പെരുമ്പാവൂർ: കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ച നിയമ വിദ്യാർത്ഥിനി ജിഷയുടെ കൊലപാതകവും മകളുടെ മരണത്തോടെ കണ്ണീരിലാഴ്ന്ന അമ്മ രാജേശ്വരിയുടെ ജീവിത ദുരിതവും നാടിന്റെ ഒന്നാകെ നൊമ്പരമായിരുന്നു. സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വൻ തുകയാണ് ധനസഹായമായി ജിഷയുടെ അമ്മ രാജേശ്വരിക്ക് പിന്നാലെ ലഭിച്ചത്.

എന്നാൽ ധനസഹായമായി ലഭിച്ച പണം ഒപ്പം നിന്ന ചിലർ തട്ടിയെടുത്തതോടെ ജീവിതം പ്രതിസന്ധിയിലായെന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് രാജേശ്വരി. സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കിട്ടിയ നാൽപത് ലക്ഷത്തോളം രൂപ ധനസഹായം തീർന്നതോടെ ഹോംനഴ്‌സായി ജോലി എടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിതമെന്ന് രാജേശ്വരി പറയുന്നു. ഭക്ഷണത്തിനായി ഭിക്ഷ എടുക്കേണ്ട സ്ഥിതി വരെ വന്നെന്ന്, രാജേശ്വരി ഒരു ഓൺലൈൻ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.

ജീവിതം ഇപ്പോൾ പ്രതിസന്ധിയിലാണെന്ന് പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ ജിഷയുടെ അമ്മ രാജേശ്വരി പറയുന്നു. രാജേശ്വരിക്കായി സ്വരൂപിച്ച മുഴുവൻ തുകയും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയെന്നും പ്രതിമാസം അയ്യായിരം രൂപ വീതം പെൻഷൻ നൽകുന്നുണ്ടെന്നും എറണാകുളം ജില്ല ഭരണകൂടം വിശദീകരിച്ചു.

പുറംമ്പോക്കിലെ വീട്ടിലെ അരക്ഷിതാവസ്ഥയിൽ ജിഷ ക്രൂരമായി കൊലപ്പെട്ടിട്ട് ഏഴ് വർഷം കഴിയുന്നു. തുടർന്ന് ആലംബമറ്റ രാജേശ്വരിക്കായി നല്ല മനസ്സുകളുടെ പിന്തുണ എത്തി. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച തുക കൊണ്ട് അമ്മ രാജേശ്വരിക്ക് സർക്കാർ പുതിയ വീട് പണിതു. 2016 മെയ് മുതൽ 2019 സെപ്റ്റംബർ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ല കളക്ടറുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലെത്തിയത് 40,31,359 രൂപ.

ഇതിൽ പുതിയ വീട് പണിതതിന് 11.5 ലക്ഷത്തിലധികം രൂപ ചെലവായി. ബാക്കി മുഴുവൻ തുകയും രാജേശ്വരിയുടെ ആവശ്യപ്രകാരം അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് ജില്ല ഭരണകൂടം മാറ്റി. മകളുടെ മരണമുണ്ടാക്കിയ കടുത്ത ശാരീരിക മാനസിക അവസ്ഥകൾ രാജേശ്വരിയെ നിത്യ രോഗിയാക്കി. ചികിത്സക്കായി വലിയ തുക ചെലവായി. ഇതിനിടെ കൂടെകൂടിയ പലരും രാജേശ്വരിയെ പറഞ്ഞ് പറ്റിച്ച് കുറെ പണവും കൈകലാക്കി.

ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ട് പോയി സ്‌നേഹവും വിശ്വാസവും ഉറപ്പാക്കിയ ശേഷമാണ് പണം ആവശ്യപ്പെട്ടത്. ജീവിതത്തിൽ സാന്പത്തിക ബുദ്ധിമുട്ട് ആവോളം അറിഞ്ഞതിനാൽ മറിച്ചൊന്നും പറയാനായില്ലെന്ന് രാജേശ്വരി പറയുന്നു.

ജിഷ കൊലക്കേസിൽ പ്രതി അമിറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചതിന് പിന്നാലെ രാജേശ്വരിക്ക് നൽകിയ പൊലീസ് സംരക്ഷണവും സർക്കാർ പിൻവലിച്ചിരുന്നു.ജിഷയുടെ മരണത്തെ തുടർന്ന് സർക്കാർ ജോലി കിട്ടിയ സഹോദരി ദീപയ്‌ക്കൊപ്പമാണ് രാജേശ്വരിയുടെ താമസം. സീരിയൽ പിടിക്കാനായി ഷംസീർ എന്ന ആളും റാഫി എന്ന ആളും തന്നോട് 6 ലക്ഷത്തോളം രൂപ വാങ്ങി എന്നും, ഇത് ഇവർ തിരിച്ചു തന്നില്ലെന്നും ഇവർ പറഞ്ഞിരുന്നു.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയ്ക്കായി ഒരുപാട് പണം രാജേശ്വരിക്ക് ചെലവാക്കേണ്ടിവന്നു. അതിനിടെ കൂടെ കൂടിയ പലരും തന്നെ പറഞ്ഞ് പറ്റിച്ച് പണം കൈക്കലാക്കിയെന്നുമാണ് രാജേശ്വരി പറയുന്നത്.

അതേ സമയം കേരള സാരിയും അതിനുചേരുന്ന ചുവന്ന ബ്ലൗസും ധരിച്ചു ചിരിച്ചുനിൽക്കുന്ന രാജേശ്വരിയുടെ ചിത്രങ്ങൾ വാട്‌സാപ്, ഫേസ്‌ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ പ്രചരിച്ചിരുന്നു. മകളുടെ ദാരുണമായ കൊലപാതകത്തെത്തുടർന്ന് ലഭിച്ച സാമ്പത്തിക സഹായം വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കുംവേണ്ടി ധൂർത്തടിച്ച് രാജേശ്വരി ആഡംബര ജീവിതം നയിക്കുന്നു എന്ന പേരിലായിരുന്നു ചിത്രങ്ങൾ പ്രചരിച്ചത്.

ജമ്മു കശ്മീരിലെ കഠ്‌വയിൽ നടന്ന ക്രൂരമായ പീഡനവും കൊലപാതകവും രാജ്യത്ത് ചർച്ചയായപ്പോഴായിരുന്നു പെരുമ്പാവൂർ കുറുപ്പംപടിയിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനിയുടെ അമ്മ രാജേശ്വരി സമൂഹമാധ്യമങ്ങളിലെ സദാചാര പൊലീസിന്റെയും ഇരയായി മാറിയത്.

ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നതിനൊപ്പം നേരിട്ടും അധിക്ഷേപങ്ങൾക്ക് രാജേശ്വരി ഇരയായി. എന്നാൽ അന്ന് പ്രമേഹം മൂർഛിച്ച് കൊച്ചി കളമശ്ശേരി മെഡിക്കൽ കോളെജിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന രാജേശ്വരി ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. 'ജീവിതത്തിൽ ഇന്നുവരെ ഞാൻ ഒരു ബ്യൂട്ടി പാർലർ സന്ദർശിച്ചിട്ടില്ല. ഒരുങ്ങി നടക്കുന്നതിനെക്കുറിച്ചോ പുതിയ വസ്ത്രങ്ങൾ ധരിക്കുന്നതിനെക്കുറിച്ചോ ചിന്തിക്കാവുന്ന മാനസികാവസ്ഥയിലുമല്ല ഞാൻ' വിറയ്ക്കുന്ന സ്വരത്തിൽ അന്ന് രാജേശ്വരി പറഞ്ഞിരുന്നു.

സമൂഹമാധ്യമങ്ങളിൽ മാത്രമല്ല പൊതുസ്ഥലത്തും തന്നെ ആക്ഷേപിക്കാനും ആക്രമിക്കാനും ശ്രമങ്ങളുണ്ടാകുന്നുണ്ടെന്നു പറയുന്നു രാജേശ്വരി. 'അടുത്തൊരു ദിവസം ബാങ്കിൽ ഞാൻ കമ്മലുകൾ പണയം വച്ചു പുറത്തേക്കിറങ്ങുമ്പോൾ ഒരു പുരുഷൻ എന്റെ ചിത്രങ്ങളെടുത്തു. ഞാനപ്പോൾ ധരിച്ചിരുന്ന സാരി വാങ്ങിക്കാൻ എവിടുന്നാണ് പൈസ കിട്ടിയതെന്ന് അയാൾ ചോദിച്ചു. അതു വില കൂടിയ സാരിയാണെന്നു പറഞ്ഞ് അയാൾ ആക്ഷേപിച്ചു. പതിവു വേഷമായ സെറ്റും മുണ്ടും അല്ലാതെ വേറൊരു വേഷം ധരിക്കുമ്പോഴോ മാല ഇടുമ്പോഴോ ഇതാണു സ്ഥിതി. ജനങ്ങളുടെ നികുതിപ്പണം ഞാൻ ധൂർത്തടിക്കുകയാണെന്നാണ് പലരുടെയും ആക്ഷേപം' തന്റെ ദയനീയാവസ്ഥ രാജേശ്വരി വെളിപ്പെടുത്തിയിരുന്നു.

മകൾ മരിച്ച ഒരു അമ്മ സഹതാപം അർഹിക്കുന്നു; അപമാനമല്ല. പിന്നീടു കളിയാക്കാനും പരിഹസിക്കാനും വേണ്ടിയാണെങ്കിൽ പൊതുജനം ദയവുചെയ്ത് ഇനിയാർക്കും ഒരു സംഭാവനയും കൊടുക്കരുതെന്ന ഒരു അപേക്ഷ കൂടിയുണ്ട് തനിക്കെന്നു രാജേശ്വരി അന്ന് തുറന്നു പറഞ്ഞിരുന്നു.