കോതമംഗലം: ജിഷ സംഭവത്തിൽ പ്രതിഷേധിക്കാൻ സംഘടിച്ച ഫെയ്്‌സ് ബുക്ക് കൂട്ടായ്മയിലെ പ്രവർത്തകർ പെരുമ്പാവൂരിലെ സമരപരിപാടിക്ക് ശേഷം രണ്ടുതട്ടിലായി. വിഭിന്ന ചിന്താഗതിയുമായി വിവിധ സംഘടനകളുടെ ലേബലിൽ പെരുമ്പാവൂരിൽ സംഗമിച്ചവർ ജിഷ സംഭവത്തിൽ ശക്തമായ ഇടപെടലിന് ലക്ഷ്യമിട്ടിരുന്നെന്നും എന്നാൽ ഇവരിൽ ഒരുവിഭാഗം ഇപ്പോൾ ഈ കൂട്ടായ്മയുമായി തെറ്റിപ്പിരിഞ്ഞിരിക്കുകയാണെന്നും സമരത്തിൽ പങ്കെടുക്കുകയും പൊലീസ് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്ന സുജ ഭാരതി പറഞ്ഞു. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജനകീയ മനുഷ്യാവകാശ സംരക്ഷണസമിതിയുടെ പ്രവർത്തകയാണ് സുജ.

സമരപരിപാടിക്കു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജ്ജും തുടർനടപടികളും ആശുപത്രിവാസവുമെല്ലാം ഇവരിലേൽപ്പിച്ച ആഘാതമാവാം മുൻനിലപാടിൽ നിന്നും ഇവർ പിൻവലിയാൻ കാരണമെന്നാണ് തന്റെ വിശ്വാസമെന്നും, സമാനചിന്താഗതിക്കാരുമായി ചേർന്ന് സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വരുംദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും ഇവർ അറിയിച്ചു.

സംസ്ഥാനത്തിനകത്തും പുറത്തും നിന്നായെത്തിയ നാനൂറോളം പേരാണ് പ്രതിഷേധകൂട്ടായ്മയിൽ അണിനിരന്നത്. ജിഷ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ട പ്രതിഷേധപോസ്റ്റുകളെ പിൻതുടർന്ന് അണിചേർന്നവരാണ് പെരുമ്പാവൂരിലെ പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്. സമരത്തിൽ പങ്കെടുക്കാൻ നിരവധി സർക്കാർ ജീവനക്കാരും എത്തിയിരുന്നു. കേസിൽ വീഴ്ചവരുത്തായ കുറുപ്പംപടി എസ് ഐ, സി ഐ എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.സമരപരിപാടിക്കിടെ പുറമേനിന്നും കല്ലേറുണ്ടായെന്നും കല്ലെറിഞ്ഞവരെ തങ്ങൾക്കൊപ്പമുണ്ടായിരുന്നവർ പൊലീസിനെ ചൂണ്ടികാണിച്ചെന്നും എന്നിട്ടും പൊലീസ് തങ്ങളെ തല്ലിച്ചതയ്ക്കുകയായിരുന്നെന്നുമാണ് ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആരോപണം.

പുരുഷ പൊലീസുകാരുടെ കാട്ടാളത്തത്തേക്കാൾ ഒരുപടികൂടി മുന്നിലായിരുന്നു തങ്ങളെ നേരിട്ട വനിതാ പൊലീസുകാരിയുടെ അക്രമണമെന്ന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കൂട്ടായ്മയിലെ സ്ത്രികൾ വെളിപ്പെടുത്തിയിരുന്നു.. മാറിടത്തിൽ പലവട്ടം ശക്തിയായി അമർത്തുകയും കശക്കുകയും ചെയ്തുവെന്നും പിൻഭാഗങ്ങളിലും നടുവിലും ലാത്തികൊണ്ട് കുത്തിയെന്നും കേട്ടാലറയ്ക്കുന്ന തെറിവിളിച്ചന്നുമാണ് പേലീസുകാരിക്കെതിരെ സമരത്തിൽ പങ്കെടുത്ത സ്ത്രീകളിൽ ചിലരുടെ പ്രധാന പരാതി. സംഭവ സ്ഥലത്തുവച്ചും വാഹനത്തിൽ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും വഴിക്കുമാണ് തങ്ങളെ പൊലീസുകാരി ആക്രമിച്ചതെന്നും ആരുടെയോ നിർദ്ദേശപ്രകാരം കരുതിക്കൂട്ടിയാണ് ഇവർ ഇങ്ങിനെ പെരുമാറിയതെന്ന് സംശയിക്കുന്നതായും പരിക്കേറ്റവർ ആരോപിച്ചിരുന്നു.

ആക്രമണത്തെത്തുടർന്നുള്ള നീർക്കെട്ടും വോദനയും രൂക്ഷമായ സാഹചര്യത്തിലാണ് പൊലീസ് ആതിക്രമത്തിൽ പരിക്കേറ്റ കൂട്ടായ്മയിലെ പ്രവർത്തകർ ആശുപത്രിയിൽ ചികിത്സതേടിയത്. വയറിൽ പൊലീസുകാരന്റെ ചവിട്ടേറ്റതിനെതുടർന്നുള്ള ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കുട്ടായ്മയിലെ യുവതി ആഴ്ചകളോളം ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സമര രംഗത്തിറങ്ങിയ സ്ത്രികൾക്കുനേരെ ഇതുവരെ ഇത്തരത്തിലൊരുപ്രതികരണം പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാതായി കേട്ടറവില്ലന്നും ഇക്കാര്യത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കൂട്ടായ്മയിൽ പങ്കെടുത്ത സന വ്യക്തമാക്കിയിരുന്നു.

ഡൽഹിയിൽ നിർഭയയെ കാമവെറിയന്മാരാൽ പിച്ചിചീന്തപ്പെട്ടപ്പോൾ സോഷ്യൽ മീഡിയകൾ വഴി സംഭവമറിഞ്ഞ് പ്രതിഷേധവുമായി പതിനായിരങ്ങൾ ഒത്തുചേർന്നിരുന്നു. കൊടിയുടെ നിറംനോക്കാതെ സമരരംഗത്ത് നിലയുറപ്പിച്ച ഇവരെ അടിച്ചമർത്താൻ പൊലീസ് പടിച്ചപണി പതിനെട്ടും പയറ്റിയിട്ടും രക്ഷയുണ്ടായില്ല.ഒടുവിൽ സംഭവത്തിലുൾപ്പെട്ട എല്ലാ പ്രതികളും ഇരുമ്പഴിക്കുള്ളിലാവുംവരെ ഈ സമരത്തിന്റെ അലയൊലികൾ നീണ്ടുനിന്നു.

ജിഷ സംഭവത്തിൽ സോഷ്യൽ മീഡിയയുടെ ഇടപെടലും സമരപരിപാടിയും മറ്റും ഇത്തരത്തിലൊരു ശക്തമായ നീക്കത്തിന് തുടക്കംകുറിക്കലാവുമെന്ന തരത്തിൽ വ്യാപക പ്രചാരണമുണ്ടായിരുന്നെങ്കിലും കാര്യമായ ചലനങ്ങളൊന്നുമുണ്ടായില്ല. സംഭവത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തിയവരെല്ലാം തന്നെ കളംവിട്ടു. സംഭവം പുറത്തുവന്നതോടെ മത്സരിച്ച് പ്രതിഷേധ പരിപാടികളും മറ്റും സംഘടിപ്പിച്ചിരുന്ന രാഷ്ട്രീയ സംഘടനകളെ ഇപ്പോൾ മഷിയിട്ടുനോക്കിയാലും കാണാനില്ലെന്നാണ് പെരുമ്പാവൂരിൽ നിന്നും ലഭിക്കുന്ന വിവരം. പേരിന് നടക്കുന്ന രാപകൽ സമരമൊഴിച്ചാൽ ഇപ്പോൾ ഈ സംഭവത്തിൽ കാര്യമായ പ്രതിഷേധവുമായി ആരും രംഗത്തില്ല എന്നതാണ് നിലവിലെ സ്ഥിതി.

ഇലക്ഷന് ശേഷം ജിഷ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന മുൻ എം എൽ എ സാജു പോൾ ഇലക്ഷന്റെ പിറ്റേന്ന് സമരപ്പന്തലിലെത്തി മടങ്ങിയ ശേഷം ഈവഴിക്ക് കണ്ടിട്ടേയില്ലെന്നാണ് ലഭ്യമായ വിവരം.സംഭവത്തിൽ ശക്തമായ പ്രതിഷേധം തീർത്ത സമുദായ സംഘടനകളും ഇക്കാര്യം ഇപ്പോൾ മറന്ന മട്ടാണ്. രാഷ്ട്രീയക്കാർക്ക് ജിഷ സംഭവം ഇലക്ഷന് വീണുകിട്ടിയ പ്രചരണായുധമായിരുന്നെങ്കിൽ മറ്റുസംഘടനകളും ' പ്രമുഖ 'വ്യക്തികളും അനുബന്ധ പ്രവർത്തകരും വാർത്താ മാദ്ധ്യമങ്ങളിൽ സ്ഥാനം പിടിക്കുന്നതിനുള്ള കുറുക്കുവഴിയായിട്ടാണ് രാജ്യത്തെ നടുക്കിയ ഈ സംഭവത്തെ കണ്ടതെന്നാണ് നിലവിലെ സ്ഥിതിഗതികളിൽ നിന്നും വ്യക്തമാവുന്നത്.ആശുപത്രിയിൽക്കഴിയുന്ന ജിഷയുടെ അമ്മയെക്കാണാൻ ചിലരെത്തിയത് കാമറാമാന്മാരെയും കൊണ്ടായിരുന്നു.