കോതമംഗലം: കുറുപ്പംപടിയിൽ നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്നു രാവിലെ മുതലുള്ള പൊലീസ് ഇടപെടൽ സംസ്ഥാനത്തെ എത്തിച്ചത് ഉദ്വേഗത്തിന്റെ മുൾമുനയിൽ. കൊലപാതകിയെ കണ്ടെത്തുന്ന കാര്യത്തിൽ പൊലീസ് വേണ്ടത്ര ഉണർന്നുപ്രവർത്തിച്ചില്ലെന്ന ആരോപണം ശക്തമായിരുന്നു.

ഇന്നു രാവിലെ മുതൽ സംസ്ഥാനത്ത് ഈ വിഷയത്തിൽ പ്രതിഷേധവും വ്യാപകമായി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംഭവത്തിൽ പ്രതികരിക്കരിക്കുകയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംഭവസ്ഥലം സന്ദർശിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ പൊലീസ് സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ തുടങ്ങി.

രാവിലെ പതിനൊന്നു മുതൽ കേസ് നടപടികൾ വിലയിരുത്താൻ പെരുമ്പാവൂർ ഡിവൈഎസ്‌പി ഓഫീസിൽ ഉന്നതപൊലീസ് ഉദ്യോഗസ്ഥർ എത്തിതുടങ്ങിയിരുന്നു. വിവരമറിഞ്ഞ് മാദ്ധ്യപ്രവർത്തകരും എത്തി. ഇതോടെ നാട്ടുകാരും ഓഫീസ് പരിസരത്ത് തടിച്ചുകൂടി.

പിന്നിടുള്ള പൊലീസ് നടപടികളാണ് മലയാളി സമൂഹത്തിന്റെ നെഞ്ചിടിപ്പിന് ആക്കംകൂട്ടിയത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച അരുംകൊല നടത്തിയ കുറ്റവാളിയെ കാണാൻ ടിവിക്കുമുന്നിൽ ആയിരങ്ങൾ തടിച്ചുകൂടിയ മണിക്കൂറുകളാണ് പിന്നീട് കടന്നുപോയത്. പതിനൊന്നരയോടെ മൂഖം മറച്ച നിലയിൽ ആറടിയോളം പൊക്കമുള്ള യുവാവിനെ ഡി വൈ എസ് പി ഓഫീസിൽ എത്തിച്ചതോടെ പ്രതി അറസ്റ്റിലായി എന്നതരത്തിൽ ചാനലുകളിൽ ഫ്‌ളാഷുകൾ മിന്നിമറഞ്ഞു. താമസിയാതെ മറ്റൊരാളെയും ഇത്തരത്തിൽ ഇവിടെയെത്തിച്ചു. കേസിൽ രണ്ടുപേർ കസ്റ്റഡിയിലായെന്നും ആഭ്യന്തരമന്ത്രിയെത്തുന്നതോടെ അറസ്റ്റുവിവരം പൊലീസ് സ്ഥിരീകരിക്കുമെന്ന തരത്തിലും വാർത്തകൾ പുറത്തുവന്നു.

ഇതോടെ ഡി വൈ എസ്‌പി ഓഫീസ് പരിസരം പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒന്നിന് പിറകെ മറ്റൊന്നായി എത്തിത്തുടങ്ങിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥയുമുണ്ടായി. ഇതേത്തുടർന്ന് മാദ്ധ്യമപ്രവർത്തകർ ഒഴികെയുള്ളവരെ പൊലീസ് ഗെയിറ്റിന് വെളിയിലേക്ക് നീക്കി. ഇതിനിടയിൽ ആദ്യമെത്തിച്ചയാളെ ചോദ്യം ചെയ്യലിന് ശേഷം പുറത്തെത്തിക്കുകയും രണ്ടാമനെ മുറിക്കുള്ളിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ആദ്യത്തെയാളെ 40 മിനിറ്റോളവും രണ്ടാമത്തെ ആളെ അരമണിക്കൂറോളവും ചോദ്യം ചെയ്തു. ഇതിനിടയിൽ ഇരുവരെയും പലവട്ടം പൊലീസുകാർ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകുന്നതും കാണാമായിരുന്നു.

ഉച്ചക്ക് ഒരുമണിയായപ്പോഴേക്കും മറ്റുചിലരിൽ നിന്നും പൊലീസ് മൊഴിയെടുത്തു. എന്നാൽ മൊഴിയെടുത്തവരെക്കുറിച്ച് ഒരുവിവരവും നൽകാൻ പൊലീസ് തയ്യാറായില്ല. തുടർന്ന് മന്ത്രിയുടെ സന്ദർശന പരിപാടികൾക്കുള്ള ക്രമീകരണങ്ങൾക്കായി പൊലീസ് സംഘം പലവഴിക്ക് നീങ്ങി.

രണ്ടരയോടടുത്ത് മന്ത്രി രമേശ് ചെന്നിത്തല ആശുപത്രിയിൽ കഴിയുന്ന ജിഷയുടെ അമ്മ രാജേശ്വരിയെ കാണാനെത്തിയെങ്ങിലും കടുത്ത പ്രതിഷേധത്തെത്തുടർന്ന് ആശുപത്രിയിലേക്ക് കടക്കാനായില്ല. ഇവിടെ നിന്നും മടങ്ങിയ മന്ത്രി ജിഷ കൊല്ലപ്പെട്ട കുറുപ്പംപടിയിലെ വീട് സന്ദർശിച്ചു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുമായി കേസിന്റെ പുരോഗതി വിലയിരുത്തിയ ശേഷം ആലുവയ്ക്ക് പോയി.

ഇതിനിടെയാണു പെരുമ്പാവൂരിൽ മന്ത്രിക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തിൽ പൊലീസിന് കനത്ത വീഴ്ചയുണ്ടായതും. മന്ത്രിയുടെ വാഹനം ആശുപത്രിയുടെ കവാടത്തിലെത്തിയപ്പോൾ എസ്ഡിപിഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ കൂട്ടംചേർന്ന് തടയുകയും കരിങ്കൊടികാണിക്കുകയും കൊടിക്കാലുകൾകൊണ്ടും മറ്റും വാഹനത്തിന്റെ തകിടിൽ അടിക്കുകയും ചെയ്തു. ഈ സമയം പരിസരത്തുണ്ടായിരുന്ന നാനമാത്രമായ പൊലീസുകാർക്ക് ഒന്നും ചെയ്യാനുമായില്ല.

കേസിലെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചില്ലെന്നും ശക്തമായ നടപടി പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും ആരോപിച്ചാണ് സംഘടനകളുടെ പ്രതിഷേധം. ജിഷയുടെ അമ്മയെ കാണാൻ ആശുപത്രിയിലെത്തിയ ചെന്നിത്തലയ്ക്ക് പ്രതിഷേധം കാരണമാണ് ആശുപത്രിയിൽ കടക്കാൻ കഴിയാത്തത്. ജിഷയുടെ കൊലപാതകം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമമുണ്ടെന്നും ജിഷയുടെ മാതാവിനെ കാണുന്നതിൽനിന്ന് തന്നെ തടഞ്ഞതിൽ രാഷ്ട്രീയമാണെന്നും ആഭ്യന്തരമന്ത്രി മാദ്ധ്യമങ്ങളോടു പറഞ്ഞു.