പെരുമ്പാവൂർ: ജിഷാ കൊലക്കേസിനെ രാഷ്ട്രീയ ശ്രദ്ധയിലെത്തിച്ചത് യുഡിഎഫ് കൺവീനർ പിപി തങ്കച്ചനെതിരായ ആരോപണങ്ങളാണ്. പൊതു പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ പെരുമ്പാവൂരിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് ജിഷയുടെ അച്ഛനെന്നും സ്വത്ത് ചോദിച്ചതാണ് കൊലപാതക കാരണമെന്നും ആരോപിച്ചു. അതിനിടെ ജിഷയുടെ അച്ഛൻ താനല്ലെന്ന് പറഞ്ഞ് തങ്കച്ചൻ രംഗത്തുമെത്തി. ഇതോടെ ജിഷാ വധത്തിൽ രാഷ്ട്രീയ ശ്രദ്ധയുമെത്തി. ജിഷയുടെ പിതാവ് പാപ്പുവിനെ സ്വാധീനിച്ച് ജോമോനെതിരെ പരാതി നൽകാനുള്ള കോൺഗ്രസ് മെമ്പറുടെ ശ്രമം കൂടിയായപ്പോൾ വിവാദം മൂത്തു. ആസം സ്വദേശിയെ ശാസ്ത്രീയമായി തന്നെ ജിഷയുടെ കൊലക്കേസിൽ പ്രതിയാക്കി പൊലീസ് കണ്ടെത്തുമ്പോൾ രക്ഷപ്പെടുന്നത് പിപി തങ്കച്ചനാണ്. കൊലക്കേസിൽ നിന്ന് യുഡിഎഫ് കൺവീനർ താൽകാലികമായി രക്ഷപ്പെടുകയാണ്.

എന്നാൽ പിതൃത്വ ആരോപണങ്ങൾ അങ്ങനെയല്ല. അത് നിഴലായി പിന്തുടരുക തന്നെ ചെയ്യും. പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ജിഷയുടെ അമ്മ രാജേശ്വരി ജോലി ചെയ്തുവെന്നതായിരുന്നു പ്രധാന ആരോപണം. ഇത് ജിഷയുടെ അച്ഛൻ പാപ്പു സ്ഥിരീകരിക്കുകയും ചെയ്തു. ജിഷയുടെ പിതൃത്വം പാപ്പു ഏറ്റെടുത്തുവെങ്കിലും അമ്മ ജോലി ചെയ്തുവെന്ന ആരോപണം തങ്കച്ചനെ പ്രതിക്കൂട്ടിൽ നിർത്തി. ജിഷയുടെയും തങ്കച്ചന്റേയും ഡിഎൻഎ പരിശോധനയെന്ന ആവശ്യവും ഉയർന്നു. ഇതിനോട് ഒരു ഘട്ടത്തിലും അനുകൂലമായി തങ്കച്ചൻ പ്രതികരിക്കാത്തത് സംശയങ്ങൾ കൂട്ടി. ഇതിനിടെയിൽ ജിഷയുടേയും പാപ്പുവിന്റേയും ഡിഎൻഎ പരിശോധനയിലൂടെ സംശയ നിവാരണത്തിനായി പൊലീസ് ശ്രമം. എന്നാൽ പാപ്പു അപ്രത്യക്ഷമായത് ഇതിന് തടസ്സുവുമായി.

ജിഷയുടെ ഘാതകനെ കണ്ടെത്തുകയായിരുന്നു പൊലീസിന്റെ മുന്നിലെ പ്രധാന വെല്ലുവിളി. അത് തെളിയുന്നതിലൂടെ തങ്കച്ചനെതിരായ അന്വേഷണവും വേണ്ടെന്ന് വയ്ക്കാം. അപ്പോഴും പിതൃത്വ വിവാദം പിന്തുടരും. എന്നാൽ പിടിയിലായ പ്രതിയുടെ മൊഴി നിർണ്ണായകമാണ്. ഇതിൽ നിന്ന് മാത്രമേ ഗൂഢാലോചനയുടെ യഥാർത്ഥ ചിത്രം പുറത്തുവരൂ. വെറും താൽപ്പര്യത്തിന് അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെന്ന് പ്രതി പറഞ്ഞാൽ അന്വേഷണം തുടരേണ്ടി വരും. പക്ഷേ അതുണ്ടാകില്ലെന്ന് തന്നെയാണ് പൊലീസ് നൽകുന്ന സൂചന. പിതൃത്വ വിവാദത്തിൽ തീരുമാനം എടുക്കാതെ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്യും. ഇതോടെ തങ്കച്ചന് ജിഷ കൊലക്കേസിൽ നിന്നുള്ള ക്ലീൻ ചിറ്റും കിട്ടും.

ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആരോപണത്തെ തുടർന്ന് തങ്കച്ചന്റെ മകനേയും പിഎയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എഡിജിപി സന്ധ്യ അന്വഷണ ചുമതല ഏറ്റെടുത്ത ശേഷമായിരുന്നു ഇത്. അതിനിടെ കൊല ചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ജിഷയുടെ യാത്ര തങ്കച്ചന്റെ വീട്ടിലേക്കുള്ള വഴിയായിരുന്നുവെന്നും വാദമെത്തി. സ്വകാര്യ ബസ് കണ്ടക്ടറുടെ മൊഴിയോടെയാണ് തങ്കച്ചന്റെ മകനെ ചോദ്യം ചെയ്യാൻ പൊലീസ് നിർബന്ധിതമായത്. ഇതിനൊപ്പം ജിഷ ചില സ്വത്ത് കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ മുൻനിരയിലുമുണ്ടായിരുന്നു. ചില പ്രമാണങ്ങളുടെ വിവരങ്ങൾ തേടി ജിഷ വില്ലേജ് ഓഫീസിലെത്തിയതും വാർത്തയായി. ഇതെല്ലാം പ്രതിക്കൂട്ടിലാക്കിയത് തങ്കച്ചനെയായിരുന്നു.

ജോമോൻ പുത്തൻപുരയ്ക്കൽ ആരോപണം ഉന്നയിച്ച ദിവസം കാട്ടിയ ആവേശമൊന്നും പിന്നീട് തങ്കച്ചൻ കാട്ടിയില്ല. ഇതിനിടെയിൽ ജോമോന് വക്കീൽ നോട്ടീസും നൽകി. അപ്പോഴും പിതൃത്വ വിവാദത്തിൽ നിന്ന് ജോമോൻ പിന്നോട്ട് പോയില്ല. ഈ വിവാദത്തിൽ ജോമോനിൽ നിന്ന് പൊലീസ് മൊഴിയെടുക്കുകയും ചെയ്തു. പാപ്പുവിന്റെ ഓഡിയോയാണ് തെളിവായി ജോമോൻ നൽകിയത്. പിന്നീട് മറുനാടനോടും ജിഷയുടെ അമ്മ തങ്കച്ചന്റെ വീട്ടിൽ ജോലിക്ക് നിന്നുവെന്ന് പാപ്പു സ്ഥിരീകരിച്ചു. തങ്കച്ചന്റെ സ്വന്തം മകളാണ് ജിഷയെന്നും ഇക്കാര്യം ലോകം അറിയാതിരിക്കാൻ തങ്കച്ചന്റെ അറിവോടെ ജിഷയെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമായിരുന്നു ഈ വിവാദങ്ങൾ ഉയർത്തിയ ചർച്ച.

ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വർഷക്കാലത്തിലധികമായി മുതർന്ന കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ജോലി ചെയ്തിരുന്നുവെന്ന് കത്തിൽ പറയുന്നു. മകളെന്ന നിലയിൽ ജിഷ നേതാവിന്റെ വീട്ടിൽ നേരിട്ടെത്തി സ്വത്തിന്മേൽ അവകാശം ചോദിച്ചു. തരാതെ വന്നപ്പോൾ പിതൃത്വം തെളിയിക്കുന്ന ഡിഎൻഎ ടെസ്റ്റ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് ജിഷ അതിദാരുണമായും മൃഗീയവുമായി കൊലചെയ്യപ്പെട്ടതെന്നാണ് ജോമോൻ പരാതി നൽകിയത്. ഡിഎൻഎ ടെസ്റ്റിനുള്ള സാധ്യതകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൃതദേഹം കത്തിച്ച് ചാമ്പലാക്കിയതെന്നാണ് ജോമോൻ പറഞ്ഞിരുന്നത്. ഈ കൊലപാതകം അന്യസംസ്ഥാന തൊഴിലാളികളുടെ മേൽ കെട്ടിവെയ്ക്കാൻ മനഃപൂർവ്വം ശ്രമിക്കുകയും ചെയ്തുവെന്നും ജോമോൻ ആരോപിച്ചു.

തെരഞ്ഞടുപ്പ് നടക്കുന്ന സമയമായതിനാൽ പൊലീസിന്റെ ഭാഗത്തു നിന്നുള്ള അന്വേഷണം സർക്കാർ വൈകിപ്പിക്കുകയായിരുന്നു. യുഡിഎഫിന്റെ പ്രധാന നേതാവ് ജിഷ കൊലക്കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേരളമറിഞ്ഞാൽ അത് പാർട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന് കോൺഗ്രസിനറിയാമായിരുന്നു. അതുകൊണ്ടുതന്നെ അന്വേഷണം ഉഴപ്പാനും വഴിതിരിച്ചു വിടാനും കോൺഗ്രസ് ഉന്നതങ്ങളിൽ നിന്നും സമ്മർദ്ദമുണ്ടായി ജോമോൻ ആരോപിച്ചു. ജിഷയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങൾ ആ നാട്ടിലെ ജനങ്ങൾക്ക് അറിവുള്ള കാര്യമാണെന്നും ജോമോൻ പറഞ്ഞിരുന്നു. പല്ലിൽ വിടവുള്ള വ്യക്തിയാണ് കുറ്റവാളിയെന്ന് മുമ്പ് പൊലീസ് വെളിപ്പെടുത്തിയിരുന്നു. തങ്കച്ചന്റെ വിശ്വസ്തനും ഡ്രൈവറുമായ വ്യക്തി ഇത്തരത്തിലുള്ളതാണെന്നും ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നുവെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിൽ വരെ പോയ പൊലീസ് സംഭവ സ്ഥലത്തു നിന്നും പത്ത് മിനിട്ടു മാത്രം ദൂരമുള്ള ഈ വ്യക്തിയെ ഒരു രീതിയിൽപോലും സംശയിച്ചില്ലെന്നും ജോമോൻ വ്യക്തമാക്കിയിരുന്നു.

ജിഷയെ ജനമധ്യത്തിൽ മോശക്കാരിയായി ചിത്രീകരിക്കാൻ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ കുറെ ദിവസങ്ങളായി പത്രങ്ങളിൽ കളവായി വാർത്ത കൊടുക്കുന്നതായും ഡിജിപിയോട് പാപ്പു പരാതിപ്പെട്ടിരുന്നു. ഇതും കേസ് അട്ടിമറിക്കാനാണെന്നാണ് പാപ്പു പറയുന്നത്. തങ്കച്ചന്റെ പേരു പറയാതെയാണ് മുഖ്യമന്ത്രിക്കുള്ള പരാതി. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു ജിഷയുടെ പിതാവ് കെ.വി.പാപ്പു മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു പരാതി നൽകി. പെരുമ്പാവൂർ ഡിവൈഎസ്‌പി: കെ.അനിൽകുമാർ, കുറുപ്പംപടി സിഐ: കെ.എൻ.രാജേഷ്, എസ്‌ഐ സോണി മത്തായി എന്നിവരെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഉന്നത സ്വാധീനമുള്ള പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണു കഴിഞ്ഞ സർക്കാരിന്റെകാലത്ത് 26 ദിവസത്തെ പ്രാഥമിക അന്വേഷണഘട്ടത്തിൽ തെളിവ് നശിപ്പിക്കാൻ ഇവർ കൂട്ടുനിന്നതെന്നു പരാതിയിൽ പറയുന്നു. ഏപ്രിൽ 28നു തന്റെ മകൾ കൊലചെയ്യപ്പെട്ടിട്ടും അഞ്ചു ദിവസം പുറംലോകമറിയാതെ ഇതു മൂടിവച്ചത് ഇതിനായിരുന്നു. അടുത്ത ദിവസം രാത്രി ഒൻപതിനു നിയമം മറികടന്നു മുനിസിപ്പൽ ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കാൻ ശ്രമിച്ചപ്പോൾ അതു ചെയ്യരുതെന്നു താൻ പറഞ്ഞതു പൊലീസ് കേട്ടില്ലെന്നാണ് പാപ്പു പറയുന്നത്.

ഇതോടെ പാപ്പുവിനെതിരെ പൊലീസിലെ ചിലർ തന്നെ തിരിഞ്ഞു. ഈ പരാതി സമ്മർദ്ദത്തിലൂടെ തയ്യാറാക്കിയതെന്ന രീതിയിൽ അവതരിപ്പിക്കാനാണ് നീക്കം നടന്നത്. ഈ സാഹചര്യത്തിലാണ് പാപ്പുവിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന സൂചനയാണ് ജോമോൻ മറുനാടന് നൽകിയത്. മൃതദേഹം ദഹിപ്പിച്ചതാണ് കേസ് അട്ടിമറിക്കാൻ ഇടയാക്കിയത്. ഇതുമൂലം കർമം ചെയ്യാനോ റീ പോസ്റ്റ്‌മോർട്ടം ചെയ്യാനോ അവസരമില്ലാതായി. തെളിവെല്ലാം നശിപ്പിക്കപ്പെട്ടതിനു ശേഷം 15 ദിവസം കഴിഞ്ഞാണു വീട് ബന്തവസിലാക്കിയത്. ഉന്നത കോൺഗ്രസ് നേതാവിനോടു വിധേയത്വമുള്ള എസ്‌ഐ ഇപ്പോഴും ആ സ്ഥാനത്തു തുടരുന്നു. എഡിജിപി: ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണം വഴിതെറ്റിക്കാനും അട്ടിമറിക്കാനും ചില ഉദ്യോഗസ്ഥർ കടന്നുകൂടിയിട്ടുണ്ടെന്നും പാപ്പു ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇത് പൊലീസിലെ ചിലരുടെ ശത്രുതയ്ക്ക് ഇടയാക്കി.

ഈ ആരോപണങ്ങളെല്ലാം ലക്ഷ്യമിട്ടത് തങ്കച്ചനെയാണ്. പ്രതിയെ കണ്ടെത്തുമ്പോഴും ഈ ആക്ഷേപങ്ങൾ കഴമ്പുണ്ട് താനും. കൊലപാതകത്തിൽ ജോമോന്റെ തിയറി തെറ്റാണെന്ന് തെളിയുന്നു. എന്നാൽ പിതൃത്വ ആരോപണത്തിൽ അതല്ല സ്ഥിതി. ഡിഎൻഎ പരിശോധനയിലുടെ മാത്രമേ സത്യം പുറത്തുവരികെയുള്ളൂവെന്നാണ് ഈ ഘട്ടത്തിലും നിരീക്ഷകർ വിലയിരുത്തുന്നത്.