കണ്ണൂർ: തോട്ടട ബോംബ് സ്ഫോടന കൊലപാതക കേസിലെ മുഖ്യപ്രതി കസ്റ്റഡിയിൽ. ഏച്ചൂർ ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപം കണ്ടത്തിൽ മിഥുനെയാണ് എടക്കാട് പൊലിസ് കസ്റ്റഡിയിലെടുത്തത്. അസി. പൊലീസ് കമ്മിഷണർ പി.പി സദാനന്ദൻ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. മിഥുന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ണൂർ തോട്ടടയിൽ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ യുവാവ് ജിഷ്ണു കൊല്ലപ്പെട്ടത്. സംഭവത്തിൽ അക്രമികൾ രക്ഷപ്പെട്ട വാഹനം എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് വാഹനം എടക്കാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഏച്ചൂർ സ്വദേശിയായ ഡ്രൈവറും വാഹനത്തിന്റെ ഉടമകളിൽ ഒരാളുമായ ആദർശാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

ഈ വാഹനത്തിലാണ് അക്രമികൾ ഉൾപ്പടെയുള്ള ഏച്ചൂർ സംഘം തോട്ടടയിൽ എത്തിയത്. ബോംബെറിഞ്ഞ ശേഷം സംഘം രക്ഷപ്പെട്ടതും ഈ വാഹനത്തിലാണ്. ബോംബ് കൊണ്ടുവന്നതും ഇതിൽ തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നു. ഇതിൽ എന്നാൽ വ്യക്തതയില്ല.
കല്യാണത്തിന് ട്രിപ്പ് വിളിച്ചാണ് വാഹനം ഏർപ്പെടാക്കിയതെന്നാണ് ഉടമകളുടെ വിശദീകരണം.

അതേ സമയം അക്രമത്തിന് പിറ്റേന്ന് തന്നെ വാഹനം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ചെയ്തില്ല. വാഹനം സർവീസിന് കയറ്റിയെന്നാണ് പറയുന്നത്. ഇത് സംശയത്തിനിടയാക്കിയിട്ടുണ്ട്.