പെരുമ്പാവൂർ: നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകത്തിൽ നാടെങ്ങും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ സ്ഥലം എംഎൽഎ സാജു പോളിനെതിരെയും ആരോപണങ്ങൾ. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഇന്നസെന്റ് എംപിക്കും മുന്നിൽ പൊട്ടിക്കരഞ്ഞ ജിഷയുടെ അമ്മയുടെ വാക്കുകൾ ഏറ്റെടുത്താണ് എംഎൽഎയ്‌ക്കെതിരെയും പ്രതിഷേധം ഉയരുന്നത്.

മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പ്രതിക്കൂട്ടിലാക്കി ഇടതുപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾക്കു മറുപടിയേകാൻ ജിഷയുടെ അമ്മയുടെ വാക്കുകൾ മറുപക്ഷത്തിന് ആയുധമായിരിക്കുകയാണിപ്പോൾ. ഇതേറ്റു പിടിച്ചു സോഷ്യൽ മീഡിയയിലും നിരവധി വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്.

'സാജു പോൾ ഒന്നും ചെയ്യില്ല സാറേ.. അവൻ കള്ളനാ സാറേ... അവനെ എനിക്കു കൊല്ലണം... എന്റെ കൊച്ചിനെ കൊന്നവനെ കൊല്ലണം..' എന്നിങ്ങനെ തന്റെ ഉള്ളിലെ ദുഃഖം മുഴുവൻ അണപൊട്ടിയൊഴുക്കുകയായിരുന്നു ഇന്നസെന്റിനു മുന്നിൽ ജിഷയുടെ അമ്മ.

ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും നിഷ്‌ക്രിയത്വം ചോദ്യം ചെയ്തു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയ ഇടതുപക്ഷത്തിനു കനത്ത തിരിച്ചടിയായിരിക്കുകയാണ് ഈ അമ്മയുടെ വാക്കുകൾ. വീഡിയോ സൈബർ ലോകം ഏറ്റെടുത്തതോടെ കുറ്റവാളികൾക്കെതിരായ പ്രതിഷേധമെന്നപോലെ ഇടതുപക്ഷത്തിനെതിരെയും വാളെടുക്കുകയാണു സൈബർ ലോകവും.

സാജു പോൾ മരണദിവസം അവിടെയത്തെിയിരുന്നുവെങ്കിൽ അദ്ദേഹത്തിനു മനസിലായില്ലേ ഇതു കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ ബലാൽസംഗവും കൊലപാതകവുമാണെന്ന്? അദ്ദേഹം മുതിർന്ന സി പി എം നേതാക്കളെ ആരെയെങ്കിലും ഈ വിവരം അറിയിച്ചിരുന്നോ? മാദ്ധ്യമശ്രദ്ധയിൽ കൊണ്ടുവരേണ്ട വിഷയമാണിതെന്ന് അദ്ദേഹത്തിനു തോന്നിയില്ലേ? ജിഷയുടെ അമ്മ നിരാലംബയാണെന്നും അവരെ സഹായിക്കാൻ ആരുമില്‌ളെന്നും മനസിലായില്ലേ? മനസിലായെങ്കിൽ അദ്ദേഹം തുടർന്നുള്ള അഞ്ചു ദിവസങ്ങളിൽ എന്തുതരം രാഷ്ട്രീയ സാമൂഹിക നിയമപര ഇടപെടലുകൾ നടത്തി? തുടങ്ങി നിരവധി ചോദ്യങ്ങളാണു  സുനിത ദേവദാസ്‌ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.


അഞ്ചു ദിവസത്തെ പൊലീസ് അന്വേഷണം അദേഹത്തിന് തൃപ്തികരമായിരുന്നോ? അതുകൊണ്ടാണോ മിണ്ടാതിരുന്നത്? മഹിളാഅസോസിയേഷൻ നേതാക്കളെ ആരെയെങ്കിലും സ്വന്തംമണ്ഡലത്തിൽ നടന്ന ഈ ദാരുണ സംഭവം അറിയിച്ചിരുന്നോ? ഡൽഹി സംഭവത്തെ കുറിച്ച് അറിയാവുന്ന അദേഹം എന്തുകൊണ്ട് സമാനരീതിയിലുള്ള ഈ സംഭവത്തെ ഗൗരവകരമായി എടുത്തില്ല? പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും അനാസ്ഥയുണ്ടായെന്ന് അദ്ദേഹത്തിന് എന്നാണ് മനസിലായത്? ജനപ്രതിനിധി എന്ന ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് വിഷയത്തിൽ ഇടപെട്ടോ? ഇന്നലെ കോടിയേരിയോട് ജിഷയുടെ അമ്മ പറഞ്ഞ കാര്യങ്ങൾ ആദ്യദിവസം തന്നെ അവർ അദ്ദേഹത്തോട് പറഞില്ലേ? എന്നിട്ട് എന്തു നടപടി എടുത്തതു? ഒരു എം എൽ എ വിചാരിച്ചാൽ പ്രാഥമിക തെളിവുകൾ നശിപ്പിക്കപ്പെടാതെ സാഹചര്യത്തെളിവുകൾ ഇല്ലാതാക്കുന്നതിനു മുമ്പ,് പ്രതി രക്ഷപ്പെടുന്നതിനു മുമ്പ് ,ഉത്തരവാദിത്തത്തോടെയുള്ള ഇടപെടലുകൾ നടത്തി ,അഞ്ചു ദിവസം കൊണ്ട് കേസിനു തുമ്പും വാലും ഉണ്ടാക്കാൻ കഴിയുമായിരുന്നില്ലേ? നല്‌ളൊരു അന്വേഷണസംഘത്തെ നിയമിക്കാൻ ആഭ്യന്തരവകുപ്പിൽ സമ്മർദ്ദം ചെലുത്താൻ കഴിയുമായിരുന്നില്ലേ  സുനിത ദേവദാസ്‌  ചോദിച്ചിട്ടുണ്ട്.

പെൺകുട്ടിയുടെ അമ്മ പൊലീസിൽ ശല്യപ്പെടുത്തുന്ന ഒരു വ്യക്തിക്കെതിരെ പരാതി പറഞ്ഞെന്നു നിങ്ങൾ കണ്ടില്ലെ. ആ വ്യക്തി പഞ്ചായത്തു മെംബെർന്റെ ബന്ധു ആണെന്നും അതുകൊണ്ടു പൊലീസ് അനാസ്ഥ കാട്ടിയെന്നും വായിച്ചു കാണുമല്ലോ? ഈ പറഞ്ഞ വ്യക്തിയെ പ്രതിനിധാന ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയുടെ ആളുകൾ ആഭ്യന്തരമന്ത്രിക്ക് കരിങ്കൊടി കാട്ടിയിട്ട് എന്താകാര്യം? സ്ഥലം MLA തിരിഞ്ഞു നോക്കിയില്ല എന്ന് മുഖ്യ്മന്ത്രിയോട് പെൺകുട്ടിയുടെ അമ്മ. ഈ പറഞ്ഞ MLA ആണെങ്കിൽ പ്രതിപക്ഷവും. ഒക്കെ ഒരു പൊരുത്തക്കേടാണല്ലോ. ഇപ്പോൾ ആരെ കാണിക്കാൻ ആണു ഈ മാർച്ചും തടയലും ഒക്കെ. പ്രതികളെ രക്ഷിക്കാനോ? രാഷ്ട്രീയം മാറ്റിവച്ചിട്ട് ജിഷക്കു നീതി വാങ്ങിച്ചു കൊടുക്കാൻ കൊടിയുടെ നിറം മറന്ന് ഒന്നാകേണ്ടതിനു പകരം കിട്ടുന്നിടം മാന്തുന്ന ഈ പരിപാടി ഇനിയെങ്കിലും നിർത്തിയില്ലെങ്കിൽ മുൻപ് പറഞ്ഞപോലെ പെരുംബാവൂരിന്റെ ഉശിരുള്ള ആൺകുട്ടികൾ റോഡിൽ ഇറങ്ങി നിയമം നടപ്പാക്കുന്നതിനു ലോകം സാക്ഷിയാകും.- എന്നാണു നിസ്‌ന മുഹമ്മദ് എന്ന ഫേസ്‌ബുക്ക് ഉപയോക്താവ് സാജു പോളിനോടു ചോദിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ ഉയർന്ന ആരോപണങ്ങൾക്കു സാജു പോൾ എംഎൽഎ ഫേസ്‌ബുക്കിലൂടെ മറുപടിയും കുറിച്ചിട്ടുണ്ട്. ഈ പ്രശ്‌നം ഒറ്റപ്പെട്ട രീതിയിൽ അഭിസംബോധന ചെയ്ത് പോകാൻ കഴിയുന്ന ഒന്നല്ലെന്നു സാജു പോൾ വ്യക്തമാക്കുന്നു.

''കേരളത്തിലെ പട്ടികജാതി വിഭാഗം, ആദിവാസി വിഭാഗം മുതൽ അവശത അനുഭവിക്കുന്ന എല്ലാ വിഭാഗത്തിലും പെട്ട എല്ലാ കുടുംബങ്ങൾക്കും ഭൂമി നൽകുക, പട്ടയം ഇല്ലാത്ത ആളുകൾക്ക് പട്ടയം നൽകുക, വീടില്ലാത്തവർക്ക് വീട് നൽകുക ഇവ എൽഡിഫ് നയമാണ്. ആ നയത്തിന്റെ ഭാഗമായി എൽ ഡി ഫ് സർക്കാരുകൾ, ഇ എം എസ് ഭവനപദ്ധതി - എം എൻ ലക്ഷം വീട് പദ്ധതി എന്നിവ നടപ്പാക്കിയിരുന്നു. ഇനിയും ആ പദ്ധതികളിൽ ഏറെ മുന്നാട്ട് പോകാനുണ്ട്. 750 കിലോ മീറ്റർ നീളത്തിലെ പെരിയാർ വാലി കനാൽ ഓരങ്ങളിൽ ഏകദേശം 800 കുടുംബങ്ങൾ ഇനിയും താമസിക്കുന്നതായാണ് കണക്കാകുന്നത്. അവരുടെ പട്ടയപ്രശ്‌നം പരിഹരിക്കാനായി മുഖ്യമന്ത്രിയുടെ ജനസമ്പർക്കമടക്കം വേദികളിൽ ശ്രമിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല.''- സാജു പോൾ പറയുന്നു.

സാജു പോളിനു പിന്തുണയുമായും നിരവധി പേർ സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്. 'ആദ്യം നിങ്ങൾ പ്രചരിപ്പിച്ചത് എം എൽ എ അവിടെ പോയില്ല എന്നതാണ് .. അതുപൊളിഞ്ഞപ്പോൾ സിജി സാജു എന്ന പഞ്ചായത്ത് മെമ്പർ സിപിഐ ആണെന്ന കണ്ടെത്തലുമായി വന്നു.. അവരുടെ ഭർത്താവിന്റെ അനിയനെ മോശക്കാരനാക്കാൻ നോക്കി .. അതും പൊളിഞ്ഞപ്പോൾ എം എൽ എ വീടുവച്ചു കൊടുക്കാത്തതെന്ത് എന്നായി .. രായമംഗലം ഗ്രാമ പഞ്ചായത്ത് യു ഡി എഫ് ആണ് കഴിഞ്ഞ 10 കൊല്ലം ഭരിച്ചതെന്നു വന്നപ്പോൾ അതും പൊളിഞ്ഞു .. അവിടുത്തെ മുൻകാല മെമ്പർ മാരുടെ പേര് , കക്ഷി കൂടി വന്നപ്പോൾ പൂർണ്ണമായി.. കേരളത്തിലെ പട്ടികജാതി വിഭാഗം, ആദിവാസി വിഭാഗം മുതൽ അവശത അനുഭവിക്കുന്ന എല്ലാ വിഭാഗത്തിലും പെട്ട എല്ലാ കുടുംബങ്ങൾക്കും ഭൂമി നൽകുക, പട്ടയം ഇല്ലാത്ത ആളുകൾക്ക് പട്ടയം നൽകുക, വീടില്ലാത്തവർക്ക് വീട് നൽകുക ഇവ എൽഡിഫ് നയമാണ്. ആ നയത്തിന്റെ ഭാഗമായി എൽ ഡി ഫ് സർക്കാരുകൾ, ഇ എം എസ് ഭവനപദ്ധതി - എം എൻ ലക്ഷം വീട് പദ്ധതി എന്നിവ നടപ്പാക്കിയിരുന്നു. അത് രായമംഗലം പഞ്ചായത്തിൽ നടപ്പാക്കാത്തതെന്ത് എന്ന് ചോദിച്ചപ്പോൾ ഉത്തരം മുട്ടി, കൊഞ്ഞനം കാണിക്കാൻ തുടങ്ങി .. പ്രതിഷേധം ശക്തമായപ്പോൾ ആഭ്യന്തര മന്ത്രി തിരിഞ്ഞോടി , മുഖ്യമന്ത്രിയുടെ നാടകത്തിനു ഏറെ വിയർത്തു.' തുടങ്ങി ഇടതുപക്ഷ അനുഭാവികളും സൈബർ ലോകത്തു മറുപടിയുമായി എത്തുന്നുണ്ട്.

യഥാർഥ പ്രശ്‌നത്തിൽ നിന്നു മാറി ഇരുചേരിയായി തിരിഞ്ഞു രാഷ്ട്രീയക്കളി കളിക്കുകയാണെങ്കിൽ ജിഷയ്ക്കും കുടുംബത്തിനും എന്തു നീതിയാണു ലഭിക്കുന്നതെന്ന ചോദ്യവും ഇതിനിടെ ഉയരുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നോക്കേണ്ടതുണ്ടെന്നും അതിനായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും വിഷയത്തിൽനിന്നു തെന്നിമാറരുതെന്നും ഓർമിപ്പിക്കുന്നവരുമുണ്ട്.