കൊച്ചി: ഫോൺ കോളുകൾ വിശകലനം ചെയ്തതിൽ നിന്നാണ് ജിഷയുടെ കൊലയാളി കാഞ്ചീപുരത്തുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇക്കാര്യം പുറത്തുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. കാഞ്ചീപുരത്ത് നിന്ന് കൊലയാളി മൊബൈലും കളഞ്ഞ് മുങ്ങുന്നത് ഒഴിവാക്കാനായിരുന്നു ഇത്. പ്രതിയെ കണ്ടത്താൻ മൂന്ന് ദിവസം സിനിമാ സ്റ്റൈലിൽ വേഷപ്രച്ഛന്നരായി പൊലീസുകാരും. ഒടുവിൽ അമൂറുൾ ഇസ്ലാം വലയിലേക്ക് എത്തി. അങ്ങനെ ഒന്നരമാസത്തെ പൊലീസിന്റെ അന്വേഷണത്തിനും അവസാനിമായി.

പ്രതിയെ കണ്ടെത്താനായി ചുള്ളനായ ഡിവൈഎസ്‌പി സോജൻ കള്ളിമുണ്ടും ബനിയനുമിട്ട് കാഞ്ചിപുരത്തെ തെരുവിലൂടെ മൂന്ന് ദിവസം ഉന്തുവണ്ടി തള്ളി. വാഴപ്പഴം പലർക്കും തൂക്കി വിറ്റു. കൊലപാതകത്തിന് ശേഷം അസാമിലേക്ക് കടന്ന മടങ്ങി വന്നിട്ടാണ് കാഞ്ചിപുരത്തേക്ക് മുങ്ങിയത്. അവിടെ എത്തിയ ശേഷം സുഹൃത്തിന്റെ ഫോണിലേക്ക് വിളിച്ചാണ് പെരുമ്പാവൂരിൽ എന്തെങ്കിലും സംഭവമുണ്ടോയെന്ന് തിരക്കിയത്. നിരീക്ഷണത്തിലായിരുന്ന സുഹൃത്ത് പൊലീസ് പറഞ്ഞതനുസരിച്ച് മറുപടി നൽകി. പിന്നീടിയാൾ പൊലീസിന്റെ പ്രധാന ഇൻഫോർമറായി. അയാളെയും കൂട്ടിയാണ് സോജന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം കാഞ്ചിപുരത്തെത്തിയത്.

വാഴപ്പഴം അമിയുടെ പ്രധാന ഭക്ഷണമാണെന്ന് സുഹൃത്ത് പറഞ്ഞതോടെയാണ് സോജൻ പഴക്കച്ചവടക്കാരനായത്. ഇതിനായി ഉന്തുവണ്ടി വാടകയ്‌ക്കെടുത്തു. നിരവധി ഐ.ടി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന വിശാലമായ സ്ഥലത്തെവിടെയോ ആണ് ഇയാൾ ജോലി ചെയ്യുന്നതെന്ന് മാത്രമായിരുന്നു വിവരം. താമസസ്ഥലം മനസിലാക്കിയെങ്കിലും ഇടുങ്ങിയ കോളനിയായതിനാൽ അവിടെ കയറേണ്ടെന്ന് തീരുമാനിച്ചു. ഒടുവിൽ ഐ.ടി സ്ഥാപനത്തിന്റെ കവാടത്തിലായി സോജന്റെ കച്ചവടം. രാവിലെയും വൈകിട്ടുമായിരുന്നു പ്രധാന നിരീക്ഷണം. ഈ സ്ഥാപനത്തിന്റെ മുന്നിലുള്ള ലോഡ്ജിൽ സുഹൃത്തിനെ പാർപ്പിച്ചു.
ആദ്യത്തെ രണ്ടു ദിവസം പ്രതിയെ കാണാനായില്ല.

മൂന്നാം ദിവസം വൈകിട്ട് ജോലികഴിഞ്ഞിറങ്ങിയ പ്രതിയെ സുഹൃത്ത് തിരിച്ചറിഞ്ഞു. സിഗ്‌നൽ ലഭിച്ചതോടെ സോജൻ ഉന്തുവണ്ടിയുമായി പ്രതിയുടെ മുന്നിലൂടെ നീങ്ങിയെങ്കിലും ഇയാൾ ശ്രദ്ധിച്ചില്ല. നടന്നു നീങ്ങിയ കൊലയാളിയുടെ പിന്നിലെത്തി സുഹൃത്ത് അമി ഉൾ എന്നു വിളിച്ചപ്പോൾ ഞെട്ടിത്തിരിഞ്ഞു. ഇതോടെ ഓടാൻ ശ്രമിച്ച പ്രതിയെ സോജൻ കടന്നുപിടിച്ചു. പാഞ്ഞെത്തിയ പൊലീസ് ജീപ്പിലേക്ക് വലിച്ചിട്ടുു. പൊലീസാണെന്ന് മനസിലായതോടെ ഇവരെ ആക്രമിച്ച് രക്ഷപ്പെടാനും അമീറുൾ ശ്രമിച്ചു. പൊലീസുകാരെ കടിക്കാനും ശ്രമിച്ചു. അങ്ങനെയാണ് പ്രതിയെ പിടികൂടിയത്. അവിടെ നിന്ന് നേരെ തൃശൂരിലെ പൊലീസ് അക്കാഡമിയിലും.

ജിഷ കൊല്ലപ്പെടുന്നതിന്റെ തലേന്ന് ഏപ്രിൽ 27 മുതൽ പിറ്റേന്ന് 29 വരെ പെരുമ്പാവൂർ കുറുപ്പംപടി മേഖലയിലെ സെൽ ഫോൺ ടവറുകൾ വഴി 27 ലക്ഷം മൊബൈൽ ഫോൺ സിഗ്‌നലുകളാണ് കടന്നു പോയത്. ഇവ ഓരോന്നും പരിശോധിച്ച സൈബർ പൊലീസ് 38–ാം ദിവസം സംശയകരമായ 200 ഫോൺ നമ്പറുകളും അവയുടെ ഉടമകളുടെ പേരുകളും അന്വേഷണ സംഘത്തിനു കൈമാറി. അന്വേഷണ സംഘം ആദ്യം ചെയ്തത് ഇതിൽ ഏതെല്ലാം നമ്പറുകൾ, ജിഷ കൊല്ലപ്പെട്ട 28 നു ശേഷം നിർജീവമാണെന്നു കണ്ടെത്തുകയാണ്. ഇത്തരത്തിലുള്ള 26 നമ്പറുകൾ കണ്ടെത്തി. അതിൽ ജിഷയുടെ വീടിന് ഏറ്റവും സമീപമുള്ള 10 നമ്പറുകൾ ഉണ്ടായിരുന്നു. അതിൽ ഒരു നമ്പറിന്റെ പ്രത്യേകത അന്വേഷണ സംഘം ശ്രദ്ധിച്ചു. സംഭവം നടന്ന രാത്രി അതിൽനിന്ന് ഒരു കോൾ പുറത്തേക്കു പോയിട്ടുണ്ട്. അത് അസമിലേക്കാണ്.

ഈ നമ്പർ ഉപയോഗിച്ച ഫോൺ തിരിച്ചറിഞ്ഞതോടെ അതേ ഫോണിൽ പിന്നീടുള്ള ദിവസങ്ങളിൽ മറ്റു രണ്ടു പുതിയ സിമ്മുകൾ കൂടി ഉപയോഗിച്ചതായി കണ്ടെത്തി. പിന്നീട് ഈ ഫോൺ ഉപയോഗിച്ചയാളുടെ സഞ്ചാരം പിൻതുടർന്ന് ഒരു സംഘം പൊലീസുകാർ അസമിലേക്കു തിരിച്ചു. അതിനിടയിൽ അതേ ഫോൺ പുതിയ സിം നമ്പറിൽ തമിഴ്‌നാട് കാഞ്ചീപുരത്തെ ടവർ ലൊക്കേഷനിൽ തെളിഞ്ഞു. അങ്ങനെ പ്രതി പടിയിലൂമായി. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ബെഹ്‌റയുടെ വിദഗ്ധ ഉപദേശത്തിന്റെ കരുത്തിൽ സന്ധ്യ തന്നെയാണ് ഈ നീക്കങ്ങൾക്ക് ബുദ്ധി പകർന്നത്.

കണ്ണൂരിലെ സൈബർ വിദഗ്ധരാണ് ഇതിന് തുണയായ മറ്റൊരു ഘടകം. മൊബൈൽ ഫോണുകളുടെ വിലയിരത്തലും വിവര ശേഖരണവും അതിവേഗം ഇവർ നിർവ്വഹിച്ചു. ഇതും പ്രതിയിലേക്ക് വേഗത്തിൽ കാര്യങ്ങളെത്താൻ കാരണമായി.