ആലുവ: പെരുമ്പാവൂരിൽ ക്രൂരമായി കൊലചെയ്യപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ സഹോദരി ദീപയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചു. ഇന്നു രാവിലെയാണ് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിയ വനിതാപൊലീസ് ദീപയെ കസ്റ്റഡിയിൽ എടുത്തത്. ദീപയിൽ നിന്നും വിവരങ്ങൾ തിരക്കിയ ശേഷം അവരം പൊലീസ് വിട്ടയച്ചു. അതേസമയം തന്നെ കസ്റ്റഡിയിൽ എടുത്തതല്ലെന്നും, ചില രേഖകൾ സ്ഥിരീകരിക്കാൻ വേണ്ടിയാണ് പൊലീസ് തന്നെ കൊണ്ടുപോയതെന്നും ദീപ വിശദീകരിച്ചു. പൊലീസ് ചോദ്യം ചെയ്യലിനുശേഷം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ദീപ.

കഴിഞ്ഞദിവസം ബംഗളുരുവിൽ പിടിയിലായ ഇതര സംസ്ഥാനത്തൊഴിലാളി ദീപയുടെ സുഹൃത്താണെന്നു പൊലീസിന് സൂചനയുണ്ടായിരുന്നു. എന്നാൽ തനിക്ക് ഇങ്ങനെയൊരാളെ അറിയില്ലെന്നായിരുന്നു ദീപയുടെ വിശദീകരണം.  എന്നാൽ, ഭായി എന്ന് വിളിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് മലയാളം അറിയാമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

അതേസമയം പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് അന്വേഷണസംഘത്തലവൻ ഡി.വൈ.എസ്‌പി ജിജിമോൻ. ചില കാര്യങ്ങളെ സംബന്ധിച്ച് പൊലീസിനു കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. പല ദിശയിലും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജിഷയുടെ കൊലപാതകിയുടേതെന്നു കരുതുന്ന പുതിയ രേഖാചിത്രം അന്വേഷണസംഘം തയാറാക്കിയിരുന്നു. എന്നാൽ, ഇത് പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം ജിഷയുടെ വീട്ടിൽനിന്നു ലഭിച്ച വിരലടയാളം പൊലീസ് കസ്റ്റഡിയിലുള്ളവരുടെ വിരലടയാളവുമായി യോജിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ അറസ്റ്റിലായ ഇതര സംസ്ഥാന തൊഴിലാളി തന്നെയാണ് ജിഷയുടെ കൊലയാളി എന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.