കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥി ജിഷയെ കൊലപ്പെടുത്തിയത് അമീറുൽ ഇസ്ലാം തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ, പൊലീസിനെ സംബന്ധിച്ചിടത്തോളം ഇനി വേണ്ടത് കൃത്യതയോടെയുള്ള കരുനീക്കങ്ങലാണ്. കാരണം കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതിക്ക് അർഹിക്കുന്ന ശിക്ഷ തന്നെ വാങ്ങി നൽകണം എന്നതാണ് പൊലീസ് നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാൽ, ഇത്രയും ക്രൂരമായി ജിഷയെ കൊലപ്പെടുത്താൻ എന്താണ് കാരണമെന്നതിന്റെ വ്യക്തമായ ഉത്തരം കിട്ടാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്. ആരെങ്കിലും ജിഷയെ കൊല്ലിച്ചതാണോ എന്നാണ് ഇതിലുള്ള സംശയം. ജിഷയുടെ മാതാവും ഈ സംശയം ഉന്നയിച്ചു കഴിഞ്ഞു.

വധക്കേസിലെ പ്രധാന തെളിവായ കത്തിയും രക്തംപുരണ്ട മഞ്ഞ ഷർട്ടും പ്രതി അമീറുൽ ഇസ്ലാം തങ്ങിയിരുന്ന ലോഡ്ജിൽ നിന്നു കടത്തിയെന്നാണ് പൊലീസിന് വ്യക്തമായത്. നേരത്തെ കണ്ടെടുത്ത ആയുധം ഉപയോഗിച്ചല്ല പ്രതി കൊല നടത്തിയതെന്നും അന്വേഷണ സംഘം പറയുന്നു. പ്രതി അറസ്റ്റിലായ ശേഷം ഇരിങ്ങോൾ വൈദ്യശാലപ്പടിയിലെ ലോഡ്ജിൽ അന്വേഷണ സംഘം കണ്ടെത്തിയ കത്തിയല്ല കൊലയ്ക്ക് ഉപയോഗിച്ചതെന്നു ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി. കത്തിയുടെ ആകൃതി, വലുപ്പം എന്നിവ ജിഷയുടെ ശരീരത്തിലെ മുറിവുകളുമായി പൊരുത്തപ്പെടുന്നില്ലെന്നതാണ് കൊലയ്ക്കുപയോഗിച്ച ആയുധം മറ്റൊന്നാണെന്ന് വ്യക്തമാകാൻ കാരണം.

കേസിലെ പ്രധാന തെളിവുകളായ കത്തിയും മഞ്ഞ ഷർട്ടും കൊണ്ടുപോയത് അമീർ അറസ്റ്റിലാകുന്നതിന് ഒരാഴ്ച മുൻപാണെന്നാണു നിഗമനം. അമീർ ഒളിവിലായിരിക്കുമ്പോഴും തെളിവുകൾ നശിപ്പിക്കാൻ താൽപര്യമുള്ള ആരോ കൊലപാതകം നടന്ന കുറുപ്പംപടി, വട്ടോളിപ്പടി പ്രദേശത്തുണ്ടായിരുന്നതിന്റെ സൂചനയായാണ് അന്വേഷണ സംഘം ഇതിനെ കാണുന്നത്. ഇതോടെ കൊലപാതകത്തിന് പിന്നിലെ ബാഹ്യ പ്രേരണയും ചർച്ചാ വിഷയമാകുന്നുണ്ട്.

അമീറിന്റെ മാതാവ് ഖദീജ അസം പൊലീസിനു നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ കേരളത്തിലുണ്ടെന്നു പറയപ്പെടുന്ന സഹോദരൻ ബദറുൽ ഇസ്ലാമിനെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ലോഡ്ജ് ഉടമ കെ.എം.ജോർജിനേയും ചോദ്യം ചെയ്യും. പ്തിയെ അറിയില്ലെന്നാണ് ലോഡ്ജ് ഉടമ കെ എം ജോർജ്ജ് പറയുന്നത്. ലോഡ്ജിൽ അമീർ അഞ്ചുമാസമായി താമസിച്ചിരുന്ന മുറിയിൽ വന്ന് ഇയാളുടെ വസ്ത്രങ്ങൾ അടങ്ങിയ ബാഗ് കൊണ്ടുപോയത് അതേ ലോഡ്ജിലെ മറ്റൊരു മുറിയിൽ തങ്ങിയിരുന്ന അമീറിന്റെ രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകനാണ്.

കത്തി ബാഗിൽ ഉണ്ടായിരുന്നില്ലെന്നു ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോടു പറഞ്ഞു. ബാഗിലുണ്ടായിരുന്ന മുഷിഞ്ഞ വസ്ത്രങ്ങൾ ലോഡ്ജിനു സമീപത്തെ ചവറു കൂനയിൽ ഉപേക്ഷിച്ചതായും യുവാവു മൊഴി നൽകി. ഇക്കൂട്ടത്തിൽ മഞ്ഞ ഷർട്ട് കണ്ടില്ല. പൊലീസ് ലോഡ്ജും പരിസരവും ഇന്നലെ അരിച്ചു പെറുക്കിയിട്ടും മഞ്ഞ ഷർട്ടും കത്തിയും കണ്ടെത്താൻ കഴിഞ്ഞില്ല. കത്തി ഉപേക്ഷിച്ചത് കനാലിലാണെന്ന് ആദ്യം മൊഴി നൽകിയ അമീർ പിന്നീട് ഇരിങ്ങോൾ കാവിലാണെന്നു മൊഴി മാറ്റിയിരുന്നു.

പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്താൽ മാത്രമേ ഇതിൽ വ്യക്തത വരൂ. ജോലി സ്ഥലത്ത് അടിപിടിയുണ്ടായതിനാൽ കുറച്ചു കാലം മാറി നിൽക്കുകയാണെന്നാണ് രണ്ടാം ഭാര്യയുടെ മകനോട് അമീർ പറഞ്ഞിരുന്നത്. അമിത മദ്യപാനവും സ്വഭാവ വൈകല്യങ്ങളും മൂലം രണ്ടു ഭാര്യമാരും അമീറിനോട് അകലം പാലിച്ചിരുന്നു. എന്നാൽ ഏറെ പ്രായക്കൂടുതലുള്ള രണ്ടാംഭാര്യയുടെ മകനുമായി അമീർ അടുപ്പം സൂക്ഷിച്ചിരുന്നു. കേസിൽ ഈ യുവാവിന്റെ മൊഴികൾ പൊലീസിനു നിർണായകമാണ്. കൊലപാതകം നടന്ന രാത്രി ബസിൽ ആലുവയിലെത്തിയ അമീർ അസമിലേക്കുള്ള വിവേക് എക്സ്‌പ്രസിലാണു നാട്ടിലേക്കു പോയത്.

അതേസമയം ജിഷയുടെ കൊലപാതക കേസിൽ അറസ്റ്റിലായ അമിയൂർ ഇസ്ലാമിനെ താൻ തല്ലിയിട്ടില്ലെന്ന് ജിഷയുടെ അമ്മ രാജേശ്വരിയും വ്യക്തമക്കി. ഈ സാഹചര്യത്തിൽ എന്താണ് കൊലപാതകം എന്ന ചോദ്യം അവശേഷിക്കുകയാണ്. വീടിന് സമീപത്തെ കുളിക്കടവിൽ വച്ച് താൻ ആരെയും തല്ലിയിട്ടില്ലെന്നും അവിടേക്ക് പോകാറില്ലെന്നും രാജേശ്വരി പറഞ്ഞു. ജിഷയ്ക്ക് ആരോടും പ്രണയമില്ലായിരുന്നെന്നും അവർ പറഞ്ഞു.

ജിഷയുടെ അമ്മ മർദ്ദിച്ചതായി അമിയൂർ പറഞ്ഞുവെന്ന് ചോദ്യം ചെയ്യലിന് സഹായിച്ച ദ്വിഭാഷി ലിപ്ടൺ വെളിപ്പെടുത്തിയിരുന്നു. ചക്കിലാംപറമ്പിലെ കുളിക്കടവിൽ ജിഷ പതിവായി വരാറുണ്ടായിരുന്നെന്ന് അയൽവാസികളും സാക്ഷ്യപ്പെടുത്തിയിരുന്നു. ജിഷയുടെ വീട്ടിൽ നിന്ന് കുളിക്കടവിലേക്ക് 200 മീറ്റർ മാത്രമാണ് ഉള്ളത്. സ്ഥലത്ത് ഒരു സംഘർഷം നടന്നതായി അറിയില്ലെന്നും സമീപത്തുള്ള സ്ത്രീകളും മൊഴി നൽകിയിരുന്നു

പ്രതി അമിയൂർ ഇസ്ലാമുമായി പ്രണയത്തിലായിരുന്നുവെന്ന് ലിപ്ടൺ പറഞ്ഞിരുന്നു. പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധത്തിന് പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല. അമിറുൾ ഇസ്ലാമിന് മലയാളം അറിയില്ല. എന്നാൽ ഹിന്ദി, ബംഗാളി ഭാഷകൾ ഇയാൾക്ക് അറിയാമെന്ന് ഇയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. തുടർന്നാണ് മറുപടിയുമായി രാജേശ്വരി രംഗത്തെത്തിയത്.