പെരുംമ്പാവൂർ: ജിഷ കേസിൽ കോൺഗ്രസ് നേതാവ് പി പി തങ്കച്ചനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ സംമ്പന്ധിച്ച് അമ്മ രാജേശ്വരിയിൽ നിന്നും എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിൽ മൊഴിയെടുക്കും. ജിഷയുടെ പിതാവ് പാപ്പുവിന്റെയും വിവരാവകാശപ്രവർത്തകൻ ജോമോൻ പുത്തംപുരയ്ക്കലിന്റെയും വെളിപ്പെടുത്തലുകളുടെ നിജസ്ഥിതി കണ്ടെത്തുന്നതിന് ലക്ഷ്യമിട്ടാണ് പ്രധാനമായും രാജേശ്വരിയിൽ നിന്നും വിണ്ടും മൊഴിയെടുക്കുന്നതെന്നാണ് അറിവായിട്ടുള്ളത്.

ജിഷയുടെ പിതൃത്വം സംമ്പന്ധിച്ചുള്ള ഇവർ ഇരുവരുടെയും വാദഗതികളും ഇതുസംമ്പന്ധിച്ച് യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ നടത്തിയ വെളിപ്പെടുത്തലും വിവിദമായ സാഹചര്യത്തിലാണ് ഇതുസംമ്പന്ധിച്ച് രാജേശ്വരിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ അന്വേഷക സംഘം തീരുമാനിച്ചിട്ടുള്ളത്. ജിഷയുടെ പിതാവ് പെരുംമ്പാവൂരിലെ ഉന്നത കോൺഗ്രസ് നേതാവാണെന്നും ഇറിഞ്ഞ ജിഷ ഇയാളെക്കണ്ട് സ്വത്തിൽ അവകാശം ചോദിച്ചെന്നും ഇതേത്തുടർന്ന് ഇയാളുടെ അറിവോടെ ജിഷയെ കൊലപ്പെടുത്തിയെന്നുമായിരുന്നു ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്. ഇതിന് തൊട്ടുപിന്നാലെ ജിഷ തന്റെ മകളല്ലന്നും മാതാവ് രാജേശ്വരി തന്റെ വീട്ടിൽ ജോലിക്ക് നിന്നിട്ടില്ലന്നും പി പി തങ്കച്ചൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു.

ജോമോൻ നൽകിയ പരാതി മുഖ്യമന്ത്രി തെളിവെടുപ്പിനായി അന്വേഷക സംഘത്തിന് കൈമാറിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ സംഘം പി പി തങ്കച്ചന്റെ കുടുംമ്പവുമായി ബന്ധപ്പെട്ടവരിൽ നിന്നും ഇതുസംമ്പന്ധിച്ച് രഹസ്യമായി വിവരശേഖരണവും ആരംഭിച്ചിരുന്നു.ഇതിനിടെയാണ് ഇന്നലെ രാജേശ്വരി തങ്കച്ചന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്നതായി ഭർത്താവ് പാപ്പു വെളിപ്പെടുത്തിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ ചികത്സയിൽ കഴിഞ്ഞിരുന്ന പാപ്പുവിന്റെ വെളിപ്പെടുത്തൽ ഉൾപ്പെടുന്ന വീഡിയോ ഇന്നലെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. ഇതോടെ ഇനി രാജേശ്വരിയിൽ നിന്നുകൂടി മൊഴിയെടുത്താലെ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയു എന്ന തിരിച്ചറിവിലാണ് അന്വേഷണ അന്വേഷക സംഘം രാജേശ്വരിയിൽ നിന്നും മൊഴിയെടുക്കാൻ കർമ്മ പദ്ധതി തയ്യാറാക്കിയതെന്നാണ് ലഭ്യമായ വിവരം.

രാജേശ്വരിയുടെ ആരോഗ്യനില തൃപതികരമെന്നുകണ്ടാൽ ഇന്ന് തന്നെ മൊഴിയെടുക്കൽ നടക്കും. ഇതിനായി പ്രത്യേക ചോദ്യവലിയും അന്വേഷകസംഘം തയ്യാറാക്കിയിട്ടുണ്ട്. ഇതിനിടെ അതിനിടെ, ജിഷാ വധക്കേസിൽ പ്രത്യേക അന്വേഷണസംഘം ജിഷയുടെ അച്ഛൻ പാപ്പുവിന്റെ മൊഴിയെടുത്തു. ജിഷ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ആലുവ പൊലീസ് ക്ലബ്ബിൽ കൊണ്ടുപോയാണ് ജിഷയുടെ അച്ഛൻ പാപ്പുവിന്റെ മൊഴിയെടുത്തത്. ഡിവൈഎസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ. ജിഷയുടെ അമ്മ രാജേശ്വരി തന്റെ വീട്ടിൽ ജോലി ചെയ്തിട്ടില്ലെന്ന തങ്കച്ചന്റെ വിശദീകരണം തെറ്റാണെന്നു പാപ്പു പറഞ്ഞു. ആ സമയത്ത് ജിഷയും ദീപയും കൊച്ചുകുട്ടികളായിരുന്നു. കല്യാണത്തിനു മുൻപും രാജേശ്വരി അവിടെ ജോലിക്ക് പോയിട്ടുണ്ട്. ഈ വിവരം അന്വേഷണസംഘത്തെ അറിയിക്കുമെന്നു പാപ്പു പറഞ്ഞു.

അതേസമയം ജിഷ വധക്കേസ് അന്വേഷണം വിലയിരുത്തുന്നതിനായി ഡിജിപി ലോക്നാഥ് ബെഹ്റ ഇന്നു പെരുമ്പാവൂരിലെത്തി. കൊച്ചിയിൽ എത്തുന്ന ഡിജിപി, അന്വേഷണത്തിനു നേതൃത്വം നൽകുന്ന എഡിജിപി ബി. സന്ധ്യ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ ഉടൻ ജിഷ കൊലക്കേസ് അന്വേഷണത്തിന് നേരിട്ട് നേതൃത്വം നൽകുമെന്നു ഡിജിപി അറിയിച്ചിരുന്നു. കേസ് തെളിയിക്കാൻ സിബിഐ അന്വേഷണ മാതൃക അവലംബിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ഇന്നലെ ഇരിങ്ങോൾ കാവിൽ തിരച്ചിലിനിടെ കണ്ടെത്തിയ പ്ലാസ്റ്റിക്ക് ടീ ഷർട്ടും ലുങ്കിയും ഹാൻഡ് കാമറയും രാസപരിശോധനക്ക് വിധേയമാക്കുന്നതിന് അന്വേഷകസംഘം നടപടികൾ തുടങ്ങി. പ്രാഥമീക പരിശോധനകളിൽ വസ്ത്രങ്ങളിൽ രക്തക്കറ കണ്ടെത്തിയിട്ടില്ല.കാവ് കാണാനെത്തിയ ടൂറിസ്റ്റുകളിലാരെങ്കിലും ഇത് ഇവിടെ ഉപേക്ഷിച്ചുപോയതാണോ എന്നകാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.