പത്തനംതിട്ട: പെരുമ്പാവൂർ സ്വദേശിനി ജിഷയുടെ കൊലപാതകിയുടെ രേഖാചിത്രവുമായി സാമ്യമുള്ള ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂർ സ്വദേശി റെജിയെയാണു പത്തനംതിട്ട കോഴഞ്ചേരിയിൽ നിന്നു പൊലീസ് പിടികൂടിയത്.

ഇയാളെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയതെന്നും രേഖാചിത്രവുമായി ഇയാൾക്ക് ചില സാമ്യങ്ങളുണ്ടെന്നും കോഴഞ്ചേരി സി.ഐ വിദ്യാധരൻ പറഞ്ഞു. വിവരങ്ങൾ പെരുമ്പാവൂർ പൊലീസിനു കൈമാറിയിട്ടുണ്ടെന്നും സിഐ അറിയിച്ചു.

റെജിയുടെ കണ്ണും മീശയും രേഖാചിത്രവുമായി സാമ്യമുള്ളതായും പൊലീസ് പറയുന്നു. ജോലിക്കായാണ് റെജി കോഴഞ്ചേരിയിലെത്തിയത്. ഇയാൾ സ്ഥിരം മദ്യപാനിയാണെന്നും മദ്യപിച്ച പ്രശ്നമുണ്ടാക്കിയതിന് കോയിപ്രം സ്റ്റേഷനിൽ കേസ് നിലവിലുള്ളതായും പൊലീസ് വ്യക്തമാക്കി. റെജിയുടെ രക്തം പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

അതിനിടെ, ഒരു സ്ത്രീക്കും ജിഷയുടെ കൊലപാതകത്തിൽ ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഇവിടം ഇടയ്ക്കിടെ സന്ദർശിച്ചിരുന്ന അജ്ഞാതയുവതിക്കായും തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകം നടന്ന ഏപ്രിൽ 28ന് ഈ വീട്ടിൽ മറ്റൊരു സ്ത്രീയുടെ സാന്നിധ്യവും പൊലീസ് സംശയിക്കുന്നുണ്ട്. അന്നു ജിഷ പുറത്തുപോയി വന്ന ശേഷം വീട്ടിൽനിന്ന് ഉച്ചത്തിലുള്ള സംസാരവും തർക്കവും കേട്ടിരുന്നു. പിന്നീടു മഞ്ഞ ഷർട്ടും കറുത്ത പാന്റ്‌സും ധരിച്ച യുവാവ് വീടിനു പുറത്തു കനാലിലേക്ക് ഇറങ്ങുന്നതു കണ്ടതായി മൊഴിയുണ്ടെങ്കിലും അതിനു മുൻപുണ്ടായ തർക്കത്തിൽ പുരുഷശബ്ദം ആരും കേട്ടിട്ടില്ല. വീടിനുള്ളിൽ ജിഷ വഴക്കുകൂടിയത് അമ്മ രാജേശ്വരിയുമായാണെന്നു തെറ്റിദ്ധരിച്ചാണ് അയൽവാസികളാരും ഇടപെടാത്തതെന്നും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.