന്ന ശേഷം അകത്ത് കയറാനാകാതെ പ്രതിയുമായി പൊലീസ് സംഘം ആലുവ പൊലീസ് ക്ലബ്ബിലേക്ക് മടങ്ങുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലായത് മുതൽ പ്രതി അമീറുൽ ഇസ്ലാം നിരന്തരം മൊഴിമാറ്റിപ്പറയുകയാണ്. ആദ്യം കൊലപാതകം നടത്താൻ തനിക്കൊപ്പം നാലുപേരുണ്ടായിരുന്നെന്ന് പറഞ്ഞ അമീർ പിന്നെ അത് രണ്ട് പേരാണെന്ന് പറഞ്ഞു. പിന്നീട് ഒരു ഘട്ടത്തിൽ താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും ഇയാൾ സമ്മതിച്ചു.

ആസാം സ്വദേശിയായ രണ്ട് പേർക്കൊപ്പം കൊലപാതകത്തിന് മുമ്പ് ഇയാൾ മദ്യപിച്ചിരുന്നതായും വിവരമുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീടിന് സമീപത്തെ മരച്ചുവട്ടിലേക്ക് എറിഞ്ഞുകളഞ്ഞെന്നും കൈയിലുണ്ടായിരുന്ന മദ്യക്കുപ്പി വീടിന് സമീപത്തെ കനാലിൽ എറിഞ്ഞെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കൊലപാതക സമയത്ത് ഇയാൾ ധരിച്ചിരുന്ന മഞ്ഞ ടീ ഷർട്ടും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.