ന്യൂഡൽഹി/കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ട സംഭവം കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന വേളയിലാണ് ഉണ്ടായത്. കേസിലെ പ്രതിയെ പിടികൂടാൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. കൊല്ലപ്പെട്ട യുവതി നിർദ്ധന ദളിത് കുടുംബത്തിലെ അംഗമാണെന്നതു കൂടി കണക്കിലെടുത്ത് വിഷയം രാഷ്ട്രീയ ആയുധമാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമം തുടങ്ങി. ദേശീയ തലത്തിൽ ദളിത് പീഡനങ്ങളും ആത്മഹത്യയും നടപ്പോൾ കേന്ദ്രം ഭരിക്കുന്ന ബിജെപിയെ പ്രതിക്കൂട്ടില്ലാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. അതുകൊണ്ട് തന്നെ കോൺഗ്രസ് ഭരിക്കുന്ന കേരളത്തിലെ ദളിത് പീഡനങ്ങളുടെ പട്ടിക തിരഞ്ഞു കൊണ്ട് തന്നെ മറുപടിയുമായി രംഗത്തിറങ്ങാനാണ് ബിജെപി ഒരുങ്ങുന്നത്. ഇതിന്റെ സൂചനകൾ ഇന്ന് പാർലമെന്റിൽ ദൃശ്യമാകുകയും ചെയ്തു.

അന്തർദേശീയ തലത്തിൽ ശ്രദ്ധ ആകർഷിക്കപ്പെട്ട ഈ വിഷയം ഇന്ന് രാജ്യസഭയിലും ചർച്ചയ്്ക്ക് ഇടയാക്കി. ഇടതു എംപിമാരാണ് വിഷയം ആദ്യമായി പാർലമെന്റിൽ ഉന്നയിച്ചത്. പിന്നാലെ ബിജെപി എംപിമാരും ഈ വിഷയം എടുത്തിട്ടു. സിപിഐ അംഗം രാജ വിഷയം പാർലമെന്റിൽ ഉന്നയിച്ചു കൊണ്ട് പറഞ്ഞത് പൊലീസ് വീഴ്‌ച്ചയായിരുന്നു. പ്രതികളെ കണ്ടെത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് അദ്ദേഹം ആരോപിച്ചു. പിന്നീട് വിഷയം ഏറ്റുപിടിച്ച ബിജെപി എംപിമാരും സംസ്ഥാന സർക്കാർ പരാജയമാണെന്ന് പറഞ്ഞു. ജിഷയുടെ കൊലപാതകം കേരളം പോലുള്ള സംസ്ഥാനത്തിന് നാണക്കേടാണെന്ന് ബിജെപി എംപിമാർ പറഞ്ഞു. സർക്കാരിന്റെ പിടിപ്പുകേടാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്നും ബിജെപി കുറ്റപ്പെടുത്തി.

അതേസമയം കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ കുര്യൻ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രത്തിന് ഇടപെടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ജിഷ ദളിത് സമുദായത്തിൽ നിന്നുള്ളതായതിനാൽ കേന്ദ്ര സർക്കാരിനും ഈ വിഷയത്തിൽ ഇടപെടാമെന്നും കുര്യൻ പറഞ്ഞു. തുടർന്ന് സംസാരിച്ച കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രി തവർചന്ദ് ഗെലോട്ട് താൻ വ്യാഴാഴ്ച കേരളത്തിൽ എത്തുമെന്നും അറിയിച്ചു.

അതേസമയം സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പുള്ള വിഷയം കോൺഗ്രസ് എംപിമാർ പാർലമെന്റിൽ ഉന്നയിച്ചില്ല. ജിഷ നേരിടേണ്ടി വന്നതുകൊടുംക്രൂരതയാണെന്ന് വ്യക്തമായിട്ടും പൊലീസ് വിഷയം മറച്ചുവെക്കാൻ ശ്രമിച്ചുവെന്ന കാര്യമാണ് ഇടതുപക്ഷവും ബിജെപിയും ഒരുപോലെ ആയുധമാക്കുന്നത്. പെരുമ്പാവൂർ എംഎഎൽഎ സാജു പോൾ ആയിരുന്നിട്ടും പഞ്ചായത്ത് ഭരിക്കുന്നതും സിപിഐ(എം) ആയിട്ടും ഇടതുപക്ഷം വിഷയത്തിൽ ഉന്നം വെക്കുന്നത് ആഭ്യന്തര വകുപ്പിനെയാണ്. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ച്ച ചൂണ്ടിയാണ് ആഭ്യന്തര വകുപ്പിനെ ഇടതുപക്ഷം ഉന്നം വെക്കുന്നത്. മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് ഇടതുപക്ഷ യുവജന സംഘടനകളായിരുന്നു.

ഡൽഹിയിൽ നിർഭയ കൊല്ലപ്പെട്ടപ്പോൾ ഡൽഹി ഭരിച്ചിരുന്നത് ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറായിരുന്നു. അന്നുണ്ടായ ജനരോഷത്തിലാണ് കോൺഗ്രസ് സംസ്ഥാനത്തു നിന്നും തുടച്ചു നീക്കപ്പെട്ടതും ആംആദ്മി അധികാരത്തിൽ ഏറിയതും. സമാനമായ സാഹചര്യം ഇവിടെ ഉണ്ടാക്കാനാണ് ഇപ്പോൾ ബിജെപിയുടെ ശ്രമം. ജിഷ സംഭവം സർക്കാറിനെതിരെ തിരിച്ചു വിടുന്നതോടെ ദേശീയ തലത്തിൽ കോൺഗ്രസിനെയും നിശബ്ദമാക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

വരും ദിവസങ്ങളിൽ ബിജെപിയുടെ ദേശീയ നേതാക്കൾ കേരളത്തിൽ പ്രചരണത്തിന് എത്തുന്നതോടെ വിഷയം സജീവ ചർച്ചയാക്കാനാണ് ശ്രമം. കെ സുരേന്ദ്രനെ പോലുള്ള നേതാക്കൾ ഇത്തരമൊരു സംഭവം ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനത്താണ് സംഭവിച്ചതെങ്കിൽ എങ്ങനെയായിരിക്കും കോൺഗ്രസ് എങ്ങനെ കൈകാര്യ ചെയ്യുമെന്ന ചോദ്യം ഫേസ്‌ബുക്കിലൂടെ ഉന്നയിച്ചു കഴിഞ്ഞു. ജിഷയുടെ കൊലപാതകിയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അത് സംസ്ഥാന സർക്കാറിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാകുകയും ചെയ്യും. അതുകൊണ്ട് അന്വേഷണ സംഘത്തിന് മേൽ കടുത്ത സമ്മർദ്ദമുണ്ട് താനും. അതുകൊണ്ട് തന്നെ എത്രയും വേഗം പ്രതിയെ കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.