തിരുവനന്തപുരം: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ ഘാതകിയുടേതെന്ന് പറഞ്ഞ് പൊലീസ് പുറത്തുവിട്ട രേഖാചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജിഷ വധക്കേസിനെ ഇത്രയും വിവാദമാക്കിയത് സോഷ്യൽ മീഡിയയുടെ ഇടപെടലാണ് എന്നത് തന്നെയായിരുന്നു പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രം വൈറലാകാനും കാരണം. ഇതോടെ സോഷ്യൽ മീഡിയക്കാർ പൊലീസിന്റെ റോൾ ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയതോടെ പുലിവാലായാത് നിരവധി ചെറുപ്പക്കാർക്കാണ്. പലരും പൊലീസിൽ വിളിച്ച് പലരെ കുറിച്ചും സംശയം രേഖപ്പെടുത്തി. ഇതോടെ നിരവിധി പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു വിടുകയും ചെയ്തു.

എന്നാൽ, പൊലീസ് കസ്റ്റഡിയിൽ എടുക്കും മുമ്പ് തന്നെ രേഖാചിത്രം മൂലം സൈര്യം നഷ്ടപ്പെട്ടത് പറവൂരിലെ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനാണ്. പുതിയ രേഖാ ചിത്രമാണ് ഈ ചെറുപ്പക്കാരന് വിനയായത്. പറവൂരിലെ തുണിക്കിടയിലെ സെയിൽസ്മാനും ചില മലയാളസിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച തസ്ലിക് എന്ന ഈ യുവാവിന്റെ രൂപവുമായി രേഖാ ചിത്രത്തിനുള്ള സാമ്യമുണ്ടെന്ന വിധത്തിലാണ് വാട്‌സ് ആപ്പിലും സോഷ്യൽ മീഡിയയിലും ചിത്രം പ്രചരിച്ചത്.

ചുരുളൻ മുടിയും ചെറിയ മീശയമുള്ള തസ്ലിക്കിന് പൊലീസ് പുറത്തുവിട്ട രേഖാചിത്രം ശരിക്കും വിനയാകുകയായിരുന്നു. ഇത് ഫേസ്‌ബുക്കിൽ വാട്‌സ് ആപ്പിലും വ്യാപകമായി പ്രചരിക്കുന്ന വിവരം അറിഞ്ഞതോടെ തസ്ലിക്കും കടുത്ത ആശങ്കയിലാണ്. പലരുടെയും തുറിച്ചു നോട്ടം നേരിടേണ്ടി വരുന്ന ഭയത്തിലാണ് ഈ ചെറുപ്പക്കാരൻ. അഞ്ചാംപുര എന്ന മലയാളസിനിമയിൽ തസ്ലിക് അഭിനയിച്ചിട്ടുണ്ട്.

ജിഷയുടെ കൊലപാതകി എന്ന വിശേഷണത്തോടെ യുവാവിന്റെ ഫോട്ടോ വ്യാപകമായി വാട്ട്‌സാപ്പിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്നുണ്ട്. ഇയാൾ കുറ്റക്കാരനാണോ അല്ലയോ ഇയാൾ തന്നെയാണോ പ്രതി എന്നൊക്കെ ഉറപ്പിക്കുന്നതിനു മുമ്പാണ് ഇത്തരം പ്രചരണം. എന്നാൽ രേഖാചിത്രത്തോട് വളരെയടുത്ത സാമ്യമുള്ള ചിത്രം അധികാരികളുടെ ശ്രദ്ധയിൽ എത്രയും പെട്ടെന്ന് എത്തിക്കാനായിരിക്കണം ആളുകൾ ഇത് പ്രചരിപ്പിക്കാൻ മത്സരിക്കുന്നത്. ചെറുപ്പക്കാരൻ തന്നെ സുഹൃത്തുക്കൾക്കൊപ്പമുള്ള സെൽഫി ചിത്രമാണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്.

പ്രതി ആരാണെന്ന് ഉറപ്പിക്കാതെ രൂപത്തിൽ ചെറിയൊരു സാമ്യമുണ്ടെന്ന തോന്നലിൽ നമ്മൾ ചെയ്ത് കൂട്ടുന്ന കാര്യങ്ങൾ ചിലപ്പോൾ ആ ചെറുപ്പക്കാരന്റെ ഭാവി തന്നെ നശിപ്പിച്ചേക്കാവുന്ന അവസ്ഥയിലാണ്. പല ഗ്രൂപ്പുകളിലും തസ്ലിക്കിന്റെ ചിത്രം ചർച്ചയായിരുന്നു. ഇതോടെ സോഷ്യൽ മീഡിയയുടെ കടന്നാക്രമണത്തിൽ ആരെങ്കിലും തന്നെ ആക്രമിക്കുമോ എന്ന ഭീതിയിലാണ് ഈ ചെറുപ്പക്കാരൻ.

ഫോട്ടോ വൈറലായതോടെ ചെറുപ്പക്കാരൻ വാർഡ് മെമ്പറെയും കൂടി പൊലീസ് സ്റ്റേഷനിലേക്ക് സ്വമേധയാ പോയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ പറയുന്നത്. തെറ്റായ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ വസ്തുതകൾ രേഖപ്പെടുത്തിയ ഫേസ്‌ബുക്ക് പോസ്റ്റുകളും പലയിടത്തും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ അമിതാവേശം ഒരു ചെറുപ്പക്കാരന്റെ ജീവിതം തകർക്കുന്ന വിധത്തിലേക്ക് വളർന്നിട്ടുണ്ട്. ഇനി ആരെയും ഇങ്ങനെ വേദനിപ്പിക്കരുത് സുഹൃത്തുക്കളെയെന്ന് പറഞ്ഞ് തസ്ലിക്ക് ഫേസ്‌ബുക്കിൽ പോസ്റ്റും ചെയ്തിട്ടുണ്ട്.