കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഇഴയുന്നു. എങ്ങനെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകണമെന്ന് അറിയാത്ത സ്ഥിതിയിലാണ് ഉദ്യോഗസ്ഥർ. ക്രൂരമായ കൊലപാതകം കഴിഞ്ഞ് 15 ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിലാണ്. കൊലയാളി ആരാണെന്ന് പോലും പൊലീസിന് ബോധ്യമായിട്ടില്ല.

പച്ചമാങ്ങ കടിപ്പിക്കലും ബൂത്ത് കെട്ടി കൈവിരലടയാളം ശേഖരിക്കലുമടക്കമുള്ള പൊലീസ് അന്വേഷണ രീതികൾ ഇതിനോടകം തന്ന് പ്രഹസനമായിരുന്നു. അതിക്രൂരമായ കൊലപാതകം നടന്ന് 16 ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ നേരിയ പുരോഗതിപോലും കൈവരിക്കാനാകാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. ജിഷയുടെ പുറത്തുകണ്ട കടിയുടെ പാട് പല്ലുകൾ തമ്മിൽ അസാമാന്യ വിടവുള്ള ഒരാളുടേതാണെന്ന നിഗമനത്തിലാണ് പച്ചമാങ്ങ കടിപ്പിക്കുന്നത്. സമീപപ്രദേശത്തുള്ള സംശയമുള്ളവരെയും കസ്റ്റഡിയിലുള്ളവരെയും അടക്കം 30 ഓളം പേരെ ഇതിനകം മാങ്ങ കടിപ്പിച്ചു. പല്ലിന് വിടവുള്ള കുറ്റവാളികളുടെയും കൊലക്കേസ് പ്രതികളുടെയും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

വിരലടയാള ശേഖരണ യജ്ഞവും തുടരുകയാണ്. തുടർച്ചയായ നാലാം ദിവസവും ബൂത്ത്‌കെട്ടി കൈവിരലടയാളം ശേഖരിച്ചിട്ടും 800 പേരുടെ വിരലടയാളം മാത്രമേ ലഭിച്ചിട്ടുള്ളൂ. രായമംഗലം പഞ്ചായത്ത് 8, 9 വാർഡിലെ പുരുഷന്മാരുടെ വിരലടയാളമാണ് ശേഖരിക്കുന്നത്. രണ്ടു വാർഡിലുമായി 1400 ഓളം പുരുഷന്മാരുണ്ട്. ജിഷയുടെ അച്ഛൻ പാപ്പുവിൽനിന്ന് വിശദമായി മൊഴിയെടുത്തതു മാത്രമാണ് വെള്ളിയാഴ്ചത്തെ അന്വേഷണ പുരോഗതി. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മൂന്നുമണിക്കൂർ നീണ്ടു.

അതിനിടെ ജിഷ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് സൂചനയുള്ളതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. കെമിക്കൽ ലാബിലെയും ഫോറൻസിക് ലാബിലെയും പ്രാഥമിക പരിശോധനയിൽ ജിഷയുടെ ആന്തരികാവയവങ്ങളിൽ പുരുഷബീജം കണ്ടെത്താനായില്ലെന്നും വ്യാഴാഴ്ച വൈകിട്ട് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തിരുവനന്തപുരം കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറിയിൽനിന്ന് ഈ വിവരം ലഭിച്ചതെന്നും പൊലീസ് പറയുന്നു. ജിഷയുടെ ശരീരത്തിലും വസ്ത്രത്തിലും കണ്ട രക്തത്തിന്റെ ഗ്രൂപ്പ് നിർണയിക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടി നടത്തി അടുത്ത ബുധനാഴ്ചയോടെ മാത്രമേ മെഡിക്കൽ റിപ്പോർട്ട് അന്വേഷണസംഘത്തിന് ലഭിക്കൂ.

അതിനിടെ ജിഷ കൊല്ലക്കേസിൽ കസ്റ്റഡിയിലെടുത്ത അയൽക്കാരൻ ദൃക്‌സാക്ഷിയാണെന്ന് നിഗമനത്തിലും അന്വേഷണ സംഘം എത്തിയിട്ടുണ്ട്. ചോദ്യംചെയ്യലിൽ ഇയാൾ ഇക്കാര്യം സമ്മതിച്ചിട്ടില്ല. ജിഷയും അമ്മയും അയൽക്കാരനെതിരേ നിരവധി പരാതികൾ നൽകിയിരുന്നു. എന്നാൽ കൊലപ്പെടുത്താൻ തക്ക വൈരാഗ്യം ഇയാൾക്കുണ്ടായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ സൂചന നൽകി. സംശയമുണ്ടെന്നു ജിഷയുടെ അമ്മ പറഞ്ഞതോടെയാണ് മുൻ പല്ലുകളിൽ വിടവുള്ള ഈ അയൽക്കാരനെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. പക്ഷേ, അന്വേഷണത്തോട് സഹകരിക്കാത്ത നിലപാടായിരുന്നു ഇയാൾ.

ജിഷയുടെ തലയ്‌ക്കേറ്റ മാരക മുറിവ് കുതറി ഓടാൻ ശ്രമിച്ചപ്പോൾ ഉണ്ടായതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ശരീരത്തിൽ കണ്ട ചെറിയ മുറിവുകളും പോറലുകളും വെട്ട് പ്രതിരോധിച്ചപ്പോൾ സംഭവിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ജിഷയുടെ ശരീരത്തിൽ 38 മുറിവുകളും പതിനഞ്ചോളം പോറലുകളും ഉണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ. കസ്റ്റഡിയിലുള്ളവരെ മനഃശാസ്ത്രജ്ഞന്റെ സഹായത്തോടെ ചോദ്യം ചെയ്തിട്ടും ശക്തമായ തെളിവുകളൊന്നും കിട്ടിയില്ല.

ജിഷയുടെ വീട്ടിൽ നിന്നും ലഭിച്ച ചെരുപ്പിനെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഈ ചെരുപ്പ് കഴിഞ്ഞ ദിവസം വീടിനു മുന്നിൽ പ്രദർശിപ്പിച്ചു. വിരലടയാളം നൽകാൻ എത്തുന്നവരിൽ നിന്നു ചെരുപ്പിനെപറ്റിയും വിവരങ്ങൾ തേടുന്നുണ്ട്. കൊലപാതകം നടന്നു 15 ദിവസം പൂർത്തിയായ ഇന്നലെയും ഫൊറൻസിക് വിദഗ്ദ്ധർ തെളിവു ശേഖരണം തുടർന്നു. കനാൽ, മുറ്റം, വീടിനുൾവശം എന്നിവിടങ്ങളിലെ മണ്ണിന്റെ സാമ്പിളുകൾ ശേഖരിച്ചു.

കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് വയർ നിറയെ ഭക്ഷണം ജിഷ കഴിച്ചിട്ടുണ്ട്. അതു വീട്ടിൽ പാചകം ചെയ്തതല്ല. ആരോടൊപ്പം, എവിടെ തയാറാക്കിയ ഭക്ഷണമാണു ജിഷ കഴിച്ചതെന്നു കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഏപ്രിൽ 28 നു വൈകിട്ട് അഞ്ചു മണിക്കു ശേഷം വീടിനുള്ളിൽ കയറിയ കൊലയാളിയിൽനിന്നു രക്ഷപ്പെടാനായി ജിഷ വീടിനു പുറത്തേക്ക് ഓടാൻ ശ്രമിച്ചിട്ടുണ്ടാകാമെന്നാണു പുതിയ ഫൊറൻസിക് നിഗമനം. കൊലയാളി ചുരിദാർ ഷാളിൽ പിടികൂടി പിന്നിലേക്കു ശക്തിയായി വലിച്ചിട്ടിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. കഴുത്തിന്റെ മുൻഭാഗത്തും വശങ്ങളിലുമാണു ഷാൾ അമർന്നതിന്റെ പാടുകൾ കാണുന്നത്. കഴുത്തിൽ ഷാൾ ചുറ്റി മുറുക്കിയാൽ കഴുത്തിനു ചുറ്റിലും ഇതിന്റെ പാടുകൾ കാണാൻ കഴിയും. ജിഷയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അതു പറയുന്നില്ല.

കൊല്ലപ്പെടുന്നതിനു മുൻപു അവസാനമായി ജിഷ പറഞ്ഞ ''ഇതുകൊണ്ടാണു നിങ്ങൾ ....കാരെ വിശ്വസിക്കരുതെന്നു പറയുന്നത്...'' എന്ന വാചകം കുറെ കൂടി കൃത്യതയോടെ പൊലീസിനു ലഭിച്ചു. തുടർന്നു കരച്ചിലുകളാണു വീടിനുള്ളിൽ നിന്നു സമീപവാസികൾ കേട്ടത്. ആദ്യത്തേതു തുറന്ന കരച്ചിലും രണ്ടാമത്തേതു കഴുത്തിൽ പിടിമുറുകിയ ശേഷമുള്ള ഇടർച്ചയുള്ള കരച്ചിലുമായിരുന്നു. പിന്നീടു വീടിനുള്ളിൽ അനക്കമൊന്നും കേട്ടില്ല. ജിഷയ്ക്കു വളരെ അടുപ്പമുള്ള ഒരാളാണു കൊലയാളിയെന്ന കാര്യത്തിൽ ഫൊറൻസിക് വിദഗ്ദ്ധർ എല്ലാവരും യോജിക്കുന്നുണ്ട്.