കൊച്ചി: ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച ജിഷ വധക്കേസിൽ കൃത്യം നടന്ന് അമ്പതാം നാളിലാണ് പ്രതി പിടിയിലാകുന്നത്. ആദ്യ അന്വേഷണ സംഘത്തിന്റെ അലംഭാവം ഒന്നുകൊണ്ട്് മാത്രമാണ് പ്രതിയെ പിടികൂടാൻ ഇത്രയും സമയമെടുത്തത്. കുറുപ്പുംപടി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യം കേസിൽ ഗുരുതരമായ അലംഭാവമാണ് കാണിച്ചത്. മൃതദേഹം കത്തിച്ചു കളഞ്ഞത് അടക്കം തെളിവുകൾ ശേഖരിക്കാതെ നശിപ്പിക്കുകയായിരുന്നു ഒരർത്ഥത്തിൽ കുറുപ്പുംപടി എസ്‌ഐ ചെയ്തത്. ആദ്യ അന്വേഷണ സംഘം കാര്യമായെടുക്കാത്ത തെളിവുകൾ തന്നെയാണ് പ്രതിയെ പിടികൂടാൻ രണ്ടാമത്തെ അന്വേഷണ സംഘത്തിന് തുണയായത്.

ഐജി മഹിപാൽ യാദവിന്റെ നേതൃത്വത്തിലായിരുന്നു ആദ്യം അന്വേഷണ സംഘം. എന്നാൽ, പ്രതിയെ പിടികൂടിയതാകട്ടെ, എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംഘവും. കൊലപാതകം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ ആദ്യത്തെ പ്രത്യേക അന്വേഷണസംഘം അന്വേഷണം തുടങ്ങിയെന്നത് അവർക്കുള്ള അനുകൂലഘടകമായിരുന്നു. തെളിവുശേഖരണം മുഴുവൻ നടന്നതും ഈ സംഘത്തിന്റെ മേൽനോട്ടത്തിലാണ്. പ്രദേശവാസികളുടെ മൊഴിയെടുക്കൽ, ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം തയാറാക്കൽ, കൊലപാതകി ഉപേക്ഷിച്ച ആയുധങ്ങൾക്കായുള്ള തിരച്ചിൽ, ഇതരസംസ്ഥാനതൊഴിലാളികളുടെ ക്യാംപുകളിലെ അന്വേഷണം, സംഭവത്തിനുശേഷം കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ എന്നിവയാണ് ആദ്യ സംഘം പ്രധാനമായി നടത്തിയത്. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള വിശദാംശങ്ങളും സമാന്തരമായി ശേഖരിച്ചു. എന്നാൽ, തുടക്കത്തിലെ അലംഭാവം കാരണം പ്രതി രക്ഷപെടാൻ ഇടയാക്കുകയും ചെയത്ു.

ഇതരസംസ്ഥാനക്കാരൻ എന്ന സൂചനകൾ പ്രബലമായിരുന്നിട്ടും അതിൽ ശ്രദ്ധയൂന്നാൻ കഴിയാതെ പലവഴികൾ തിരഞ്ഞുപോയത് ഇതുകൊണ്ടുകൂടിയാണ്. ഇതരസംസ്ഥാനക്കാരന്റെ തലയിൽ കൊലപാതകം കെട്ടിവച്ച് തിരഞ്ഞെടുപ്പു സമയത്തു സർക്കാർ മുഖം രക്ഷിക്കാൻ നോക്കിയെന്ന ആരോപണം നേരിടേണ്ടിവരുമെന്ന ആശങ്കയുണ്ടായിരുന്നു. അങ്ങനെ, കൊലപാതകത്തിനുശേഷം പെരുമ്പാവൂർ വിട്ട ഇതരസംസ്ഥാനക്കാരെത്തേടിയുള്ള അന്വേഷണം പാതിവഴിയിൽ നിർത്തുകയോ സമഗ്രമല്ലാതെ അവസാനിപ്പിക്കുകയോ ആണുണ്ടായത്. ഇവിടെനിന്നാണ് രണ്ടാമത്തെ അന്വേഷണസംഘം യാത്ര തുടങ്ങിയത്.

ആദ്യസംഘം കാര്യമായി കണക്കിലെടുക്കാതിരുന്ന, ഉപേക്ഷിക്കപ്പെട്ട ചെരിപ്പ് രണ്ടാം സംഘം പ്രധാന തെളിവായി സ്വീകരിച്ചു. ജിഷയുടെ വീടിനു പിന്നിലെ കനാലിൽ ഉപേക്ഷിക്കപ്പെട്ട ചെരിപ്പിൽ രക്തക്കറ കണ്ടെത്തിയിരുന്നെങ്കിലും അന്വേഷണം ഇതരസംസ്ഥാനക്കാർക്കു നേരെ തിരിച്ചുവിടാൻ യഥാർഥ പ്രതി നടത്തിയ തന്ത്രമെന്നാണ് ആദ്യ അന്വേഷണ സംഘം ഇതിനെ വ്യാഖ്യാനിച്ചിരുന്നത്. എന്നാൽ, രണ്ടാമത്തെ സംഘം ചെരിപ്പ് കൊലയാളിയുടേതു തന്നെയെന്ന് ഉറപ്പിച്ചു. ഇത്തരം ചെരിപ്പുപയോഗിക്കുന്നത് ഇതരസംസ്ഥാനക്കാരാണ് എന്ന നിഗമനത്തിലെത്തിയതോടെ ചെരിപ്പുകടകൾ തിരഞ്ഞ് ഇക്കാര്യം ഉറപ്പിച്ചു.

ആദ്യ സംഘം വിട്ടുപോയ ഭാഗങ്ങൾ കൃത്യമായി പൂരിപ്പിച്ചു തുടങ്ങിയത് അവിടം മുതലാണ്. ജിഷയുടെ വീടിനു തൊട്ടടുത്തു താമസിച്ചിരുന്ന അഞ്ചുപേർ സംഭവത്തിനുശേഷം സ്ഥലം വിട്ടതായി മനസ്സിലാക്കി. ഇതിൽ നാലുപേരെ കണ്ടെത്തിയെങ്കിലും അഞ്ചാമന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. അയാളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ പ്രതി വലയിലായി. തിരഞ്ഞെടുപ്പിനുശേഷം ജിഷ വധക്കേസ് സജീവ ചർച്ചാവിഷയമല്ലാതായതോടെ രണ്ടാമത്തെ അന്വേഷണസംഘത്തിനു സ്വതന്ത്രമായി മുന്നോട്ടുപോകാനായി എന്നതും എടുത്തുപറയേണ്ട കാര്യം. പുതിയ സർക്കാരിനും പുതിയ സംഘത്തിനും കൂടുതൽ സമയം കൊടുക്കാൻ മാദ്ധ്യമങ്ങളും സമൂഹവും തയാറായതു സമ്മർദം കുറച്ചു.

പ്രതിയെ പിടികൂടാൻ നൂറിലധികം പൊലീസ് ഉദ്യോഗസ്ഥർ രാപകൽ ഭേദമന്യേ അന്വേഷണം നടത്തി. ശാസ്ത്രീയ തെളിവുകൾ പരിശോധിക്കുകയും 1500ലധികം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. അയ്യായിരത്തിലേറെ ആളുകളുടെ വിരലടയാളം പരിശോധിച്ചു. 20 ലക്ഷത്തിലധികം ഫോൺവിളികൾ പരിശോധിച്ചു. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി ആശുപത്രികളിൽ പരിക്കുപറ്റി ചികിത്സ തേടിയവരെ അന്വേഷിച്ചു. പശ്ചിമബംഗാൾ, ഒഡിഷ, അസം, ഛത്തിസ്ഗഢ്, ബിഹാർ, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ പ്രത്യേക സംഘത്തെ അയച്ച് അന്വേഷണം നടത്തി.

സംഭവസ്ഥലത്ത് കനാലിൽ കാണപ്പെട്ട ചെരിപ്പിൽനിന്ന് ലഭ്യമായ രക്തം ജിഷയുടെതാണെന്ന് തിരിച്ചറിഞ്ഞു. ജിഷയുടെ മുതുകിൽ കാണപ്പെട്ട കടിച്ച അടയാളത്തിൽനിന്ന് ലഭ്യമായ ഉമിനീരും ചെരിപ്പിൽ കാണപ്പെട്ട രക്തവും വാതിലിന്റെ കട്ട്‌ളയിൽനിന്ന് കാണപ്പെട്ട രക്തവും ഒരാളുടെതാണെന്ന് ഡി.എൻ.എ പരിശോധനയിൽ കണ്ടത്തെി. തുടർന്ന്, സംഭവസ്ഥലത്തുനിന്ന് കിട്ടിയ ചെരിപ്പിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഈ ചെരിപ്പ് ഉപയോഗിക്കുന്നത് അസം സ്വദേശിയായ ഒരാളാണെന്ന് കണ്ടത്തെി. അന്വേഷണത്തിൽ ജിഷയുടെ വീടിന് സമീപം താമസിച്ചിരുന്ന അസം സ്വദേശിയായ പ്രതി സ്ഥലംവിട്ടതായി കണ്ടത്തെി. ഇതെയാണ് അമിയൂർ ഇസ്ലാമിലേക്ക് അന്വേഷണ സംഘം എത്തുന്നത്.

പ്രതിയെ കണ്ടതായി പറയുന്നവരിൽനിന്നും ജിഷയുടെ അടുത്ത ബന്ധുക്കളിൽനിന്നും വിവരം ശേഖരിക്കുകയും രണ്ടാമതൊരു രേഖാ ചിത്രം തയാറാക്കുകയും ചെയ്തുവെന്നതൊഴിച്ചാൽ, ആദ്യസംഘം ചെയ്തുവച്ചതൊക്കെ ആവർത്തിച്ച് സമയം കളയാൻ രണ്ടാമത്തെ സംഘം മെനക്കെട്ടില്ല. എന്നാൽ ഡിഎൻഎ സാംപിൾ ഉൾപ്പെടെ ആദ്യസംഘം കണ്ടെത്തിയ തെളിവുകളുണ്ടാക്കിയ അടിത്തറയിൽ തന്നെയാണു രണ്ടാമത്തെ സംഘത്തിനു കേസ് തെളിയിക്കാനായത്.

ജിഷയെ കൊല്ലാൻ ഉപയോഗിച്ച കത്തി തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പ്രതി അമീയൂർ ഇസ്ലാം മൊഴി നൽകിയിരിക്കുന്നത്. ഇത് ആദ്യത്തെ അന്വേഷണസംഘം കണ്ടെടുത്തിരുന്നു. പക്ഷേ, അതുകൊലക്കുപയോഗിച്ച ആയുധമാണെന്ന് തിരിച്ചറിയുന്നതിൽ അവർ പരാജയപ്പെട്ടു.

സംഭവദിവസം ജിഷയുടെ അലറിക്കരച്ചിൽ അയൽവാസികൾ കേട്ടിരുന്നു. പിന്നീട് മഞ്ഞ ടീഷർട്ടും ജീൻസും ധരിച്ച യുവാവ് കനാലിറങ്ങി പോകുന്നതും അയൽവാസികൾ കണ്ടിരുന്നു. കനാൽ ബണ്ട് പുറമ്പോക്കിലെ വീട്ടിൽ ആ സമയം അമ്മയുണ്ടായിരുന്നില്ല.
അമ്മ രാജേശ്വരി രാത്രി ഏഴോടെ തിരിച്ചത്തെിയപ്പോൾ മുൻവാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിൽ മുട്ടി പലതവണ വിളിച്ചിട്ടും പ്രതികരണമുണ്ടാകാതിരുന്നതിനത്തെുടർന്ന് അയൽവാസിയുടെ വീട്ടുമുറ്റത്തത്തെി കരഞ്ഞ് സഹായം തേടി. രാത്രി 8.30ഓടെ അയൽവാസിയാണ് പൊലീസിനെ അറിയിച്ചത്.

സ്ഥലത്തത്തെിയ കുറുപ്പംപടി എസ്.ഐ പിൻവാതിൽ വഴി വീട്ടിൽ കടന്നപ്പോഴാണ് ക്രൂരമായി ജിഷയെ കൊല ചെയ്തതായി മനസ്സിലായത്. എസ്.ഐ നൽകിയ വിവരമനുസരിച്ച് പെരുമ്പാവൂർ ഡിവൈ.എസ്‌പിയും പിന്നീട് ആലുവ റൂറൽ എസ്‌പിയും സ്ഥലത്തത്തെി. രാത്രിയായതിനാൽ അന്ന് കൂടുതൽ തെളിവെടുപ്പ് നടത്താനായില്‌ളെന്നായിരുന്നു പൊലീസ് ഭാഷ്യം. ഏപ്രിൽ 29ന് ഉച്ചയോടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടത്തിനുശേഷം അന്ന് രാത്രിതന്നെ നഗരസഭയുടെ പൊതുശ്മശാനത്തിൽ ദഹിപ്പിക്കുകയായിരുന്നു.

ഈ നടപടി വൻ വിവാദത്തിലാണ് കലാശിച്ചത്. വീണ്ടും പോസ്റ്റ്‌മോർട്ടം വേണ്ടതില്ലാത്തവിധം മുഴുവൻ തെളിവുകളും ശേഖരിച്ചതിനാലാണ് ദഹിപ്പിക്കാൻ മുൻകൈയെടുത്തതെന്നായിരുന്നു പൊലീസ് ന്യായീകരണം. തലക്ക് അടിയേറ്റ് യുവതി മരിച്ചെന്നായിരുന്നു പൊലീസ് ആദ്യം പുറത്തുവിട്ടത്. 30ന് ലോ കോളജിലെ സഹപാഠികൾ സ്ഥലത്തത്തെിയപ്പോഴാണ് സംഭവത്തിന്റെ ഭീകരത മനസ്സിലായത്. തുടക്കത്തിൽതന്നെ പൊലീസ് വരുത്തിയത് വൻ വീഴ്ചയായിരുന്നു. ആദ്യ അന്വേഷണത്തിന് വേണ്ടത്ര പൊലീസിനെ നിയോഗിച്ചില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലും മറ്റും ചൂടോടെ തിരച്ചിൽ നടത്തിയില്ല. പ്രതിഷേധം ശക്തമായപ്പോൾ പെരുമ്പാവൂർ ഡിവൈ.എസ്‌പിയെ അന്വേഷണച്ചുമതലയിൽനിന്ന് മാറ്റി. തുടർന്ന് എ.ഡി.ജി.പി കെ. പത്മകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചപ്പോഴേക്കും ഒട്ടേറെ തെളിവുകൾ നഷ്ടമായിരുന്നു.

ഇതിനിടെ, ജിഷയുടെ മുതുകിൽ കടിയേറ്റിട്ടുണ്ടെന്ന് വ്യക്തമായി. ഫോറൻസിക് വിദഗ്ധയാണ് ഇത് കണ്ടത്തെിയതെന്ന് പൊലീസും തങ്ങളാണെന്ന് ആലപ്പുഴ മെഡിക്കൽ കോളജിലെ പൊലീസ് സർജന്മാരും അവകാശപ്പെടുകയും ചെയ്തു. ഈ വിവരത്തത്തെുടർന്ന് ചുരിദാറിന്റെ ടോപ്പിൽ പതിഞ്ഞ ഉമിനീരിൽനിന്ന് പ്രതിയുടെ ഡി.എൻ.എ വേർതിരിച്ചു. ഇത് നിർണായക തെളിവായി. പ്രതി പുരുഷനാണെന്നും അതോടെ വ്യക്തമായി.

ഉദ്യോഗസ്ഥരടക്കം 300ഓളം വരുന്ന പൊലീസ് സംഘം തലങ്ങും വിലങ്ങും അന്വേഷിച്ചു. അയൽവാസികളായ നിരവധി പേരുടെ ഉമിനീർ ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കി. 40ഓളം പേരുടെ രക്തസാമ്പിളും പരിശോധിച്ചു. അയൽവാസികൾ നൽകിയ വിവരമനുസരിച്ച് പൊലീസ് ആദ്യം രേഖാചിത്രം തയാറാക്കിയിരുന്നു. അതിന് പ്രതിയുമായി സാമ്യമുണ്ടായില്ല. എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണസംഘം നടത്തിയ ശ്രമങ്ങളാണ് വിജയകരമായി സമാപിച്ചത്.