തൃശ്ശൂർ: പാമ്പാടി നെഹ്റു എൻജിനിയറിങ് കോളജിൽ ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകരടക്കം അഞ്ച് പേർക്കെതിരെ കേസെടുക്കാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. വൈസ് പ്രിൻസിപ്പലടക്കം മൂന്ന് അദ്ധ്യാപകർക്കുമെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനാണ് തീരുമാനം.

ഇവർക്കെതിരെ കോടതിയിൽ നിന്ന് അറസ്റ്റ് വാറന്റ് വാങ്ങി കസ്റ്റഡിയിലെടുക്കാനും അന്വേഷണ സംഘം നടപടികളെടുത്തു എന്നാണ് വിവരം. വൈസ് പ്രിൻസിപ്പാൽ ശക്തിവേൽ, ജിഷ്ണുവിനെ കോപ്പിയടിച്ചു എന്നാരോപിച്ച് പിടിച്ച അദ്ധ്യാപകനായ പ്രവീൺ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം.

നേരത്തെ ജിഷ്ണുവിന്റെ ആത്മഹത്യയെ തുടർന്ന് അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഇത് മാറ്റി ആത്മഹത്യാ പ്രേരണാ കുറ്റം ചേർത്ത് ക്രിമിനൽ കേസാക്കി മാറ്റിയാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്.

ഇതിനിടെ, ജിഷ്ണുവിന്റെ മരണത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ വധഭീഷണി മുഴക്കിയ ചെയർമാൻ പി.കെ. കൃഷ്ണദാസ് അന്നേദിവസം കോളേജിൽ വന്നിരുന്നില്ലന്ന് പറഞ്ഞത് കളവാണന്ന് തെളിഞ്ഞു. കൃഷ്ണദാസ് അന്ന് കോളേജിൽ വന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

മക്കളെ മോർച്ചറിയിൽ കാണേണ്ടി വരുമെന്ന് ചെയർമാൻ ഭീഷണിപെടുത്തിയതായി രക്ഷിതാക്കൾ പരാതിപെട്ടിരുന്നു. കേസുകൾ ഒതുക്കി തീർക്കാൻ തനിക്ക് പണവും സ്വാധീനവുമുണ്ടെന്ന് കൃഷ്ണദാസ് പറഞ്ഞതായും രക്ഷിതാക്കൾ പരാതിപെട്ടിരുന്നു.

സമരത്തിന് നേതൃത്വം നൽകിയ നാല് കുട്ടികളുടെ മാതാപിതാക്കളെയാണ് ചെയർമാൻ ഭീഷണിപെടുത്തിയത്. ശനിയാഴ്ച കോളേജിൽ രക്ഷിതാക്കളുടെ യോഗം മാനേജ്മെന്റ് വിളിച്ചുചേർത്തിരുന്നു. ഇതിൽ പങ്കെടുപ്പിക്കാതിരുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ പ്രത്യേകം വിളിച്ചു വരുത്തിയാണ് ചെയർമാൻ ഭീഷണിമുഴക്കിയത്.

എന്നാൽ സംഭവദിവസം താൻ കോളേജിൽ പോയിരുന്നില്ലന്നാണ് കൃഷ്ണദാസ് പറഞ്ഞത് ഇത് കളവാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ജിഷ്ണു പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന ആരോപണം പി കൃഷ്ണദാസ് ആവർത്തിച്ചു. കോപ്പയടിയുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽ ജിഷ്ണുവിനെ ഉപദേശിച്ചിരുന്നു. സന്തോഷത്തോടെ പോയ ജിഷ്ണു പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും കൃഷ്ദാസ് ആരോപിച്ചു.