കൊച്ചി: പെരുമ്പാവൂർ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ അന്വേഷണം പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടയിലേക്ക് നീങ്ങുന്നു. രാഷ്ട്രീയക്കാർക്ക് അടക്കമുള്ളവരുമായി ബന്ധമുള്ള ഗുണ്ടയെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തു. ജിഷ കൊല്ലപ്പെട്ട ഏപ്രിൽ 28ന് ഇയാളുടെ സാന്നിധ്യം പെരുമ്പാവൂർ പട്ടണത്തിലുണ്ടായിരുന്നു. ഇയാളും കൂട്ടാളിയും അന്നു രാത്രി പട്ടണത്തിലൂടെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതു ശ്രദ്ധിച്ച നാട്ടുകാരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. ഇതേ തുടർന്നാണ് ഇയാളിലേക്കും അന്വേഷണം നീണ്ടത്.

കൊലപാതകം അടക്കം പല ക്രിമിനൽ കേസുകളിലും പ്രതിയായ ഗുണ്ടയ്ക്ക് വലിയ രാഷ്ട്രീയ സ്വാധീനവുമുണ്ട്. കുറുപ്പംപടിക്കു സമീപത്തെ എൻജിനീയറിങ് വർക്‌ഷോപ്പിലും ഗുണ്ടയും കൂട്ടാളിയും എത്തിയിരുന്നു. കൊല്ലപ്പെട്ട ജിഷയുമായി ഇയാൾക്ക് എന്തെങ്കിലും പരിചയമുള്ളതായി അറിയില്ല. കൊലപാതകത്തിൽ എന്തെങ്കിലും പങ്കുണ്ടോ എന്നറിയാനാണു ചോദ്യം ചെയ്യുന്നത്. കൊലപാതകം നടത്തിയതു ജിഷയുടെ അടുത്ത പരിചയക്കാരനാണെന്ന നിഗമനത്തിൽ തന്നെയാണു പൊലീസ് ഇപ്പോഴും.

ജിഷയുടെ മൊബൈൽ ഫോണിലെ മൂന്നു പേരുടെ ചിത്രങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം എങ്ങും എത്തിയിട്ടില്ല. ഇവർ മൂന്നുപേരും ഇതര സംസ്ഥാനക്കാരാണ്. എന്തിനു വേണ്ടിയാണ് ഇവരുടെ ചിത്രങ്ങൾ ജിഷ മൊബൈൽ ഫോണിൽ സൂക്ഷിച്ചതെന്നാണു പൊലീസ് അന്വേഷിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുമാരിൽ ഭൂരിഭാഗവും അന്വേഷണത്തോടു വേണ്ടവിധം സഹകരിക്കാത്ത സാഹചര്യത്തിൽ ജിഷയുടെ ഫോണിൽ കണ്ടെത്തിയ മൂന്നു പേരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്. ഇതിലൂടെ തൊഴിലാളികളെ കുറിച്ചോ ഇവരെ പെരുമ്പാവൂരിലെത്തിച്ച ഏജന്റുമാരെ കുറിച്ചോ വ്യക്തമായ വിവരം ലഭിക്കുമെന്നു പൊലീസ് കരുതുന്നു.

അന്യ സംസ്ഥാനത്തൊഴിലാളികൾ പണിയെടുക്കുന്ന പെരുമ്പാവൂരിലെ വ്യവസായ സ്ഥാപനങ്ങളുടെ ഉടമകളുടെ യോഗം ബുധനാഴ്ച പൊലീസ് വിളിച്ചുചേർത്തു. നൂറിലധികം പേരുണ്ടാകുമെന്ന് പൊലീസ് കരുതിയിരുന്നെങ്കിലും 25-ഓളം പേരാണ് യോഗത്തിൽ പങ്കെടുത്തത്. ആയിരത്തിലധികം പ്ലൈവുഡ് കമ്പനികൾ പെരുമ്പാവൂർ മേഖലയിലുണ്ട്. യോഗത്തിൽ പങ്കെടുക്കാത്തവർക്ക് നോട്ടീസ് നൽകാനാണ് പൊലീസിന്റെ തീരുമാനം.

കൊലപാതകം സംബന്ധിച്ചു പൊതുജനങ്ങൾക്കുള്ള സംശയങ്ങളും വിവരങ്ങളും പൊലീസിനു കൈമാറാൻ പെരുമ്പാവൂരിലും പരിസരങ്ങളിലും അടുത്ത ദിവസങ്ങളിൽ കൂടുതൽ എഴുത്തുപെട്ടികൾ സ്ഥാപിക്കും. കൊലയാളിയുടേതെന്നു സംശയിക്കുന്ന രേഖാചിത്രത്തിലെ രൂപവുമായി ഫോണിലെ ചിത്രങ്ങൾ യോജിക്കുന്നതല്ല ജിഷയുടെ ഫോണിൽ നിന്നും കണ്ടെത്തിയ ചിത്രങ്ങൾ.

അതേസമയം ജിഷയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചന്റെ സഹായി ബിജുവിന്റെ മൊഴി പൊലീസ് ശേഖരിച്ചു. ജിഷയുടെ അമ്മ രാജേശ്വരി തങ്കച്ചന്റെ വീട്ടിൽ ജോലി ചെയ്തിരുന്നോ തുടങ്ങിയ വിവരങ്ങളാണ് പൊലീസ് ചോദിച്ചറിഞ്ഞത്. ജിഷയുടെ വീടിന്റെ പരിസരത്താണ് ബിജുവിന്റെ വീട്. മുൻപ് ഇയാളുടെ കൈവിരലടയാളവും ശേഖരിച്ചിരുന്നു. ജിഷയുടെ പിതൃത്വം സംബന്ധിച്ച വിവാദങ്ങളുടെ പാശ്ചാത്തലത്തിൽ പിതാവ് കുറ്റിക്കാട്ടുപറമ്പിൽ പാപ്പു ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു പരാതി നൽകിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തങ്കച്ചനിലേക്ക് അന്വേഷണം നീളുന്നത്.

പിഎയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തങ്കച്ചനിൽ നിന്നും മൊഴിയെടുക്കാനും സാധ്യതയുണ്ട്. ജിഷയുടെ പിതാവ് പെരുമ്പാവൂരിലെ മുതിർന്ന കോൺഗ്രസ് നേതാവാണെന്നായിരുന്നു ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിച്ചത്. ആരോപിച്ചത്. കോൺഗ്രസ് നേതാവിനോട് സ്വത്ത് ചോദിച്ചതാണ് തർക്കത്തിന് കാരണം. ഇതാണ് ജിഷയുടെ കൊലയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നായിരുന്നു ജോമോന്റെ നിലപാട്. ഇക്കാര്യം അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്തി. ജിഷയുടെ അമ്മ രാജേശ്വരി ഈ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്നുവെന്നും ആരോപിച്ചു. ഈ ആരോപണം യുഡിഎഫ് കൺവീനർ നിഷേധിച്ചത് പുതിയ മാനങ്ങളുണ്ടാക്കി. ഇതിനിടെ തങ്കച്ചന്റെ വീട്ടിൽ രാജേശ്വരി ജോലിക്ക് നിന്നിരുന്നുവെന്ന് പാപ്പു സമ്മതിക്കുകയും ചെയ്തു. ഇത് മറുനാടൻ മലയാളി പുറത്തുവിടുകയും ചെയ്തു. ഇതോടെ അന്വേഷണം തങ്കച്ചനിലേക്കും നീട്ടേണ്ടി വന്നു. തങ്കച്ചന്റെ പിഎയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ രാജേശ്വരി വീട്ടിൽ ജോലിക്ക് നിന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ പിഎയും തള്ളി. ഇതോടെയാണ് ശാസ്ത്രിയ പരിശോധനയിലേക്ക് പൊലീസ് നീങ്ങുന്നത്.

ജിഷ കൊല്ലപ്പെട്ടു എന്നു പറയുന്ന ദിവസം പെരുമ്പാവൂർകോതമംഗലം റൂട്ടിൽ ഓടുന്ന ബസ്സിൽ ജിഷയെ കണ്ടു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ജിഷ അവസാനമായി കണ്ടത് ആരെയാണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്. ജിഷയുടെ മരണത്തിൽ ആരോപണ വിധേയനായ കോൺഗ്രസ്സ് നേതാവ് പിപി തങ്കച്ചന്റെ വീട് ഈ റൂട്ടിലാണ് എന്നുള്ളത് വീണ്ടും സംശയങ്ങൾക്ക് വഴിയൊരുക്കുന്നു. ഇതും പൊലീസ് മുഖവിലയ്ക്കെടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഡിഎൻഎ പരിശോധനയും ജിഷയുടെ പിതൃത്വ വിവാദവും തീർക്കേണ്ടതുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റയും ഇതേ അഭിപ്രായക്കാരനാണ്. അതുകൊണ്ട് കൂടിയാണ് അന്വേഷണ സംഘം പുതിയ സാധ്യതകൾ തേടുന്നത്. വിവാദങ്ങൾ എല്ലാം ഇല്ലാതാക്കുന്ന അന്വേഷണം ശാസ്ത്രീയമായി നടത്തണമെന്നാണ് ബെഹ്റയുടെ നിലപാട്.