കോതമംഗലം: കൊല്ലപ്പെട്ട ജിഷയുടെ വീട്ടിൽ അമ്മ രാജേശ്വരിയുടെ സംരക്ഷണച്ചുമതലയിലായിരുന്ന വനിതാ കോൺസ്റ്റബിളിന് ആക്രമണത്തിൽ പരിക്കേറ്റ സംഭവം ഉന്നതാധികൃതർ നിസാരവൽക്കരിച്ചതിൽ സഹപ്രവർത്തകരിൽ പരക്കെ അമർഷം. ജിഷയുടെ സഹോദരി ദീപ വാക്കേറ്റത്തെത്തുടർന്ന് അമ്മയെ ആക്രമിക്കുന്നത് തടയുന്നതിനിടെ തനിക്ക് പരിക്കേറ്റെന്നാണ് വനിതാ കോൺസ്റ്റബിൾ മേലുദ്യോഗസ്ഥർക്ക് നൽകിയ വിവരം. സംഭവം സംബന്ധിച്ച് ഇവർ ആലുവ റൂറൽ എസ് പി ക്ക് കഴിഞ്ഞ ദിവസം വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഈ റിപ്പോർട്ട് പ്രകാരം എസ് പി ക്ക് സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി ദീപയ്‌ക്കെതിരെ നടപടി സ്വീകരിക്കാമെന്നിരിക്കെ, പരിക്കേറ്റ പൊലീസുകാരി കേസെടുക്കാൻ ആവശ്യപ്പെട്ടില്ലെന്ന മുടന്തൻ ന്യായം നിരത്തി ഉന്നതാധികൃതർ അനങ്ങാപ്പാറനയം സ്വീകരിക്കുകയാണെന്നാണ് സേനക്കുള്ളിലെ ഒരു വിഭാഗത്തിന്റെ ആരോപണം. കേസെടുത്താൽ ദീപയുടെ സർക്കാർ ജോലി നഷ്ടപ്പെടുമെന്നും ഇത് മാദ്ധ്യമങ്ങൾ വലിയ വാർത്തയാക്കുമെന്നും അത് ജോലിയെ ബാധിക്കുമെന്നും മറ്റുമുള്ള ഉന്നതാധികൃതരുടെ വെളിപ്പെടുത്തൽ മൂലം ആകെ ഭയപ്പാടിലായ പൊലീസുകാരി മാദ്ധ്യമങ്ങൾക്കുമുന്നിലെത്തി തന്റെ നിലപാട് വിശദീകരിക്കാൻ പോലും ഇതുവരെ തയ്യാറായിട്ടില്ല.

രാജേശ്വരിയുടെയും ദീപയുടെയും പെരുമാറ്റത്തെക്കുറിച്ച് മുമ്പ് പരാതിപറഞ്ഞ വനിതാ പൊലീസുകാരുടെ ദുരനുഭവവും കേസ് നടപടികളോടുള്ള പൊലീസുകാരിയുടെ താൽപര്യക്കുറവിന് കാരണമായി. തനിക്ക് ദീപയുടെ ആക്രമണത്തിൽ പരിക്കേറ്റെന്ന് വനിതാ കോൺസ്റ്റബിൾ ഇന്നലെ മറുനാടനോട് സ്ഥിരീകരിച്ചിരുന്നു. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉന്നത അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു. പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടെയാണ് കോതമംഗലം പൊലീസ് സ്റ്റേഷനിൽ ജോലി ചെയതുവരുന്ന ഇവർ മറുനാടനുമായി സംസാരിക്കാൻ തയ്യാറായത്. ദീപയും അമ്മ രാജേശ്വരിയുമായി മിക്ക സമയങ്ങളിലും വഴക്കാണ്.

ഇതിനിടയിൽ കേട്ടാലറയ്ക്കുന്ന അസഭ്യങ്ങൾ പറയുന്നതും പതിവാണ്.സംഭവദിവസം ഇവർ തമ്മിൽ വാക്കേറ്റം മുത്തതോടെയാണ് ഇരുവരെയും തണുപ്പിക്കാൻ പ്രശ്‌നത്തിൽ ഇടപെട്ടത്. ഇതിനിടയിൽ ദേഷ്യം മുത്ത് സമീപത്തു കിടന്നിരുന്ന കസേര കൊണ്ട് ദീപ രാജേശ്വരിയെ ആക്രമിക്കാൻ തുനിഞ്ഞെന്നും ഇത് തടയുന്നതിനിടെ തനിക്ക് പരിക്കേറ്റെന്നുമാണ് വനിതാ കോൺസ്റ്റബിളിന്റെ വെളിപ്പെടുത്തൽ. ഇതേത്തുടർന്ന് നടുവിന് പരിക്കേറ്റ ഇവർ ഏതാനും ദിവസം ആശുപത്രിയിൽ ചികത്സയിലുമായിരുന്നു.

അമ്മയും മകളും തമ്മിലുള്ള വാക്കേറ്റത്തിനപ്പുറം വീട്ടിൽ ഒന്നും സംഭവച്ചിട്ടില്ലന്നും സാമ്പത്തീക പ്രശ്‌നങ്ങളെചൊല്ലി താനും അമ്മയുമായി തർക്കമുണ്ടായെന്നും അമ്മയെ താൻ കസേരയെടുത്തെറിഞ്ഞെന്നും അടിക്കാൻച്ചെന്നെന്നും മറ്റമുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ നേരത്തെ പ്രതികരിച്ചിരുന്നു. അമ്മയും താനുമായി കയർത്തുസംസാരിച്ചപ്പോൾ തങ്ങൾക്കിടയിലേക്കെത്തിയ പൊലീസുകാരി സമീപം കിടന്നിരുന്ന കസേരയിൽ തട്ടിവീഴുകയായിരുന്നെന്നും തനിക്ക് കാര്യമായി ഒന്നും പറ്റിയില്ലെന്നാണ് ഇതിന് ശേഷം പൊലീസുകാരി തന്നോട് പറഞ്ഞതെന്നും ദീപ മറുനാടനോട് വെളിപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രശ്നത്തിൽ ഇടപെട്ട പൊലീസുകാരി മറുനാടനോട് കാര്യങ്ങൾ വിശദീകരിച്ചത്. ഇതോടെ ദീപയ്ക്കെതിരെ കേസ് എടുക്കേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്. എന്നാൽ നടപടിയെടുത്താൽ എന്തെങ്കിലും പ്രശ്‌നങ്ങളോ വിവാദങ്ങളോ ഉണ്ടാകുമോ എന്ന ഭയം പൊലീസിനുണ്ട്. അതുകൊണ്ടാണ് കേസ് പോലും എടുക്കാത്തത്. ആനുകൂല്യങ്ങളെ ചൊല്ലി രാജേശ്വരിയും ദീപയും തമ്മിൽ നേരത്തേയും തർക്കങ്ങൾ നടക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്. ദീപയ്ക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്തപ്പോൾ ആ ജോലി തനിക്ക് വേണമെന്ന വാശിയിലായിരുന്നു രാജേശ്വരി. തനിക്ക് ജോലി കിട്ടിയില്ലെങ്കിൽ ദീപയ്ക്കും ജോലി വേണ്ടെന്നായിരുന്നു അന്ന് രാജേശ്വരിയുടെ നിലപാട്. ജിഷ കൊല്ലപ്പെട്ടതിനെ തുടർന്ന് ദീപയ്ക്ക് ജോലിയും വീടും പത്ത് ലക്ഷം രൂപയും അമ്മയ്ക്ക് 5000 രൂപ പെൻഷനും സർക്കാർ നൽകിയിരുന്നു.

ജിഷയുടെ പേരിലുള്ള ആനൂകൂല്ല്യങ്ങൾ ദീപയ്ക്ക് നൽകരുതെന്നും ഉദ്യോഗസ്ഥരോട് രാജേശ്വരി പറഞ്ഞിരുന്നു. രാജേശ്വരിക്ക് ലഭിച്ച തുകയുടെ അവകാശത്തെ ചൊല്ലി, പിതാവ് പാപ്പുവും കോടതിയെ സമീപിച്ചു. സർക്കാരിൽ നിന്ന് ലഭിച്ച തുകയ്ക്ക് പുറമേ, നിരവധി വ്യക്തികളും സംഘടനകളും സിനിമ താരങ്ങളും ഇവരെ നേരിട്ടെത്തി സാമ്പത്തിക സഹായം ചെയ്തിരുന്നു. പട്ടികജാതിക്കാരനായ തന്റെ മേൽവിലാസത്തിൽ ലഭിക്കുന്ന പണം രാജേശ്വരിയും ദീപയും ആർഭാട ജീവിതത്തിനായി ഉപയോഗിക്കുന്നുവെന്നും പാപ്പു നേരത്തെ പറഞ്ഞിരുന്നു.