കൊച്ചി:വിവാദമായ പെരുമ്പാവൂർ ജിഷ കൊലക്കേസിൽ സംസ്ഥാന പൊലീസ് മേധാവി തള്ളിയ വിജിലൻസ് റിപ്പോർട്ട് വിളിച്ചുവരുത്താൻ തീരുമാനിച്ച വിചാരണകോടതി തീരുമാനം പ്രൊസിക്യൂഷന്് പാരയാവുമോ? നിയമ വൃത്തങ്ങളിലെ ഇപ്പോൾ ഈ വിഷയത്തിൽ ചൂടോറിയ ചർച്ചകൾ പുരഗമിക്കുകയാണ്. ജിഷ വധക്കേസിൽ നിലവിൽ റിമാന്റിൽ കഴിയുന്ന അമിറുൾ ഇസ്ലാം മാത്രമാണോ പ്രതിയെന്ന് കാര്യത്തിൽ സംശയം ഉന്നയിക്കുന്ന വിജിലൻസ് റിപ്പോർ്ട്ടിൽ സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാണിച്ചിരുന്നു.ഏതാണ്ട് ഇതുതന്നെയാണ് പ്രതിഭാഗത്തിന്റെയും നിലപാട്.കേസിൽ 21 -ന് തുറന്ന കോടതിയിൽ വാദം ആരംഭിക്കും.

കേസ് അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന മുൻ ഡിജിപി ജേക്കബ് തോമസിന്റെ റിപ്പോർട്ടാണ് പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം കേസിന്റെ വിചാരണ നടന്നുവരുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിളിച്ചുവരുത്തുന്നത്. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച അതിദാരുണ സംഭവത്തിന്റെ ആദ്യഘട്ട അന്വേഷണം മുതൽ ഗുരുതര വീഴ്ച സംഭവിട്ടുണ്ടെന്നായിരുന്നു വിജിലൻസ് ഡയറക്ടർ ആയിരുന്ന ജേക്കബ് തോമസ് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന പരാമർശം. വിചാരണ തുടങ്ങിയ ഘട്ടത്തിൽ ഈ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്നുള്ള പ്രതിഭാഗത്തിന്റെ ആവശ്യം കോടതിനിരാകരിച്ചിരുന്നു. വിചാരണ തീരുന്ന മുറക്ക് ഇക്കാര്യം വീണ്ടും ഉന്നിക്കാമെന്നും ഈയവസരത്തിൽ ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഈ ആവശ്യമുന്നയിച്ച്് വീണ്ടും സമർപ്പിച്ച ഹർജിയിലാണ് പ്രതിഭാഗത്തിന് അനുകൂലമായ കോടതി ഉത്തരവ് ഉണ്ടായിട്ടുള്ളത്. ഏ ഡി ജി പി ബിസന്ധ്യയുടെ നേതൃത്വത്തിൽ 50 ദിവസത്തിനുള്ളിൽ പ്രതിയെ കണ്ടെത്തി, കേസിൽ മുഖം രക്ഷിച്ചിരിക്കെയാണ് ആഭ്യന്തരവകുപ്പിന് നാണക്കേടുണ്ടാക്കിയ റിപ്പോർട്ട് പുറത്ത്് വന്നത്. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് മുതൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും മുൻ ഡി ജി പി ടിപി സെൻകുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലും പിന്നീട് ഈ സ്ഥാനത്തെത്തിയ ലോക്നാഥ് ബഹ്റുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ റിപ്പോർട്ട്.

ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിന് തുടക്കത്തിൽ തന്നെ വീഴ്ചപറ്റിയെന്നും ഇത് പ്രതിക്ക് സഹായകരമായിമാറുമെന്നും നിലവിലെ കുറ്റപത്രവുമായി മുന്നോട്ട് പോയാൽ കേസിൽ കോടതിയിൽ നിന്ന് ശക്തമായ തിരിച്ചടി നേരിടുമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഈ വർഷം ജനുവരി 16 നാണ് അതീവ രഹസ്യസ്വഭാവമുള്ള റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. റിപ്പോർട്ട് ലഭിച്ച ആഭ്യന്തര സെക്രട്ടറി അത് മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറി. ജിഷ വധക്കേസിലെ പൊലീസ് അന്വേഷണത്തിനെതിരെ നേരത്തെ വിജിലൻസിന് പരാതി ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയായിരുന്നെന്നാണ് ഇത് സംമ്പന്ധിച്ചുയർന്ന വിവാദങ്ങളോട് നേരത്തെ ജേക്കബ് തോമസ് പ്രതികരിച്ചത്.

വിജിലൻസ് മേധാവിയും പൊലീസ് മേധാവിയും തമ്മിൽ ഈ വിഷയത്തിൽ കൊമ്പുകോർത്തപ്പോൾ സർക്കാർ പിൻതുണ ലഭിച്ചത് ബഹറ്ക്കായിരുന്നെന്നാണ് പിന്നീട് പുറത്ത് വന്ന വിവരങ്ങളിൽ നിന്നും വ്യക്തമായത്. ഭരണ നേതൃത്വത്തിന്റെ അറിവോടെ വിജിലൻസ് അന്വേഷണത്തെ സംസ്ഥാന പൊലീസ് ശക്തതിയായി എതിർത്തു.പിന്നീട് ജേക്കബ് തോമസിന്റെ റിപ്പോർട്ട് കഴമ്പില്ലന്ന് പ്രഖ്യപിച്ച് പൊലീസ് മേധാവി ബഹ്‌റ തള്ളുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടാണ് ഇപ്പോൾ കോടതി വിളിച്ചുവരുത്തുന്നത്. 2016 സെപ്റ്റംബർ 30 നാണു കേസിൽ കുറ്റപത്രം സമർപ്പിച്ചത്.