കണ്ണൂർ: വിഷ്ണു വധക്കേസിലെ മുഖ്യപ്രതിയും ആസൂത്രകനുമായ ഏച്ചൂർ സ്വദേശി മിഥുൻ മുങ്ങി. ഇയാൾ കേരളത്തിന് പുറത്തു കടന്നിട്ടുണ്ടോയെന്ന കാര്യം പൊലിസ് സംശയിക്കുന്നുണ്ട്. എന്നാൽ സജീവ സി.പി. എം പ്രവർത്തകനും ബോംബ് നിർമ്മാണ വിദഗ്ദ്ധനുമായ മിഥുനെ പാർട്ടി കേന്ദ്രത്തിൽ വിവാദങ്ങളുടെ പൊടിയടങ്ങുംവരെ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.

മിഥുനെ കേസിൽ നിന്നൊഴിവാക്കണമെന്ന ആവശ്യവുമായി പൊലിസിൽ സി.പി. എം നേതാക്കളുടെ ഇടപെടൽ ശക്തമാണ്. എന്നാൽ ഇയാളുടെ ചിത്രം സി.സി.ടി.വി ദൃശ്യങ്ങളിലുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഏച്ചൂരിലെ സി.പി. എമ്മിന്റെ സജീവപ്രവർത്തകനായ മിഥുൻ കേസിൽ കുടുങ്ങിയത് സി.പി. എമ്മിന് രാഷ്ട്രീയപരമായി ക്ഷീണം ചെയ്തിട്ടുണ്ട്.

ഇതിനിടെ ജിഷ്ണുവധക്കേസിൽ രണ്ടുപേർ കൂടി പൊലിസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ചൊവ്വാഴ്‌ച്ച രേഖപ്പെടുത്തിയേക്കും. കേസിൽ അറസ്റ്റിലായ അക്ഷയ് നിരപരാധിയാണെന്നും ഇയാളെ ബോധപൂർവ്വം ഉൾപ്പെടുത്തി അറസ്റ്റു ചെയ്യിച്ചതാണെന്ന ആരോപണവുമായി അക്ഷയുടെ പിതാവ് രംഗത്തുവന്നത് വിവാദമായിട്ടുണ്ട്. ഇദ്ദേഹം വിരൽ ചൂണ്ടുന്നത് പ്രാദേശിക സി.പി. എം നേതൃത്വത്തിനെതിരെയാണ്.

ഇതിനിടെ തോട്ടട സ്ഫോടനത്തിന്റെ തെളിവായി നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണത്തിന് ലഭിച്ചിട്ടുണ്ട്. ബോംബുണ്ടാക്കാൻ പ്രതികൾ താഴെ ചൊവ്വയിൽ നിന്നും പടക്കം വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചു. 4000 രൂപയുടെ പടക്കമാണ് വിവാഹ ആഘോഷങ്ങൾക്കായി വാങ്ങിയത്.

ഇതിലെ വെടിമരുന്നിൽ പിറന്ന ബോംബിൽ പൊലിഞ്ഞത് സ്വന്തം കൂട്ടുകാരന്റെ ജീവനായിരുന്നു. തോട്ടട കൊലപാതകത്തിന് കാരണമായ ബോംബ് സ്ഫോടനത്തിലേക്ക് നയിച്ച കാര്യങ്ങൾ പൊലീസിനോട് തെളിവെടുപ്പിനിടെ അറസ്റ്റിലായ പ്രതി അക്ഷയ് പറഞ്ഞിട്ടുണ്ട്. തലേന്ന് ബോംബെറിയുന്നതിനായി ഏച്ചൂർ ട്രഞ്ചിങ് ഗ്രൗണ്ടിൽ വച്ചു പരിശീലനം നടത്തിയതായും വിവാഹവീട്ടിൽ നിന്നും തലേന്ന് തങ്ങളുമായി ഏറ്റുമുട്ടിയ തോട്ടടയിലെ സംഘത്തിനെതിരെ ബോംബെറിയാനാണ് നാല് നാടൻ ബോംബുകൾ കൊണ്ടുവന്നതെന്നും ഇയാൾ ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കിയിട്ടുണ്ട്.