തിരുവനന്തപുരം: ജിഷയുടെ അരുംകൊല ഒരു സാധാരണ കൊലപാതകമായി നിസാരവത്കരിക്കുക വഴി പൊലീസ് ഗുരുതരവും പൊറുക്കാനാവാത്തതുമായ വീഴ്ചയാണ് വരുത്തിയതെന്ന് റിപ്പോർട്ട്. തുടക്കത്തിൽ ലോക്കൽ പൊലീസിന് സംഭവിച്ച പിഴവുകളാണ് പ്രതിയെ പിടികൂടുന്നതിൽ കാലതാമസം ഉണ്ടാകാൻ കാരണം. നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിന് കാരണവും ഇതാണ്. പലയിടത്തായി മുന്നൂറോളം പേരെ ചോദ്യംചെയ്‌തെങ്കിലും കൊലയാളിയെപ്പറ്റി വ്യക്തമായ വിവരങ്ങളില്ല. പന്ത്രണ്ടു പേർ കസ്റ്റഡിയിലുള്ളതിൽ നാലു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പക്ഷേ ഇതും അന്വേഷണത്തെ മുന്നോട്ട് നയിക്കുമെന്ന വിശ്വാസം പൊലീസിലെ ഉന്നതർക്കും ഇല്ല.

കുറുപ്പംപടി കനാൽ പുറമ്പോക്കിലെ വീട്ടിൽ ഏപ്രിൽ 28നാണ് ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ക്രൂരമായ ആക്രമണത്തിൽ ജിഷയുടെ കുടൽമാല പുറത്തുചാടിയിരുന്നിട്ടു കൂടി പൊലീസ് നിസാരമായാണു കേസ് കൈകാര്യം ചെയ്തത്. തൊട്ടടുത്ത പറമ്പിൽ ഉപേക്ഷിക്കപ്പെട്ടിരുന്ന ആയുധങ്ങൾ കണ്ടെടുക്കാൻ മൂന്നു ദിവസം വേണ്ടിവന്നു. കൊലപാതകം നടന്ന ഒറ്റമുറിവീടും പരിസരവും ബന്തവസിലാക്കിയില്ല. സംഭവമറിഞ്ഞെത്തുന്നവരെല്ലാം കയറിയിറങ്ങുന്നതു മൂലം തെളിവായേക്കുമായിരുന്ന പലതും ഇല്ലാതായി. പൊലീസ് നായയെ എത്തിച്ചെങ്കിലും കാര്യമായ തെളിവൊന്നും കിട്ടിയില്ല. പോസ്റ്റ്‌മോർട്ടം പരിശോധന അന്വേഷണത്തിന്റെ ഭാഗമാണെന്ന് ക്രിമിനൽ നടപടിച്ചട്ടത്തിലെ174ാം വകുപ്പ് വ്യക്തമാക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അതു നടക്കേണ്ടത്. അപ്പോൾത്തന്നെ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും വേണം. ജിഷയുടെ കേസിൽ ഇതൊന്നും ഉണ്ടായില്ല. ദളിത് വിഭാഗക്കാർ കൊല്ലപ്പെട്ടാൽ ആർ.ഡി.ഒ, കലക്ടർ എന്നിവരെ വിവരമറിയിക്കണമെന്ന ചട്ടവും ലംഘിക്കപ്പെട്ടു.

നിഷ്ഠൂരമായ കൊലപാതകവും മാനഭംഗവും നടന്നിട്ട് അത്തരത്തിൽ യാതൊരു ഗൗരവവും നൽകാതെയായിരുന്നു ലോക്കൽ പൊലീസ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. ഇത്തരം ഗുരുതര സംഭവങ്ങളുണ്ടാകുമ്പോൾ പൊലീസ് സ്വീകരിക്കുന്ന പ്രാഥമിക നടപടികളൊന്നും തുടക്കത്തിൽ പാലിച്ചിരുന്നില്ല. മൃതദേഹം പരിശോധിച്ച പൊലീസ് വെറുമൊരു കൊലപാതകമായി മാത്രമാണ് വിലയിരുത്തിയത്. അതുകൊണ്ട് തന്നെ സീൻ മഹസർ തയ്യാറാക്കിയപ്പോൾ ശാസ്ത്രീയമായ പരിശോധനയ്‌ക്കോ ഫോറൻസിക് വിദഗ്ദ്ധരുടെ സഹായം തേടാനോ തയ്യാറായില്ല. ഫോറൻസിക് വിദഗ്ദ്ധരുണ്ടായിരുന്നെങ്കിൽ നിർണായകമായ പലതെളിവുകളും ശേഖരിക്കാനാകുമായിരുന്നു. കൊല നടന്ന വീട്ടിൽ ഇല്ലാത്ത ഏതെങ്കിലും പുതിയ സാധനങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ചിട്ടില്ല.

ജിഷ മറ്റുള്ളവരിൽ നിന്ന് ഏത് സമയത്തും ആക്രമണം പ്രതീക്ഷിച്ചിരുന്നതായും അത് തടയാൻ എപ്പോഴും പെൻ കാമറ ശരീരത്തിൽ ഒളിപ്പിച്ച് വയ്ക്കാറുണ്ടെന്നും മാതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പെൻകാമറ കണ്ടെത്താൻ ഇതുവരെ ഒരു ശ്രമവും പൊലീസ് നടത്തിയിട്ടില്ല. എല്ലാ തെളിവുകളും ഈ ക്യാമറയിൽ ഉണ്ടാകും. മൃഗീയമായ തരത്തിൽ ലൈംഗിക പീഡനം നടന്നുവെന്ന് ആദ്യഘട്ടത്തിൽ മൃതദേഹ പരിശോധന നടത്തിയവർ മനസിലാക്കിയില്ല. ഇതും വലിയ വീഴ്ചയാണ്. വ്യക്തമായി കാര്യങ്ങൾ അവലോകനം ചെയ്താൽ പോലും മനസ്സിലാകാവുന്ന കാര്യം എന്തുകൊണ്ട് പൊലീസിന് പിടികിട്ടിയില്ലെന്നത് അജ്ഞാതമാണ്. കൊല നടന്ന വീടിന്റെയും മൃതദേഹത്തിന്റെയും വീഡിയോയും ഫോട്ടോയും എടുക്കാതിരുന്നത് മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് നിസാരമായി കണ്ടതുകൊണ്ടാണ്.

മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ സമയത്തും പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. മാനഭംഗവും മൃഗീയ കൊലപാതകവും നടന്നതിനാൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ സേവനം ആവശ്യപ്പെടേണ്ടതാണ്. ഇവിടെ അത് പൊലീസ് ആവശ്യപ്പെട്ടില്ല. പോസ്റ്റ്‌മോർട്ടത്തിന്റെ വീഡിയോ ചിത്രീകരിച്ചതുമില്ല. മാനഭംഗം നടന്നതിനുള്ള വകുപ്പ് ചേർത്ത് പൊലീസ് കേസെടുത്തത് തന്നെ കൊല നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ്. അതും എറണാകുളം മേഖലാ ഐ.ജി മഹിപാൽയാദവ് കേസന്വേഷണം ഏറ്റെടുത്ത ശേഷം.

മുപ്പത്തിയെട്ട് മുറിവുകളും, ഗർഭാശയം തകർക്കുകയും ആന്തരികാവയവങ്ങൾ പുറത്തുവരികയും ചെയ്തുവെന്ന് കണ്ടെത്തിയിട്ടും അക്കാര്യം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ പൊലീസ് സംഘത്തെ അറിയിച്ചില്ല. മൃതദേഹം മാറ്റിയ ശേഷം സംഭവം നടന്ന സ്ഥലത്ത് വേണ്ടത്ര സുരക്ഷ ഏർപ്പെടുത്തിയില്ല. കൊല നടന്ന സ്ഥലം കാണാൻ പലരും ഇവിടെ വന്നു പോയി. തെളിവുകൾ പലതും നഷ്ടപ്പെടാൻ ഇതും കാരണമായി. പ്രമാദമായ കേസുകളിൽ ജില്ലയിലെ ക്രൈംബ്രാഞ്ച് വിഭാഗത്തെ കൂടി ഇൻക്വസ്റ്റ് വേളയിൽ വിളിച്ച് വരുത്താറുണ്ട്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് വിടുകയാണെങ്കിൽ തുടക്കത്തിലേ കാര്യങ്ങൾ അവർക്ക് പിടിക്കാനാണ് ഇത്. ഇവിടെ അതും നടന്നില്ല.

ഒരു ബീഡിക്കുറ്റി, ഒരു സിഗരറ്റ് ലാമ്പ്, ചോര പുരണ്ട ഒരു ചെരുപ്പ്, സ്റ്റീൽ കത്തി എന്നിവയാണു പൊലീസിന്റെ പക്കൽ തെളിവായുള്ളത്. ഇതൊന്നും പ്രതിയെ കണ്ടെത്താൻ പോന്നവയെല്ലന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. പൊലീസ് തയാറാക്കിയ പ്രതിയുടെ രേഖാചിത്രവും സംശയത്തിന്റെ വക്കിലാണ്. രേഖാചിത്രം തയാറാക്കിയത് അയൽവാസികളുടെ വിവരണത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് പൊലീസ് ഭാഷ്യം. മതിൽ ചാടിപ്പോയെന്നു പറയപ്പെടുന്ന ആൾ അന്യസംസ്ഥാനക്കാരനാണോ മലയാളിയാണോ എന്നു വ്യക്തമല്ല. ജിഷയുടെ മൃതദേഹം ചോരയിൽ കുളിച്ചാണു കിടന്നിരുന്നതെങ്കിലും മതിൽ ചാടിപ്പോയ ആളുടെ ദേഹത്ത് ചോര പുരണ്ടിരുന്നതായും സൂചനയില്ല. ഇയാളെ മുമ്പു കണ്ടിട്ടുണ്ടോ എന്നും സാക്ഷികൾ വ്യക്തമാക്കിയിട്ടില്ല. പിടിയിലായ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ ജിഷയുടെ അമ്മ രാജേശ്വരിയുടെ മുന്നിലെത്തിച്ചെങ്കിലും കേസിന് സഹായകമായ ഒരു വിവരവും ലഭിച്ചില്ല.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിടികൂടിയ രണ്ട് അസം സ്വദേശികളേയും അയൽവാസികളേയും ചോദ്യം ചെയ്‌തെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ജിഷയുടെ വീട്ടിനു സമീപത്തു നിന്നു ലഭിച്ച ചെരുപ്പ് കേന്ദ്രീകരിച്ചാണ് ഇവരെ ചോദ്യം ചെയ്തത്. അയൽവാസിയുടെ ദേഹത്ത് നഖക്ഷതമുണ്ടെങ്കിലും അതു മൽപ്പിടിത്തത്തിനിടെ സംഭവിച്ചതാണെന്നതിനുള്ള തെളിവു ലഭിച്ചിട്ടില്ല. ഒരാൾ മതിൽ ചാടി ഓടുന്നതു കണ്ടെന്നാണ് ആദ്യ അന്വേഷണത്തിൽ അയൽവാസിയായ സ്ത്രീ പൊലീസിനോടു പറഞ്ഞത്. ഇവർ നൽകിയ വിവരം അനുസരിച്ച് തയാറാക്കിയ രേഖാചിത്രത്തിന് ഇപ്പോൾ പിടിയിലായ അയൽവാസിയുമായി സാമ്യമില്ലെന്നാണു വിവരം. കൊലപാതകവുമായി ബന്ധപ്പെട്ട് ജിഷയുടെ സഹോദരീഭർത്താവ്, ഇയാളുടെ സുഹൃത്ത്, രണ്ട് അയൽവാസികൾ, ഇതര സംസ്ഥാന തൊഴിലാളി എന്നിവരടക്കം പന്ത്രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്.