കൊച്ചി: പെരുമ്പാവൂരിൽ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലയാളികളെ കണ്ടെത്താൻ കഴിയാതെ പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. ഒരാഴ്‌ച്ച കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്ത വിധത്തിലാണ് നീങ്ങുന്നത്. ഇതിനിടെ സംഭവത്തിൽ പൊലീസ് നിസ്സംഗത തുടരുകയാണെന്ന ആരോപണവും ശക്തമാകുന്നു. ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

അതേസമയം, ജിഷയും കുടുംബവും ഇതാദ്യമായല്ല ആക്രമിക്കപ്പെടുന്നതെന്ന വെളിപ്പെടുത്തലുമാണ്ടായി. ഇതിനു മുമ്പും പലരിൽ നിന്നും ഇവർ ആക്രമണം നേരിട്ടിട്ടുണ്ടെന്ന് ജിഷയുടെ അമ്മായി ലൈല വെളിപ്പെടുത്തി. പലരിൽ നിന്നും ജിഷയ്ക്കും അമ്മക്കും ഭീഷണികൾ നേരിടേണ്ടി വന്നു. ഒരു പഞ്ചായത്തംഗത്തിന്റെ ബന്ധുവിൽ നിന്നാണ് ഭീഷണിയുണ്ടായതെന്നും ലൈല മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിനു മുമ്പും പലരിൽ നിന്നും ആക്രമണം ഉണ്ടായി. അന്നും പരാതി നൽകിയിരുന്നു. എന്നാൽ, തിരിഞ്ഞു നോക്കാൻ ആരുമുണ്ടായില്ല. പൊലീസ് നടപടി എടുത്തില്ലെന്ന് ജിഷയുടെ സഹോദരിയും പറഞ്ഞു. ബൈക്കിലെത്തി ജിഷയുടെ മാതാവിനെ ഇടിച്ചിടാനാണ് ശ്രമമുണ്ടായത്. ഇപ്പോൾ ജിഷ ഇത്തരത്തിൽ ക്രൂരമായി കൊലചെയ്യപ്പെട്ടതും ഇതിന്റെ ബാക്കിയാണോയെന്ന സംശവും ലൈല ഉയർത്തുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് ഇതിനകം 70 പേരെ ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചിരിക്കുന്നത്. അന്യ സംസ്ഥാനക്കാരും ഇതിൽ ഉൾപ്പെടും. അയൽവാസികളോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് മലയാളികൾ തന്നെയാണ് കൊലയ്ക്കു പിന്നിലെന്ന് സംശയിക്കുന്നു. സംഭവ ദിവസം രാവിലെ പതിവില്ലാത്ത ചിലർ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ടതായി അയൽവാസി നൽകിയ മൊഴിയാണിപ്പോൾ പൊലീസിന്റെ കച്ചിത്തുരുമ്പ്. വീട്ടിൽ സ്വതന്ത്രമായി കടന്നുചെല്ലാൻ കഴിയുന്നവരാണ് സംഭവത്തിനു പിന്നിലെന്ന സംശയവുമുണ്ട്.

മരിച്ച ജിഷയുടെ വീടും പരിസരവും തിങ്കളാഴ്ച വീണ്ടും പരിശോധിച്ച പൊലീസിന്, സമീപമുള്ള കനാൽ പരിസരത്തുനിന്ന് രണ്ട് ചെരുപ്പുകൾ ലഭിച്ചു. ക്രൈം ബ്രാഞ്ച് എസ്‌പി.യും സംഭവസ്ഥലത്ത് പരിശോധന നടത്തി. ഇവർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ജിഷ തടയുകയും പരാതി നൽകുകയും ചെയ്തിരുന്നു. മകൾ മരിച്ചുകിടക്കുന്നുവെന്ന് അലറിക്കരഞ്ഞിട്ടും ഈ വീട്ടിലേക്ക് അയൽക്കാർ ചെന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

അതിനിടെ മകൾ ക്രൂരമായി കൊലചെയ്യപ്പെട്ടതിന്റെ വിഭ്രാന്തിയിലാണ് ജിഷയുടെ മാതാവ്. സമനില നഷ്ടപ്പെട്ടതു പോലെയാണ് ആശുപത്രിയിൽകഴിയുന്ന മാതാവ് പ്രതികരിക്കുന്നത്. ഇത് പൊലീസിനും തവവേദനയാകുന്നുണ്ട്. കൃത്യമായ മൊഴി മാതാവിൽ നിന്നും രേഖപ്പെടുത്താൻ പൊലീസിന് സാധിച്ചിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ജിഷമോളെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയ്ക്കും മുഖത്തും ഇരുമ്പ് കമ്പിക്ക് അടിയേറ്റിരുന്നു. വയർ കത്തികൊണ്ടു കീറി കുടൽമാല പുറത്തുചാടിയ നിലയിലായിരുന്നു. അടിയേറ്റ് മൂക്കു തെറിച്ചു പോയി. തലയ്ക്കു പിന്നിലും നെഞ്ചിലും ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. ആണി പറിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് ബാർ കൊണ്ടാകും അക്രമി ജിഷയെ ആക്രമിച്ചിരിക്കുകയെന്നാണ് സൂചന. മുറിയിൽ മൽപ്പിടുത്തം നടന്നതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു. ഒറ്റമുറി വീടാണ് ജിഷയുടേത്. വീട്ടിലെ തുണിത്തരങ്ങളും പാത്രങ്ങളും വാരിവലിച്ചിട്ടിരുന്നു. അതുകൊണ്ടു തന്നെയാണ് ബലാൽസംഗശ്രമത്തിനിടെ കൊല്ലപ്പട്ടതാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.

കുറുപ്പംപടി വട്ടോളിപ്പടി കനാൽ ബണ്ട് പുറമ്പോക്കിൽ രണ്ടു സെന്റ് ഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് രാജേശ്വരിയും ജിഷയും താമസിച്ചിരുന്നത്. മാനസിക അസ്വസ്ഥതകളുള്ള രാജേശ്വരി ഇടക്ക് വീട്ടു ജോലികൾക്കു പോയി കുടുംബം പുലർത്തിയിരുന്നു എങ്കിലും പരിസരവാസികളുമായി അടുപ്പമില്ലാതെ ഒറ്റപ്പെട്ടാണ് ഇവർ ജീവിച്ചിരുന്നത്. രാജേശ്വരിയുടെ ഭർത്താവ് ബാബു 25 വർഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് ഓടയ്ക്കാലി ചെറുകുന്നം ഭാഗത്ത് മാറിതാമസിച്ച് വരികയാണ്. ജിഷ എൽഎൽബി പരീക്ഷ എഴുതിയിരുന്നതാണ്. ചില വിഷയങ്ങളിൽ തോറ്റതിനാൽ അത് എഴുതിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ജിഷ. മൂത്തസഹോദരി വിവാഹബന്ധം വേർപ്പെടുത്തി പുല്ലുവഴിയിൽ മുത്തശിയുടെ കൂടെയാണ് താമസം.