കണ്ണൂർ: തോട്ടട ബോംബാക്രമണം നടന്നിട്ട് ഒരാഴ്‌ച്ച പിന്നിടുമ്പോൾ പൊലിസ് കേസ് അന്വേഷണം വഴിതിരിച്ചുവിടുന്നെന്ന ആരോപണവും ശക്തം. ബോംബേറിഞ്ഞതും കൊല്ലപ്പെട്ടതും സിപിഎം പ്രവർത്തകരാണെന്നിരിക്കെ അലക്ഷ്യമായി സ്‌ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുക, സംഘം ചേർന്ന് അക്രമം നടത്തുക, പൊതുയിടങ്ങളിൽ ശല്യമുണ്ടാക്കുകയെന്നിങ്ങനെ വളരെ കുറഞ്ഞ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ പൊലിസ് ചുമത്തിയിട്ടുള്ളത്.

ഏച്ചൂർ സംഘാംഗമായ ജിഷ്ണുവിനെ ബോംബറിഞ്ഞയാൾക്കെതിരെ പോലും നരഹത്യ ചുമത്തിയിട്ടില്ല. ഇന്ത്യൻ പീനൽ കോഡിലെ 302,304 വകുപ്പുകൾ ചുമത്തേണ്ടിയിരുന്ന സ്ഥാനത്ത് നിസാര വകുപ്പുകൾ ചുമത്തി കേസെടുത്തതിനാൽ രണ്ടാഴ്‌ച്ച റിമാൻഡിലാവുന്ന പ്രതികൾക്ക് പിന്നീട് ജാമ്യം നേടി ഒന്നും സംഭവിക്കാത്തതുപോലെ പുറത്തിറങ്ങാം. ഈ സാഹചര്യത്തിലാണ് പൊലിസ് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണം ഉയരുന്നത്.

സംഭവം നടന്ന തോട്ടട എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലാണ് എടക്കാട് സ്റ്റേഷൻ ഹൗസ്' ഓഫീസറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ജിഷ്ണുവിന്റെ കൊല നടന്ന ദിവസം മുതൽ കണ്ണൂർ സിറ്റി പൊലിസ് അസിസ്റ്റന്റ് കമ്മിഷണർ പി.പി സദാനന്ദൻ അന്വേഷണ ചുമതലയേറ്റെടുക്കുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിടും മുൻപെ സുഹൃത്തിനെ അബദ്ധത്തിൽ ബോംബേറിഞ്ഞു കൊന്ന ഏച്ചുർ സംഘത്തിലെ മൂന്നു പേരെ പിടികൂടാൻ പൊലിസിന് കഴിഞ്ഞിരുന്നു.

ഇവർ തന്നെയാണ് വിവാഹ സംഘത്തിനു നേരെ ബോംബെറിഞ്ഞതെന്നും ആസുത്രിതമായ ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടെന്നും അസി.പൊലിസ് കമ്മിഷണർ തന്നെയാണ് മാധ്യമങ്ങൾക്കു മുൻപിൽ വെളിപ്പെടുത്തിയത്. എന്നാൽ പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങളാവട്ടെ വളരെ ലഘൂകരിക്കപ്പെട്ടതുമാണ്. ഇതാണ് ഏച്ചൂർ സ്‌ഫോടന കേസിൽ സിപിഎം ഇടപെടൽ സംശയിക്കപ്പെടുന്നത്. ഫസൽ വധക്കേസിൽ നിയമങ്ങൾ മറികടന്ന് വ്യാജ തെളിവുകൾ ഹാജരാക്കി കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് പി പി സദാനന്ദനെതിരെ സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേന്ദ്ര ഏജൻസി പ്രതികൂലമായി പരാമർശിച്ചതിനാലാണ് നേരത്തെ സൂപ്രണ്ട് ഓഫ് പൊലിസ് പദവി ലഭിക്കേണ്ട അന്വേഷണ വിദഗ്ദ്ധനായ ഈ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റത്തിന് തിരിച്ചടിയായത്.

ഇപ്പോൾ തോട്ടട ബോംബ് സ്‌ഫോടനക്കേസിൽ സിപിഎമ്മിനെ രക്ഷിക്കുന്നതിനായി ഈ അന്വേഷണ ഉദ്യോഗസ്ഥൻ കേസ് അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസും ബിജെപിയും രംഗത്തു വന്നിട്ടുണ്ട്. തോട്ടടയിൽ വിവാഹ സംഘം സഞ്ചരിക്കുന്നതിനിടെ ബോംബെറിഞ്ഞ സംഘം കണ്ണുർ ജില്ലയിൽ ബോംബ് നിർമ്മാണത്തിനും ആയുധശേഖരണത്തിനും കുപ്രസിദ്ധി നേടിയ ഏച്ചുർ സംഘമാണെന്നറിഞ്ഞിട്ടും പൊലിസ് അതിശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം ഈ കേസിൽ ഇതുവരെയായി അഞ്ചു പേർ മാത്രമാണ് അറസ്റ്റിലായിട്ടുണ്ട്.

ബോംബുണ്ടാക്കുന്നതിനും വാൾകൊണ്ടുവന്ന് പ്‌ളാൻ ബി പ്രകാരം അക്രമം നടത്താനും പദ്ധതിയിട്ട ഏച്ചുർ സ്വദേശിയായ മിഥുൻ ,അദ്വൈത് ,ഗോകുൽ, കടമ്പുർ സ്വദേശികളായ സനാദ് ,അരുൺകുമാർ എന്നിവരാണ് പിടിയിലായത്.ഇതിൽ മിഥുൻ ഏച്ചൂരിലെ അറിയപ്പെടുന്ന സിപിഎം പ്രവർത്തകനും ഡിവൈഎഫ്ഐ നേതാവുമാണ് 'മിഥുനാണ് വാൾകൊണ്ടു തോട്ടട സ്വദേശികളായ യുവാക്കളെ വിവാഹസംഘം സഞ്ചരിച്ചുകൊണ്ടിരിക്കെ തോട്ടട പന്ത്രണ്ടു കണ്ടിറോഡിൽ സനാദിന്റെ ബൊലേറോ ജീപ്പിൽ നിന്നും ചാടിയിറങ്ങിയത്. അദ്വൈതും ഗോകുലുമാണ് ബോംബെറിഞ്ഞതെന്നും സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

എന്നാൽ ബോംബെറിൽ ഏച്ചൂർ സംഘത്തിലെ പ്രധാനിയായ ഇവരുടെ സുഹൃത്ത് ജിഷ്ണു കൊല്ലപ്പെട്ടിട്ടും ഇവർക്കെതിരെ താരതമ്യേന ഗൗരവം കുറഞ്ഞ വകുപ്പുകൾ പ്രകാരമാണ് പൊലിസ് കേസെടുത്തത്. ഇതു മാത്രമല്ല പ്രതികൾക്ക് ഉഗ്രസ്‌ഫോടന ശക്തിയുള്ള വെടിമരുന്ന് എത്തിച്ചു നൽകിയ കണ്ണുർ പള്ളിക്കുന്ന് സ്വദേശിയായ അനൂപ് കസ്റ്റഡിയിലുണ്ടായിട്ടും ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടുമില്ല. ബോംബ് സ്‌ഫോടനത്തിന് ഉത്തരവാദികളായ ഏച്ചൂർ സംഘത്തിനെ പൂർണമായി സംരക്ഷിച്ചു കൊണ്ടുള്ള നിലപാടാണ് സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം ഈ വിഷയത്തിൽ സ്വീകരിച്ചത്.

ജിഷ്ണുവിന്റെ മൃതദേഹം ഏച്ചൂരിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്റെ നേതൃത്വത്തിൽ നിരവധി നേതാക്കൾ അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയിരുന്നു. വിവാഹ വീട്ടിൽ നടന്ന ആഭാസമായാണ് സിപിഎം തോട്ടട സ്‌ഫോടനത്തെ കൊണ്ടു പിടിച്ച് ചിത്രീകരിക്കാൻ ശ്രമിക്കുന്നത്.നേരത്തെ തളിപ്പറമ്പ് പാച്ചേനിയിലടക്കം ഏച്ചൂർ സംഘം വിവാഹ വീടുകളിൽ ഗാനമേളയുടെ മറവിൽ അക്രമം അഴിച്ചുവിട്ട വിവരം പുറത്തായിട്ടും തങ്ങൾക്കു വേണ്ടി ബോംബുൽപ്പാദിക്കുന്ന വെട്ടാനും ചാവാനും മടിയില്ലാത്ത സംഘത്തെ കൊലക്കേസിൽ നിന്നും ഊരിയെടുക്കാനുള്ള തത്രപ്പാടിലാണ് ചിലർ.