കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയും പ്രതി അമീറുൾ ഇസ്ലാമും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണു മൊഴി നൽകിയതെന്നു പൊലീസിനെ സഹായിക്കാനെത്തിയ ദ്വിഭാഷി ലിപ്റ്റൺ ബിശ്വാസ്. അമീറുളിനെ തല്ലിയതു ജിഷയുടെ അമ്മ രാജേശ്വരിയാണെന്നാണു പ്രതി പറഞ്ഞതെന്നും ലിപ്റ്റൺ മാദ്ധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, ഇക്കാര്യം ജിഷയുടെ അമ്മ രാജേശ്വരി നിഷേധിച്ചു. ആരോ പറഞ്ഞുകൊടുത്ത തരത്തിലുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും രാജേശ്വരി കുറ്റപ്പെടുത്തി.

അമീറുളുമായി സഹായിക്കാൻ പൊലീസ് വച്ച ദ്വിഭാഷിയാണ് ലിപ്റ്റൺ ബിശ്വാസ്. ബംഗാളിലെ മുർഷിദാബാദ് സ്വദേശിയാണിയാൾ. പൊലീസിനോട് പറയാൻ അമീറുൾ ആവശ്യപ്പെട്ട കാര്യങ്ങളാണ് ലിപ്റ്റൺ മാദ്ധ്യമങ്ങളോടു പറഞ്ഞത്. പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധത്തിന് പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല. അമിറുൾ ഇസ്ലാമിന് മലയാളം അറിയില്ല. എന്നാൽ ഹിന്ദി, ബംഗാളി ഭാഷകൾ ഇയാൾക്ക് അറിയാം. ജിഷയുടെ അമ്മ മറ്റൊരാളെ കൂട്ടിയാണ് അമിറുളിനെ മർദ്ദിച്ചതെന്നും ലിപ്റ്റൺ മാദ്ധ്യമങ്ങളോടു പറഞ്ഞു. കുളിക്കടവിൽവച്ചായിരുന്നു അമീറിനെ തല്ലിയതെന്നും ലിപ്റ്റൺ പറഞ്ഞു. അമീറുൽ ഇസ്ലാം കൊലക്കുറ്റം സമ്മതിച്ചെന്നും ലിപ്റ്റൺ പറഞ്ഞു. പെരുമ്പാവൂർ കോടതിയിലും ലിപ്റ്റണായിരുന്നു ദ്വിഭാഷി.

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത അമിറുൾ ഇസ്ലാമിനെ താൻ തല്ലിയെന്ന വിവരം തെറ്റാണെന്ന് കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി മാദ്ധ്യമങ്ങളോടു വ്യക്തമാക്കി. താൻ കുളിക്കടവിൽ വച്ച് ആരെയും തല്ലിയിട്ടില്ല. കടവിൽ കുളിക്കാൻ പോയിട്ടില്ലെന്നും രാജേശ്വരി പറഞ്ഞു. കൂടാതെ ജിഷയ്ക്ക് ആരോടും പ്രണയവും ഇല്ലായിരുന്നെന്നും രാജേശ്വരി പറഞ്ഞു.

ചക്കിലാംപറമ്പ് കോളനിയിലെ തോട്ടിലെ കുളിക്കടവിൽ ജിഷ ദിവസവും വരാറുണ്ടായിരുന്നുവെന്ന് സമീപവാസികളും പറഞ്ഞിരുന്നു. ജിഷയുടെ വീട്ടിൽ നിന്ന് കുളിക്കടവിലേക്ക് 200 മീറ്റർ മാത്രമാണ് ഉള്ളത്. പക്ഷേ ഇതരസംസ്ഥാന തൊഴിലാളികളൊന്നും പ്രശ്നമുണ്ടാക്കിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കുളിക്കടവിൽ വച്ച് അമീറുലിനെ തല്ലിയെന്ന വാർത്തകൾ പ്രചരിച്ചതോടെയാണ് ഇങ്ങനെയൊരു സംഭവം നടന്നതായി അറിയില്ലെന്നാു നാട്ടുകാർ പ്രതികരിച്ചത്. എന്നാൽ, ഇക്കാര്യം നടന്നുവെന്നാണു അമീറുളിനെ ഉദ്ധരിച്ചു ദ്വിഭാഷി പറയുന്നത്. ദ്വിഭാഷി പറയുന്നതു സത്യമെന്നു വന്നാൽ ഇത്തരത്തിലൊരു കാര്യം മറച്ചുവച്ചത് എന്തിനെന്ന ചോദ്യം ജിഷയുടെ അമ്മയുടെ നേർക്കു വരും. അതിനിടെയാണ് ഇക്കാര്യം നിഷേധിച്ചു ജിഷയുടെ അമ്മ രംഗത്തെത്തിയത്.

ജിഷയുമായി പ്രണയത്തിൽ ആയിരുന്നു എന്നതും കുളിക്കടവിൽ വഴക്കുണ്ടാക്കിയതുമായി ബന്ധപ്പെട്ടാണു കൊലപാതകം എന്നതും അമിറുൾ ആവർത്തിക്കുന്നതിൽ പൊലീസിന് അത്ഭുതമുണ്ടെന്നാണു സൂചന. ആരുടെയോ ഇടപെടൽ ഉണ്ടാകുമെന്നാണു പൊലീസ് കരുതുന്നത്. പൊലീസ് ഭാഷ്യം എന്ന നിലയിൽ പ്രചരിക്കുന്ന ഈ കുളിക്കടവു വിഷയം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് ഇപ്പോഴും വിശ്വസിക്കുന്നതു ജിഷയുമായി ഒരു പരിചയവും ഇല്ല എന്നു തന്നെയാണ്.

ഈ നിലപാട് ആവർത്തിച്ചുകൊണ്ടു തന്നെയാണു പൊലീസ് കോടതിയിൽ റിമാൻഡ് അപേക്ഷ നൽകിയത്. പ്രതിക്കെതിരെ തെളിവുകൾ ശക്തമാണെന്ന് വ്യക്തമാക്കിയായിരുന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. തന്റെ ഇംഗിതത്തിന് വഴങ്ങാത്തതിനെ തുടർന്നാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കൊല നടന്ന 28ന് വൈകുന്നേരം അഞ്ച് മണിയോടെ ജിഷ വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കി വീട്ടിൽ അതിക്രമിച്ച് കടക്കുകയും ജിഷയെ കടന്നു പിടിക്കാൻ ശ്രമിച്ചതായും റിമാൻഡ് റിപ്പോർട്ട് പറയുന്നു. ജിഷ എതിർക്കുകയും രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് ഏത് വിധേനയും കീഴ്പ്പെടുത്തണമെന്ന ഉദ്ദേശത്തോടെ മൂക്കും വായും പൊത്തിയ ശേഷം ജിഷയെ തറയിൽ വീഴിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. തുടർന്ന് ജിഷയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കയ്യിൽ കരുതിയിരുന്ന ആയുധം എടുത്ത് പല തവണ കുത്തി. തന്റെ ഇംഗിതം നടക്കാത്തതിലുള്ള വിദ്വേഷം മൂലം ജിഷയുടെ ജനനേന്ദ്രിയത്തിലും പ്രതി കുത്തി. ആന്തരികാവയവങ്ങൾ പുറത്ത് ചാടത്തക്കവിധമാണ് പ്രതി ആക്രമണം നടത്തിയത്. പ്രതിയുടെ അറസ്റ്റ് വിവരം ബംഗാളിലെ ഭാര്യയെയും പെരുമ്പാവൂരിൽ തന്നെയുള്ള ബന്ധുവിനെയും അറിയിച്ചിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു.