തൃശൂർ: ജിഷ്ണു പ്രാണോയ് മരണക്കേസിൽ ഒളിവിലായിരുന്ന പാമ്പാടി നെഹ്രു കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ. ശക്തിവേൽ അറസ്റ്റിലായി. കോയമ്പത്തൂരിൽനിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ മൂന്നാം പ്രതിയാണ് ശക്തിവേൽ. കോപ്പിയടി ആരോപണത്തെത്തുടർന്ന് വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽവച്ച് ജിഷ്ണുവിനു മർദനം ഏറ്റെന്നാണ് ആരോപണം. ജിഷ്ണു കേസ് അന്വേഷിക്കാൻ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചതിനു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ശക്തിവേൽ കോയമ്പത്തൂർ സ്വദേശിയാണ്. വൈകിട്ട് 6.30ന് പ്രതിയെ തൃശൂരിലെത്തിച്ചു പൊലീസ് ക്ലബിൽ ചോദ്യംചെയ്തു തുടങ്ങി.

ജിഷ്ണു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു അമ്മ മഹിജയും ബന്ധുക്കളും പൊലീസ് ഹെഡ്ക്വാട്ടേഴ്സിൽ നടത്തിയ സമരത്തെ ബലം പ്രയോഗിച്ചു നേരിട്ടതിൽ കേരളമൊട്ടാകെ അമർഷം പുകയുന്നതിനിടെയാണ് ശക്തിവേലിന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മയും സഹോദരിയും അഞ്ചു ദിവസമായി നിരാഹാര സമരത്തിലായിരുന്നു. കേസിലെ പ്രതികളായ നെഹ്രു കോളജ് ചെയർമാൻ പി. കൃഷ്ണദാസിനെയും പാമ്പാടി കോളജ് പിആർഒ സഞ്ജിത് വിശ്വനാഥനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവർക്ക് മുൻകൂർ ജാമ്യം ഉള്ളതിനാൽ ഇരിങ്ങാലക്കുട പൊലീസ് ചോദ്യം ചെയ്യലിനുശേഷം വിട്ടയയ്ച്ചു.

മഹിജയുടെ സമരത്തെ തുടർന്ന് ക്രൈംബ്രാഞ്ച് എഡിജിപി നിധിൻ അഗർവാളിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇന്ന് രാവിലെ പത്തിന് കോയമ്പത്തൂരിനടുത്ത് അന്നൂർ മേഖലയിലെ ഒരു ഫാം ഹൗസിൽനിന്ന് ശക്തിവേലിനെ അറസ്റ്റ് ചെയ്യുന്നത്. ശക്തിവേലിന്റെ സുഹൃത്തിന്റെ ഫാം ഹൗസ് ആണിത്. ശക്തിവേൽ കോയമ്പത്തൂരിലുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്ന് നിധിൻ അഗർവാളിന്റെയും തൃശൂർ റേഞ്ച് ഐജി അജിക് കുമാറിന്റെയും നേതൃത്വത്തിലുള്ള മൂന്നു പൊലീസ് സംഘങ്ങൾ മൂന്നു ദിവസമായി ഇവിടെ തമ്പടിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. ശക്തിവേലിനെ പിടികൂടാൻ തമിഴ്‌നാട് പൊലീസിന്റെ സഹായവും കേരള പൊലീസിനു ലഭിച്ചു.

ശക്തിവേൽ ഒളിച്ചിരിക്കാൻ സാധ്യതയുള്ള മേഖല മുഴുവൻ കേരളാ പൊലീസ് അരിച്ചു പെറുക്കിയെന്നാണു ലഭിക്കുന്ന വിവരം. മൂന്നു ദിവസമായി എഴുപതു വീടുകൾ പൊലീസ് സംഘങ്ങൾ പരിശോധിച്ചു. ഇതിനിടെയാണ് അന്നൂരിലെ ഒരു സുഹൃത്തിന്റെ ഫാം ഹൗസിൽ ശക്തിവേൽ ഉണ്ടെന്ന സൂചന പൊലീസിനു ലഭിച്ചത്. ഫോൺ സിഗ്‌നലുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ശക്തിവേലിനെ കുടുക്കിയത്. തുടർന്ന് ഇവിടെ നടത്തിയ പരിശോധനയിൽ ശക്തിവേലിനെ പിടികൂടുകയായിരുന്നു. മൂന്നു ദിവസമായി ഇയാൾ ഈ ഫാം ഹൗസിൽ ഒളിച്ചിരിക്കുകയായിരുന്നു.

അന്നൂർ സ്വദേശിയാണ് ശക്തിവേലിനെ പിടികൂടാൻ സഹായിച്ചതെന്നും റിപ്പോർട്ടുണ്ട്. ശക്തിവേലിന്റെ ഫോട്ടോ കണ്ട് ഇദ്ദേഹം തിരിച്ചറിയുകയായിരുന്നു. ജിഷ്ണു മരണക്കേസിലെ പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഡിജിപി പ്രഖ്യാപിച്ചിരുന്ന ഒരു ലക്ഷം രൂപയുടെ പാരിതോഷികം വേണ്ടെന്നും ഇയാൾ അറിയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.

ജീഷ്ണു കേസിൽ നാലാം പ്രതി അസിസ്റ്റന്റ് പ്രഫ. സി.പി.പ്രവീൺ, അഞ്ചാം പ്രതി ദിപിൻ എന്നിവരെയാണ് ഇനി കേസിൽ പിടികൂടാനുള്ളത്. കോളജ് ചെയർമാൻ കൃഷ്ണദാസിനും പിആർഒ സഞ്ജിത് വിശ്വനാഥനും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ശക്തിവേൽ അടക്കമുള്ള മറ്റു മൂന്നു പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചില്ല. ഇതിനെത്തുടർന്ന് ഇവർ ഒളിവിൽ പോകുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ പൊലീസിന്റെ അനാസ്ഥയാണ് ഇവരെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള കാരണമെന്ന് ജിഷ്ണുവിന്റെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചു.

ജിഷ്ണു കോപ്പിയടിച്ചെന്ന ആരോപണമുയർന്ന പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകനായിരുന്നു സി.പി. പ്രവീൺ. തുടർന്ന് വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പലിന്റെ മുറിയിലെത്തിച്ച ജിഷ്ണുവിനെ വൈസ് പ്രിൻസിപ്പൽ ശക്തിവേലിന്റെ നേതൃത്വത്തിലാണ് അടച്ചിട്ട മുറിയിൽ ചോദ്യം ചെയ്തതെന്നായിരുന്നു വിദ്യാർത്ഥികൾ നൽകിയ മൊഴി. പി.ആർ.ഒ. സഞ്ജിത്ത് കെ. വിശ്വനാഥനും ഒപ്പമുണ്ടായിരുന്നെന്നും മൊഴിയിൽ പറഞ്ഞിരുന്നു. മുറിയിൽവച്ച് ജിഷ്ണുവിനു മർദനമേറ്റെന്നാണ് ആരോപണം. ഇതിനു പിന്നാലെയാണ് ജിഷ്ണുവിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.