കൊച്ചി: സൗമ്യ വധക്കേസിന്റെ അവസ്ഥ തന്നെയാണോ കേരളത്തെ പിടിച്ചുകുലുക്കിയ പെരുമ്പാവൂർ ജിഷ വധക്കേസിലും ഉണ്ടാകുക? കേരളാ പൊലീസിലെ ഉദാസീനമായ അന്വേഷണമാണ് ജിഷ കേസിലെന്ന ആരോപണങ്ങൾ കൂടിയാകുമ്പോൾ ആർക്കും പ്രതി അമീറുൾ ഇസ്ലാം ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയില്ല. ബലാത്സംഗം തെളിയിച്ചാൽ തന്നെയും കൊലപാതകം തെളിയിക്കപ്പെടില്ലെന്ന നിഗമനമാണ് പൊതു നിയമവൃത്തങ്ങളിൽ പോലും നിലനിൽക്കുന്നത്. സൗമ്യ വധക്കേസിലെ കോടതിവിധിയും മറ്റും ചൂടേറിയ ചർച്ചയാവുന്ന അവസരത്തിലാണ് ജിഷ കൊലപാതകത്തിന്റെ കുറ്റപത്രം കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചത്.

ലൈംഗികവൈകൃതത്തിനടിമയായ അമീർ ബലാത്സംഗശ്രമത്തിനിടയിൽ ജിഷയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. കൊലപാതകം, മാനഭംഗം, ദലിത് പീഡനം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയത്. ശനിയാഴ്ച രാവിലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ജഡ്ജി അവധിയായതിനാൽ പരിശോധന പൂർത്തിയായിട്ടില്ല. ചൊവ്വാഴ്‌ച്ചയാണ് കുറ്റപത്രം വീണ്ടും പരിശോധിക്കുക.

കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തലുകൾ:

* കൊലപാതകത്തിലെത്തിയത് അമിതമായ ലൈംഗികാസക്തി
* പ്രതിക്ക് ജിഷയോട് മുൻവൈരാഗ്യമില്ലായിരുന്നു
* വീടിനകത്തുവച്ച് കടന്നുപിടിച്ച് കീഴ്‌പ്പെടുത്തിയ അമീർ ശ്വാസംമുട്ടിച്ചശേഷം ജിഷയെ പലതവണ കുത്തി.
* ജനനേന്ദ്രിയത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചത് പ്രതിയുടെ ലൈംഗികവൈകൃതത്തിനു തെളിവ്.
* കൊലപാതകത്തിനു ശേഷം അമീർ ജിഷയുടെ വീടിനു സമീപമുള്ള കനാലിലിറങ്ങി രക്ഷപ്പെട്ടു.

നിർണായകമായ 10 തെളിവുകൾ

1. കൊലപാതകം നടന്ന ദിവസം അമീറിനെ ജിഷയുടെ വീട്ടിൽവച്ച് കണ്ടെന്ന അയൽവാസിയുടെ മൊഴി
2. അമീർ സുഹൃത്തുമായി സംസാരിച്ചത്
3. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചെളിപറ്റിയതിനാൽ ജിഷയുെട വീടിനു സമീപത്ത് അമീർ ഉപേക്ഷിച്ച ചെരിപ്പ്
4. ചെരിപ്പിൽനിന്നു കണ്ടെത്തിയ രക്തത്തുള്ളികളുടെ ജനിതകപരിേശാധനാഫലം
5. ചെരിപ്പ് വാങ്ങിയ കടയുടെ ഉടമയുടെ മൊഴി
6. ചെരിപ്പിൽ പറ്റിപ്പിടിച്ചിരുന്ന, വീടിന്റെ പിന്നിലെ മണൽ
7. കൊലപാതകത്തിനുശേഷം അസമിലേക്കു രക്ഷപ്പെടാനുപയോഗിച്ച തീവണ്ടിട്ടിക്കറ്റ്
8. അമീറിന്റെ രക്തസാമ്പിളുകൾ. ചെരിപ്പിലും വീടിന്റെ വാതിൽപ്പടിയിലും പറ്റിപ്പിടിച്ചിരുന്ന രക്തത്തുള്ളികൾ
9. ജിഷയുടെ ശരീരത്തിലെ കടിച്ച പാടുകളും നഖങ്ങളിൽനിന്നു കിട്ടിയ തൊലിയുടെ അവശിഷ്ടവും.
10. ജിഷയുടെ വസ്ത്രത്തിൽനിന്നു കിട്ടിയ ഉമിനീർ

കുറ്റപത്രത്തിൽ പഴുതുകൾ ഏറെ, ഉത്തരമില്ലാത്ത ചോദ്യങ്ങളും

പഴുതടച്ച കുറ്റപത്രമാണ് നൽകിയതെന്ന് പൊലീസ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ആശങ്കകൾ ഏറെയാണ്. കൊലപാതകത്തിന് ദൃക്‌സാക്ഷികളില്ലെന്നതാണ് പ്രധാന കാര്യം. കൊലപാതകസമയത്ത് അമീർ ധരിച്ച വസ്ത്രങ്ങൾ കണ്ടെടുക്കാനായിട്ടില്ല, മാത്രവുമല്ല ജിഷയുടെ വീട്ടിൽ കാണപ്പെട്ട മൂന്നാമന്റെ വിരലടയാളത്തെക്കുറിച്ച് കുറ്റപത്രത്തിൽ പരാമർശമില്ല. അമീറിന്റെ സുഹൃത്ത് അനാറുളിന്റെ തിരോധാനവും വിനയാകും. അങ്ങനെയൊരാൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.

ജിഷയുടെ മരണം നടന്ന ഏപ്രിൽ 28 നും പിറ്റേന്നും അന്വേഷണ നടപടികളിൽ തികഞ്ഞ അലംഭാവം പുലർത്തുക വഴി വിലപിടിച്ച പല തെളിവുകളും നഷ്ടമായി. മൃതദേഹം മാറ്റാതെ ഒരു ദിവസം വീട്ടിൽ തന്നെ കിടന്നു. ഇതുകാണാൻ ധാരാളം ആളുകൾ കയറിയിറങ്ങി. അതോടെ വിരലടയാള തെളിവുകൾ ദുർബലമായി. പിന്നീട് മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. ജിഷ കേസിലെ അന്വേഷണത്തെ സംബന്ധിച്ച് പൊലീസ് മാദ്ധ്യമങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകാൻ തയ്യാറായില്ല.

ജൂൺ 16 ന് പ്രതിയെ അറസ്റ്റ് ചെയ്തതിനു ശേഷവും വിവരങ്ങൾ വിശദമാക്കാൻ പൊലീസ് മടിച്ചു. അതുകൊണ്ടുതന്നെ ജിഷയുടെ കേസിൽ നാട്ടുകാർക്കുണ്ടായ ചെറിയ സംശയങ്ങൾ വരെ ദുരൂഹമായി തുടർന്നു. ജിഷയുടെ പിതൃത്വം സംബന്ധിച്ച് രാഷ്ട്രീയ മുതലെടുപ്പിനായി നടന്ന വാദപ്രതിവാദങ്ങളും അന്വേഷണത്തിൽ ജനങ്ങളുടെ സംശയത്തിന്റെ ആഴംകൂട്ടി.

പ്രതി അമീറുൾ ഇസ്ലാമുമായി ജിഷയ്ക്ക് മുൻപരിചയമുണ്ടായിരുന്നുവോ? കൊലപാതകത്തിനു പിന്നിലെ യഥാർത്ഥ പ്രേരണയെന്ത് ? പ്രാഥമികാന്വേഷണത്തിൽ തെളിവുകൾ നഷ്ടപ്പെട്ടത് മനഃപൂർവമായ അലംഭാവം മൂലമാണോ....? തുടങ്ങിയ സംശയങ്ങളും ഇപ്പോഴും അവശേഷിക്കുന്നു. ജിഷയുടെ അമ്മ രാജേശ്വരിയെ വിശദമായി ചോദ്യം ചെയ്തിരുന്നെങ്കിൽ വിലപ്പെട്ട തെളിവുകൾ ലഭിക്കുമായിരുന്നുവെന്ന് കരുതുന്നവരും ധാരാളമുണ്ട്. ഏപ്രിൽ 28ന് ജിഷ കൊല്ലപ്പെട്ടു. പ്രതി അറസ്റ്റിലായത് ജൂൺ 16നാണ്. മൊബൈൽ േഫാൺ പോലും ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതിയിലേക്ക് പൊലീസ് എങ്ങനെ എത്തിച്ചേർന്നുവെന്നതിന്റെ ഉത്തരവും അത്ര വ്യക്തതയുള്ളതല്ല.

1500 പേജ്, 195 സാക്ഷിമൊഴികൾ, നാല് ഡിഎൻഎ പരിശോധാ ഫലങ്ങൾ

2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടി കനാൽ പുറമ്പോക്കിലെ വീട്ടിൽ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്തത് 1500 പേരെ. ശാസ്ത്രീയതെളിവുകളുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ കുറ്റപത്രത്തിൽ 1500ലേറെ പേജുണ്ട്. നാല് ഡി.എൻ.എ. പരിശോധനാഫലങ്ങൾക്കൊപ്പം 125 ശാസ്ത്രീയപരിശോധനാരേഖകളും 195 സാക്ഷിമൊഴികളും 70 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. 21 ലക്ഷം ഫോൺകോളുകളും 5000 പേരുടെ വിരലടയാളങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. പ്രതിയുടെ മുൻപല്ലുകൾക്കിടയിൽ വിടവുണ്ടെന്ന നിഗമനത്തിൽ പ്രദേശവാസികളായ പുരുഷന്മാരെ പച്ചമാങ്ങ കടിപ്പിച്ചും പൊലീസ് തെളിവെടുക്കാൻ ശ്രമിച്ചിരുന്നു.

കുളിക്കടവിലെ തർക്കം കെട്ടുകഥ, ജിഷയുടെ പെൻകാമറയിൽ ചിത്രങ്ങളുമില്ല

കേസ് അന്വേഷണത്തിന്റെ വേളയിൽ പൊലീസ് കേന്ദ്രങ്ങളിൽ നിന്നു തന്നെ നിരവധി കഥകളാണ് പുറത്തുവന്നത്. കുടിക്കളടവിലെ തർക്കവും അനാറുൽ ഇസ്ലാമുമൊക്കെ ഇതിലെ കഥാപാത്രങ്ങളായി. എന്നാൽ, ഇപ്പോൾ പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയപ്പോൾ മലക്കം മറിയുന്ന കാഴ്‌ച്ചയാണ് ഉണ്ടായത്. കുറ്റപത്രം കുറ്റമറ്റതെന്ന് അവകാശപ്പെട്ട ആലുവ റൂറൽ എസ്‌പി: പി.എൻ. ഉണ്ണിരാജൻ വിചാരണ ഘട്ടം പൊലീസിന് വെല്ലുവിളിയാണെന്നുംപറഞ്ഞു. സാക്ഷികളെ കോടതിയിലെത്തിക്കാനും കൃത്യമായ മൊഴി ഉറപ്പിക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകത്തിന്റെ വിശദാംശങ്ങൾ എസ്‌പി പത്രസമ്മേളനത്തിൽ വിശദീകരിക്കുകയും ചെയ്തു. ജിഷയുടെ ഉള്ളിലെത്തിയ മദ്യം പ്രതി അമീർ ഉൾ ഇസ്‌ലാം കുടിപ്പിച്ചതാണ്. കൊലനടന്ന ദിവസം ജിഷ വീട്ടിൽനിന്നു അകലെ പോയിട്ടില്ല. മാനഭംഗത്തിനുശേഷം സ്വകാര്യഭാഗങ്ങളിൽ പ്രതി പരുക്കേൽപ്പിക്കുകയും ചെയ്തു. കുളിക്കടവിലുണ്ടായി എന്നു പറയുന്ന തർക്കവും പ്രതിയുടെ പല്ലുകൾക്കിടയിൽ വിടവെന്നതും കെട്ടുകഥയാണ്. ജിഷയുടെ പെൻകാമറയിൽ ചിത്രങ്ങളില്ല. ഇതാണ് ആരെയും വീട്ടിൽ കയറ്റാൻ പറ്റാത്തതെന്ന് ജിഷ പറഞ്ഞിട്ടുമില്ല. അനാറുൽ ഇസലാം എന്ന സുഹൃത്തും അമീറിനില്ല.

കഴിഞ്ഞ ഏപ്രിൽ 28ന് പെരുമ്പാവൂർ കുറുംപ്പംപടി വട്ടോളിപ്പടിയിലെ കനാൽ ബണ്ടിനോടു ചേർന്ന അടച്ചുറപ്പില്ലാത്ത വീട്ടിൽ വച്ചാണു ജിഷ കൊല്ലപ്പെട്ടത്. ഡൽഹിയിൽ നിർഭയയുടേതിനു സമാനമായി മാനഭംഗത്തിനുശേഷം ജനനേന്ദ്രിയത്തിൽ മാരകമായി മുറിവേൽപ്പിച്ചായിരുന്നു ക്രൂരമായ കൊലപാതകം. പൊലീസിനെയും രാഷ്ട്രീയ നേതൃത്വത്തിനെയും വിവാദച്ചുഴിയിൽ നിർത്തിയ സംഭവങ്ങൾക്കൊടുവിലാണ് അസം സ്വദേശിയായ പ്രതി അമീറുൽ ഇസ്‌ലാം പിടിയിലായത്. കുറുപ്പംപടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.