പെരുമ്പാവൂർ: ജിഷ കൊലക്കേസിലെ പൊലീസ് അന്വേഷണം ഒരാളിലേക്ക് കേന്ദ്രീകരിക്കുന്നു. ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തായ ഇതര സംസ്ഥാനക്കാരനിലേക്കാണ് പൊലീസ് അന്വേഷണം നീങ്ങുന്നത്. ഇയാൾക്ക് വേണ്ടി അഞ്ച് ടീമായി തിരിഞ്ഞ് പൊലീസ്് അന്വേഷണം ആരംഭിച്ചു. ഇതര സംസ്ഥാനക്കാരുടെ താമസ സ്ഥലങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടുപോകുന്നത്. അന്വേഷണ സംഘം തയാറാക്കിയ രേഖാ ചിത്രവുമായി ഇയാൾക്ക് സാമ്യമുണ്ട്. ഇക്കാര്യ നാട്ടുകാരും വ്യക്തമാക്കിയിട്ടുണ്ട്.

പെൺവാണിഭ സംഘവുമായും ഇയാൾക്കു ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചനകൾ. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഞ്ചാവ് വിൽപ്പനക്കാരനായ ഇയാൾ ജിഷ കൊല്ലപ്പെട്ടതിനു ശേഷം ഒളിവിലാണ്. അന്വേഷണ സംഘം തയ്യാറാക്കിയ രേഖാചിത്രവുമായി ഇയാൾക്കു സാമ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ദീപയുടെ കോൾ ലിസ്റ്റും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതി, ജിഷയ്ക്കും വീട്ടുകാർക്കും പരിചിതനായതിനാൽ വീട്ടിൽ കയറ്റിയിരുത്തിയതാകാമെന്ന് പൊലീസ് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ അമ്മയ്‌ക്കൊപ്പമാണ് ദീപ ഇപ്പോഴുള്ളത്. ഇന്നലെ ഇവരുടെ മൊഴിയെടുക്കാൻ പൊലീസ് ശ്രമിച്ചിരുന്നുവെങ്കിലും ദീപ പൂർണമായി സഹകരിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ദീപ ആരെയോ ഭയക്കുന്നതായി സംശയമുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ കെ.സി റോസക്കുട്ടിയും സൂചിപ്പിച്ചിട്ടുണ്ട്.

ദീപയുടെ മൊഴി ഉച്ചയ്ക്ക് ശേഷം വനിതാ കമ്മീഷൻ രേഖപ്പെടുത്തും. അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് ടി.പി സെൻകുമാർ ഫോറൻസിക് വിഭാഗം മുൻ തലവൻ ഡോ.ബി ഉമാദത്തനുമായി കൂടിക്കാഴ്ച നടത്തി. ഉമാദത്തന്റെ കൊച്ചിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

ജിഷയുടെ ദേഹത്തു കണ്ട പരുക്കുകൾ പൊലീസ് വീണ്ടും വിലയിരുത്തുകയാണ്. ഇതര സംസ്ഥാനക്കാർ ഉൾപ്പെട്ട കേസുകളിലേതിനു സമാനമാണ് ജിഷയുടെ ശരീരത്തിലുണ്ടായിരുന്ന പരുക്കുകൾ. അതിനിടെ, ജിഷയുടെ പോസ്റ്റ്‌മോർട്ടത്തിൽ പാളിച്ചകളില്ലെന്ന് ഫൊറൻസിക് വിദഗ്ധനും വകുപ്പ് മുൻ മേധാവിയുമായിരുന്ന ഡോ.ബി.ഉമാദത്തൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൃത്യമാണ്. എല്ലാ പരിശോധനകളും നടത്തിയിട്ടുണ്ട്. മൃതദേഹം നേരത്തെ ദഹിപ്പിച്ചതിൽ തെറ്റില്ല. ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടായിരുന്നു. ഡിജിപിയും സംഘവും എത്തിയത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരിശോധിക്കാനാണെന്നും ഉമാദത്തൻ പറഞ്ഞു.
.
വീട്ടിൽനിന്നു ലഭിച്ച വിരലടയാളവും കസ്റ്റഡിയിൽ ഉള്ളവരുടേതുമായി സാമ്യമില്ലെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സഹോദരിയുടെ സുഹൃത്തിലേക്ക് അന്വേഷണം നീണ്ടത്. വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽനിന്നും പരിസരങ്ങളിൽനിന്നും കണ്ടെത്തിയ ആയുധങ്ങളിൽ രക്തക്കറയില്ല. കൊല നടത്തിയത് ഈ ആയുധങ്ങൾ ഉപയോഗിച്ചല്ലെന്ന നിഗമനത്തിലാണ് പൊലീസ്. സഹോദരി അച്ഛനൊപ്പം താമസിച്ചിരുന്ന സമയത്ത് ഇതര സംസ്ഥാനക്കാരനായ ഇയാൾ അവിടെ നിത്യസന്ദർശകനായിരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതിനോടകം ഇതിനകം 200ഓളം പേരെ പൊലീസ് ചോദ്യം ചെയ്തു. അന്വേഷണം മറ്റേതെങ്കിലും ഏജൻസികളെ ഏല്പിക്കുന്നത് സർക്കാറിനും പൊലീസിനും നാണക്കേടാവുമെന്ന ധാരണയിൽ, എങ്ങനെയും കേസ് തെളിയിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലുള്ള 15 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ജിഷയെ 'ബർക്കിങ്' രീതിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണു ഫൊറൻസിക് നിഗമനം. ഇരകൾ ദുർബലരും കൊലയാളി കരുത്തനുമാവുമ്പോഴാണ് ഈ രീതി പ്രയോഗിക്കുന്നതെന്നു പറയുന്നു. ഇരയെ കീഴ്‌പ്പെടുത്തിയ ശേഷം നെഞ്ചിൽ കയറി ഇരുന്ന് ഇരയുടെ കൈകൾ രണ്ടും കൊലയാളി കാലുകൾകൊണ്ടു ചവിട്ടിപ്പിടിച്ചു ചലനരഹിതമാക്കും. പിന്നീടു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തും. ശ്വാസനാളിയിലെ അസ്ഥിയും (ഹയോയ്ഡ്) തൈറോയ്ഡ് ഗ്രന്ഥിയും തകരും. ജിഷയുടെ മൃതദേഹത്തിൽ ഈ പരുക്കുകൾ കണ്ടിരുന്നു. മരണം ഉറപ്പാക്കാൻ അക്രമം തുടർന്നതിനാലാണു ജിഷയുടെ ഷാൾ വീണ്ടും കഴുത്തിൽ മുറുക്കിയത്. പീഡനവും ക്രൂരമായ മുറിപ്പെടുത്തലും നടന്നത് ശേഷമാണെന്നാണു നിഗമനം.

അതേസമയം ജിഷയുടെ ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചതിലും പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. അടിയന്തിര പ്രാധാന്യമുള്ള കേസിൽ പുരുഷ ബീജമുണ്ടോ എന്ന് പരിശോധിച്ച റിപ്പോർട്ട് നൽകണമെന്നുള്ള കത്ത് പൊലീസ് ഇത് വരെയും കെമിക്കൽ ഡിപ്പാര്ട്ട്‌മെന്റിന് നൽകിയിട്ടില്ല. കത്ത് ലഭ്യമാകാതെ പരിശോധന ആരംഭിക്കാനാവില്ലെന്ന് ചീഫ് കെമിക്കൽ എക്‌സാമിനർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. പുരുഷ ബീജത്തിന്റെ സാന്നിദ്ധ്യമുണ്ടോ എന്ന നിർണായകമായ തെളിവ് ലഭിക്കുക ഈ പരിശോധനയിലൂടെ മാത്രമാണ്.

ഇത്രയും ദിവസം കാത്തിരുന്നിട്ടും പൊലീസിന്റെ കത്ത് ലഭിക്കാത്തതിനെ തുടർന്ന് അവയവ പരിശോധന ആരംഭിക്കുന്നത് ഇന്നലെ മാത്രം. കേസിന്റെ പൊതുസമൂഹത്തിലെ പ്രാധാന്യം കണക്കിലെടുത്ത് നിയമം മറികടന്ന് തങ്ങൾ സ്വമേധയാ പരിശോധനയ്ക്ക് മുതിരുകയായിരുന്നെന്ന് കെമിക്കൽ എക്‌സാമിനർ അറിയിച്ചു. മുപ്പതാം തീയതിയാണ് ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനക്ക് തിരുവനന്തപുരം കെമിക്കൽ ലാബിലേക്ക് അയച്ചത്.